പ്രാഞ്ചിയേട്ടനിലെ സുപ്രന്‍, ഇന്ത്യന്‍ റുപ്പിയിലെ ഹമീദ്, ബ്യൂട്ടിഫുളിലെ അലെക്‌സ്, വെള്ളിമൂങ്ങയിലെ ജോസ്.. മിമിക്രിക്കാരനില്‍ നിന്ന് മികച്ച നടനിലേക്ക് ടിനി ടോം സഞ്ചരിച്ച ദൂരം എത്രയാണെന്നറിയാന്‍ ഈ കഥാപാത്രങ്ങള്‍ നോക്കിയാല്‍ മതി. കുറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ടുതന്നെ കോമഡിയും ക്യാരക്ടര്‍ റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഒരുപോല വഴങ്ങുമെന്ന് ഇദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

മലയാളത്തിലെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനൊടുവില്‍ ടിനി ഇപ്പോള്‍ തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്, പ്രാശ് സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ അരപൈമയിലൂടെ. റഹ്മാന്‍ നായകനാകുന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ടിനി അവതരിപ്പിക്കുന്നത്. അരപൈമയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ടിനി ടോം.

മലയാളി വഴി തമിഴിലേക്ക്

ചിത്രത്തിന്റെ സംവിധായകന്‍ മലയാളിയായ പ്രാശാന്താണ്. പ്രാശ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി.കെ. രാജീവ് കുമാറും മേജര്‍ രവിയും ഉള്‍പ്പെടെയുള്ളവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാണ് പ്രാശ്. അദ്ദേഹം നേരത്തേ കോസ്റ്റ് ഗാര്‍ഡില്‍ ആയിരുന്നു. അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞാന്‍ പ്രാശുമായി പരിചയപ്പെടുന്നത്. അതിനിടയിലാണ് 'ഓപ്പറേഷന്‍ അരപൈമ' വരുന്നത്. റഹ്മാനാണ് ചിത്രത്തിലെ ഹീറോ. അദ്ദേഹത്തിന്റെ ഓപ്പസിറ്റ് നില്‍ക്കാന്‍ പറ്റുന്ന തമിഴില്‍ ഫ്രഷ് ആയിട്ടുള്ള ഒരാളെയാണ് ഈ കഥാപാത്രത്തിനായി വേണ്ടിയിരുന്നത്. 

Tini Tom

തമിഴ് പ്രേക്ഷകര്‍ക്ക് പരിചയമുള്ള ഒരാളാകുമ്പോള്‍ അയാള്‍ ട്രാന്‍സ്‌ജെന്‍ഡറല്ലെന്ന് അവര്‍ക്ക് നേരത്തേ അറിയാം. എന്നാല്‍, പുതിയ ആളാകുമ്പോള്‍ ഇയാള്‍ യഥാര്‍ഥത്തില്‍ ട്രാന്‍സ്‌ജെന്‍ഡറാണോ എന്നവര്‍ക്ക് അറിയാനാവില്ല. അത് കഥാപാത്രത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കും. അങ്ങനെയാണ് പ്രാശ് എന്നെ സമീപിക്കുന്നത്.

കഥാപാത്രം വെല്ലുവിളി

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിനൊപ്പം നെഗറ്റീവ് കഥാപാത്രം കൂടിയാണെന്നതാണ് ഈ കഥാപാത്രത്തെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നത്. വയലന്റാകുന്ന രംഗങ്ങളില്‍ പോലും ട്രാന്‍സ്‌ജെന്‍ഡര്‍ മാനറിസം നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണ്. പക്ഷേ, മിമിക്രി വേദികളിലുള്ള പരിചയമൊക്കെ ഇവിടെ തുണയാകുന്നുണ്ട്. ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാനാകുമെന്ന് തന്നെയാണ് വിശ്വാസം.

തമിഴ് പ്രശ്‌നമല്ല; ഡബ്ബിങ്ങും സ്വയം ചെയ്യും

ചിത്രത്തില്‍ തമിഴ് സംസാരിക്കുന്നത് അത്ര പ്രശ്‌നമായി തോന്നുന്നില്ല. കാരണം, ഈ കഥാപാത്രം എവിടെ നിന്നാണെന്ന് ചിത്രത്തില്‍ പറയുന്നില്ല. എനിക്ക് പേരില്ല, ഊരില്ല ഞാന്‍ ആണല്ല, പെണ്ണല്ല എന്നാണ് ഈ കഥാപാത്രം പറയുന്നത്. തനിക്കൊരു ഐഡന്റിറ്റി ഇല്ല എന്നതാണ് അയാളുടെ ദു:ഖം. ഇയാള്‍ എവിടെ നിന്നും വന്നയാളാകാം, തമിഴനാകണമെന്നില്ല. അതുകൊണ്ടുതന്നെ, അയാള്‍ സംസാരിക്കുന്ന തമിഴില്‍ പെര്‍ഫെക്ഷന്‍ ആവശ്യമില്ല. ഏത് സ്ലാങിലും ഉച്ചാരണത്തിലും അയാള്‍ക്കത് പറയാം. അതിനാല്‍ ഭാഷയെ കുറിച്ചോര്‍ത്ത് വലിയ ഭയമില്ല. ഡബ്ബിങ്ങും ഞാന്‍ തന്നെയാകും ചെയ്യുക.

അരപൈമ ഒരു റിവഞ്ച് ത്രില്ലര്‍

ഒരു റിവഞ്ച് ത്രില്ലര്‍ ചിത്രമാണ് 'ഓപ്പറേഷന്‍ അരപൈമ'. സമുദ്രത്തിലൂടെയുള്ള ഡ്രഗ് ട്രാഫിക്കിങ് ആണ് ചിത്രത്തിന്റെ വിഷയം. സംവിധായകന്‍ പ്രാശ് മുമ്പ് നേവിയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് പരിചിതമായ വിഷയമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ചിത്രത്തില്‍ നാവികോദ്യോഗസ്ഥനായ  ശിവ എന്ന കഥാപാത്രമായാണ് റഹ്മാന്‍ എത്തുന്നത്.

Tini Tom

പേരിനു പിന്നില്‍

ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ആമസോണില്‍ കാണപ്പെടുന്ന അരപൈമ. നല്ല ഇണക്കമുള്ള ഈ മത്സ്യം പക്ഷേ ആക്രമിക്കപ്പെട്ടാല്‍ വളരെ അപകടകാരിയാണ്. ഇതിലെ ഹീറോയും ഇത്തരത്തിലുള്ള ഒരാളാണ്. അങ്ങനെയാണ് 'ഓപ്പറേഷന്‍ അരപൈമ' എന്ന പേര് വരുന്നത്.

ഷൂട്ടിങ് പുരോഗമിക്കുന്നു, പ്രതീക്ഷകളേറെ

ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. എന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. അടൂരായിരുന്നു ലൊക്കേഷന്‍. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത നാടന്‍ ലൊക്കേഷന്‍ വേണമെന്ന പ്രാശിന്റെ ആഗ്രഹമാണ് ചിത്രത്തെ കേരളത്തില്‍ എത്തിച്ചത്. റഹ്മാന്റെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരുന്നു. ഇനി ചെന്നൈയിലാണ് ഷൂട്ടിങ്. ഞാനും റഹ്മാനും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍സൊക്കെ വരുന്നത് ഇനിയാണ്. ഏറെ പ്രതീക്ഷയുള്ള ചിത്രവും കഥാപാത്രവുമാണിത്.

Content Highlights: Tini Tom Operation Arapaima Prash Rahman Tamil Movie Transgender