'മോഹന്‍, നിങ്ങള്‍ നടനാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ആയിരിക്കും.' ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂട്ടിയോട് രഞ്ചിത്ത് പറയുന്ന ഈ ഒറ്റവരി ഡയലോഗിലുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെകര്‍ സിബിതോമസിന്റെ കര്‍മപഥം. റെപ്രസെന്ററ്റീവ് ആയി മെഡിക്കല്‍ഷോപ്പുകളിലും ഡോക്ടര്‍മാരുടെ ക്ലിനിക്കിലേക്കുമുള്ള യാത്രയില്‍ നിന്നു പോലീസുദ്യോഗസ്ഥനിലേക്കുള്ള ഉയരങ്ങള്‍ കീഴടക്കുമ്പോഴും സിബിയുടെ മനസില്‍ നടനാകണമെന്ന അതിയായ ആഗ്രഹം തളം കെട്ടി നിന്നിരുന്നു.മനസില്‍ കെട്ടി നിന്ന ഈ ആഗ്രഹത്തില്‍ നിശ്ചയദാര്‍ഡ്യം കൂടി കലര്‍ത്തിക്കനപ്പെടുത്തിയപ്പോള്‍ സിബിതോമസ് നടനായി.

ആ്ദ്യം സഹനടനായി.പിന്നീട് സ്വഭാവ നടനായി. ഇപ്പോഴിതാ നായകനായി വെള്ളിത്തിരയില്‍ കസറുന്നു.സിദ്ധാര്‍ഥ് എന്ന ഞാന്‍ സിനിമയിലെ നായകനാണ് അഴിക്കീല്‍ തുറമുഖ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സിബിതോമസ്. സിനിമ പുറത്തിറങ്ങിയതോടെ ആരാധാകര്‍ കൂടി. എവിടെ പോയാലും ആളുകള്‍ തടിച്ചുകൂടുന്നു.. അഭിനന്ദനം ചൊരിയുന്നു. സെല്‍ഫിയെടുക്കാനുള്ള തിരക്ക് കൂട്ടുന്നു.കാഞ്ഞങ്ങാട് മാവുങ്കാലിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയെത്തിയപ്പോള്‍,കേസുമായി ബന്ധപ്പെട്ട് കോടതിയില്‍പോകാന്‍ ഒരുങ്ങുകയായിരുന്നു സിബിതോമസ്. 'സിനിമയിറങ്ങിയതു മുതല്‍ ഫോണ്‍കോളുകളാണ്. നേരിട്ടു കിട്ടാത്തവര്‍ വാട്സ് അപ്പില്‍ സന്ദേശം അയക്കുന്നു...'സിബി പറഞ്ഞു. മാവുങ്കാലിലെ 'അറയ്ക്കല്‍' വീട്ടിലെ അലമാരയില്‍ അംഗീകാരത്തിനുള്ള സമ്മാനകൂമ്പാരങ്ങള്‍ കാണം. അതില്‍ അഭിനയത്തിന് കിട്ടിയ കൈയ്യടി മുതല്‍ കാര്യശ്ശേഷിയുള്ള പോലീസുകാരന് മുഖ്യമന്ത്രി കൊടുത്ത മെഡല്‍ വരെയുണ്ട്.

സിനിമ മോഹവുമായി പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍

പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ സിനിമാ മോഹവുമായത്തെിയ അനുഭവം പറയാനുണ്ട് സിബിതോമസിന്. രസതന്ത്രത്തില്‍ ബിരുദമെടുത്ത ശേഷം മോഷന്‍ പിച്ചര്‍ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനായാണ് പൂനെയിലെത്തിയത്. അഖിലേന്ത്യാ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി.എന്നാല്‍ ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡിക്കല്‍ റപ്രസെന്ററ്റീവ് ആയും പണിയെടുത്തു.ഇതിനിടെ എസ്.ഐ ടെസ്റ്റ്് എഴുതി. നിയമനം കിട്ടത് പാലാരിവട്ടത്ത്. സബ് ഇന്‍സ്പെക്ടര്‍ ആയി സേവനമനുഷ്ഠി്ക്കുമ്പോഴും അതിന് മുമ്പ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോഴും അഭിനയമോഹം ഉള്ളില്‍ കൊണ്ടു നടന്നു. കോളേജ് കാലഘട്ടത്തില്‍ കടല്‍തീരത്ത് നാടകത്തിലെ വേഷത്തിന് സദസ് നല്‍കിയ കൈയ്യടിയില്‍ മനസ് ചേക്കേറുന്ന നിമിഷങ്ങള്‍. സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായപ്പോള്‍ കിട്ടിയ അംഗീകരാത്തിന്റെ ഓര്‍മകള്‍.ഇതിനിടയില്‍ സി.ഐ ആയി സ്ഥാനക്കയറ്റം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു ചേര്‍ന്നതോടെ സിനിമ സ്വപ്നം പൊലിയുമോ എന്ന തോന്നലും ഉണ്ടായി.

തലവര മാറ്റിയത് 'തൊണ്ടിമുതലും ദൃക്സാക്ഷിയും'

വീടിനടുത്ത് സ്ഥാപിച്ച മൊബൈല്‍ ടവറിനെ ചൊല്ലിയുള്ള തര്‍ക്കം പോലീസ് സ്റ്റേഷനിലെത്തുന്നു. പരാതിക്കാരന്‍ പൗരപ്രമുഖനായ മാഷിന് ഇത്തിരി തലക്കനം. പരാതിയില്‍ പ്രതിക്കൂട്ടിലാക്കിയ യുവാവ് സങ്കടം പറഞ്ഞപ്പോള്‍ അതൊന്നും മാഷിന് പിടിക്കുന്നില്ല. എല്ലാം കേട്ട എസ്.ഐ. ചില പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ മാഷ് അടുക്കുന്ന ലക്ഷണമില്ല. പെട്ടെന്ന്് തൊട്ടപ്പുറത്തേക്ക് പോയി അവിടെ നില്‍ക്കുകയായിരുന്ന മാലമോഷണ കേസ് പ്രതിയെ(ഫഹദ്ഫാസില്‍) എസ്.ഐ പോലീസ് മുറയില്‍ ഇടിച്ചു.എസ്.ഐ തിരിച്ച് മുറിയിലെത്തിയപ്പോള്‍ പരാതിക്കാരനായ മാഷും അവിടെ നില്‍ക്കുകയായിരുന്ന യുവാവുമെല്ലാം പേടിച്ചുവിറച്ചിരിക്കുന്നു. നേരത്തെ എസ്.ഐ പറഞ്ഞ പരിഹാരക്രിയക്ക് തയ്യാറെന്ന് പറഞ്ഞ് മാഷ് കസേരയില്‍ നിന്ന് എഴുന്നേറ്റു. എസ്.ഐ വേഷത്തില്‍ ഉഗ്രന്‍ അഭിനയം കാഴ്ചവച്ച സിബിതോമസിനെ സംവിധായകന്‍ ദിലീഷ്പോത്തനും ടീമും അഭിനന്ദിച്ചു. ഇത് തന്റെ കര്‍മമേഖല കൂടിയാണല്ലോയെന്ന് പറഞ്ഞ് ചെറുതാകാന്‍ ശ്രമിച്ച സിബിതോമസിനെ, പക്ഷെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സനിമ പുറത്തിറങ്ങിയതോടെ പ്രേഷകര്‍ നടനെന്നു വിളിച്ചു. ഒഡിഷനില്‍ സെല്ക്ട് എന്ന് ദിലീഷ്പോത്തന്‍ പറഞ്ഞപ്പോള്‍ വേഷമെന്തെന്ന് പോലും ചോദിക്കാതെ ബാഗും തൂക്കി ലൊക്കേഷനിലെത്തിയതാണ് അഭിനയത്തെ മുറുകെ പിടിച്ച ഈ പോലീസുകാരന്‍. പ്രേഷക ഹൃദയത്തില്‍ ഇടം നേടിയതോടെ തലവര മാറി. സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി സിബിയെ തേടിയെത്തി. എസ്.ബിനു സംവിധാനം ചെയ്ത കാമുകിയില്‍ കോളേജ് അധ്യപകന്‍, കുഞ്ചാക്കോബോബന്‍ നായകനായ കുട്ടനാടന്‍മാര്‍പ്പാപ്പയില്‍ എസ്.ഐ,പ്രേമസൂത്രം സിനിമയില്‍ സ്‌കൂള്‍ അധ്യാപകന്‍,ഒരു കുപ്രസിദ്ധപയ്യനില്‍ ഇന്‍സ്പെകര്‍.... സിബിതോമസിന്റെ വേഷം വെള്ളിത്തരയില്‍ മാറി മാറിയെത്തി.

സ്നേഹ മനസുള്ള 'സിദ്ധാര്‍ഥനും' നിറഞ്ഞ കൈയ്യടി

sibi thomas

'സിബിച്ചന്‍ തകര്‍ത്തഭിനിയച്ചു...'അറയ്ക്കല്‍ വീട്ടിലെ അകത്തളത്തില്‍ ഭാര്യ ജോളി എലിസബത്ത് 'സിദ്ധാര്‍ഥന്‍ എന്ന ഞാന്‍' സിനിമയെ കുറിച്ചു വാചാലയാകുന്നു.'സിനിമയിലെ പോലിസ് വേഷം പലതും സിബിച്ചന്‍ കസര്‍ത്തില്ലെന്ന് തോന്നിയിരുന്നു. പോലീസുദ്യോഗസ്ഥന്റെ ഉശിര് നേരിട്ട് കണ്ട എനിക്ക് ഇതൊക്കെ എന്ത് എന്ന് തോന്നിയിരുന്നു.എന്നാല്‍ സിദ്ധാര്‍ഥ് എന്ന ഞാന്‍ കണ്ടപ്പോള്‍ ശരിക്കും ഇഷ്ടമായി. നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്ന നല്ലവനും സാധാരണക്കാരനുമായ സിദ്ധാര്‍ഥനെ എത്ര ഭംഗിയായാണ് സിബിച്ചന്‍ അവതരിപ്പിച്ചത്. അച്ഛനോട് ഏറെ ഇഷ്ടമുള്ള കഥാപത്രമാണ് സിദ്ധാര്‍ഥന്‍.അച്ഛന്‍ മരിച്ചപ്പോള്‍ ചിതക്ക് തീ കൊളുത്തി മാറി നില്‍കുന്ന സിദ്ധാര്‍ഥനെ മുഖം കണ്ടപ്പോള്‍ സിബിച്ചനാണെന്ന കാര്യം മറന്ന് കരഞ്ഞുപോയി...'ബി.എസ്.സി നഴ്സിങ് പഠിച്ച ജോളി സിനിമാ പ്രിയങ്കരിയൊന്നുമല്ല. വല്ലപ്പോഴും സിനിമ കാണും. എന്നാല്‍ പ്രിയതമന്‍ നായകായ പുതിയ സിനിമയെ കുറിച്ച് വിവരിക്കുമ്പോള്‍ ജോളിയുടെ വാക്കുകള്‍ക്ക് നിരൂപകയുടെ സ്വരം. പുതുമുഖ സംവിധായക ആശാപ്രഭയാണ് സിദ്ധാര്‍ഥന്‍ എന്ന ഞാന്‍ സിനിമയുടെ സംവിധാനം.പുതുമുഖ നടി അതുല്യപ്രമോദാണ് നായിക. നന്മമാത്രം ചെയ്യുന്ന സാധാരണക്കാരനായ സിദ്ധാര്‍ഥന് ജീവിത്തില്‍ ഉണ്ടാകുന്ന സങ്കടങ്ങളാണ് സിനിമ പറയുന്നത്. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ് സിബിതോമസ്. കര്‍ഷകന്‍ എ.എം.തോമസിന്റേയും ലീലാതോമസിന്റെയും ഇളയമകന്‍. സിബിതോമസിന് മൂന്നു മക്കളാണ്. മൂത്തമകള്‍ ഹെലന്‍ ബിരുദത്തിന് പഠിക്കുന്നു. രണ്ടാമത്തെ മകള്‍ കരോളിന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.രണ്ടുപേരും ഭരതനാട്യം പഠിച്ചിട്ടുണ്ട്. ഇളയ മകന്‍ ഏഴാംക്ലാസുകാരന്‍ എഡ്‌വിന് ചിത്രം വരയിലും ഗിത്താര്‍ വായനയിലുമാണ് പ്രിയം. അച്ഛന് കിട്ടിയ താരപരിവേഷത്തിന്റെ ത്രില്ലിലാണ് മക്കള്‍ മൂന്നു പേരും

പുതിയ സിനിമകള്‍...

തിരക്കഥയെഴുത്തും ലക്ഷ്യം... രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറുമുഖ'ത്തില്‍ ട്രേഡ് യൂണിയന്‍ നേതാവായ അഡ്വ.കൊച്ചുണ്ണിമാഷായി സിബി തോമസ് വരുന്നു.അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഇന്‍ ബത്ലഹേമില്‍ കുടുംബനാഥായാണ് വേഷം.കെ.എസ്. കമലിന്റെ 'പട'യില്‍ ഇന്‍സ്പെക്ടറായും എടക്കാട് ബറ്റാലിയന്‍ സിക്സ് എന്ന സിനിമയില്‍ കമാന്‍ഡന്റായും വേഷമിടുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രം 'ലൈക്ക'യില്‍ എസ്.ഐ.. ആയും വേഷമിടുന്നു. സുരേഷ് തിരുവല്ല സംവിധാനം ചെയ്ത സുരേഷ് തിരുവല്ലയുടെ 'ഭാവ' ത്തില്‍ കര്‍ഷകന്റെ വേഷമാണ്. ഈ സിനിമകളുടെയെല്ലാംഷൂട്ടിങ് അന്തിമഘട്ടത്തിലാണ്. സ്വന്തമായി തിരക്കഥയെഴുതാനും പദ്ധതിയുണ്ടെന്ന് സിബിതോമസ് പറഞ്ഞു.

മികവ് തെളിയിച്ച ഉദ്യോഗസ്ഥന്‍

പോലീസ് സേനയില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് സിബിതോമസിന്റെയും സ്ഥാനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, എര്‍ണാകുളം ജില്ലകളിലെ നിരവധി പോലീസ്റ്റേഷനുകളില്‍ എസ്.ഐ ആയും സി.ഐആയും സേവനമനുഷ്ഠിച്ചു. മഞ്ചേശ്വരം എസ്.ഐ ആയിരിക്കെ സ്പിരിറ്റ് വേട്ട നടത്തിയതോടെയാണ് പോലീസ് സേനയില്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കപ്പെട്ടത്.കുമ്പളയില്‍ സി.ഐ.ആയിരിക്കെ കര്‍ണാടകയിലും കേരളത്തിലുമായി അമ്പതോളം കേസുണ്ടായിരുന്ന കാലിയ റഫീഖിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ പോയി പിടിച്ചുകൊണ്ടു വന്നപ്പോള്‍,അംഗീകാരമായെത്തിയത് സര്‍ക്കാരിന്റെ ബെസ്റ്റ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ എന്ന ബഹുമതി.2016 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടി.ആദൂര്‍ സി.ഐ ആയിരിക്കെ ഉത്തര്‍പ്രദേശിലെത്തി ജീവന്‍ പണയപ്പെടുത്തി ജൂവലറി കവര്‍ച്ചാകേസിലെ പ്രതികളെ പിടിച്ചത് ഒരിക്കലും മറക്കാനാകില്ല-സബിതോമസ് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയവരെ പിടിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന വിശേഷണവും സിബിക്ക് ഉണ്ട്.

Content Highlights: thondimuthalum driksakshiyum police officer sibi thomas new movie sidharthan, interview