"മൂവന്തി താഴ്​വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെയായാരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്"... കുവൈത്ത് വിജയനെന്ന അച്ഛന് 'ചിരിയുടെ വെൺപ്രാവായ' മകൾ സുജ അയച്ച ഈ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. 

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ  മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‍കാരങ്ങൾ നേടിയ തിങ്കളാഴ്ച്ച നിശ്ചയമെന്ന കൊച്ചു ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒപ്പം ചിത്രത്തിലെ കഥാപാത്രങ്ങളെയും. കാഞ്ഞങ്ങാട് പശ്ചാത്തലമായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുമ്പോൾ‌ കുവൈത്ത് വിജയനും കുടുംബവും ഹൃദയം കീഴടക്കുമ്പോൾ നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ സുജയെന്ന നായികാ കഥാപാത്രമായെത്തിയ അനഘ.

തിങ്കളാഴ്ച്ച നിശ്ചയത്തിലേക്ക്

ഓഡിഷൻ വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. എന്റെ ആദ്യ സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. ചെറിയ പ്രായം തൊട്ടേ കലോത്സവങ്ങളിൽ നാടകങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. അഭിനയം പണ്ടുമുതലേ പാഷനാണ്. ഓഡിഷനുകൾക്കൊക്കെ അയക്കാറുണ്ട്. കുറേ തവണ പിന്തള്ളപ്പെട്ടിട്ടുണ്ട്. എന്റെ സു​ഹൃത്തുക്കളാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് ഫോട്ടോ അയക്കുന്നത്. അങ്ങനെ വിളിച്ചു, പോയി. തിരഞ്ഞെടുക്കപ്പെട്ടു. 

കാഞ്ഞങ്ങാട് ഭാഷയും കുടുംബം പോലെയുള്ള സെറ്റും

കാഞ്ഞങ്ങാട് തന്നെയാണ് എന്റെ സ്വദേശം. സിനിമയുടെ ഭാ​ഗമായവരിൽ ഏറെയും കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാ​ഗങ്ങളിൽ ഉള്ളവരാണ്. ഞങ്ങൾ വീട്ടിൽ എങ്ങനെയാണോ സംസാരിക്കുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത്. അതുകൊണ്ട്  ഭാഷയൊന്നും ഒരു വിഷയമേ അല്ലായിരുന്നു. പിന്നെ ചിത്രത്തിലെ അഭിനേതാക്കളിൽ പലരെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. സുജയുടെ അച്ഛൻ കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. എന്റെ നായകനായെത്തിയ അർജുൻ അശോകൻ എന്റെ സഹപാഠിയാണ്. 

പിന്നെ നാടകവുമായിട്ടൊക്കെ പോകുമ്പോൾ പരിചയപ്പെട്ട കുറേ കലാകാരന്മാരും ചിത്രത്തിന്റെ ഭാ​ഗമായുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ തന്നെ ഞങ്ങളൊക്കെ ഒരു കുടുംബം പോലെയായി. അത്രയ്ക്കും രസകരമായിരുന്നു ചിത്രീകരണ ദിവസങ്ങൾ. സ്വന്തം വീട്ടിൽ നിന്ന് നമ്മുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോകുന്ന പോലെ ഒരു അനുഭവമായിരുന്നു ചിത്രീകരണത്തിന് പോവുമ്പോൾ. എന്റെ തന്നെ രണ്ട് വീടുകൾ പോലെ. അഭിനയിക്കുമ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ല, സംവിധായകൻ സെന്ന സർ, ഛായാ​ഗ്രാഹകൻ ശ്രീരാജേട്ടൻ തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് തന്നത്. 

Anagha

സുജയും കത്തും പിന്നെ അനഘയും

സുജയെയും സുജയുടെ കത്തുമെല്ലാം പ്രേക്ഷകർ സ്വീകരിച്ചു എന്നറിയുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. അഭിനയിക്കുമ്പോൾ ഞങ്ങൾക്കെല്ലാം നല്ല തുടക്കമാകുമെന്ന് ഉറപ്പായിരുന്നു. ആദ്യം ചിത്രം ഐഎഫ്എഫ്കെയിലേക്ക് പോയി, രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഒരിക്കലും ഇത്രയധികം സ്വീകരിക്കപ്പെടുമെന്നോ ചർച്ചയാകുമെന്നോ ചിന്തിച്ചിരുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ നമ്മളെ അം​ഗീകരിച്ചത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.. സിനിമ കണ്ട് ജയേട്ടൻ (നടൻ ജയസൂര്യ) വിളിച്ചിരുന്നു. അത് വലിയ സർപ്രൈസ് ആയി. 

സുജയിൽ ഞാനിഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. സുജ പല കാര്യങ്ങളിലും ബോൾഡാണ്, ഞാനും അങ്ങനെ തന്നെ, അല്ലെങ്കിൽ അങ്ങനെയാകാനാണ് ഇഷ്ടം. പക്ഷേ ഞാനൽപം ചൈൽഡിഷാണ് ചില സമയത്ത്. പക്ഷേ സുജയെ പോലെ ശബരിമലയിൽ പോവാനൊന്നും ഞാൻ പ്ലാൻ ഇട്ടിട്ടില്ല  കേട്ടോ..

എന്റെ അച്ഛൻ കുവൈത്ത് വിജയനെ പോലെ അല്ല

ഞാനിപ്പോൾ കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് എന്റേത്. 

എന്റെ അച്ഛൻ ഒരിക്കലും കുവൈത്ത് വിജയനെ പോലെയല്ല. അച്ഛനും ചിത്രത്തിന്റെ ഭാ​ഗമായുണ്ട്. വാർഡ് മെമ്പറുടെ കഥാപാത്രം അച്ഛനാണ് അവതരിപ്പിച്ചത്. മെമ്പറുടെ കഥാപാത്രം പറയുന്ന പോലെ പിള്ളേരുടെ ഇഷ്ടവും പരി​ഗണിക്കുന്ന അച്ഛൻ തന്നെയാണ് അദ്ദേഹം ജീവിതത്തിൽ. സ്വന്തം കാലിൽ നിന്നിട്ടല്ലാതെ നമ്മളായി ആവശ്യപ്പെട്ടാലും കല്യാണമെന്ന സംഭവത്തിനേ വീട്ടിൽ നിന്ന് സമ്മതിക്കില്ല. പിന്നെ സുജയെ പോലെ ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് ഞാൻ നിന്നു കൊടുക്കുകയുമില്ല. 

Anagha

സിനിമയെന്ന സ്വപ്നം

സിനിമ തന്നെയാണ് ഇഷ്ടം. പക്ഷേ മറ്റുള്ളവരോട് പറയാൻ പേടിയായിരുന്നു. അവസാനം ഒന്നുമായില്ലെങ്കിലോ. അതുകൊണ്ട് സിനിമാ സ്വപ്നം ഉള്ളിൽ തന്നെ കൊണ്ടു നടക്കുകയായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമേ ഈ സ്വപ്നത്തെക്കുറിച്ച് അറിയുകയുള്ളൂ. നല്ല നല്ല സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. പെട്ടെന്ന് കുറേ സിനിമകൾ ചെയ്യണമെന്നല്ല,  അനഘ ആരാണെന്ന് ചോദിച്ചാൽ നല്ലൊരു നടിയാണെന്ന് ആളുകൾ പറയണം അതാണ് ഇപ്പോഴത്തെ സ്വപ്നം.

Content Highlights : Thinkalazhcha Nishchayam Movie, Interview with Actress Anagha Narayanan, Kerala State Film Awards, Senna Hegde, latest Malayalam Movie news