ചിത്രാഞ്ജലിയില്‍ മിഥുനത്തിന്റെ ഫസ്റ്റ് പ്രിന്റ് കാണുകയാണ് പ്രിയന്‍. അകത്തെ മുറിയില്‍ കൈയില്‍ കട്ടന്‍ ചായയുമായി മോഹന്‍ലാലുണ്ട്. ഗോപാലകൃഷ്ണന്‍ പതുക്കെ മുറിയിലേയ്ക്ക് ചെന്നു. 'എന്താ അമ്പിയണ്ണാ... എന്തോ വിശേഷമുണ്ടല്ലോ.'-ചായഗ്ലാസ് താഴെവച്ച് ലാലിന്റെ കുസൃതി നിറഞ്ഞ ചോദ്യം. 'എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു...'മടിച്ചു മടിച്ച് പതുക്കെ പറഞ്ഞുതുടങ്ങി ഗോപാലകൃഷ്ണന്‍. 'എന്തിനാണ് അമ്പിയണ്ണാ എന്നോടൊരു മുഖവുര. എന്താണ് കാര്യം.?'-എഡിറ്റിങ് സമയത്തെ പതിവില്ലാത്ത വരവ് കണ്ട് ലാല്‍. പതിവ് കുസൃതിക്കു പകരം കൗതുകം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന ലാലിനോട് ഗോപാലകൃഷ്ണന്‍ പറഞ്ഞു: 'എനിക്കൊരു ആഗ്രഹമുണ്ട്. ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. കുറേക്കാലമായില്ലെ. ഈ രംഗത്ത്. പലരും നിര്‍ബന്ധിക്കുന്നു. വിരോധമില്ലെങ്കില്‍...' പറഞ്ഞുതീരാന്‍ കാത്തുനിന്നില്ല ലാല്‍: 'അതിനെന്താ അണ്ണാ... നമുക്ക് ചെയ്യാലോ. അണ്ണന്‍ പ്രിയനുമായി സംസാരിച്ച് തീയതിയൊക്കെ നിശ്ചയിച്ചോളൂ, ഞാന്‍ റെഡി...'

മുറിയില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു ഗോപാലകൃഷ്ണന്റെ. ഓടരുതമ്മാവാ ആളറിയാം മുതല്‍ മിഥുനം വരെ അന്നോളമുള്ള പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റുകളെയെല്ലാം നിഴലും നിറങ്ങളും ചേര്‍ത്ത് വെട്ടിയൊതുക്കി സുന്ദരമാക്കിയ എഡിറ്റര്‍ എന്‍. ഗോപാലകൃഷ്ണന്‍ അങ്ങനെ പ്രിയന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നിന്റെ നിര്‍മാതാവായി. പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്റര്‍ എന്ന മേല്‍വിലാസത്തിന് പുറമെ പ്രിയന്റെ മാത്രമല്ല, മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നിന്റെ, ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നിന്റെ നിര്‍മാതാവ് എന്നൊരു മേല്‍വിലാസം കൂടിയായി സ്വതവേ ഗൗരവക്കാരനായ ഗോപാലകൃഷ്ണന്.

വിരുന്നെത്തുന്നവര്‍ക്കെല്ലാം കണ്ണിമാങ്ങാ അച്ചാറിന്റെ രുചിയും സ്‌നേഹവും കൊണ്ട് വയറുനിറച്ചു വിളമ്പിക്കൊടുക്കുന്ന ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ഇന്നും പേരിട്ടിട്ടില്ലാത്ത വീട്ടില്‍ നിന്ന് 250 ദിവസം ഓടി ചരിത്രം കുറിച്ച തേന്മാവിന്‍ കൊമ്പത്ത് എന്നൊരു ഓള്‍ടൈം ഹിറ്റ് മാത്രമല്ല, സിനിമയിലേയ്ക്ക് കയറിവന്നത്. അതിലും വലിയ ഹിറ്റായ ഒരു വാക്ക് കൂടിയാണ്. മാതൃഭാഷയായ ലിപിയില്ലാത്ത തുളുവില്‍ നിന്ന് ഗോപാലകൃഷ്ണന്‍ സംഭാവന ചെയ്ത ആ വാക്കുവച്ചാണ് തേന്മാവിന്‍ കൊമ്പത്തില്‍ ശോഭന മോഹന്‍ലാലിനെ വട്ടം കറക്കുന്നത്. ഒടുവില്‍ കാര്‍ത്തുമ്പി മാണിക്ക്യന്റെ നെഞ്ചില്‍ കയറിപ്പറ്റി പൊല്ലാപ്പൊക്കെ ഉണ്ടാക്കുന്നത്. മുദ്ദുഗവു എന്ന ആ തുളു വാക്കില്ലാത്ത തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ച് ഇന്നോര്‍ക്കാനാവുമോ ആര്‍ക്കെങ്കിലും?.

സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഒരു ദിവസം, അന്ന് പ്രിയന്റെ സംവിധാന സഹായിയായിരുന്ന മുരളി നാഗവള്ളി വീട്ടില്‍ വന്നു പറഞ്ഞ കാര്യം ഇന്നും ഓര്‍മയുണ്ട് ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍ കുമാറിന്. 'നിങ്ങളുടെ ഭാഷയെ ഞങ്ങള്‍ സിനമയിലെടുത്തുട്ടോ...' എന്നാല്‍ വീട്ടില്‍ കുട്ടികളെ ലാളിക്കാന്‍ ഉപയോഗിച്ചിരുന്ന ആ വാക്കു മാത്രമല്ല, മോഹന്‍ലാലും ശോഭനയും നെടുമുടിയുമെല്ലാം മത്സരിച്ചഭിനയിച്ച തേന്മാവിന്‍ കൊമ്പത്തും ഇത്ര വലിയ ഹിറ്റാകുമെന്നും അന്ന് കരുതിയിരുന്നില്ലെന്ന് പറയുന്നു അനില്‍. മുദ്ദുഗവുവും ലേലു അല്ലുവും ടാസ്‌കിവിളിയുമെല്ലാം ഇന്നും നിറഞ്ഞോടുമ്പോള്‍ തേന്മാവിന്‍ കൊമ്പത്ത് തിയ്യറ്ററില്‍ ഉത്സവമായി തകര്‍ത്തോടിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരൊറ്റ സൂപ്പര്‍ഹിറ്റ് നിര്‍മിക്കുകയും ഒരു ഡസനിലേറെ സൂപ്പര്‍ഹിറ്റുകള്‍ ചെറുപ്പക്കാരേക്കാള്‍ ചടുലമായ ഒഴുക്കോടെ എഡിറ്റ് ചെയ്യുകയും ചെയ്ത ഗോപാലകൃഷ്ണന്‍ അരങ്ങൊഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും മകന്‍ അനിലിന്റെയും മൂന്ന് സഹോദരിമാരുടെയും മനസ്സില്‍ ഇന്നും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ് തേന്മാവിന്‍ കൊമ്പത്തിന്റെ ഓര്‍മകള്‍. തിരുവനന്തപുരം അജന്ത തിയ്യറ്ററില്‍ മൂന്നാം ദിനം അച്ഛന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂടെ പോയി സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ രോമാഞ്ചമുണ്ടായ കഥ ഇന്നലെ കഴിഞ്ഞതുപോലെയുണ്ട് അനിലിന്റെ മനസ്സില്‍. അന്ന് ഗംഭീരം എന്നു പറഞ്ഞ് അച്ഛന് കൈ കൊടുക്കുമ്പോള്‍ കുടുംബത്തിലെ പതിനാല് പേരും സന്തോഷം കൊണ്ട് കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നുവെന്ന് ഓര്‍ക്കുന്നു അനില്‍. തേന്മാവിന്‍ കൊമ്പത്ത് ഇന്നും ടിവിയില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ കാണും. ഇല്ലെങ്കില്‍ സി.ഡി ഇട്ട് കാണും. അത് വീണ്ടും വീണ്ടും കാണുമ്പോള്‍ വീട്ടില്‍ നടന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് മനസ്സിലേയ്ക്ക് വരിക എന്നുകൂടി പറയുന്നു അനില്‍.

തേന്മാവിന്‍ കൊമ്പത്തിന്റെ നിര്‍മാതാവ്, പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്റര്‍ എന്നിവയായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി ഗോപാലകൃഷ്ണന്റെ മേല്‍വിലാസങ്ങളെങ്കിലും അറുപതുകളുടെ തുടക്കം മുതല്‍ ചിത്രസംയോജന രംഗത്തുണ്ട് ദേഹണ്ഡവും പൂജയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉഡുപ്പിയില്‍ നിന്നെത്തിയ തുളു ബ്രാഹ്മണ കുടുംബത്തിലെ ഈ പിന്‍മുറക്കാരന്‍. സമുദായക്കാര്‍ പലരും പൂജയിലും പാചകത്തിലും ഹോട്ടല്‍ ബിസിനസിലുമെല്ലാം സജീവമായ കാലത്ത് വെള്ളിത്തിരയിലെ ദൃശ്യങ്ങള്‍ വെട്ടിയൊട്ടിച്ച് സിനിമാപ്രേമികളെ വിരന്നൂട്ടാനുള്ള ഗോപാലകൃഷ്ണന്റെ തീരുമാനം ഇന്നും അത്ഭുതമാണ് മക്കള്‍ക്ക് പോലും.

thenmavin kombathu
നെടുമുടി, മോഹൻലാൽ, ഗോപാലകൃഷ്ണൻ, പ്രിയദർശൻ എന്നിവർ തേന്മാവിൻ കൊമ്പത്തിന്റെ സെറ്റിൽ

മറ്റ് തുളു ബ്രഹ്മണരെപ്പോലെ പൂജയും ഹോട്ടലും തന്നെയായിരുന്ന ഗോപാലകൃഷ്ണനും ചെറുപ്പകാലത്ത്. നാല്‍പത്തിയഞ്ചില്‍ അച്ഛന്‍ നിരസിംഹന്‍ പോറ്റിയുടെ ബന്ധു കൃഷ്ണശര്‍മയാണ് ആ ജാതകം മാറ്റിയെഴുതിയത്. അന്ന് മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ സുബ്രഹ്മണ്യം മുതലാളിയുടെ അടുക്കല്‍ കൊണ്ടുപോകുന്നത് കൃഷ്ണശര്‍മയാണ്. കഥകളിപ്പാട്ടുകാരനായിരുന്നു കൃഷ്ണശര്‍മ. ജോര്‍ജ് എന്ന കോട്ടയംകാരനായിരുന്നു അന്ന് മെരിലാന്‍ഡിലെ എഡിറ്റര്‍. ജോര്‍ജ് വഴിയാണ് ഗോപാലകൃഷ്ണനെ ശര്‍മ മെരിലന്‍ഡിലെത്തിക്കുന്നത്. എഡിറ്റിങ്ങോ സിനിമ സംബന്ധിച്ച മറ്റ് ജോലികളോ ഒന്നും വശമുണ്ടായിരുന്നില്ല. എങ്കിലും ജോര്‍ജിന്റെ സഹായിയായി ഒപ്പം കൂടി. ആത്മസഖിയായിരുന്നു ആദ്യ ചിത്രം. 'വലിയ കഷ്ടപ്പാടായിരുന്നു അക്കാലത്തെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ക്ഷേത്രത്തില്‍ പൂജ. അതുകഴിഞ്ഞ് നേരെ ബസ് പിടിച്ച് തിരുവനന്തപുരത്ത് മെരിലന്‍ഡിലേയ്ക്ക്. രാത്രി വൈകും ബസ്സില്‍ തിരിച്ച് വീട്ടിലെത്താന്‍. എങ്കിലും അച്ഛന്റെ മനസ് മുഴുവന്‍ സിനിമയായിരുന്നു. സിനിമയില്ലാത്ത സമയത്ത് വായനയും.'-അച്ഛന്റെ വാക്കുകളില്‍ നിന്ന് അനില്‍ ഓര്‍മകള്‍ പൊടിത്തട്ടിയെടുക്കുന്നു.

സുബ്രഹ്മണ്യം മുതലാളിയുടെ മനസ്സ് തെളിയാന്‍ ഏറെ കാക്കേണ്ടിവന്നില്ല. അങ്ങനെ അറുപത്തിരണ്ടില്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ ചിത്രം ശ്രീരാമ പട്ടാഭിഷേകം മുതല്‍ ഗോപാലകൃഷ്ണന്‍ സ്വതന്ത്ര ചിത്രസംയോജകനായി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അന്നുമുതല്‍ മെരിലാന്‍ഡിന്റെ സ്ഥിരം എഡിറ്ററായി. കാട്ടുമൈനയും പട്ടുതൂവാലയും കൃഷ്ണ ഗുരുവായൂരപ്പയും സ്വാമി അയ്യപ്പനും കുമാരസംഭവവും ഉള്‍പ്പടെ നീല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്മണ്യം നിര്‍മിച്ച നാല്‍പതോളം ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചു. മദ്രാസിലെ ജമിനി സ്റ്റുഡിയോയിലായിരുന്നു അന്ന് നീലാ പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളുടെ എഡിറ്റിങ് കൂടുതലായി നടന്നിരുന്നത്. 'എഡിറ്റിങ്ങുള്ളപ്പോള്‍ ഒന്നോ രണ്ടോ മാസം അച്ഛന്‍ ചെന്നൈയിലായിരിക്കും. അക്കാലത്ത് അങ്ങനെ ചെന്നൈയിലെ സിനിമാവിശേഷങ്ങളൊന്നും വീട്ടില്‍ വന്ന് പറയുന്ന ഒരു ശീലം അച്ഛനുണ്ടായിരുന്നില്ല. എങ്കിലും ചിലപ്പോഴെങ്കിലും പ്രതിഫലം കിട്ടാതെ വെറും കൈയോടെ വന്ന കാലവുമുണ്ടായിരുന്നു. അന്നൊക്കെ കുറച്ചൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങള്‍. ഇന്നുമുണ്ട് വീട്ടില്‍ അമ്പതിനായിരത്തിന്റെയും എഴുപത്തി അയ്യായിരത്തിന്റെയുമെല്ലാം മടങ്ങിയ ചെക്കുകള്‍. അച്ഛന്‍ പക്ഷേ, ആരോടും ചോദിക്കാന്‍ പോയില്ല. ഒരു പരിഭവവും പറഞ്ഞില്ല.'-അനില്‍ പറഞ്ഞു.

എന്നാല്‍, ഗോപാലകൃഷ്ണന്‍ എന്ന എഡിറ്ററുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് മറ്റൊരാളാണ്. നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. മെരിലന്‍ഡിലെ എഡിറ്റിങ് കാലത്തെ പരിചയമാണ്. ഒരു നിര്‍മാതാവും എഡിറ്ററും തമ്മിലുള്ള ബന്ധമായിരുന്നില്ല അവര്‍ തമ്മില്‍. തന്റെ ആദ്യ ചിത്രമായ കൂലിയില്‍ ചിത്രസംയോജനത്തിനായി മറ്റൊരു പേരുകാരനെക്കുറിച്ച് ആലോചിച്ചില്ല സുരേഷ്. പിന്നെ സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ സ്വരമായി മാറിയ എം.ജി. ശ്രീകുമാര്‍ ആദ്യമായി ഒരു സോളോ പാടുന്നത് കൂലിയിലാണ്.

thenmavin kombathu
അനിൽ കുമാർ മോഹൻലാലിനൊപ്പം (വലത്) എൻ.ഗോപാലകൃഷ്ണൻ (ഇടത്)

'സുരേഷ് കുമാറുമായി അവസാന കാലം വരെ ഈ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്നു അച്ഛന്‍. അച്ഛന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയുമെല്ലാം പില്‍ക്കാലത്തെ വളര്‍ച്ചയ്‌ക്കെല്ലാം അദ്ദേഹമാണ് നാന്ദിയായത്. അന്ന് എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ തിരുപ്പതി ചെട്ട്യാരുടെ സഹായിയും അടുത്ത ആളുമൊക്കെയായിരുന്ന സുരേഷ് കുമാര്‍ വഴിയാണ് പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, അശോക് കുമാര്‍, രാജീവ്‌നാഥ്, എം.ജി.ശ്രീകുമാര്‍ എന്നിവരെല്ലാമായി അച്ഛന്‍ അടുപ്പത്തിലാവുന്നത്-അനില്‍ ഓര്‍ക്കുന്നു. അങ്ങനെയാണ് അവരുടെ തിരനോട്ടം എന്ന വിപ്ലവകരമായ പരീക്ഷണത്തില്‍, മോഹന്‍ലാലിന്റെ മുഖം ആദ്യം ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ ഗോപാലകൃഷ്ണനും പങ്കാളിയാവുന്നത്. ഈ നിയോഗത്തിന്റെ തുടര്‍ച്ചയാവണം, എണ്‍പതുകള്‍ മുതല്‍ ഗോപാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ കത്തിവച്ചത് മോഹന്‍ലാല്‍ പടങ്ങള്‍ക്കാണ്. എണ്‍പത്തിനാലില്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ 2003ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം വരെ. മുപ്പത്തിരണ്ട് ചിത്രങ്ങള്‍.

പി.ആര്‍.എസ്. പിള്ള വഴിയാണ് ഗോപാലകൃഷ്ണന്‍ ആരംഭകാലത്തു തന്നെ ചിത്രാഞ്ജലിയിലെത്തുന്നത്. അരവിന്ദന്റെ പോക്കുവെയിലൊക്കെ എഡിറ്റ് ചെയ്യുന്നത് അവിടെവച്ചാണ്. ചിത്രാഞ്ജലിയില്‍ ജോലി ചെയ്യുന്ന കാലത്താണ് പ്രിയദര്‍ശനുമായി പരിചയത്തിലാവുന്നത്. പരിചയപ്പെടുത്തുന്നതാവട്ടെ സുരേഷ് കുമാറും. വൈകീട്ടത്തെ പതിവ് കോഫി ഹൗസ് സംഗമം കഴിഞ്ഞ് എല്ലാവര്‍ക്കും കൂടി ഒരു വരവുണ്ട് ചിത്രാഞ്ജലിയിലേയ്ക്ക്. എഡിറ്റിങ്ങും ഡബ്ബിങ്ങുമെല്ലാം കാണുകയാണ് ലക്ഷ്യം. ഇതിന്റെ ബാക്കിപത്രമാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ച തിരനോട്ടം. വെള്ളിത്തിര കണ്ടില്ലെങ്കിലും അതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് ഗോപാലകൃഷ്ണനായിരുന്നു. 'അതിനുശേഷം അച്ഛനും പ്രിയനും തമ്മിലുള്ള ബന്ധം ദൃഢമായി. പ്രിയന്‍ ആദ്യമായി ഒറ്റയ്ക്ക് ഒരു ചിത്രം ചെയ്തപ്പോഴും അച്ഛനെയാണ് വിളിച്ചതെന്ന് അനില്‍ പറയുന്നു. അങ്ങനെ സുഹൃത്തുക്കളായ സുരേഷ് കുമാറും സനല്‍കുമാറും ചേര്‍ന്നെടുത്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ സുദീര്‍ഘമായൊരു ബന്ധത്തിന് തുടക്കമായി. പിന്നെ വെട്ടം വരെ മറ്റൊരു എഡിറ്ററെക്കുറിച്ച് ചിന്തിച്ചില്ല പ്രിയന്‍.

ചിരിപ്പിക്കാന്‍ മാത്രമല്ല, അഭ്രപാളിയെ നിറങ്ങളുടെയും ഒഴുകുന്ന ദൃശ്യങ്ങളുടെയും ഒരു ഉത്സവമാക്കി മാറ്റാനും മലയാള സിനിമയെ പഠിപ്പിച്ചത് സംവിധായകന്റെയും എഡിറ്ററുടെയും മനസ്സുകളുടെ മേളനം മുദ്ര ചാര്‍ത്തിയ ഫ്രെയിമുകളിലൂടെ പ്രിയദര്‍ശനാണ്. കിലുക്കത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും കാലാപാനിയിലെയുമെല്ലാം കൊതിപ്പിക്കുന്ന രംഗങ്ങള്‍, അമ്പതുകളില്‍ എഡിറ്റിങ് തുടങ്ങിയ ഒരാള്‍ വെട്ടിയൊട്ടിച്ച് വിരിയിച്ചെടുത്തതാണെന്ന വസ്തുത പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമാവും. ഈ ദൃശ്യങ്ങള്‍ക്കും അതിന്റെ ലയത്തിനും കാരണം അവരുടെ സാങ്കേതികജ്ഞാനം മാത്രമല്ല, മനസ്സുകളുടെ ഐക്യം കൂടിയായിരുന്നു എന്നതിന് ഓടരുതമ്മാവാ ആളറിയാം മുതല്‍ വെട്ടം വരെയുള്ള ചിത്രങ്ങള്‍ സാക്ഷ്യം. പ്രിയന്‍ സാറുമായുള്ള സൗഹൃദം അച്ഛന്റെ വളര്‍ച്ചയ്ക്ക് വലിയൊരു കാരണമായിട്ടുണ്ട്. അച്ഛനും പ്രിയന്‍ സാറും തമ്മില്‍ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു. പ്രിയന്‍ സാറിന്റെ അച്ഛന്റെ കാലം മുതലുള്ള ബന്ധമാണ്. വഴിപാട് കഴിപ്പിക്കാനും മറ്റും വീട്ടില്‍ വരുമ്പോള്‍ അമ്പി മകനെ നന്നായി നോക്കിക്കോളണേ എന്നു  പറയാറുണ്ടായിരുന്നു പ്രിയന്‍ സാറിന്റെ അച്ഛന്‍. ആ ഹൃദയബന്ധം പ്രിയനും തുടര്‍ന്നു നെല്ലിട തൂക്കം കുറയാതെ. ഇന്ന തിയ്യതിക്ക് പടം തുടങ്ങുന്നു എന്നു വിളിച്ചുപറയുക മാത്രമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഉടനെ അച്ഛന്‍ മദ്രാസ് മെയിലില്‍ ചെന്നൈയ്ക്ക് തിരിക്കും. പ്രിയന്‍ സാറിന്റെ ഒരു പടം തുടങ്ങുകയാണെന്ന് കേട്ടാല്‍ അച്ഛന്‍ ക്ഷേത്രങ്ങളിലൊക്കെ പോയി പൂജയും വഴിപാടുകളുമൊക്കെ കഴിക്കും.'

'സിനിമയുടെ കാര്യത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരു രീതിയായിരുന്നു പ്രിയന്‍ സാറിന്റേത്. ഒരു സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ അതിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യും. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ കേള്‍ക്കും. തന്റെ ആവശ്യം ഇവരെയെല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തും. അക്കാലത്ത് ഷൂട്ടിങ്ങിന് മുന്‍പ് തന്നെ അച്ഛനെ വിളിച്ച് ചില സിനിമകളൊക്കെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണെന്ന് പറയും. അതനുസരിച്ച് അച്ഛന്‍ കിഴക്കേക്കോട്ടയിലെ ഒരു വീഡിയോ കടയില്‍ പോയി കാസറ്റ് വാടകയ്‌ക്കെടുത്ത് കാണും. അതുകൊണ്ട് സിനിമയുടെ പ്രിന്റ് എഡിറ്റിങ് മേശയിലെത്തുമ്പൊഴേയ്ക്കും എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നല്ല ധാരണണ്ടായിരിക്കും അച്ഛന്-അനില്‍ പറയുന്നു.

എന്നാല്‍, പ്രിയന്റെ കാര്യത്തില്‍ ഒരു വലിയ സങ്കടം ബാക്കിയുണ്ടെന്നും പറയുകയാണ് അച്ഛന്റെ പിന്‍പറ്റി കുറച്ചുകാലം എഡിറ്റിങ്ങില്‍ കൈവച്ച അനില്‍. '2008ല്‍ പ്രകാശ്‌രാജിനെ നായകനാക്കി പ്രിയന്‍ കാഞ്ചീവരം ഒരുക്കുമ്പോള്‍ അച്ഛനെ കണ്ടിരുന്നു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. കുറച്ച് ഗൗരവമായി എടുക്കുന്ന സിനിമയാണ്. അതുകൊണ്ട് നന്നായി പ്രയത്‌നിക്കേണ്ടിവരും. നല്ല തയ്യാറെടുപ്പൊക്കെ വേണം എന്നു പറഞ്ഞാണ് പ്രിയന്‍ സാര്‍ പോയത്. അതനുസരിച്ച് അച്ഛന്‍ കുറേ തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. എന്നാല്‍, അത് വിചാരിച്ചപോലെ നടന്നില്ല. മാര്‍ച്ചില്‍ അച്ഛന്‍ രോഗബാധിതനായി. ഒരാഴ്ചയ്ക്കുള്ളില്‍ മരിക്കുകയും ചെയ്തു-അനില്‍ സങ്കടം മറയ്ക്കാതെ പറഞ്ഞു. പ്രിയദര്‍ശന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു കാഞ്ചീവരം. രണ്ട് ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കി ചിത്രം. വെട്ടത്തില്‍ ഗോപാലകൃഷ്ണനൊപ്പമുണ്ടായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദാണ് ഗോപാലകൃഷ്ണന് പകരം കാഞ്ചീവരത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത്. പിന്നീട് ഹിന്ദി ചിത്രം ആക്രോശ് വരെ പ്രിയന്റെ സ്ഥിരം എഡിറ്റര്‍ എന്ന ഖ്യാതിയും അങ്ങനെ സംവിധായകന്‍ കൂടിയായ അരുണ്‍കുമാര്‍ അരവിന്ദിന് സ്വന്തമായി.

thenmavin kombathu
പ്രിയദർശൻ, ഗോപാലകൃഷ്ണൻ, മോഹൻലാൽ എന്നിവർ പൂജാവേളയിൽ

തേന്മാവിന്‍ കൊമ്പത്ത് പിറക്കുന്നു

പ്രിയന്റെ എഡിറ്റര്‍ എന്ന മേല്‍വിലാസമുറച്ചതോടെ ഗോപാലകൃഷ്‌നും തിരക്കിന്റെ ഒഴുക്കില്‍പ്പെട്ടു. കൃഷ്ണന്‍ നായരുടെയും വേണു നാഗവള്ളിയുടെയും ശങ്കരന്‍ നായരുടെയും ലെനിന്‍ രാജേന്ദ്രന്റെയും രാജീവ് അഞ്ചലിന്റെയും ബാലചന്ദ്ര മേനോന്റെയും ആര്‍.സുകുമാരന്റെയുമെല്ലാം ചിത്രങ്ങള്‍ ചെയ്ത് മലയാളത്തിലെ മുന്‍നിര എഡിറ്റര്‍മാരില്‍ ഒരാളായി. ഒപ്പമുണ്ടായിരുന്ന പലരും സിനിമ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയുമൊക്കെ ചെയ്തിട്ടും സ്വന്തമായി ഒരു സിനിമ എന്നത് വിദൂര സ്വപ്‌നമായി പോലും മനസ്സില്‍ മൊട്ടിരുന്നില്ല അന്ന്. 'അക്കാലത്ത് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അച്ഛനോട്. കുറേ കാലമായില്ലെ സാര്‍ സിനിമയില്‍. സാറിനും വേണമെങ്കില്‍ ഒരു സിനിമ നിര്‍മിച്ചുകൂടെ. എല്ലാവരുമായി പരിചയമല്ലെ ആരുടെ ഡേറ്റ് വേണമെങ്കിലും കിട്ടില്ലെ. നമുക്ക് അങ്ങനയൊരു യോഗമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ചോദ്യങ്ങള്‍ കുറേ ആയപ്പോള്‍ അച്ഛന്റെ ഉള്ളിലും ചെറിയൊരു മോഹം മൊട്ടിട്ടു. ഇങ്ങനെ എഡിറ്റ് ചെയ്തിരുന്നാല്‍ അതു മാത്രമായി ഒതുങ്ങിപ്പോകും എന്നൊരു തോന്നലും മനസ്സില്‍ മുളച്ചു. മുരളി നാഗവള്ളിയുടെയും വേണു നാഗവള്ളിയുടെയും നിര്‍ബന്ധം കൂടിയായതോടെ എന്നാല്‍, ഒരു കൈ നോക്കാം എന്നായി അച്ഛനും. അക്കാലത്ത് ഒരിക്കല്‍ അച്ഛന്‍ ഒരു ജ്യോത്സ്യന്റെ അടുത്തുപോയി. സിനിമ എടുക്കുകയാണെങ്കില്‍ അതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെയെന്ന് കവടി നിരത്തി സമര്‍ഥിച്ചു ജ്യോത്സ്യന്‍.

പ്രിയന്‍ ഇല്ലെങ്കില്‍ പിന്നെ പടം വേണ്ട

അപ്പോഴും രണ്ടു മനസ്സായിരുന്നു ഗോപാലകൃഷ്ണന്. 'പടമെടുക്കാന്‍ മോഹമുണ്ടെങ്കിലും അത് ഒരുപാട് പണച്ചെലവ് വരുന്നതല്ലെ. അതിനുള്ള പണമൊന്നും എന്റെ കൈയിലില്ല എന്നു പറഞ്ഞാണ് അന്ന് മുരളി നാഗവള്ളിയെ മടക്കി അയക്കാന്‍ ശ്രമിച്ചത്. സിനിമ എടുക്കാന്‍ ഇനിയെന്ത് ചെയ്യും എന്ന് അച്ഛന്‍ ആലോചിച്ചിരിക്കുന്ന സമയത്ത് ആരോ ഇക്കാര്യം ചെന്ന് പ്രിയന്‍ സാറിനോട് പറഞ്ഞു. ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിട്ടും അമ്പിയണ്ണന്‍ എന്നോട് പറഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. നിങ്ങള്‍ തമ്മിലുള്ള ബന്ധം വച്ച് ഇക്കാര്യം പറയുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അവര്‍ പ്രിയന്‍ സാറിനോട് മറിച്ചു ചോദിച്ചത്. ഒരിക്കല്‍ അങ്ങനെ പല കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ അച്ഛന്‍ ഇക്കാര്യം എടുത്തിട്ടു. എനിക്കും ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് നീയായിരിക്കും. പ്രിയനെ വിട്ടുള്ള ഒരു കളിക്കും ഞാനില്ല. ഞാന്‍ സിനിമ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ തന്നെ അത് ചെയ്തു തരണം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ പടമെടുക്കുന്നില്ല. അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അച്ഛന്‍ ഇക്കാര്യം വീട്ടിലും പറഞ്ഞിരുന്നു.'

സ്വന്തം സിനിമയെന്ന് സ്വപ്നം

സിനിമ ചെയ്യാന്‍ പ്രിയന്‍ സാര്‍ സമ്മതിച്ചിരുന്നെങ്കിലും ആര്, എന്ത് എന്ന കാര്യത്തിലൊന്നും ഒരു ധാരണ ആയിരുന്നില്ല. അന്ന് എല്ലാവരും കൂടി പറഞ്ഞു. അമ്പിയണ്ണന്‍ പടമെടുക്കുന്നുണ്ടെങ്കില്‍ അത് പ്രിയന്‍-ലാല്‍ കൂട്ടുകെട്ടില്‍ തന്നെയാവട്ടെ എന്ന്. പണമായിരുന്നു പിന്നത്തെ പ്രശ്‌നം. അത് എങ്ങനെയെങ്കിലും ശരിയാക്കാമെന്ന് സുരേഷ് കുമാറും വേണു നാഗവള്ളിയുമെല്ലാം ഉറപ്പ് കൊടുത്തിരന്നു. അങ്ങനെ മാസം രണ്ട് മൂന്ന് കടന്നുപോയി. റഫ് കട്ടിങ് കഴിഞ്ഞ് പാട്ടൊക്കെ ആയശേഷം പടം ആദ്യം രണ്ട് മൂന്ന് തവണ മൂവിയോളയിലും പിന്നെ ചിത്രാഞ്ജലിയിലെ തിയ്യറ്ററിലിട്ടും കാണുന്ന ഒരു കീഴ്‌വഴക്കമുണ്ട് പ്രിയന്‍ സാറിന്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി മോഹന്‍ലാലും അവിടെയെത്തും. അങ്ങനെ രാത്രി ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും. പാട്ട് കാണാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ചിത്രാഞ്ജലിയുടെ അകത്തെ മുറിയില്‍ കട്ടന്‍ കാപ്പി കുടിച്ച് പേപ്പര്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയന്‍ സാറാണ് അച്ഛനോട് പോയി മോഹന്‍ലാലിനോട് സംസാരിക്കാന്‍ പറഞ്ഞത്. മടിച്ചുമടിച്ചാണ് അച്ഛന്‍ അകത്ത് പോയി കാര്യം പറഞ്ഞത്. തീരുമാമൊന്നുമായില്ല. എങ്കിലും ഒരു സിനിമ നിര്‍മിക്കണമെന്നുണ്ട്. നിങ്ങളുടെ ഫുള്‍ സപ്പോര്‍ട്ടുണ്ടെങ്കിലേ ആ ആഗ്രഹം പൂര്‍ത്തിയാവുകയുള്ളൂ എന്ന് പറഞ്ഞൊപ്പിക്കുകയായിരുന്നു അച്ഛന്‍. അതിനെന്താ. നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമ്പിയണ്ണനല്ലെ. നമ്മള്‍ ഇതു ചെയ്യും. ഞാന്‍ പ്രിയനെ ഇപ്പോള്‍ തന്നെ വിളിക്കാമല്ലോ എന്നായിരുന്നു ലാലിന്റെ മറുപടി. അമ്പിയണ്ണന് ഒരു പടമെടുക്കണമെന്നുണ്ടല്ലോ എന്ന് ലാല്‍ പറഞ്ഞപ്പോള്‍. അത് നേരത്തെ പറഞ്ഞുറപ്പിച്ചതല്ലെ എന്ന് പ്രിയനും രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി നല്‍കി. എന്റെ സൈഡ് ഓക്കെയാണ്. ബാക്കിയൊക്കെ പ്രിയന്‍ നോക്കിക്കൊള്ളണം എന്നു പറഞ്ഞാണ് ലാല്‍ പടം കാണാന്‍ എഴുന്നേറ്റത്. ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണല്ലോ. ലാലിന് കൈകൊടുത്ത്, നന്ദി പറഞ്ഞ് മടങ്ങുമ്പോള്‍ അച്ഛന് സന്തോഷം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും ഞങ്ങള്‍ക്കും അത് യാഥാര്‍ഥ്യമായല്ലോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.'-അനിലിന്റെ വാക്കുകളില്‍ അന്നത്തെ അമ്പരപ്പ് ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.

പതിവു തെറ്റിക്കാതെ പിറ്റേന്നു തന്നെ ഗോപാലകൃഷ്ണന്‍ ജ്യോത്സ്യന്റെ അടുത്തെത്തി. ഇതുതന്നെ സമയമെന്ന് നല്ല നേരം നോക്കി തുടങ്ങിയാല്‍ വിജയം സുനിശ്ചിതമാണെന്നും കവടിയില്‍ തെളിഞ്ഞതോടെ ആത്മവിശ്വാസമായി. ബാനറിന് പേരിടാന്‍ തിക്കുറിശ്ശിയുടെ അടുത്താണ് അച്ഛന്‍ പോയത്. കളി ചിരി പറയുന്ന അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. തിക്കുറിശ്ശി സാറാണ് പ്രസിദ്ധി ക്രിയേഷന്‍സ് എന്ന് ബാനറിന് പേരിടുന്നത്. ആ പേര് എന്തായാലും നല്ല രാശിയുള്ളതായി. സിനിമയുടെ മറ്റ് കാര്യങ്ങളെല്ലാം മുഴുവനായും പ്രിയന്‍ സാറിന് വിട്ടുകൊടുക്കുകയായിരു അച്ഛന്‍. സുരേഷ്‌കുമാറായിരുന്നു ഏറ്റവും വലിയ പിന്തുണ നല്‍കിയത്. ആപ്പുഴയിലെ വിദ്യാ പിക്ചര്‍ പാലസിന്റെ വിശ്വനാഥനാണ് അന്ന് ഞങ്ങളെ സാമ്പത്തികമായി സഹായിച്ചത്. സുരേഷ് കുമാറായിരുന്നു ഇതിനുവേണ്ടിയൊക്കെ ഓടി നടന്നത്. 

കഥ എഴുതിത്തുടങ്ങിയപ്പോള്‍ വലിയ ത്രില്ലിലായിരുന്നു പ്രിയനെന്ന് അച്ഛന്‍ പറഞ്ഞ ഓര്‍മയുണ്ട് അനിലിന്. മദ്രാസിലും തിരുവനന്തപുരത്തുമൊക്കെ വച്ചായിരുന്നു എഴുത്ത്. വണ്‍ ലൈനൊക്കെ ആയപ്പോള്‍ അച്ഛനെ വിളിച്ച് കേള്‍പ്പിച്ചിരുന്നു. അച്ഛനും കഥ നന്നായി ഇഷ്ടപ്പെട്ടു പിന്നെ പെട്ടന്നാണ് കാര്യങ്ങള്‍ നീങ്ങിയത്. മോഹന്‍ലാലിന്റെ ഡേറ്റും ഷൂട്ടിങ്ങുനുള്ള ഡേറ്റുമൊക്കെ ഉറപ്പിച്ചത് പ്രിയന്‍ സാറായിരുന്നു. പിന്നെ താരങ്ങളെയും ഉറപ്പിച്ചു. ശോഭനയ്ക്ക് പുറമെ രണ്ട് മൂന്ന് പേരുകള്‍ കൂടി പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, മണിച്ചിത്രത്താഴെല്ലം വിജയിച്ച കാലമായിരുന്നല്ലൊ. ലാലും ശോഭനയും തമ്മില്‍ നല്ല രാശിപ്പൊരുത്തമുണ്ടെന്നൊരു വിശ്വാസമുണ്ടായിരുന്നു എല്ലാവര്‍ക്കും. അങ്ങനെ ശോഭനയെ തന്നെ നായികയായി ഉറപ്പിച്ചു.

k.v.anand
കെ.വി. ആനന്ദ്

മലയാളത്തിന് എക്കാലത്തെയും മികച്ചൊരു ഹിറ്റ് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് മികച്ചൊരു ഛായാഗ്രാഹകനെയും പില്‍ക്കാലത്ത് അതിലും മികച്ചൊരു സംവിധായകനെയും കൂടിയാണ് തേന്മവിന്‍ കൊമ്പത്ത് സമ്മാനിച്ചത്. തീര്‍ത്തും അവിചാരിതമായാണ് പി.സി.ശ്രീറാമിന്റെ ശിഷ്യനായിരുന്ന കെ.വി. ആനന്ദ് തേന്മാവിന്‍ കൊമ്പത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. അന്ന് കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനാര്‍ഹമായ ഫോട്ടോയുമായി ആനന്ദ് വന്നിരുന്ന കാര്യമൊക്കെ അച്ഛന്‍ പറയാറുണ്ടായിരുന്നു. തേന്മാവിന്‍ കൊമ്പത്തിന്റെ ഛായാഗ്രാഹകനാക്കുന്നതിന് മുന്‍പ് വേണു നാഗവള്ളിയുടെ മോഹന്‍ലാല്‍ ചിത്രമായ ലാല്‍ സലാമില്‍ ആനന്ദിനെ ഛായാഗ്രാഹകനാക്കി പരീക്ഷണം നടത്തിയതായി ഓര്‍മയുണ്ട്. ആലപ്പുഴയിലായിരുന്നു ലാല്‍ സലാമിന്റെ ചിത്രീകരണം. അതിന്റെ ക്ലൈമാക്‌സ് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പ്രിയന്‍ സാര്‍ സഹായിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം കെ.വി. ആനന്ദിനെ ഉപയോഗിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും തേന്മാവിന്‍ കൊമ്പത്തിലൂടെ ആനന്ദിന് ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇന്ന് ഛായാഗ്രാഹകന്‍ എന്നതിലുപരി തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറി ആനന്ദ്.

ഓരോ ഘട്ടത്തിലും കഥ കേള്‍ക്കാറുണ്ടായിരുന്നെങ്കിലും അതിലൊന്നും അച്ഛനോ മറ്റാരെങ്കിലുമോ ഇടപെട്ടിരുന്നില്ല. എങ്കിലും ചില അഭിപ്രായങ്ങളൊക്കെ പറയും. ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. അങ്ങനെ വിശേഷങ്ങള്‍ പറയുന്നതിനിടയ്ക്ക് വീണ ഒരു വാക്കാണ് പ്രിയന്‍ സാര്‍ പിടിച്ചെടുത്ത് സിനിമയില്‍ ഉപയോഗിച്ചത്. മുദ്ദുഗവു എന്ന തുളു വാക്ക് ഞങ്ങള്‍ വീട്ടില്‍ കുട്ടികളെയൊക്കെ കളിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കായിരുന്നു. അത് കേട്ടപ്പോള്‍ പ്രിയന്‍സാറിന് വലിയ കൗതുകമായി. അതിലേറെ ആവേശവും. ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ശോഭനയ്ക്ക് മോഹന്‍ലാലിനെ വട്ടംകറക്കാന്‍ പറ്റിയ വാക്കാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. എന്തായാലും അതൊരു വലിയ ഹിറ്റായി. ഞങ്ങള്‍ പോലും അത്ര പ്രതീക്ഷിച്ചിരുന്നില്ല. ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചപ്പോള്‍ അച്ഛന് വലിയ സന്തോഷമായിരുന്നു. എന്നാല്‍, ഇക്കാര്യം സിനിമ ഇറങ്ങുംവരെ ഞങ്ങളോടൊന്നും പറഞ്ഞില്ല. സിനിമ ഇറങ്ങിയപ്പോഴാണ് സസ്‌പെന്‍സ് പൊട്ടിച്ചത്. സിനിമയുടെ ഫസ്റ്റ് പ്രിന്റ് ആയശേഷം മാത്രമാണ് അദ്ദേഹം ചെന്നൈയില്‍ നിന്ന് വന്നതുതന്നെ. പിന്നെ കന്നഡയുടെ സ്വാധീനത്തില്‍ പ്രിയന്‍ സാര്‍ തന്നെ ഉണ്ടാക്കിയെടുത്ത വാക്കായിരുന്നു ലേലു അല്ലു. അതും ഒരു വലിയ ഹിറ്റായി. ഇന്നും ആള്‍ക്കാര്‍ ഇതൊക്കെ പറഞ്ഞുനടക്കുമ്പോള്‍ സന്തോഷം തോന്നും.

കാണാതെ പോയ സീനുകള്‍

മുപ്പത് ദിവസത്തോളം പൊള്ളാച്ചിയിലായിരുന്നു ഷൂട്ടിങ്. ഒരു പാട്ടിനോ മറ്റോ വേണ്ടി മാത്രമാണ് ചെന്നൈയില്‍ പോയത്. ഞങ്ങള്‍ എല്ലാവരും ഒരാഴ്ച പൊള്ളാച്ചിയിലുണ്ടായിരുന്നു. നല്ല രസമായിരുന്ന ആ ദിവസങ്ങള്‍. ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ കളിയും ചിരിയുമാണ് എല്ലാവരും. ഒരു ഉത്സവം പോലെയായിരുന്നു. ലാല്‍ സാറൊക്കെ മതിവരുവോളം ഞങ്ങളുടെ ഫോട്ടോകളൊക്കെ എടുത്തിരുന്നു. സെറ്റില്‍ ഒരു വലിയ നടനാണെന്ന യാതൊരു ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രൊഡക്ഷന്‍ ബോയ്‌സ് അടക്കം സെറ്റിലുള്ള എല്ലാവര്‍ക്കും ഭക്ഷണം കിട്ടിയോ എന്നൊക്കെ അന്വേഷിക്കും. ഇനി വരുമ്പോള്‍ കണ്ണിമാങ്ങാ അച്ചാറൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞപ്പോള്‍ ശക്തി ഹോട്ടലില്‍ വച്ച് എല്ലാവര്‍ക്കും വിരുന്ന് കൊടുത്ത ഒരോര്‍മയുണ്ട്. ഇതുവരെ ഒരു സെറ്റിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല എന്നായിരുന്നു തമിഴന്മാരായ പ്രൊഡക്ഷന്‍ ജോലിക്കാര്‍ പറഞ്ഞത്.

ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സീരിയസാവും. ഒരു പാട്ട് സീന്‍ കാലത്ത് തുടങ്ങി ഉച്ചയ്ക്ക് തീര്‍ത്ത അനുഭവം വരെയുണ്ട്. അത്ഭുതത്തോടെയാണ് ഞങ്ങള്‍ അതൊക്കെ നോക്കിനിന്നത്. നാട്ടിലേയ്ക്ക് മടങ്ങിയതിനാല്‍ പിന്നീടുള്ള ചിത്രീകരണമൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. വെളുപ്പിന് ആറു മണി മുതല്‍ രാത്രി വൈകും വരെയൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇതൊക്കെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു അച്ഛന്റെ പക്ഷം. പിന്നെ ആ സീനുകള്‍, പ്രത്യേകിച്ച് പാട്ടുസീനുകളൊക്കെ കാണുമ്പോള്‍ അതിന്റെ ഷൂട്ടിങ് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു.

പടം ഇത്ര വലിയ ഹിറ്റാകുമോ എന്നൊന്നും അന്ന് അച്ഛന്‍ ചിന്തിച്ചിരുന്നില്ല. പടം നന്നായി വരും, കുടുംബ പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെടും എന്നൊക്കെയായിരുന്നു അന്ന് അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ പറഞ്ഞിരുന്നത്. ആ കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ആ ഒരു നിര്‍ബന്ധം മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്.'

thenmavin kombathu
മോഹൻലാലും ശോഭനയും തേന്മാവിൻ കൊമ്പത്തിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ കൂടിയാണ് തേന്മാവിന്‍ കൊമ്പത്ത് സമ്മാനിച്ചത്. ഈ പാട്ടുകള്‍ക്ക് വേണ്ടി ഒരുപാട് സമയം ചെലവഴിച്ചിരുന്നുവെന്ന് അനില്‍ പറയുന്നു. പ്രിയദര്‍ശനും ഗിരീഷ് പുത്തഞ്ചേരിയും ബേണി ഇഗ്‌നേഷ്യസും എം.ജി. ശ്രീകുമാറുമെല്ലാം പാട്ടുകള്‍ക്ക് വേണ്ടി ഒരുപാട് ദിവസങ്ങള്‍ കഷ്ടപ്പെട്ടിരുന്നു. ഒരുപാട് സമയമെടുത്താണ് പാട്ടുകള്‍ പലതും ചിത്രീകരിച്ചതും. ഒരു പത്ത്, ഇരുപത് ഈണങ്ങളെല്ലാം പരീക്ഷിച്ചിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിന്റെയൊക്കെ ഗുണമല്ലെ ആ പാട്ടുകളില്‍ കാണുന്നത്.

'പാട്ടിനെ കുറിച്ചു മാത്രമല്ല, സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളായിരുന്നു പ്രിയന്‍ സര്‍. എല്ലാ കാര്യവും നന്നായി പഠിക്കും. എന്ത് പുതിയ കാര്യം കണ്ടാലും ഉടനെ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധരെ വിളിച്ച് സംസാരിക്കും. ഛായാഗ്രാഹകരോടും എഡിറ്ററോടുമെല്ലാം ഓരോ പുതിയ സിനിമകള്‍ കണ്ട് പഠിച്ച് മനസ്സിലാക്കാന്‍ ഉപദേശിക്കും. ക്യാമറകളെക്കുറിച്ചൊക്കെ നന്നായി പഠിച്ചിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങളൊക്കെ സ്വന്തമായുണ്ട്.'-അനില്‍ പറയുന്നു.

തേന്മാവിന്‍ കൊമ്പത്തിന് മലയാളത്തിന്റെ ബോക്‌സ് ഓഫീസിന്റെ ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. എന്നാല്‍, തന്റെ കന്നി നിര്‍മാണ സംരംഭം ചരിത്രം കുറിക്കുമെന്ന ധാരണയൊന്നും ഗോപാലകൃഷ്ണന് ഉണ്ടായിരുന്നില്ല. 'സിനിമ നന്നായി വരും എന്നായിരുന്നു അച്ഛന്‍ പറയാറുണ്ടായിരുന്നതെന്ന് ഓര്‍ക്കുകയാണ് അനില്‍. ഒരു അമ്പത് ദിവസം ഉറപ്പായും പടം ഓടും. അത്ര നന്നായാണ് ലാലൊക്കെ അഭിനയിച്ചത്. ചില സീനുകളൊക്കെ അദ്ദേഹം തന്നെ ഇംപ്രോവൈസ് ചെയ്തിട്ടുണ്ട്. മരത്തില്‍ കെട്ടിയിടുന്ന സീനിലും കാളവണ്ടിയില്‍ ശോഭനയുമായുള്ള തര്‍ക്കത്തിലമെല്ലാം ലാലിന്റെ സംഭാവന ഉണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രിയന്‍ ഒരുപാട് റിസ്‌ക്കെടുത്തു, സ്വന്തം സിനിമ പോലെയാണ് ചെയ്തത്. ആര്‍ട്ടിസ്റ്റുകളൊക്കെ നന്നായി സഹകരിച്ചു എന്നൊക്കെയായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഞാന്‍ ഇവര്‍ക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തതായി എനിക്ക് അറിയില്ല. എന്നൊക്കെയായിരുന്നു അച്ഛന്‍ പറയാറുണ്ടായിരുന്നത്. പടം നൂറ് ദിവസമായപ്പോള്‍ അച്ഛന് സന്തോഷം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് ചില പാട്ടുകളൊക്കെ കണ്ടിരുന്നെങ്കിലും റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങള്‍ തിരുവനന്തപുരം അജന്തയില്‍ പോയി കണ്ടത്. ഞങ്ങള്‍ പതിനാല് പേര്‍ ഒന്നിച്ചാണ് പോയത്. കണ്ടു കഴിഞ്ഞപ്പോള്‍ രോമാഞ്ചമായിരുന്നു. നമുക്ക് കിട്ടിയ ഒരു വരദാനമാണെന്നായിരുന്നു അന്ന് അച്ഛന്‍ പറഞ്ഞത്. ഇത്രയും കാലം ചെയ്ത ജോലിയുടെ പുണ്യമാണെന്നായിരുന്നു അന്ന് പലരും അച്ഛനോട് പറഞ്ഞത്.'

'സ്വന്തം സിനിമയായത് കൊണ്ട് കുറച്ച് കൂടുതല്‍ ടെന്‍ഷനുണ്ടായിരുന്നു അച്ഛന്. പ്രൊഡക്ഷന്റെ കാര്യത്തിലായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. എന്നാല്‍, എഡിറ്റിങ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ എല്ലാം പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായ സച്ചിയെ ഏല്‍പിച്ചു. എഡിറ്റിങ്ങില്‍ പ്രിയന്‍ സര്‍ അച്ഛന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഓരോ ഫ്രെയിമും എഡിറ്റ് ചെയ്യുമ്പോള്‍ പ്രിയന്‍ സര്‍ കൂടെണ്ടായിരുന്നു. എന്തെങ്കിലും പോരായ്മ ശ്രദ്ധയില്‍പ്പെട്ടാല്‍ വീണ്ടും ഷൂട്ട് ചെയ്യും. ചില ഡയലോഗുകളൊക്കെ അങ്ങനെ സംതൃപ്തി ഉണ്ടാവുന്നതു വരെ എടുത്തിരുന്നു. അപാരമായ ഓര്‍മശക്തിയായിരുന്നു പ്രിയന്‍ സാറിന്. എടുക്കുന്ന ഓരോ ഷോട്ടും ഓരോ സീനും ഹൃദിസ്ഥമാണ്. പുസ്തകം നോക്കിയിട്ട് എന്ന പോലെ ഓരോ ഷോട്ടും എപ്പോള്‍ വേണം എന്ന് ഓര്‍മയില്‍ നിന്നെടുത്ത് പറയും. കണ്ടിന്യുറ്റി ഷോട്ടില്‍ വേഷം ഒന്ന് മാറിപ്പോയാല്‍ പെട്ടന്നു തന്നെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നു. മാറ്റിയെടുക്കുകയും ചെയ്യും. നാല്‍പത് ദിവസമായിരുന്നു ചിത്രീകരണം. പന്ത്രണ്ട് ദിവസം കൊണ്ട് റഫ് കട്ടിങ് കഴിഞ്ഞു. ദിവസവും പത്ത് മണിക്കൂറാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒന്നര മാസത്തോളമെടുത്തു എഡിറ്റിങ്.

തേന്മാവിന്‍ കൊമ്പത്ത് സൂപ്പര്‍ഹിറ്റായപ്പോള്‍ സന്തോഷം മാത്രമല്ല, ഒരു വലിയ പ്രശ്‌നം കൂടി ഗോപാലകൃഷ്ണനെ തേടിയെത്തി. നൂറാം ദിനാഘോഷച്ചടങ്ങില്‍ വന്നുകൊണ്ട് കൈകൊടുത്തവര്‍ക്കൊക്കെ അറിയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം. അടുത്ത പ്രിയന്‍-ലാല്‍ ചിത്രം എന്നാണ്. എല്ലാറ്റിനും പതിവ് മൗനം മാത്രമായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. 'ഇതേ ബാനറില്‍ പ്രിയനെയും മോഹന്‍ലാലിനെയും വച്ച് പടം ചെയ്യാന്‍ സാമ്പത്തിക സഹായം ചെയ്യാമെന്ന വാഗ്ദാനവുമായി മദ്രാസില്‍ നിന്നെല്ലാം നിരന്തരം ഫോണ്‍വിളി വരുമായിരുന്നു. എല്ലാവരോടും ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ അച്ഛന്. പ്രിയനുമായി ആലോചിക്കാതെ ഇനി ഒന്നും ഞാന്‍ ഏറ്റെടുക്കില്ല. ഞാന്‍ എന്റെ എഡിറ്റിങ് ജോലിയിലേയ്ക്ക് തന്നെ തിരിച്ചുപോവുകയാണെന്നാണ് എല്ലാവരോടും പറഞ്ഞത്. വീണ്ടുമൊരു പടമെടുക്കുക എന്നാല്‍ എളുപ്പായിരുന്നില്ലെന്ന് ഓര്‍ക്കുകയാണ് അനില്‍. 'തേന്മാവിന്‍ കൊമ്പത്തിനുവേണ്ടി വാങ്ങിയ പണമൊക്കെ കൃത്യമായി കൊടുത്തുതീര്‍ക്കാനായി. അത് ഹിറ്റായതുകൊണ്ട് പണം തരാനൊക്കെ ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനെ വച്ച് പടമെടുക്കാനൊക്കെ വലിയ സമ്മര്‍ദവുമുണ്ടായിരുന്നു. അഞ്ചോ പത്തോ നിര്‍മാതാക്കള്‍ അന്ന് വീട്ടില്‍ വന്നിരുന്നു. എത്ര പണം വേണമെങ്കിലും തയ്യാറാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടവര്‍ തന്നെയുണ്ടായിരുന്നു. ആര്‍ക്കു വേണമെങ്കിലും അഡ്വാന്‍സ് കൊടുത്തോളു. വിതരണം ഞങ്ങള്‍ ചെയ്‌തോളാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍, എല്ലാവരെയും സ്‌നേഹപൂര്‍വം തന്നെ മടക്കുകയായിരുന്നു അച്ഛന്‍. ഇതിന്റെയൊക്കെ അപകടം അച്ഛന് നന്നായി അറിയാമായിരുന്നു. നെഗറ്റീവൊക്കെ പണയം വച്ചാണ് അക്കാലത്ത് ആളുകള്‍ പണം വാങ്ങിയിരുന്നത്. ഈ പണമൊക്കെ മാര്‍വാഡികള്‍ക്ക് പലിശ സഹിതം കൊടുത്തുതീര്‍ക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ നല്ല ബോധ്യമുണ്ടായിരുന്നു അച്ഛന്. അത് കൊടുത്തുതീര്‍ത്തില്ലെങ്കില്‍ പടമിറക്കാന്‍ അവര്‍ സമ്മതിക്കില്ല.'

മനസ്സില്‍ വീണ്ടുമൊരു പടമെടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുവേണ്ടി പിന്നെ ശ്രമിച്ചില്ല. ജോഷി, ഷാജി കൈലാസ്, സിബി മലയില്‍ തുടങ്ങിയ അഞ്ചോളം സംവിധായകര്‍ അന്ന് വീണ്ടും പടമെടുക്കണമെന്ന് അച്ഛനോട് പറഞ്ഞിരുന്നു. എന്നാല്‍, തേന്മാവിന്‍ കൊമ്പത്ത് ഹിറ്റായതോടെ പ്രിയന്‍ സാറിനും അച്ഛനുമെല്ലാം തെലുങ്കിലും മറ്റ് ഭാഷകളിലും കൂടി തിരക്കായി. എങ്കിലും ഒരു സിനിമ കൂടി എടുക്കണമെന്ന് പ്രിയന്‍ സാറും അച്ഛനും സംസാരിച്ചിരുന്നു. എന്നാല്‍, അപ്പൊഴേക്കും മോഹന്‍ലാല്‍ മറ്റ് സിനിമകളുടെ തിരക്കിലായിപ്പോയി. ലാല്‍ ഉണ്ടെങ്കില്‍ മാത്രം ഇനി സിനിമ എടുത്താല്‍ മതി എന്ന നിലപാടിലായിരുന്നു ഇവര്‍. എങ്കിലും അവസാനം വരെ ഒരു സിനിമ കൂടി ചെയ്യാന്‍ കഴിയാതിരുന്നതിന്റെ സങ്കടമുണ്ടായിരുന്നു അച്ഛന്. പേരെടുത്ത നിര്‍മാതാവാണെങ്കിലും ഒരു എഡിറ്റര്‍ എന്ന് അറിയപ്പെടാനായിരുന്നു അച്ഛന് എന്നും ആഗ്രഹം. വീട്ടില്‍ ഒരു എഡിറ്റിങ് സ്യൂട്ടൊക്കെ ഇടണമെന്നായിരുന്നു മോഹം. അതിനുവേണ്ടിയുള്ള ചര്‍ച്ചകളൊക്കെ നടത്തിയിരുന്നു. പ്രിയന്‍ലാല്‍ ടീമിനൊപ്പമുള്ള രണ്ടാമത്തെ സിനിമ പോലെ തന്നെ അമ്മയുടെ ഓര്‍മയ്ക്കായി സീതാഭവനം എന്നു പേരിടാനാവാതെ പോയ ആ വീട്ടിലെ എഡിറ്റിങ് സ്യൂട്ടും നടക്കാത്ത സ്വപ്‌നമായി അവശേഷിച്ചു.

Content Highlights: Thenmavin Kombath Mohanlal Priyadarshan Shobana SuperHit Malayalam Movie Editor NGopalakrishnan