പ്രണയവും തമാശയും ഇടകലര്‍ത്തി കഥപറയുന്ന വിനയ് ഫോര്‍ട്ട് ചിത്രം തമാശ പ്രദര്‍ശനത്തിനൊരുങ്ങി. ചിത്രത്തിന്റെ സംവിധായകനായ അഷ്‌റഫ് ഹംസ തന്റെ ആദ്യചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു...

സിനിമയിലേക്കുള്ള കടന്നു വരവ്?

ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്തുള്ള പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പിന്നീട് സുഹൃത്തായ  മുഹ്‌സിന്‍ പരാരിക്കു വേണ്ടി സ്‌ക്രിപ്റ്റ് എഴുതാനായി കൊച്ചിയിലെത്തുകയും അവിടെ വെച്ച് ക്യാമറാമാന്‍ സമീര്‍ താഹിറിനെയും ചെമ്പന്‍ വിനോദിനെയും ലിജോയെയും ഒക്കെ പരിചയപ്പെടുകയും ചെയ്തു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.

തമാശയ്ക്ക് പിന്നിലെ കഥ?

സൗഹൃദത്തില്‍നിന്നും പിറന്ന സിനിമയാണ് തമാശ. മറ്റൊരു സിനിമയുടെ സംസാരത്തിനിടെ ചെമ്പന്‍ വിനോദും ലിജോയും ഒരു ഐഡിയ പറയുകയായിരുന്നു. അതിലേക്ക് പിന്നീട് നിര്‍മാതാക്കളായി ഹാപ്പി ഹവേഴ്സ് വന്നു. തമാശയുടെ പ്രത്യേകത അതിന്റെ പിന്നണിയിലുള്ളവരാണ്. ഒരു തുടക്കക്കാരന് അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സമീര്‍ താഹിര്‍ എന്ന ക്യാമറാമാന്‍, റെക്സ് വിജയന്‍, ഷഹബാസ് അമന്‍, മുഹ്സിന്‍ പരാരി എന്നിവരടങ്ങുന്ന സംഗീത വിഭാഗം. സക്കരിയ, റഹ്മാന്‍ ഖാലിദ്, കമല്‍ കെ.എം, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യം, സുഡാനിക്ക് ശേഷം ഹാപ്പി ഹവേഴ്സിന്റെ ബാനര്‍.. ഇതൊക്കെ തമാശയ്ക്കുള്ളിലാണ്.

കോമഡി ട്രാക്കിലാണോ ചിത്രം? 

തമാശ റൊമാന്‍സും കോമഡിയും സമം ചേര്‍ത്തുള്ള സിനിമ. ജീവിതത്തില്‍ ഒരാള്‍ പറയുന്ന തമാശ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തമാശയായിട്ട് അനുഭവപ്പെടാറില്ല. അതും ഈ സിനിമയ്ക്കുള്ളിലെ വിഷയമാണ്. 

വിനയ് ഫോര്‍ട്ടിന്റെ നായകവേഷം?

ശ്രീനിവാസന്‍ എന്ന് പേരുള്ള 31 വയസ്സുകാരനായ മലയാളം അധ്യാപകനായാണ് വിനയ്‌ഫോര്‍ട്ട് സിനിമയിലെത്തുന്നത്. കല്യാണം കഴിയാത്ത ശ്രീനിവാസന്‍ തലയില്‍ വേണ്ടത്ര മുടിയില്ല എന്ന അപകര്‍ഷബോധത്തിലാണ് ജീവിക്കുന്നത്. സെല്‍ഫ് കോണ്‍ഫിഡന്‍സ് തീരെ ഇല്ലാത്ത ശ്രീനിവാസന്‍ പല സന്ദര്‍ഭങ്ങളില്‍ നാല് പെണ്ണുങ്ങളെ കണ്ടുമുട്ടുന്നു. അവരിലൂടെ അയാള്‍ തിരിച്ചറിയുന്ന കാര്യങ്ങളിലൂടെയാണ് തമാശയുടെ കഥ പുരോഗമിക്കുന്നത്. 

വളരെ സാധാരണ രീതിയില്‍ കഥപറഞ്ഞു പോകുന്ന രീതിയാണ് തമാശയിലുള്ളത്. ശ്രീനിവാസന്‍ എന്ന കഥാപാത്രത്തിന്റെ വികാരങ്ങള്‍ അതേപടി പ്രേക്ഷകരിലെത്തിക്കാന്‍ ഏറ്റവും ലളിതമായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യന്തം കഥ മനസ്സിലാവുക എന്നതാണ് തമാശയുടെ ലക്ഷ്യം. ശ്രീനിവാസന്റെകൂടെ ആളുകളെ കുറച്ചുസമയം കൊണ്ടുപോകുന്നു. അവര്‍ക്കത് മുഴുവനായും ആസ്വദിക്കാന്‍ പാകത്തിലാണ് കഥപറയാന്‍ ശ്രമിച്ചിട്ടുള്ളത്. 

നായികമാരെക്കുറിച്ച്
നാല് നായികമാരാണ് ഇതിലുള്ളത്. ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, ആര്യ സലിം. ശ്രീനിവാസന്‍ (വിനയ് ഫോര്‍ട്ട്) കണ്ടുമുട്ടുന്ന ഈ നാലു സ്ത്രീകളെ സ്ത്രീപ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനുള്ള ആകാംക്ഷ കൂടിയുണ്ട്.  
 

Content Highlights : Thamaasha Movie Director Ashraf Hamza Interview Vinay Forrt Divyaprabha Grace Antony In Thamaasha