‘സന്ധ്യ മയങ്ങുംനേരം’ എന്ന സിനിമയിൽ വലിയ തറവാട്ടുവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രാമു, ഇങ്ങനെ പറയുന്നു- ‘‘ഞാനിവിടെ ഒറ്റയ്ക്ക്, സന്തോഷത്തോടെ കഴിയുന്നു’’. 1983-ൽ ഇറങ്ങിയ സിനിമയിലെ രാമു, നടൻ ടി.ജി. രവി കേരളവർമ കോളേജിനടുത്തുള്ള വീട്ടിലിരുന്ന് ഇപ്പോൾ പറയുന്നു- ‘‘ഞാനിവിടെ ഒറ്റയ്ക്ക് സുഖമായി കഴിയുന്നു. എന്റെ അമ്പിളിയുടെ ഓർമകളും കൃഷിയും ഒപ്പമുണ്ട്.’’

അത് സത്യമാണെന്നതിന്‌ അമ്പിളി എന്ന വീടാണ് സാക്ഷി. ഒറ്റപ്പെടലാണ് ഇവിടെ ഒറ്റപ്പെട്ടുനിൽക്കുന്നത്. 2011 സെപ്റ്റംബർ 11-ന് രാത്രി 11 മണിക്ക് ഭാര്യ അമ്പിളിയുടെ നേരിട്ടുള്ള സാന്നിധ്യം മാത്രമേ മരണത്തിന് ഇല്ലാതാക്കാൻ കഴിഞ്ഞുള്ളൂ എന്ന വിശ്വാസമാണ് ടി.ജി.യുടെ കരുത്ത്.

48 വർഷത്തെ സിനിമാഭിനയജീവിതം. 250 സിനിമകൾ. അതിൽ നല്ലൊരു പങ്കും കടുത്ത വില്ലൻവേഷങ്ങൾ. നാടകാഭിനയം അടക്കമുള്ള കലാജീവിതം എത്തിനിൽക്കുന്നത് അറുപതാംവർഷത്തിൽ.

ടി.ജി. രവീന്ദ്രനാഥ് എന്ന മൂർക്കനിക്കരക്കാരനെ ഒരു സിനിമാനടനായി മാത്രം അടയാളപ്പെടുത്താനാവില്ല. കാരണം അദ്ദേഹം ഒരു എൻജിനീയറാണ്, ഫുട്‌ബോൾപ്രേമിയാണ്, ബിസിനസുകാരനാണ്, ഭരണനൈപുണ്യം തെളിയിച്ചയാളാണ്. 77-ാം വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ താൻ അവതരിപ്പിച്ച വില്ലൻകഥാപാത്രങ്ങൾ ‘പാവം ക്രൂരൻ’ മാത്രമായിരുന്നെന്ന് അദ്ദേഹം വിശേഷിപ്പിക്കും.

2015-ൽ മൂത്തമകൻ രഞ്ജിത്ത് രവിക്കുവേണ്ടി അദ്ദേഹംതന്നെ പണിത വീട്ടിലാണ് ഇപ്പോൾ താമസം. ഡോക്ടറായിരുന്ന ഭാര്യ സുഭദ്രയെന്ന അമ്പിളിയാണ് ഇപ്പോഴത്തെ ‘നിത്യസാന്നിധ്യം’. രവി സ്ത്രീകളെ അമ്പരിപ്പിക്കുന്ന കഥാപാത്രങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിന്റെ ഏറ്റവും മികച്ച വിലയിരുത്തലുകൾ കേട്ടിരുന്നത് അമ്പിളിയിൽനിന്നായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹം പുതിയ തലമുറയ്ക്കൊപ്പം സ്വഭാവനടനായി മാറിയപ്പോൾ അത് കാണാൻ അമ്പിളിയില്ല. ഒാർക്കുമ്പോൾ കണ്ണുകളിൽ നനവുപടരും. എങ്കിലും ഒന്നും പുറത്തുകാണിക്കാതെ കണ്ണിൽ ഉല്ലാസപ്പൂത്തിരികളുമായി ഫുൾ ടൈം തിരക്കിലാണ്.

പ്രാഞ്ചിയേട്ടനിലെ ഉതുപ്പാനെ ഓർക്കാത്തവരുണ്ടാവില്ല. വെളുപ്പിനുമുതൽത്തന്നെ മദ്യത്തെ ആശ്രയിച്ചുകഴിയുന്ന കഥാപാത്രം. അങ്ങനെ ആരെങ്കിലും ടി.ജി. രവിയെക്കുറിച്ച് കരുതിയാൽ തെറ്റി. മദ്യവും സിഗരറ്റും ജീവിതത്തിൽനിന്ന് അകന്നിട്ട് 40 വർഷത്തിലേറെയായി.

കർഷകൻ രവി

രാവിലെ അഞ്ചിന് എഴുന്നേൽക്കും. അടുക്കളയിലെത്തി ഒരു ഉഷാർ കട്ടൻ ഉണ്ടാക്കും. നേരെ ടെറസിലേക്ക്. പച്ചപ്പുകളുടെ പരിപാലനമാണ് ഇനിയുള്ള രണ്ടുമണിക്കൂർ. പാവൽ, പടവലം, കുമ്പളം, മത്തൻ, പയർ, വെണ്ട, ചീര എല്ലാം വളരുന്നു.

വള്ളി​ച്ചെരുപ്പിൽ രവി

പുറത്തേക്കിറങ്ങുമ്പോൾ റബ്ബർകൊണ്ടുള്ള വള്ളി​ച്ചെരുപ്പിൽ അല്ലാതെ ടി.ജി. രവിയെ കാണാനാവില്ല. ‘‘മുണ്ടും ഷർട്ടും വള്ളി​ച്ചെരുപ്പും. എനിക്ക് ഏറ്റവും സുഖപ്രദം ഇതാണ്.’’ പഴയ സിനിമകളിൽ താടിയില്ലാത്ത ടി.ജി. രവിയെയാണ് എല്ലാവർക്കും പരിചയം. എന്നാൽ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായശേഷമാണ് താടിവെക്കാൻ തുടങ്ങിയത്. പിന്നീട് അത് മാറ്റണ്ട എന്ന് തീരുമാനിച്ചു.

പേരക്കുട്ടിയും സിനിമയിൽ

മകനും നടനുമായ ശ്രീജിത്ത് രവിയുടെ ഇളയമകൻ ഋത്യുഞ്ജയ് എന്ന ആറുവയസ്സുകാരനും സിനിമയിൽ അഭിനയിച്ചുകഴിഞ്ഞു. ധ്യാൻ ശ്രീനിവാസന്റെ ‘പ്രകാശം പരക്കട്ടെ’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. ലൊക്കേഷനിൽ അപ്പൂപ്പൻ വരണമെന്ന വാശിപ്പുറത്ത് രവി കോഴിക്കോട്ടെത്തി ഒരുദിവസം അവനൊപ്പം ചെലവഴിച്ചു. ശ്രീജിത്തും ഭാര്യ സജിതയും മറ്റൊരു മകൻ റിജിരീശ്വയും മൂർക്കനിക്കരയിലെ തറവാടിനോടു ചേർന്നാണ് വീടുവെച്ച് താമസം. മൂത്തമകൻ രഞ്ജിത്ത് ബോട്‌സ്വാനയിൽ ഭാര്യ സീമയ്ക്കും ഇളയ ഇരട്ടമക്കളായ മിച്ചുവിനും മിനാളിനുമൊപ്പം താമസം. അവിടെ ഒരു കമ്പനിയുടെ സി.ഇ.ഒ. ആണ് രഞ്ജിത്ത്. ഇവരുടെ മൂത്തമകൻ മിലിൻ യു.കെ.യിൽ പ്ലസ്ടുവിന് പഠിക്കുന്നു.

Content Highlights: TG Ravi Actor Interview,