santhosh raman

ഭൂമിയില്‍ രണ്ടുപേര്‍ക്കു മാത്രമേ സൃഷ്ടിക്കാനുള്ള കഴിവുള്ളൂ എന്നൊരു പറച്ചിലുണ്ട്: ദൈവത്തിനും സത്യജിത് റായിക്കും. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായ 'പഥേര്‍ പാഞ്ജലി'യില്‍ സങ്കല്പിച്ച നിശ്ചിന്ദപുരം എന്ന ഏകാന്ത ബംഗാളിഗ്രാമത്തെ എഴുത്തുകാരന്റെ മനസ്സിലുള്ളതിനെക്കാള്‍ മനോഹരമായി റായി സിനിമയില്‍ സൃഷ്ടിച്ചു. പിന്നീട് രബീന്ദ്രനാഥ ടാഗോറിന്റെ കഥയായ 'പോസ്റ്റ്മാസ്റ്റര്‍' സിനിമയാക്കിയപ്പോഴും താരാശങ്കര്‍ ബന്ദോപാധ്യായയുടെ 'മ്യൂസിക് റൂം' എന്ന കഥ 'ജല്‍സാഘര്‍' എന്നപേരില്‍ സിനിമയാക്കിയപ്പോഴും സത്യജിത് റായി പുനഃസൃഷ്ടിക്കാനുള്ള തന്റെ ദൈവികസിദ്ധിയെ ലോകത്തിന് കാണിച്ചുകൊടുത്തു. യഥാര്‍ഥ ബംഗാളിഗ്രാമങ്ങള്‍ കണ്ട് റായിയുടെ സിനിമ കണ്ടാല്‍ മാത്രമേ ഇത് മനസ്സിലാവൂ.

'ടേക്ക് ഓഫ്' എന്ന സിനിമ ഇറങ്ങിയതിനുശേഷം മലയാളികള്‍ നേരത്തേ പറഞ്ഞ പറച്ചില്‍ അല്പം മാറ്റിപ്പറഞ്ഞുതുടങ്ങിയിരിക്കുന്നു: ഭൂമിയില്‍ മൂന്നുപേര്‍ക്കു മാത്രമേ സൃഷ്ടിക്കാനുള്ള കഴിവുള്ളൂ: ദൈവത്തിനും സത്യജിത് റായിക്കും പിന്നെ സന്തോഷ് രാമനും. യുദ്ധം ചീന്തിയെറിഞ്ഞ ഇറാഖിനെ, മഹേഷ് നാരായണന്റെ സിനിമയ്ക്കുവേണ്ടി സന്തോഷ് കേരളത്തിലും ഹൈദരാബാദിലും റാസല്‍ ഖൈമയിലുമായി പുനഃസൃഷ്ടിച്ചപ്പോള്‍ അത് മലയാള സിനിമയിലെ അദ്ഭുതമായി. അസാധ്യമായതിനെ സാധ്യമാക്കുന്ന ഭാവനയും നിര്‍മാണചാതുരിയും സന്തോഷിലൂടെ ലഭിച്ചത് മഹേഷിന്റെ സിനിമയ്ക്ക് പ്രേക്ഷകമനസ്സുകളിലേക്ക് അനായാസ ടേക്ക് ഓഫ് സാധ്യമാക്കി.

എറണാകുളത്തെ ഇറാഖ്, ഹൈദരാബാദിലെ ഇറാഖ്, റാസല്‍ ഖൈമയിലെ ഇറാഖ്.

യുദ്ധഭൂമിയായ ഇറാഖിലെ ആശുപത്രിയില്‍ നഴ്സായി എത്തിയിരിക്കുകയാണ് സമീറ. അവളുടെ മകനാണ് ഇബ്രു. ഭര്‍ത്താവുമായി പിരിഞ്ഞ സമീറയുടെ അടുത്തേക്ക് എത്തുകയാണ് ഇബ്രു. അവന് പുതിയ സഹചര്യങ്ങളുമായി ഇണങ്ങാന്‍ സാധിക്കുന്നില്ല. അവന്‍ സമീറയുടെ ആസ്പത്രിയില്‍നിന്ന് ഇറങ്ങിയോടുകയാണ്, തീര്‍ത്തും അപരിചിതമായ, കലാപമുഖരിതമായ ഇറാഖിന്റെ പുറംലോകത്തേക്ക്. പിറകെയോടുന്ന സമീറ. ആസ്പത്രിമുറ്റവും കഴിഞ്ഞ് പുറത്തേക്കോടിയ ഇബ്രുവിനു മുന്നില്‍ കറുത്ത പുകയും കൊലവിളികളുയര്‍ത്തുന്ന ആള്‍ക്കൂട്ടവും. അവരുടെ കൈയില്‍ അറബ് വചനങ്ങള്‍ എഴുതിയ ബാനര്‍, കൊടികള്‍. കണ്ണുകളില്‍ യുദ്ധത്തിന്റെ തീ. ഇബ്രു തിരിച്ചോടുന്നു, സമീറയുടെ നെഞ്ചിലേക്ക്.

നെഞ്ചിടിപ്പോടെയേ ഈ സീന്‍ 'ടേക്ക് ഓഫി'ല്‍ കണ്ടുതീരൂ. യുദ്ധവാര്‍ത്തകളില്‍ പതിവായി നാം കാണുന്ന അതേ അന്തരീക്ഷം, ആളുകള്‍, സ്ഥലം... ഇറാഖിലേക്ക് സഞ്ചാരികള്‍ക്കുപോലും പ്രവേശനം ഇപ്പോഴും അസാധ്യമാണ്. ഇതെങ്ങനെ സാധിച്ചു എന്നു ചോദിച്ചാല്‍ സന്തോഷിന്റെ താടി നിറഞ്ഞ മുഖത്ത് ചിരി പടരും. എന്നിട്ട് തലശ്ശേരിഭാഷയില്‍ പറയും: ''അത് ഇറാഖൊന്ന്വല്ല. എറാണാകുളത്തെ പൂമ്പാറ്റ സ്റ്റുഡിയോയും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയും റാസല്‍ ഖൈമയിലെ ഒരു തെരുവുമാണ്.''

''മഹേഷിന്റേത് കറകളഞ്ഞ സ്‌ക്രിപ്റ്റ് ആയിരുന്നു. ഏറെ വെല്ലുവിളികളുള്ളതും. പ്രധാനപ്പെട്ട വെല്ലുവിളി കഥയുടെ പ്രധാന ഭാഗങ്ങളെല്ലാം നടക്കുന്നത് ഇറാഖിലാണ്. ഞാനിതുവരെ ടി.വിയിലും മജീദ് മജീദിയുടെ ചില സിനിമകളിലും മാത്രമാണ് ഇറാഖ് കണ്ടിട്ടുള്ളത്. ഇബ്രു ഇറങ്ങിയോടുന്നത് ഇറാഖിലെ ആസ്പത്രിയില്‍നിന്നാണ്, പുറം ലോകവും ഇറാഖാണ്, കലാപം നടക്കുന്നതും തനി ഇറാഖി തെരുവിലാണ്. മൂന്ന് സ്ഥലങ്ങളിലായിട്ട് ഈ സീന്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. ഇബ്രു ഇറങ്ങിയോടുന്ന ആസ്പത്രിയുടെ ഉള്‍വശം എറണാകുളത്തെ പൂമ്പാറ്റ സ്റ്റുഡിയോവില്‍  ഉണ്ടാക്കി. ആസ്പത്രിയുടെ മുറ്റം ഹൈദരാബാദില്‍ രാമോജി ഫിലിം സിറ്റിയില്‍ എടുത്തു. പുറംഭാഗം റാസല്‍ ഖൈമയിലും. മൂന്നും കൂടിച്ചേര്‍ത്തപ്പോള്‍ ഇറാഖ് തന്നെയാണ് എന്ന് നിങ്ങള്‍ക്ക് തോന്നി.'' സന്തോഷ് പറയുന്നു.

take off

കാണാ രാജ്യം ഉയര്‍ത്തിയ വെല്ലുവിളികള്‍

'ടേക്ക് ഓഫി'ന്റെ ഏറ്റവും വലിയ വെല്ലുവിളി അത് നടക്കുന്ന പശ്ചാത്തലം തന്നെയാണ് എന്നു പറയുന്നു സന്തോഷ്. ''ഷൂട്ടിങ്ങിന് മുമ്പുതന്നെ ലൊക്കേഷനൊക്കെ കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, തീര്‍ത്തും അപരിചിതമാണ് പശ്ചാത്തലം. മാത്രമല്ല കഥ നടക്കുമ്പോള്‍ അവിടെ കടുത്ത യുദ്ധം നടക്കുകയാണ്. സ്ഥലം മാത്രം സൃഷ്ടിച്ചാല്‍പ്പോര, യുദ്ധത്തിന്റെ ഭാവവും ഉണ്ടാക്കണം. ആസ്പത്രിയുടെ അകം കേരളത്തിലും പുറംഭാഗം റാസല്‍ ഖൈമയിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. റാസല്‍ ഖൈമയിലെ ഗോസ്റ്റ് വില്ലേജ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇടിഞ്ഞു തകര്‍ന്ന്, ഉപേക്ഷിക്കപ്പെട്ട ചാരനിറത്തിലുള്ള ഒരിടം. അവിടം ഐ.എസ് ക്യാമ്പിന് ഏറ്റവും പറ്റിയതാണ് എന്ന് തോന്നി. യഥാര്‍ഥത്തില്‍ അവിടെയുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അതിനോട് ചേര്‍ത്ത് മറ്റ് ആവശ്യമായ കാര്യങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. സംവിധായകന്‍ മഹേഷ് നാരായണനുമായും ക്യാമറമാന്‍ സാനു ജോണുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഓരോ രംഗവും ഒരുക്കിയത്.''

തീര്‍ത്തും മറ്റൊരു ദേശത്തും സംസ്‌കാരത്തിലും നടക്കുന്ന സിനിമയാണ് 'ടേക്ക് ഓഫ്'. പുറമേ സംഘര്‍ഷഭരിതമായ അന്തരീക്ഷവും. അപ്പോള്‍ ആര്‍ട്ട് ഡയറക്ടറായാലും പ്രൊഡക്ഷന്‍ ഡിസൈനറായാലും വെറുതെ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല. ഓരോ ദേശത്തിനും തനതായ മനുഷ്യരൂപങ്ങളുണ്ട്, ചലനങ്ങളുണ്ട്, ചുമര്‍ പശ്ചാത്തലങ്ങളുണ്ട്, കെട്ടിട രൂപങ്ങളും നിറങ്ങളുമുണ്ട്. ഇതെല്ലാം അറിഞ്ഞ് അതിനനുസരിച്ച് വേണം നിര്‍മാണം. ''യുദ്ധത്തില്‍ ആയിരങ്ങള്‍ മരിക്കുകയും അതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇറാഖ്പോലുള്ള ഒരു സ്ഥലത്തെ ആസ്പത്രിയിലെ ചലനങ്ങളും മൂഡും ഒരിക്കലും നമ്മുടെ നാട്ടിലേതുപോലാവില്ല. അതുകൊണ്ട് അത്രയ്ക്ക് സൂക്ഷ്മമായാണ് ഇന്റീരിയര്‍പോലും ചെയ്തത്. കേരളത്തിലും ഹൈദരാബാദിലും ചിത്രീകരിച്ചതിന്റെ തുടര്‍ച്ച റാസല്‍ ഖൈമയിലും എടുക്കേണ്ടിയിരുന്നു. ഇവിടെ ഉപയോഗിച്ചപോലുള്ള ബസ്സുകള്‍ അവിടെയില്ല. അതുകൊണ്ട് ബസ്സുകള്‍ക്ക് ഞാന്‍ എന്റേതായ രീതിയില്‍ ഒരേ രൂപം നല്‍കി. അവിടത്തെ ബസ്സിനെ ആ രീതിയിലേക്ക് മാറ്റുകയായിരുന്നു.''

പ്രൊഡക്ഷന്‍ ഡിസൈനര്‍/ആര്‍ട്ട് ഡയറക്ടര്‍: എല്ലാറ്റിലും ഒരു കണ്ണുവേണം

മലയാള സിനിമ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരെയും ആര്‍ട്ട് ഡയറക്ടര്‍മാരെയും പലപ്പോഴും വെറും നിര്‍മാതാക്കളായി മാത്രമാണ് കാണുന്നത് എന്നാണ് സന്തോഷിന്റെ പക്ഷം:
''ഏറ്റവും ഗൗരവമായ, സര്‍ഗാത്മകമായ ഉള്ളടക്കമുള്ളതാണ് ഈ പണി. വിജയകരമായി ഈ ജോലി ചെയ്തുതീര്‍ക്കണമെങ്കില്‍ സാഹിത്യബോധം, ചരിത്രബോധം, പശ്ചാത്തലബോധം, നിറബോധം, ദേശ-കാല ബോധം എന്നിവയെല്ലാം വേണം. കഥയുടെ ഉള്ളിലേക്ക് കടക്കണമെങ്കില്‍ ഇതെല്ലാം അത്യാവശ്യമാണ്. ഗോവയിലാണ് കഥ നടക്കുന്നതെങ്കില്‍ ഗോവയുടെ ചരിത്രവും വര്‍ത്തമാനവും ജീവിതവും അറിഞ്ഞിരിക്കണം.അവിടത്തെ നിര്‍മിതികളെക്കുറിച്ചറിയണം. ഏറ്റവും പുതിയ കാലത്ത് സീനിന്റെ കളര്‍ ടോണിനെക്കുറിച്ചുവരെ, എഴുത്തുകാരനെയും സംവിധായകനെയും പോലെതന്നെ ആര്‍ട്ട് ഡയറക്ടര്‍ക്കും ബോധ്യങ്ങളും തീര്‍പ്പുകളുമുണ്ടാവണം. ഒരേ സമയം കലാപരവും ശാരീരികാധ്വാനമുള്ളതുമായ ജോലിയാണ് ആര്‍ട്ട് ഡയറക്ഷന്‍ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍.''

തലശ്ശേരി മുകുന്ദ് ടാക്കീസ്, ഒഡേസ, തൃശ്ശൂര്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്...

സന്തോഷ് രാമന്‍ കണ്‍തുറന്നതുതന്നെ സിനിമയുടെ ദൃശ്യങ്ങളിലേക്കും ശബ്ദങ്ങളിലേക്കുമായിരുന്നു. ജന്മദേശമായ തലശ്ശേരിയില്‍ വീടിന് തൊട്ടുമുന്നിലായിരുന്നു മുകുന്ദ് ടാക്കീസ്. എപ്പോഴും സിനിമയുടെ നിറങ്ങള്‍, നാദങ്ങള്‍. പിന്നീട് കോഴിക്കോട്ടെ ഒഡേസ ഫിലിം സൊസൈറ്റിയുടെ വലയത്തില്‍പെട്ട് ലോകസിനിമയിലേക്കുള്ള ഒഴുക്ക്. അതും കഴിഞ്ഞ് തൃശ്ശൂരിലെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെത്തിയപ്പോഴാണ് സിനിമയെ മറ്റൊരുതലത്തില്‍ കാണാന്‍ ആരംഭിച്ചത്. സിനിമ എന്നത് കഥയും തിരക്കഥയും ഗാനങ്ങളും സംവിധാനവും മാത്രമല്ല, പശ്ചാത്തലകല കൂടിയാണ് എന്നു മനസ്സിലായി. ''അന്നുമുതലാണ് ആര്‍ട്ട് ഡയറക്ടറാവുക എന്ന മോഹം എന്നെ ആവേശിച്ചത്. അത് സിനിമയോടുള്ള അഭിനിവേശമായിരുന്നില്ല. മറിച്ച് ഈ കലയോടുള്ള കമ്പമായിരുന്നു. ഒരു സിനിമ ഒരുക്കിയെടുക്കുന്നതില്‍ ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള പങ്ക് നന്നായി ബോധ്യമായതിനുശേഷമാണ് എനിക്ക് ഈ പണിയില്‍ കമ്പംകയറിയത്. ഓരോ സിനിമ കഴിയുമ്പോഴും ആ ബോധ്യം എനിക്ക് ഏറിയേറി വരികയുമാണ്.''

തിരസ്‌കാരങ്ങള്‍ക്കുശേഷം ശ്യാമപ്രസാദ്, ജയരാജ്, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്...

കലയുടെ മേഖലയില്‍ എന്തെങ്കിലുമായ എല്ലാവരെയുംപോലെ തിരസ്‌കാരങ്ങളായിരുന്നു സന്തോഷിനും ആദ്യകാലങ്ങളില്‍ സിനിമ കാത്തുവെച്ചത്. ഒരിടത്തും ഉറയ്ക്കാതെ ഒഴിവാക്കപ്പെട്ടു. അപ്പോഴെല്ലാം സ്വയം പഠിക്കുകയും യാത്രചെയ്യുകയുംചെയ്തു സന്തോഷ്. ''ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയില്‍ രാജ ഉണ്ണിത്താന്റെ സഹായിയായാണ് എനിക്ക് ആദ്യം ലഭിക്കുന്ന അവസരം. രണ്ടാമത്തെ ചിത്രം ജയരാജിന്റെ 'ആനച്ചന്തം'. പിന്നെ സത്യന്‍ അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയം'. തുടര്‍ന്ന് രഞ്ജിത്തിന്റെ മിക്ക പടങ്ങളും. ഇവരൊക്കെയാണ് എന്നെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും പലപ്പോഴും ഇപ്പോഴും കൊണ്ടുനടക്കുന്നതും ധൈര്യം തരുന്നതും. നമ്മള്‍ സംവിധായകരെ മാത്രമല്ല അവര്‍ നമ്മളെയും മനസ്സിലാക്കണം സിനിമയില്‍. അത് വളരെ പ്രധാനമാണ്. ഈ സംവിധായകരെല്ലാം എന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ളവരാണ്. എന്നെ പ്രചോദിപ്പിക്കുന്നവരും. പരസ്പരം പ്രചോദിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ സിനിമപോലുള്ള കൂട്ടായ കലകളില്‍ അദ്ഭുതങ്ങള്‍ സംഭവിക്കൂ.'

ഞങ്ങളെ കാണാതെപോകരുത്...

സിനിമ സംവിധായകന്റെ കലയാണ് എന്നാണ് ഭൂരിപക്ഷാഭിപ്രായം. എഴുത്തുകാരന്റെതാണ് എന്നും അതല്ല അഭിനേതാക്കളുടെതാണ് എന്നും അഭിപ്രായമുള്ളവരുണ്ട്. ഇക്കൂട്ടത്തിലൊന്നും ആര്‍ട്ട് ഡയറക്ടറോ പ്രൊഡക്ഷന്‍ ഡിസൈനറോ ഉണ്ടാവാറില്ല. ഇത് മാറണം എന്ന് സന്തോഷ് വിശ്വസിക്കുന്നു:''എഴുത്തുകാരന്‍ ഭാവനയില്‍ കണ്ട് എഴുതുന്ന, സംവിധായകന്‍ ചിത്രീകരിക്കണം എന്ന് മോഹിക്കുകയും സങ്കല്‍പ്പിക്കുകയുംചെയ്യുന്ന ലോകം യഥാര്‍ഥമായി ഉണ്ടാക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെതും ഒരു സൃഷ്ടിതന്നെയാണ്. അതുകൊണ്ടാണ് ഇത് വെറും മരപ്പണിയോ മേസ്ത്രിപ്പണിയോ അല്ല എന്ന് ഞാന്‍ പറയുന്നത്. തികഞ്ഞ കലാബോധത്തോടെ ചെയ്യേണ്ടുന്ന ജോലിയാണ് ആര്‍ട്ട് ഡയറക്ഷന്‍. രാജമൗലിക്കും പ്രഭാസിനുമൊപ്പം സാബു സിറിളും കൂടിച്ചേരുമ്പോഴാണ് 'ബാഹുബലി' എന്ന അദ്ഭുതം സംഭവിക്കുന്നത്.'' ഇറാഖിന്റെ യുദ്ധലോകത്തെ ഉപേക്ഷിച്ച് സന്തോഷ് തന്റെ യാത്ര തുടരുന്നു, ഗോവയുടെ സങ്കരസംസ്‌കാരത്തിലേക്ക്-ശ്യാമപ്രസാദിന്റെ പുതിയ സിനിമയ്ക്കുവേണ്ടി. ''വേണമെങ്കില്‍ പോര്‍ച്ചുഗീസ് ഗോവ ഞാന്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഉണ്ടാക്കിത്തരാം'' എന്ന ആത്മവിശ്വാസത്തോടെ.