മേരിയ്ക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ ബാരക് ഒബാമയുടെ പ്രചാരണ മുദ്രാവാക്യം ആയിരുന്നു 'ചെയ്ഞ്ച്. മാറ്റത്തില്‍ നമുക്ക് വിശ്വസിയ്ക്കാം (In CHANGE we believe)എന്ന പരസ്യവാചകത്തിനൊപ്പം അണികള്‍ 'യെസ് വീ ക്യാന്‍' എന്നേറ്റു പറഞ്ഞു. മാറ്റത്തിന് വേണ്ടി മാത്രമുള്ള ഒരു മാറ്റം കൊണ്ടായില്ല,മറിച്ചു മാറ്റം അനിവാര്യം എന്നൊരു തിരിച്ചറിവില്‍ ആണ് ലോകം മുന്നേറുന്നത്.മാറ്റമെന്ന വിഷയം സംഗീതത്തിലേക്ക് ചുരുങ്ങുമ്പോള്‍ ആരുണ്ട് ഒരു സമൂല പരിഷ്‌കരണവാദി? തന്റെ ആലാപന വൈദഗ്ധ്യം ഒന്ന് കൊണ്ട് മാത്രം അതിവേഗം പ്രശസ്തിയിലേക്ക് എത്തിച്ചേര്‍ന്ന യുവ സംഗീതജ്ഞന്‍ ആണ് ടീ എം കൃഷ്ണ.മികച്ച കലാകാരന്‍ എന്ന് പ്രതിഷ്ഠിക്കപ്പെട്ട ആ പദവിയില്‍ നിന്നും അയാള്‍ എഴുന്നേറ്റ് ചുറ്റും നോക്കി. നമ്മള്‍ മാറിയേ തീരൂ എന്ന് അയാള്‍  ഉറക്കെ വിളിച്ചു പറയുന്നു, നിരന്തരം കലഹിക്കുന്നു.

കൃഷ്ണയെ അസ്വസ്ഥന്‍ ആക്കുന്ന വിഷയങ്ങള്‍ സംഗീതത്തിലൊതുങ്ങുന്നില്ല. കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അയാള്‍ പ്രതികരിച്ചു. ബീഫ് കഴിച്ചതിനു കൊല്ലപ്പെട്ട ഒരു പാവത്തിന് വേണ്ടി പ്രധാന മന്ത്രിയ്ക്ക് അയാള്‍ എഴുതി. പ്രത്യേകിച്ച് ബദ്ധപ്പാടൊന്നുമില്ലാതെ വെറും പ്രതികരണ തൊഴിലാളികള്‍ മാത്രമായി അഭിപ്രായങ്ങള്‍ അന്തരീക്ഷത്തിലോട്ടു എയ്തു വിടുന്ന കൂട്ടരെ പോലെ ചെറുതാകുന്നില്ല. കൃഷ്ണ പലതും ചെയ്തു കാണിക്കുന്നു. വെറും വേഷംകെട്ടല്‍ എന്നും ,ഉല്‍കൃഷ്ടം എന്നും അയാളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടു. പൂച്ചെണ്ടുകളും കല്ലേറുകളും അയാളെ തെല്ലും ബാധിക്കുന്നില്ല.

ടീ എം കൃഷ്ണ യോട് സംസാരിയ്ക്കാന്‍ ഒരു അവസരം ഒരുക്കി തന്നത് എന്റെ ഗുരുനാഥന്‍ ചന്ദ്രമന ആണ്. ചോദിക്കൂ ,ഞാന്‍ പറയാമല്ലോ എന്നൊരു ശരീര ഭാഷയുമായി അതീവ സൗഹാര്‍ദ്ദ ഭാവത്തിലാണ് കൃഷ്ണ. അത് കൊണ്ട് തന്നെ ചോദ്യോത്തര മാതൃകയില്‍ ഇന്നത്തെ പംക്തി അവതരിപ്പിക്കുന്നു.

അങ്ങേയറ്റം അപകീര്‍ത്തിപരമായ ഹരിയാനയിലെ കപട സന്യാസി വിഷയം ആണ് ഇന്നത്തെ വാര്‍ത്ത. സമകാലീന വിഷയങ്ങളില്‍ കൃഷ്ണ നിരന്തരം പ്രതികരിയ്ക്കുന്നു.ഒറ്റപ്പെട്ട ശബ്ദം ആയി തീരുന്നില്ലേ? എന്ത് കൊണ്ട് മറ്റു സംഗീതജ്ഞരുടെ പ്രതികരണങ്ങള്‍ ലഭിക്കുന്നില്ല? അതൊരു നയകുശലത ആണോ അതോ അറിവില്ലായ്മയോ നിഷ്‌ക്രിയത്വമോ ആകുമോ?

നിങ്ങള്‍ കര്‍ണാടക സംഗീതജ്ഞരെ മാത്രം ആണോ ഉദ്ദേശിയ്ക്കുന്നത്. എങ്കില്‍ അവര്‍ തങ്ങളുടെ കലയ്ക്കു മാത്രം ഔന്നിത്യം (Elite art)ഉണ്ടെന്നു വിശ്വസിക്കുന്നത് കൊണ്ടാകാം. സ്വയം അവര്‍ ശ്രേഷ്ഠര്‍ (Elitist) എന്ന് ധരിയ്ക്കുന്നുമുണ്ട്. ശുദ്ധമായ കര്‍ണാടക സംഗീതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അശുദ്ധി ആണ് യഥാര്‍ഥത്തില്‍ ഈ ശ്രേഷ്ഠത സങ്കല്പം. ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന കലയെ പ്രതിനിധാനം ചെയ്യുന്ന, സ്വയം ശ്രേഷ്ഠര്‍ എന്ന് വിളിക്കുന്ന അവര്‍ എന്തിനു തങ്ങള്‍ പ്രതികരിക്കണം എന്ന് വിചാരിക്കുന്നുണ്ടാകും. ജാതി യും ശ്രേഷ്ഠ വിചാരവും(Caste Elitism) സ്പഷ്ടമായി നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടക സംഗീതത്തില്‍ ബ്രാഹ്മണ മേല്‍ക്കോയ്മ ഉണ്ടെന്നു അങ്ങ് പറയുന്നു.കൃഷ്ണ ഈ കര്‍ണാടക സംഗീത വ്യവസ്ഥിതിയുടെ ഭാഗം ആണ്. ബ്രാഹ്മണനും ആണ്.ഉള്ളില്‍ നിന്നും കൊണ്ട് വിമര്‍ശിയ്ക്കുന്നത് എളുപ്പം അല്ല താനും. സിസ്റ്റത്തിന്റെ തന്റെ ഭാഗം ആയ ഒരാള്‍ വിമര്‍ശിയ്ക്കുമ്പോള്‍ അതിനു കൂടുതല്‍ സ്വീകാര്യത ന്യായം ആയും ലഭിക്കണം.തങ്ങള്‍ക്കു പിന്തുണ ലഭിക്കുന്നുണ്ടോ?

ഞാന്‍ ഇന്‍സൈഡര്‍ മാത്രം അല്ലല്ലോ.ഒരേ സമയം ഞാന്‍ ഔട്ട് സൈഡര്‍ കൂടി ആണ്. ഞാന്‍ പുറത്തു നിന്നും കാര്യങ്ങള്‍ നോക്കി കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്.ബ്രാഹ്മണ മേല്‍ക്കോയ്മയും ഉണ്ട്, അല്ലാത്തവരോട് വിവേചനവും ഉണ്ട്.ഇല്ലെന്നു പറയുന്നവര്‍ മദ്രാസിലെ സഭകളില്‍ വരുന്ന കേള്‍വിക്കാരുടെ ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നുണ്ടോ? ഇല്ല. സാമൂഹിക വ്യവസ്ഥിതിയെയും ക്രിയേറ്റിവിറ്റിയെയും ഇതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.അന്യപ്രവേശനം (Exclusive & Elitist ) ഇല്ലാത്ത ശ്രേഷ്ഠ കല തന്നെ ആണ് കര്‍ണാടക സംഗീതം. ഒരു മനുഷ്യ ജീവിയും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ടരല്ല.ഒരു കലയും മറ്റൊന്നിനും മുകളില്‍ നില്‍ക്കുന്നുമില്ല.

ഒരു നെയ്യാറ്റിന്‍കര വാസുദേവന്റെ പേര് മാത്രം ഉയര്‍ത്തി പിടിച്ചു ഇവിടെ അബ്രാഹ്മണരും പേരെടുത്തല്ലോ എന്ന് പറയുന്നതില്‍ കഴമ്പില്ല. അവിടെ വരെ എത്തി ചേരാന്‍ അവര്‍ അനുഭവിച്ച യാതനകള്‍ കുറിച്ച് ആരെങ്കിലും സ്മരിക്കുന്നുണ്ടോ? മരണ ശേഷം ആഘോഷിക്കുക എന്നുള്ള നമ്മുടെ സ്ഥിരം പരിപാടി തന്നെ അല്ലെ അത് ? സ്ത്രീകളുടെ കാര്യമോ? ബാല്യ കാലത്തും വാര്‍ധക്യത്തിലും അവരെ ആഘോഷിക്കുന്നു. മധ്യ കാലത്തോ അവരുടെ ഏറ്റവും ശോഭയാര്‍ന്ന പ്രായത്തില്‍ അവര്‍ക്കെന്തു പിന്തുണ കൊടുക്കുന്നു? ഇടയ്ക്കു എപ്പോഴോ മാത്രം സംഭവിക്കുന്ന അബ്രാഹ്മണ സംഗീതജ്ഞരുടെ ഉദാഹരണം കൊണ്ട് ഈ യാഥാര്‍ഥ്യത്തെ മറച്ചു പിടിയ്ക്കാന്‍ പറ്റില്ല.കര്‍ണാടക സംഗീതത്തില്‍ ജാതിയുണ്ട്.
പിന്‍തുണ ലഭിക്കുന്നുണ്ട്.പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്ന് അവകാശപ്പെടുന്നില്ല. കൂടെ നില്‍ക്കുന്ന എന്നോടൊപ്പം പിന്തുണയുമായി നിരവധി പേര് ചേരുന്നുണ്ട്.

അത് കൊണ്ടാണോ എല്ലാവരെയും ഉള്‍പ്പെടുത്തല്‍ (Inclusiveness)എന്നൊരു ആശയം അങ്ങ് അവതരിപ്പിച്ചത് ? ഞാന്‍ ഉദ്ദേശിച്ചത് അങ്ങയുടെ നേതൃത്വത്തില്‍ നടക്കുന്ന കല പ്രവര്‍ത്തനങ്ങള്‍ ആണ്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഭരതനാട്യ കച്ചേരി. മുക്കുവകുടിയില്‍ കര്‍ണാടക സംഗീത കച്ചേരി. വ്യത്യസ്തങ്ങള്‍ ആയ കലകളെ ഏകോപിപ്പിക്കുക എന്നൊരു വല്യ കര്‍ത്തവ്യം(Diverse Arts & Inclusiveness).
സഭകളുടെ ഉള്ളില്‍ നിന്നും ക്ലാസിക്കല്‍ കലകളെ പുറത്തു കൊണ്ട് വരുന്നു. അത് പോലെ പുറത്തു നില്‍ക്കുന്ന ,നിഷേധിക്കപ്പെട്ടവരെ സഭയ്ക്കുള്ളില്‍ എത്തിയ്ക്കാന്‍ സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടോ?

കര്‍ണാടക സംഗീതത്തെ ക്ലാസിക്ക് എന്നും മറ്റൊന്നിനെ ഫോക്ക് എന്നും വിളിക്കുന്നതിനോട് യോജിപ്പില്ല. റെയില്‍വേ സ്റ്റേഷനില്‍ ക്ലാസിക്കല്‍ എന്ന് വിളിക്കപ്പെടുന്ന ആര്‍ട് നടത്തുക അല്ല ഉദ്ദേശം. ഒരു പൊതു ഇടത്തില്‍ ഭരതനാട്യം അവതരിപ്പിക്കുന്നു എന്ന് മാത്രം കാണൂ. കുപ്പം മാര്‍ഗഴി ഉത്സവം നടത്തിയ, മുക്കുവ സമുദായം താമസിക്കുന്ന ഇടങ്ങളില്‍ കര്‍ണാടക സംഗീതം മാത്രമല്ല അവതരിക്കപ്പെട്ടത്. പറയാട്ടവും വില്ലു പാട്ടും കൂത്തും ഒക്കെ അവിടെ നടത്തി.പൊതു ഇടങ്ങളില്‍ അവതരിക്കപ്പെടുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് അത് കാണുവാന്‍ അവസരം ലഭിക്കും എന്നൊരു കണക്കു കൂട്ടലും അതിനു പിന്നിലുണ്ട്.

പ്രതീക്ഷ ഉണ്ട, മാറ്റങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവല്ലോ. ഞങ്ങള്‍ വെയ്ക്കുന്നത് ചെറിയ കാല്‍ചുവടുകള്‍ മാത്രമാണ്. എങ്കിലും തുടങ്ങി വെച്ച മാറ്റങ്ങള്‍ ഏറ്റു പിടിക്കാന്‍ നിരവധി പേര് വന്നു ചേരുന്നു. പുറത്തു നിന്നും അകത്തേയ്ക്കു എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്- അടുത്തിടെ ഒന്‍പതു നാദസ്വര വിദ്വാന്‍മാരെ തിരഞ്ഞു പിടിച്ചു പ്രധാന സഭകളില്‍ അവതരിപ്പിച്ചു.

സാമ്പ്രദായികം അല്ലാത്ത ഇടങ്ങള്‍, സ്റ്റേഷനും കടപ്പുറവും ഒക്കെ - അവിടെ പരിപാടി അവതരിപ്പിക്കുവാന്‍ പ്രശസ്തര്‍ തയ്യാറുകുമോ?

അതൊരു പ്രശ്‌നമേ അല്ല.പെരുമയുള്ള ആര്‍ട്ടിസ്റ്റുകള്‍ ആരും സഹകരിക്കാതെ ഇരുന്നില്ല. പൊതുവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ആര്ടിസ്റ്റിനെ കിട്ടാതെ വന്നിട്ടില്ല. 

നമ്മള്‍ ഇന്‍ക്ലൂസീവ്‌നെസ്സിനെ കുറിച്ചു പറഞ്ഞുവല്ലോ. ഭിന്നലിംഗക്കാരുമായി ചേര്‍ന്ന് അങ്ങ് പരിപാടി അവതരിപ്പിച്ചു. ആ അനുഭവത്തെ കുറിച്ച്
ട്രാന്‍സ് വിമന്‍  (ജോഗപ്പാസ്)സംഗീതജ്ഞരുമായി ചേര്‍ന്ന് പരിപാടി അവതരിപ്പിച്ചു.ഞാന്‍ അങ്ങേയറ്റം ശ്രദ്ധാലു ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.അധികാരവും കുത്തകാവകാശവും മൂലം ആനുകൂല്യ നിഷേധങ്ങള്‍ക്കു പാത്രം ആയ ഒരു സമൂഹം. അവരെ എങ്ങനെ പരിപാടിയ്ക്കായി നിയോഗിക്കണം(Engagement) എന്ന് ആഴത്തില്‍ ചിന്തിച്ചു. പരിപാടി വിജയം ആയി തീര്‍ന്നു.ഒപ്പം ഞാന്‍ സ്വയം പരിപോഷിക്കപ്പെട്ടു.അത്ര മികച്ചതയായിരുന്നു ജോഗപ്പസുമായുള്ള അനുഭവം. 

നിറം കുറഞ്ഞ സ്ത്രീ സംഗീതജ്ഞര്‍ക്കു വേദികള്‍ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുന്നു എന്നൊരു പ്രസ്താവന കൃഷ്ണയുടെ ഒരു അഭിമുഖത്തില്‍ ഈ ദിവസങ്ങളില്‍ വന്നു. ഒട്ടൊരു കൗതുകത്തോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. വിവേചനങ്ങളെ(Discrimination) കുറിച്ച് പറയുന്നതിന്റെ ഒപ്പം ഈ നിറം എന്ന ഘടകം അടിവരയിടുന്നത് എന്ത് കൊണ്ട്?

സ്ത്രീ സംഗീതജ്ഞര്‍ വിവേചനം നേരിടുന്നുണ്ട്. പുരുഷ നിയന്ത്രീകതമായ സംഗീത ലോകത്ത് അവരെ പിന്നോക്കം മാറ്റി നിര്‍ത്തുന്നു.കര്‍ണാടക സംഗീതത്തിന് മാത്രം ആയി നിറം എന്ന ഘടകത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു മാതിരി എല്ലാ കലകളിലും അങ്ങനെ അല്ലെ? ഞാന്‍ പറഞ്ഞത് നിറം കുറഞ്ഞ സ്ത്രീകള്‍ക്ക് വേദികള്‍ കിട്ടാന്‍ ശരിയ്ക്കും ബുദ്ധിമുട്ടുണ്ട്. സിനിമകളില്‍ നായികയ്ക്ക് വെളുപ്പ് വേണ്ടേ. നിറം കുറഞ്ഞിരുന്നിട്ടും വിജയം വരിച്ച ഏതാനും ചില കലാകാരികളുടെ കാര്യം പറഞ്ഞു ഖണ്ഡിച്ചിട്ടു കാര്യമുണ്ടോ?അമേരിക്കയില്‍ വര്‍ണ വിവേചനം കാണിക്കുന്നു എന്ന് ഇന്ത്യക്കാര്‍ എങ്കില്‍ ഒരിക്കലും പരാതിപ്പെടാന്‍ പാടില്ലല്ലോ! അമേരിക്കയില്‍ ജോലി ചെയ്തു നിങ്ങള്‍ പൈസ ഉണ്ടാക്കുന്നു,അമേരിക്കയില്‍ നിറം കുറഞ്ഞവര്‍ ഉന്നത പദവിയില്‍ എത്തിയ ഉദാഹരണങ്ങള്‍.ഇതെടുത്തു പറഞ്ഞു അവിടെ നിറത്തിന്റെ പേരില്‍ വിവേചനം ഇല്ല എന്ന് തീര്‍ത്തും പറയാന്‍ പറ്റുമോ? 

കൃഷ്ണയ്ക്ക് ഒരു പാട് വിശേഷണങ്ങള്‍ ഉണ്ടല്ലോ? ധിക്കാരി,വായാടി,ശ്രദ്ധ പിടിച്ചു പറ്റലുകാരന്‍, അഹങ്കാരി, വേഷംകെട്ട്- എന്ത് തോന്നുന്നു ?

(ചിരിയ്ക്കുന്നു)ലേബല്‍ എനിക്ക് അടിച്ചു തരുന്നതല്ലേ.എന്റെ പേരിനൊപ്പം ടാഗ് ചെയ്യപ്പെട്ട കുറെയേറെ വിശേഷണങ്ങള്‍ ഉണ്ട്.അതില്‍ എനിക്കെന്തു ഉത്തരവാദിത്വം.വേറൊരാള്‍ക്ക് എന്നേ കുറിച്ചുള്ള പരിപ്രേക്ഷ്യം എന്നേ ബാധിക്കുന്നില്ല.

കൃഷ്ണയുടെ കച്ചേരികളുടെ ഇപ്പോഴത്തെ ഒരു ഘടന (Template) ഉണ്ടല്ലോ. മാറ്റത്തിന് വേണ്ടി ഒരു മാറ്റം ഉണ്ടാക്കുക ആണോ?
നിങ്ങള്‍ ഉപയോഗിച്ച വാക്കിനോട് വിയോജിക്കുന്നു.കര്‍ണാടക സംഗീത കച്ചേരിക്ക് ഒരു ഫോര്‍മാറ്റ് ഉണ്ടെന്നു ആര് പറഞ്ഞു?നിങ്ങള്‍ പറയുന്നു.

ഉചിതം ആയ ഒരു വാക്കു എനിക്ക് കിട്ടുന്നില്ല.ടെംപ്ളേറ്റ് എന്ന് പറയുന്നില്ല. കൃഷ്ണ ഇപ്പോള്‍ അവതരിപ്പിച്ചു വരുന്ന ഒരു പ്രത്യേകത. ഘടന എന്നോ ഫോര്‍മാറ്റ് എന്നോ വിളിക്കാന്‍ പറ്റില്ലെങ്കില്‍ എന്ത് വിളിക്കും എന്ന് എനിക്കറിയില്ല. ഉദാഹരണത്തിന് കൃഷ്ണ എന്തിനു അട താള വര്‍ണം കച്ചേരിയുടെ മധ്യ ഭാഗത്തു പാടുന്നു. ഒരു സംഗീത രൂപത്തിന്റെ സൗന്ദര്യം മുഴുവന്‍ പുറത്തു കൊണ്ട് വരിക,കലയെ കാട്ടുക എന്നൊരു പ്രയോഗം കൃഷ്ണയുടെ കര്‍ണാടിക് സ്റ്റോറി എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.എന്നാലും... 

നിങ്ങള്‍ വീണ്ടും കച്ചേരിയുടെ ആദ്യ ഭാഗം മധ്യ ഭാഗം എന്ന് പറയുന്നു.വര്‍ണം ഒരു വാമപ്പിനു മാത്രം എന്നൊരു ചിന്തയോടെ അവതരിപ്പിക്കുക ആണോ പ്രധാനം? വര്ണത്തിന് ഒരു സ്ട്രക്ച്ചറും സൗന്ദര്യവും(Aesthetics) ഉള്ളത് നിങ്ങള്‍ കാണുന്നില്ലേ? വര്ണത്തിന് സ്വരങ്ങള്‍ പാടരുത് എന്ന് നിങ്ങള്‍ എന്തിനു അനുശാസിക്കണം. ഒരു രാഗ ആലാപനത്തിനു ശേഷം കൃതി എന്ന് നിങ്ങള്‍ എന്തിനു ശഠിയ്ക്കുന്നു.രാഗം ആലപിക്കാതെ തനിയെ താനത്തിനു നില നില്ക്കാന്‍ പറ്റില്ല എന്നത് നിങ്ങളുടെ വിശ്വാസം അല്ലെ? ആസ്വാദകരുടെ കൈയടി മാത്രം ആണോ വേണ്ടത് ?കേള്‍വിക്കാരനെ സന്തോഷിപ്പിക്കാന്‍ മാത്രം ആണ് സംഗീതജ്ഞന്റെ ആവശ്യം എന്ന ചിന്ത തന്നെ വളരെ ബാലിശം ആണ്.

കര്‍ണാടക സംഗീതത്തിന്റെ അത്രയും ഒരു കാര്‍ക്കശ്യം ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇല്ലെന്നു ഞാന്‍ കരുതുന്നു.നിയമങ്ങളുടെ അതിരുകള്‍ക്കും അപ്പുറം അവിടെ വലിയ തോതില്‍ പര്യവേക്ഷണം ഒക്കെ നടക്കുന്നില്ലേ?

അങ്ങനെ തീര്‍ത്ത് പറയണ്ട.അവര്‍ക്കു അവരുടെ ഭാണ്ഡക്കെട്ടുകള്‍ (Baggage)ഉണ്ട് (ചിരിക്കുന്നു)

ശരിയ്ക്കും അങ്ങനെ ബാഗ്ഗജ് ഉണ്ടോ?

പിന്നില്ലേ?നമ്മള്‍ എല്ലാരും മുതുകത്ത് വികാരപരവും സംഗീതപരവും ഒക്കെ ആയി കുറെ ബാഗേജ് ചുമക്കുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്കും അവരുടേതായ സംഘര്ഷങ്ങളും കാഴ്ചപ്പാടുകളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ട്.കുറച്ചു കാണണ്ട.

കൃഷ്ണ പിറകില്‍ ഇരിക്കുന്ന ഉപ പക്കക്കാരെ മുന്നോട്ടു ഇരുത്തി. ഉപ പക്കം എന്ന് വിളിക്കുന്നത് ശരിയാണോ? എന്ത് കൊണ്ട് അത് സബ്ബ് ആയി?മുന്നിലോട്ടു സ്ഥാനം മാറ്റി കിട്ടിയ ആര്‍ട്ടിസ്റ്റുകള്‍ അങ്ങയോട് എന്ത് പറഞ്ഞു?

അതൊരു സ്ഥാന മാറ്റം മാത്രം അല്ല.പിന്നില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ ഘടം എങ്ങനെ ആണ് കേട്ടത്.നിങ്ങള്‍ ശരിയ്ക്ക് കേട്ടിരുന്നുവോ?.എന്തായിരുന്നു നിങ്ങളുടെ കേള്‍വി അനുഭവം? ഘടം മുന്നോട്ടു മാറി ഇരുന്നപ്പോള്‍ സംഭവിച്ച സൗണ്ടിങ് ചെയ്ഞ്ച് നിങ്ങള്‍ ശ്രദ്ധിച്ചുവോ? ആകെയുള്ള കച്ചേരി അനുഭവം എങ്ങനെ?നിങ്ങള്‍ തന്നെ വിലയിരുത്തൂ. സഹ കലാകാരന്മാര്‍ക്കൊക്കെ സന്തോഷം തന്നെ. നമ്മള്‍ പല തട്ടുകളായി വേണം ആലോചിക്കുവാന്‍.

കര്‍ണാടക സംഗീതത്തെ റെയില്‍ വേ സ്റ്റേഷനില്‍ ഒക്കെ അവതരിപ്പിച്ചാല്‍ അതിന്റെ വിശുദ്ധി നശിക്കുന്നു എന്ന പരാതിയെ കൃഷ്ണ എങ്ങനെ നോക്കി കാണുന്നു?

എന്താണീ പവിത്രത.നിങ്ങള്‍ പറയുന്ന പവിത്രതയെ നിങ്ങള്‍ ചേര്‍ത്ത് വെയ്ക്കുന്നത് നേരത്തെ പറഞ്ഞ ശ്രേഷ്ഠത ബോധത്തോടൊപ്പം മാത്രമാണ്.ഞാന്‍ പറഞ്ഞുവല്ലോ, ഒരു പൊതു ഇടത്തില്‍ നടത്തുന്ന കച്ചേരി.അങ്ങനെ കണ്ടാല്‍ മതിയല്ലോ.

കര്‍ണാടക സംഗീതത്തിലെ ഭക്തിയെ കുറിച്ച്. കൃഷ്ണ പാടുമ്പോള്‍ ഭക്തി എന്ന വികാരത്തെ ശരിയ്ക്കും തൊട്ടുണര്‍ത്തി എന്ന് പ്രേക്ഷകര്‍ പറയുന്നുണ്ടല്ലോ.എന്ത് കരുതുന്നു?

കൃഷ്ണ നീ ബേഗനെ എന്ന് ഞാന്‍ പാടിയപ്പോള്‍ കൃഷ്ണനെ ദര്‍ശിച്ചു എന്ന് കാഴ്ചക്കാരന് തോന്നാം.അവിടെ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കേള്‍ക്കുന്നവരുടെ അനുഭവത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആര്?ഞാന്‍ എന്തിനു തര്‍ക്കിക്കണം?

ഭക്തിയുടെ അമിത പ്രസരം ഉണ്ടോ. പണ്ട് കച്ചേരിയുടെ രണ്ടാമത്തെ പകുതിയില്‍ പാടി കേട്ടിരുന്ന ജാവളികള്‍ ഒക്കെ മറഞ്ഞു പോയി. ജാവളികളുടെ വരികളിലെ രതി ഭാവം (Erotic Content) ആണോ കാരണം. രതി വന്നാല്‍ ഭക്തി ഇല്ല എന്നൊരു അരക്ഷിതാവസ്ഥ ഉണ്ടായിക്കാണുമോ?

ഭക്തി വരുമല്ലോ. ഉയര്‍ന്ന സമുദായത്തിന്റെ കൈപ്പിടിയില്‍ ആണ് കര്‍ണാടക സംഗീതം. അതോടൊപ്പം ചേരുന്നത് ഹിന്ദു ആചാരങ്ങളും.ഭക്തി നിറഞ്ഞു നില്‍ക്കുമല്ലോ.

നിങ്ങള്‍ വീണ്ടും കച്ചേരിയ്ക്കു ആദ്യ ഭാഗം അവസാന ഭാഗം എന്ന് പറയുന്നു. അത് ശരിയല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.ഭക്തി മുഴുവന്‍ പുറത്തു വരാനായി ത്യാഗരാജ കൃതികളുടെ അര്‍ഥം മനസിലാക്കി പാടാന്‍ നമ്മള്‍ ആവശ്യപ്പെടുന്നുണ്ട്. രതി നിറഞ്ഞ ജാവളികളുടെ അര്‍ഥം ശരിയായി മനസിലാക്കൂ എന്ന് നിര്‍ബന്ധം ഇല്ല.അപ്പോള്‍ നമുക്ക് രണ്ട് തരം നിലപാടുകള്‍ ആണ്. ഉദാഹരണത്തിന് 'വിണ്ട ജേസര എന്ന വരി യുടെ അര്‍ഥം ആര്‍ക്കും അറിയണ്ട.

(കൃഷ്ണ അന്നത്തെ കച്ചേരിയ്ക്കു രണ്ടാമതായി പാടിയത് ധര്‍മപുരി സുബ്ബരായരുടെ പരുലന്ന മാട്ട എന്ന കാപ്പി രാഗത്തില്‍ ഉള്ള ജാവളി ആണ്.രാഗാലാപനവും സ്വര പ്രസ്താരവും ഉണ്ടായിരുന്നു.പറയുന്ന കാര്യങ്ങള്‍ പാടുമ്പോള്‍ അടയാളങ്ങളായി തെളിയുന്നത് , എന്നിലെ ചോദ്യ കര്‍ത്താവിനെ പിന്നീട് ശരിയ്ക്കും തൃപ്തിപ്പെടുത്തി)

വിദ്യാ വനം ഇടയ്ക്കു സന്ദര്‍ശിയ്ക്കാറുണ്ടോ ?

ആനക്കട്ടിയില്‍ എന്റെ അമ്മ നടത്തുന്ന സ്‌കൂള്‍ ആണ്.എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനു അവകാശം ഉണ്ടെന്നും അവര്‍ ഭയം ഇല്ലാതെ ആത്മവിശ്വത്തോടെ വളരണം, ചോദ്യങ്ങള്‍ ചോദിച്ചു വളരണം എന്നിങ്ങനെയുള്ള അമ്മയുടെ സ്വപ്നങ്ങള്‍ ആണ് സ്‌കൂള്‍ ആയി തീര്‍ന്നത്. ട്രൈബല്‍ മേഖലയില്‍ ഉള്ള കുട്ടികള്‍ കൂടുതല്‍ ആയി അവിടെ പഠിക്കുന്നു. അമ്മയെ ഇടയ്ക്കു സഹായിക്കും.

ശരിയ്ക്കും ആരാണ് കൃഷ്ണ -ആക്ടിവിസ്റ്റ് ആണോ ?

ലേബല്‍ വേണ്ട. മ്യുസിഷ്യന്‍ മാത്രം ആണ് ഞാന്‍. എന്റെ ജീവിതത്തിലേക്കു തുറന്നു വെച്ചിരിക്കുന്ന ജനാലകള്‍ ആണ് സംഗീതം. വേറെ ജനാലകള്‍ ഇല്ല.

കൃഷ്ണ സ്വന്തം സംഗീതവും പ്രവര്‍ത്തനങ്ങളും നിര്ണയിക്കാറുണ്ടോ?

നിര്‍ണയം അല്ല, കൂടുതലായി ചിന്തിക്കാറുണ്ട് .എന്റെ സുഹൃത്തുക്കള്‍ ഉണ്ട് ,ഭാര്യ സംഗീത ശിവകുമാര്‍ ഉണ്ട്.എന്നെ അവര്‍ വിലയിരുത്താറുണ്ട്.എല്ലാ പിന്തുണയും അവര്‍ തരുന്നുണ്ട് 

എല്ലാവരും കൊതിയ്ക്കുന്ന മാര്‍ഗഴി സംഗീത സീസണില്‍ കച്ചേരി പാടുന്നില്ലെന്നു കൃഷ്ണ തീരുമാനിച്ചു. കൃഷ്ണയ്ക്ക് നല്ല കുട്ടി ആയി തന്നെ ഇരുന്നാല്‍ പോരെ?സംഗീത കലാനിധി ഒക്കെ ലഭിക്കേണ്ട സംഗീതജ്ഞന്‍ അല്ലെ നിങ്ങള്‍?

സംഗീത കലാനിധി എന്നല്ല ഒരു പുരസ്‌കാരവും എന്ന ഭ്രമിപ്പിക്കുന്നില്ല. ഭ്രമിപ്പിക്കുന്നത് പിന്നെന്താണ് ?സംഗീതം മാത്രം 

കൃഷ്ണയ്ക്ക് സ്വയം മതിപ്പു തോന്നുന്ന ഒരു വൗ ഫാക്ടര്‍ ഉണ്ടോ?

(ഉറക്കെ ചിരിക്കുന്നു)ഇല്ല, എനിക്ക് എല്ലാം സംഗീതം മാത്രമാണ് 

അനുവദിച്ചതിലേറെ സമയം കൃഷ്ണ സംസാരിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന് കച്ചേരി പാടേണ്ടതുണ്ട്.സംഗീതാചാര്യന്‍ ചന്ദ്രമന നാരായണന്‍ നമ്പൂതിരിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപ്തി കുറിയ്ക്കുന്നത് കൃഷ്ണയുടെ സംഗീതാര്‍ച്ചനയോട് കൂടിയാണ്.കച്ചേരി ദിവസം ശബ്ദത്തിനു വിശ്രമം എന്ന സങ്കല്‍പം കാണില്ലേ എന്ന് ഞാന്‍ അഭുതപ്പെട്ടു.ഇന്നും നാട്ടിന്‍പുറം ആയി തുടരുന്ന പുന്നയത്ത്, ആ ഇല്ലത്തിന്റെ ഒരു വശത്തൊരുക്കിയ പന്തലില്‍ കൃഷ്ണ പാടി.സംസാരത്തിലെ പൊരുളുകള്‍ പാട്ടില്‍ കടന്നു വന്നത് കൗതുകത്തോടെ ഞാന്‍ കേട്ടു.മായാമാളവഗൗള രാഗത്തില്‍ മേരുസമാന എന്ന കൃതി പാടിയപ്പോള്‍ അവിടിവിടെ ക്ഷണപ്രഭയില്‍ ശെമ്മാങ്കുടി തെളിയുന്നല്ലോ എന്ന് മനസ്സിലോര്‍ത്തതും കൃഷ്ണ ആലാപനം നിര്‍ത്തി.ഗുരു 'ശെമ്മങ്കുടി മാമ'തന്റെ എണ്‍പത്തി ഒന്‍പതാം വയസ്സില്‍ ഇതേ കൃതിയ്ക്കു കല്പനസ്വരങ്ങള്‍ പാടുമ്പോള്‍ 'മേരു' വിനു മുന്‍പ് 'മഹാ' എന്ന സ്വരാക്ഷര പ്രയോഗം ചേര്‍ത്തു കാട്ടിക്കൊടുത്തത് കൃഷ്ണ വിശദീകരിച്ചു.വാര്‍ധക്യത്തിലും ശെമ്മങ്കുടിയുടെ മനസ്സും തലച്ചോറും എത്ര സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചിരുന്നു എന്നും കൃഷ്ണ ആശ്ചര്യപ്പെട്ടു.