മിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റമെങ്കിലും സ്വാസികയെ മലയാളികള്‍ക്ക് പരിചയം തേപ്പുകാരിയായിട്ടാണ്. നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം അത്രയധികം സ്വീകാര്യതയാണ് സ്വാസികയ്ക്ക് നേടിക്കൊടുത്തത്. എന്നാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വാസിക സീതയാണ്. അവരുടെ സ്വന്തം ഇന്ദ്രന്റെ എല്ലാമെല്ലാമായ സീത. 2009-ല്‍ തുടങ്ങിയ അഭിനയ ജീവിതം പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഇത്തരം ചില കഥാപാത്രങ്ങളുണ്ട് സ്വാസികയ്ക്ക്. അക്കൂട്ടത്തിലേക്ക് വേറെ രണ്ട് കഥാപാത്രങ്ങള്‍ കൂടി വന്നുചേരുകയാണ്. ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലെ ലിസിയും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ബെറ്റിയും. ഇതിനെ ദൈവാനുഗ്രഹം എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന സ്വാസിക മാതൃഭൂമി ഡോട് കോമിനോട് തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ജോസിന്റെ സ്വന്തം ലിസി

ചെമ്പന്‍ വിനോദ് ചേട്ടന്‍ അവതരിപ്പിക്കുന്ന ജോസ് എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ പൊറിഞ്ചു മറിയം ജോസില്‍ അവതരിപ്പിക്കുന്നത്. ലിസി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു സാധാരണ വീട്ടമ്മ. വഴക്കാളിയാണെങ്കിലും സ്നേഹമുള്ള ഭാര്യ. ഒരു നല്ല കുടുംബിനി. ചെമ്പന്‍ ചേട്ടന്റെ കൂടെ എനിക്ക് കുറേ സീനുകള്‍ ഉണ്ട്.

സിനിമയിലെ ബാക്കിയുള്ള കഥാപാത്രങ്ങളായ ജോജു ചേട്ടന്‍ ചെയ്യുന്ന പൊറിഞ്ചു ആയാലും നൈലച്ചേച്ചി ചെയ്യുന്ന മറിയം ആയാലും അവര്‍ വേറെ ഒരു ഇമോഷന്‍സിലൂടെയാണ് കടന്നുപോകുന്നത്. ജോസും പൊറിഞ്ചുവും മറിയവും ഭയങ്കര കൂട്ടുകാരാണ്. അവരുടെ സ്നേഹവും പ്രശ്നങ്ങളും എല്ലാം കൂടിയുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ഇത്.. അതില്‍ കുടുംബ ബന്ധങ്ങളും കടന്നുവരുന്നുണ്ട്. 

വലിയ ഒരു ടീം ആണ്. ജോഷി സാര്‍ എന്ന സംവിധായകന്‍, പ്രതിഭാധനരായ താരങ്ങള്‍. 87 കാലഘട്ടത്തിലെ ഒരു പീരിയോഡിക് മൂവിയാണ്. ആ സമയത്തെ തൃശൂരിന്റെ സ്വഭാവം, പ്രത്യേകതകള്‍ എല്ലാമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അന്നത്തെ തൃശൂരിന്റെ കള്‍ച്ചര്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മാസാണ് അതേസമയം റിയലിസ്റ്റിക്കുമാണ്... യഥാര്‍ഥ വ്യക്തികളുടെ കഥകള്‍ മിക്സ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തൃശ്ശൂരുകാരെ സംബന്ധിച്ച് ഈ  സിനിമയിലെ കഥാപാത്രങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അവര്‍ക്ക് പരിചിതമായിരിക്കും.

നായികയല്ലെങ്കിലും ഹാപ്പിയാണ്

തമിഴിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്.. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്.. അന്ന് നായികയായി മൂന്ന് നാല് സിനിമകള്‍ ചെയ്തു. പക്ഷേ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ മലയാളത്തിലാണ്. അത് നായികയുള്ള സിനിമകള്‍ അല്ല. സിനിമ ഒരു പാഷനായി  ന്‍ ആയി മനസ്സില്‍ കൊണ്ട് നടന്നിരുന്ന സമയത്ത് നായികയായി സിനിമകള്‍ ചെയ്യണമെന്നന്നായിരുന്നു ആഗ്രഹം മുഴുവന്‍. പക്ഷേ പിന്നീട് ഈ യാത്രയിലൂടെ മനസിലായി കാരക്ടര്‍ റോളുകള്‍ ചെയ്യുന്നതും നല്ലതാണെന്ന്. അങ്ങനെ ചെയ്താല്‍ നമ്മള്‍ കുറച്ചു കൂടെ സുരക്ഷിതരാണെന്ന് മനസിലായി. കാരണം സിനിമ പരാജയമായാലോ മറ്റോ അതൊന്നും കാരക്ടര്‍ റോള്‍ ചെയ്യുന്നവരെ ബാധിക്കില്ല. മാത്രമല്ല അവര്‍ക്കാണ് കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സാധിക്കുന്നത്.

അയാളും ഞാനും തമ്മിലും ഹൃത്വിക് റോഷനും

അയാളും ഞാനും തമ്മില്‍ എന്റെ തുടക്കകാലത്തെ സിനിമയായത് കൊണ്ട് എനിക്ക് വലിയ ഹൈപ്പൊന്നും കിട്ടിയില്ല. പക്ഷേ വലിയൊരു ടീം ആയിരുന്നു അത്. അത് വലിയ പേരാണ് നല്‍കിയത്. ലാല്‍ ജോസ് സാറിന്റെ സിനിമയാണ്. മാത്രമല്ല പൃഥ്വിരാജിനൊപ്പവും. അത് എന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു. പക്ഷേ കട്ടപ്പനയിലെ തേപ്പിസ്റ്റ് കഥാപാത്രം എനിക്ക് ഒരുപാട് അംഗീകാരം നേടിത്തന്നു. സിനിമ ഇറങ്ങി ഇത്ര നാളായിട്ടും എവിടെ ചെന്നാലും ആളുകള്‍ തേപ്പുകാരിയെ തിരിച്ചറിയുന്നുണ്ട്. അത് വലിയ ഒരു ഭാഗ്യം തന്നെയാണ്... ആ സിനിമയില്‍ തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ അംഗീകാരം കിട്ടിയത്. ആ ടീമിന്റെ കൂടെ വര്‍ക്ക് ചെയ്തത് വലിയ എക്‌സ്പീരിയന്‍സ് ആയിരുന്നു. ഇനി അതുപോലെ എനിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് പൊറിഞ്ചുവും ഇട്ടിമാണിയും.

ലാലേട്ടന്റെ ഒപ്പം

അത് ഒരു സ്വപ്നം നടന്ന അവസ്ഥയാണ്.. കുഞ്ഞു നാള്‍ മുതല്‍ നമ്മള്‍ ആരാധിക്കുന്ന നടനാണ്. അദ്ദേഹത്തിന്റെ ഒപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നത് വലിയ സ്വപ്നമായിരുന്നു. അത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും കറങ്ങിത്തിരിഞ്ഞ് എന്നിലേക്ക് വന്നു.. ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെ മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പണ്ടത്തെ ലാലേട്ടന്‍ ചിത്രങ്ങള്‍ പോലെ ഒരു നല്ല കുടുംബചിത്രമാണ്. ബെറ്റി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.. രാധിക മാം ചെയ്യുന്ന കഥാപാത്രത്തിന്റെ മകള്‍. 

അച്ഛന്‍, അമ്മ സഹോദരങ്ങള്‍ അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന അതിഥിയാണ് ഇട്ടിച്ചന്‍ എന്ന ലാലേട്ടന്റെ കഥാപാത്രം. ഇട്ടിച്ചന്‍ വന്നതിന് ശേഷമുള്ള കാര്യങ്ങളാണ് സിനിമ പറയുന്നത്... എന്റെ കൂടുതൽ രംഗങ്ങളും അദ്ദഹത്തിനൊപ്പമാണ്. ഒരു പത്ത്-മുപ്പത്തഞ്ച് ദിവസത്തോളം ലാലേട്ടന്റെ കൂടെ ചെലവഴിക്കാന്‍ പറ്റി... അതെല്ലാം ഒരു സിനിമ ചെയ്തതിനേക്കാളും വലിയ സന്തോഷമായിരുന്നു.. ഒരുപാട് പഠിക്കാന്‍ പറ്റി... ഇത്ര വലിയ സ്റ്റാറായിട്ടും നവാഗതരുടെ സിനിമയായിട്ടും ഒരു താരജാഡകളും ഇല്ലാതെയാണ് ലാലേട്ടന്‍ പെരുമാറുന്നത്.

തൃശ്ശൂര്‍ ഭാഷ അല്‍പം പാടാണ്

തൃശൂര്‍ ആണ് ഇട്ടിമാണിയിലെ സ്ഥലം. പക്ഷേ എല്ലാരും പുറത്തു പഠിച്ചു വളര്‍ന്നതിനാല്‍ തൃശൂര്‍ ഭാഷ അങ്ങനെ സംസാരിക്കേണ്ടി വന്നിരുന്നില്ല. പക്ഷേ പൊറിഞ്ചുവില്‍ പക്കാ തൃശൂര്‍ സ്ലാങ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ മൂവാറ്റുപുഴക്കാരിയാണ്. അതുകൊണ്ട് തന്നെ ആദ്യം ആ സ്ലാങ് പഠിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. പിന്നെ അതില്‍ പകുതിയിലേറെ പേരും തൃശൂര്‍കാരാണ്. അവരൊക്കെ  നന്നായി ഹെല്‍പ് ചെയ്തു

'സീത' മാറ്റിമറിച്ച ജീവിതം

ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാതെ ചില സംഭവങ്ങള്‍ നടക്കും എന്ന് പറയില്ലേ. അങ്ങനത്തെ ഒരു സംഭവമാണ് സീത സീരിയല്‍. അതൊരു സാധാരണ സീരിയലായിരുന്നു. പക്ഷേ അതിനിത്രയേറെ സ്വീകാര്യതയും പ്രതികരണങ്ങളും ലഭിക്കും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതം തന്നെയാണ് അത്.. വളരെ വലിയ കാര്യങ്ങളാണ്.. ആള്‍ക്കാര്‍ നമ്മളെ തിരിച്ചറിയുക, നമ്മുടെ അഭിനയത്തെ പ്രശംസിക്കുക അതൊക്കെ ഒരു കലാകാരി എന്ന നിലയില്‍ എല്ലാവരും ആഗ്രഹിക്കുന്ന അംഗീകാരങ്ങള്‍ അല്ലെ. അതെനിക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്, സീതയില്‍ നിന്ന്. കഴിഞ്ഞ മൂന്നര വര്‍ഷമായി വളരെ സന്തോഷകരമായ യാത്രയായിരുന്നു സീതയുടേത്. നല്ലൊരു ടീമായിരുന്നു.

ഞാന്‍ സിനിമകള്‍ ചെയ്യുന്നതിന്റെ കാരണവും ഈ സീരിയലുകള്‍ തന്നെയാണ്. പൊറിഞ്ചു മറിയം നിര്‍മാതാവ് റെജിമോന്‍ സാറിന്റെ ഭാര്യ എന്റെ സീരിയല്‍ കാണാറുണ്ടായിരുന്നു. ആന്റിയാണ് എന്നെ ഈ കഥാപാത്രമായി വിളിക്കണമെന്ന് പറഞ്ഞത്. അതുപോലെ ഇഷ്‌ക് സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹറിന്റെ അമ്മയും എന്റെ സീരിയലുകള്‍ കാണാറുണ്ടായിരുന്നു. സീരിയലുകള്‍ ചെയ്തത് കൊണ്ട് എനിക്ക് ഒരു മോശം കാര്യങ്ങളും ഉണ്ടായിട്ടില്ല. ലഭിച്ചതെല്ലാം നല്ല കാര്യങ്ങളായിരുന്നു.

ഇന്ദ്രന്‍ കട്ട ദോസ്താണ് 

ഞാനും ഷാനുവും വളരെ നല്ല സുഹൃത്തുക്കള്‍ ആണ്. സീരിയലില്‍ ഇന്ദ്രനും സീതയും തമ്മിലുള്ള പ്രണയം വന്നു തുടങ്ങിയത് ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ്. പക്ഷേ അപ്പോഴേക്കും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയും നന്നായി വര്‍ക്കൗട്ട് ചെയ്യാന്‍ പറ്റി. ഒട്ടും പരിചയമില്ലാത്ത ആളോടൊപ്പമാണെങ്കില്‍ അങ്ങനെ പറ്റില്ലായിരുന്നു. എനിക്ക് ഷാനൂന്റെ അടുത്ത ദേഷ്യപ്പെടാം നന്നായില്ലെന്ന് പറയാം. അതുപോലെ കെട്ടിപ്പിടിക്കുമ്പോള്‍ അയ്യോ ഒരാണിനെ എങ്ങനെ കെട്ടിപ്പിടിക്കാം എന്നൊരു ചിന്തയില്ലാതെ ചെയ്യാന്‍ പറ്റുന്നതും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അടുപ്പം സ്വാഭാവികമായും കൊണ്ടുവരാന്‍ സാധിക്കുന്നതുമെല്ലാം ആ സൗഹൃദം ഉള്ളത് കൊണ്ടാണ്.

അതുപോലെ തന്നെ ഇത്തരത്തിലുള്ള റൊമാന്റിക് സീനുകള്‍ ഒരു പുതിയ ടീമിന്റെ മുന്നിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ വല്ലാത്തൊരു മടി കാണും. പക്ഷേ ഒന്നര വര്‍ഷമായി പരിചയമുള്ള ടീമിന്റെ മുന്‍പില്‍ അങ്ങനെ ഒരു ഫീലിങ് ഇല്ലായിരുന്നു. അത് ശരിക്കും ഒരു കുടുംബം പോലെ ആയിരുന്നു. 

വിഷാദരോഗവും തിരിച്ചുവരവും

അയാളും ഞാനും തമ്മില്‍, ഒറീസ, സിനിമാ കമ്പനി എന്നീ സിനിമകള്‍ ചെയ്തു കഴിഞ്ഞ് ഒരു രണ്ടു മൂന്ന് വര്‍ഷം വേറെ ഒന്നും ചെയ്തിരുന്നില്ല. ആ ഒരു സമയത്താണ് എനിക്ക് വിഷാദരോഗം വരുന്നത്. ഞാന്‍ പഠനത്തോടൊന്നും വലിയ താല്‍പര്യം കാണിക്കാതെ അതെല്ലാം സിനിമയ്ക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു. സിനിമയിലേക്ക് ഇറങ്ങുകയും ചെയ്തു എന്നാല്‍ ഒരിടത്തും എത്തിപ്പെടാൻ പറ്റിയില്ല. അതുകൊണ്ടാണ് സിനിമയില്ലെങ്കിലും നല്ല സീരിയലുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കാൻ മടിക്കില്ല എന്ന് പറയുന്നത്. കാരണം അത്രയ്ക്കും മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല. അങ്ങനെ ആയിരുന്നു. പ്രാര്‍ഥനയും വഴിപാടുമെല്ലാം മുറപോലെ നടന്നിരുന്നു.

ആ അവസ്ഥയില്‍ നിന്നും ഞാന്‍ സ്വയം പുറത്തു വന്നതാണ്. നൃത്തത്തില്‍ ശ്രദ്ധിച്ചു. സീരിയലില്‍ നിന്നും നല്ല ഓഫര്‍ വന്നപ്പോള്‍  മറ്റാരുമായും ആലോചിക്കാതെ എന്റെ മനസിന് ശരി എന്ന് തോന്നിയപ്പോള്‍ അത് സ്വീകരിച്ചു. ആദ്യം സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ ദൈവം അനുഗ്രഹിച്ച് നല്ല രീതിയില്‍ തന്നെ മുന്നോട്ട്പോകുന്നു 

നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടുള്ളൂ

എനിക്ക് അന്നും ഇന്നും പറയാന്‍ ഒരു കാര്യമേ ഉള്ളൂ. എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പക്ഷേ നമുക്ക് പറ്റാത്ത ഒരു കാര്യത്തോട് നമ്മള്‍ നോ പറഞ്ഞാല്‍ അതുകൊണ്ട് ഒരു ദോഷവും സംഭവിക്കില്ല. ഈ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ അന്ന് മൗനമായി എല്ലാം സമ്മതിച്ചിട്ട് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരെന്നെ ചൂഷണം ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. 

പക്ഷേ അതിന് പകരം എനിക്ക് ഈ സിനിമ വേണ്ട, വേറെ അവസരം വരും, നാണം കെട്ടിട്ട് നമുക്കൊന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ അതവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനൊരു സംഘടനയുടെയും ആവശ്യമില്ല. നമ്മളെ ഒരാള്‍ മോശമായി സമീപിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും.

അന്നേരം തന്നെ നമ്മള്‍ നോ പറഞ്ഞാല്‍ പിന്നീടവിടെ ഒന്നും സംഭവിക്കില്ല. ഏറ്റവും സെയ്ഫ് ആയിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ഈ സിനിമാ മേഖല. അവര്‍ നമ്മളെ സമീപിക്കുമായിരിക്കും പക്ഷേ ഒരിക്കലും നമ്മളെ ബലമായി പിടിച്ചു കൊണ്ട് പോയി ബലാത്സംഗം  ചെയ്യില്ല, അനുവാദമില്ലാതെ, നമ്മള്‍ ഡോര്‍ തുറന്നു കൊടുക്കാതെ നമ്മുടെ മുറിയില്‍ ഒരാള്‍ കയറില്ല. മാത്രമല്ല നമ്മുടെ അച്ഛനേയും അമ്മയെയും ആരെ വേണമെങ്കിലും കൂടെ കൊണ്ട് പോരാവുന്ന ഒരു ജോലിയാണിത്. വേറെ എവിടെ പറ്റും അങ്ങനെ.. പക്ഷേ നമ്മള്‍ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യണം. അത്തരത്തില്‍ കിട്ടുന്ന സൗഭാഗ്യങ്ങള്‍ വേണ്ട എന്ന് വച്ചാല്‍ അന്ന് തീരും ഈ പ്രശനങ്ങള്‍. 

പിന്നെ ഈ മീ ടൂ. ഇന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ന് ഞാന്‍ പരാതി നല്‍കണം, പ്രതികരിക്കണം. പക്ഷേ എല്ലാം കഴിഞ്ഞിട്ട് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അന്നെനിക്ക് അങ്ങനെ സംഭവിച്ചു എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. മനുഷ്യന്മാരല്ലേ, അബദ്ധങ്ങള്‍ പറ്റും. നമുക്ക് മൂഡ് സ്വിങ്സ് ഉണ്ടാകും. അന്നേരം ഇതൊന്നും വിഷയല്ല എന്ന തോന്നലില്‍ എന്തെങ്കിലും ചെയ്തിട്ട് അതിന്റെ ബെനിഫിറ്റ് കിട്ടിയതിന് ശേഷം പിന്നെ റിഗ്രറ്റ് ചെയ്തിട്ട് കാര്യമില്ല. സ്വന്തം താല്‍പര്യപ്രകാരം അത് നമ്മള്‍ എടുത്ത തീരുമാനമാണ് ആരും നിര്‍ബന്ധിപ്പിച്ചു അടിച്ചേല്‍പ്പിച്ചതല്ല.

പ്രണയമുണ്ട്, പക്ഷേ പൂത്തുലഞ്ഞിട്ടില്ല

പ്രണയം ഉണ്ടായിരുന്നു. പക്ഷേ തുറന്നു പറയാനുള്ള നിലയില്‍ ആയിട്ടില്ല. എന്താകും അതിന്റെ ഭാവി എന്ന് എനിക്ക് തന്നെ അറിയാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ അത് തുറന്നു പറയുന്നതില്‍ അര്‍ഥമില്ല. പക്ഷേ  ഞാന്‍ ഭയകര റൊമാന്റിക്കായ വ്യക്തിയാണ്. ലവ് മാര്യേജ് വേണമെന്നാണ് ആഗ്രഹം. നല്ലൊരു വ്യക്തയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അതുമായി മുന്നോട്ട്പോകും. പക്ഷേ ഇപ്പോള്‍ ഈ പ്രണയമൊന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന സമയമൊന്നുമല്ല.

Content Highlights : Swasika Vijay Actress Interview Seetha indran Serial Porinju mariam jose Ittymaani Made In china