സംഗതി ഒരല്പം വില്ലത്തരമുള്ള റോളാണെങ്കിലും തിയേറ്ററില്‍നിന്ന് ഇറങ്ങിയപ്പോള്‍ പലരും പറഞ്ഞത് ആ തേപ്പുകാരിയെക്കുറിച്ചാണ്. നിരാശാകാമുകന്മാരില്‍ പലരും പറ്റിച്ചുപോയവളെ വിളിക്കാന്‍ ഒരു പേര് കിട്ടിയ സന്തോഷത്തിലുമായിരുന്നു. 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന സിനിമ നൂറുശതമാനം തിളക്കമാര്‍ന്ന വിജയത്തോടെ ഇപ്പോഴും തിയേറ്ററുകളിലുണ്ട്... സിനിമയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന 'തേപ്പുകാരി' എന്ന് വിളിപ്പേരുള്ള കഥാപാത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റുവാങ്ങി സ്വാസിക ആത്മവിശ്വാസത്തോടെ ചിരിക്കുന്നു.

സിനിമയിലെത്തിയ കാലത്ത് 'അയാളും ഞാനും തമ്മില്‍' ഉള്‍പ്പെടെയുള്ള വിജയചിത്രങ്ങളുടെ ഭാഗമായെങ്കിലും പിന്നീട് അവസരങ്ങള്‍ ലഭിക്കാതെ മൂന്നുവര്‍ഷങ്ങളോളം സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നതിനെക്കുറിച്ചും...പിന്നീട് കൈവന്ന കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ഭാഗ്യചിത്രത്തെക്കുറിച്ചും പൂജ എന്ന സ്വാസികയ്ക്ക് ഒരുപാട് പറയാനുണ്ട്.

തമിഴിലും മലയാളത്തിലുമായി സിനിമകള്‍ ചെയ്തശേഷം ഒരു ഇടവേള. ഈ തിരിച്ചുവരവില്‍ എന്ത്  തോന്നുന്നു?

തിരിച്ചുവരവില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷമായിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തില്‍ ലഭിച്ചത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലഭിച്ച ഒരു നല്ല വേഷമാണിത്. പക്ഷേ, അതു കൊണ്ടുമാത്രം മുന്നോട്ടുള്ള കാര്യങ്ങളില്‍ എത്രമാത്രം മാറ്റം സംഭവിക്കുമെന്ന് പറയാറായിട്ടില്ല. പ്രതീക്ഷിക്കുന്ന മാറ്റങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. പക്ഷേ, അഭിനേത്രി എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ഈ ചിത്രം നേടിത്തന്നു. ആദ്യസിനിമ ചെയ്യുന്ന അതേ ഫീലോടുകൂടി തന്നെയാണ് ഈ ചിത്രത്തെയും സമീപിച്ചത്. ആ വേഷത്തില്‍ പൂര്‍ണ സംതൃപ്തയുമാണ്. 

തേപ്പുകാരി എന്ന കഥാപാത്രത്തെക്കുറിച്ച് ?

സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമല്ല എന്ന് നാദിര്‍ഷിക്ക നേരത്തേ പറഞ്ഞിരുന്നു. എങ്കിലും ആരുചെയ്താലും ആളുകള്‍ക്കിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള ആ കഥാപാത്രത്തിന്റെ സാധ്യതകളെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു. ഒരു കഥാപാത്രം, അതെത്ര ചെറുതാണെങ്കിലും ഒരുദിവസമെങ്കില്‍ ഒരുദിവസം ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പ്രതീക്ഷിച്ചപോലെ ചില രംഗങ്ങളില്‍ മാത്രമേ വന്നുപോയുള്ളൂ. എങ്കിലും അതിന്റെ റിസൾട്ട് വളരെ വലുതായിരുന്നു. തുടക്കക്കാരി എന്ന നിലയിലും അതെനിക്ക് ഗുണം ചെയ്തു.

തേപ്പുകാരി എന്ന പേര് കൂടുതലും പ്രസിദ്ധമായത് ചെറുപ്പക്കാര്‍ക്കിടയിലാണ്. അവരുടെ പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?

സിനിമ കാണാന്‍വേണ്ടി തിയേറ്ററില്‍ പോയിരുന്നു..അവിടെയുള്ള ഭൂരിഭാഗം കോളേജ് കുട്ടികളും സിനിമ കണ്ടിറങ്ങിയശേഷം 'തേപ്പുകാരിച്ചേച്ചി' എന്ന് വിളിച്ചാണ് അടുത്തുവന്നു സംസാരിച്ചത്. ഇപ്പോഴും പുറത്തുപോകുമ്പോള്‍ പലരും 'ദാ തേപ്പുകാരി പോകുന്നു' എന്നൊക്കെ പറഞ്ഞാണ് അടുത്തുവന്നു വിശേഷങ്ങള്‍ ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതും. മിക്കവരുടെ  ജീവിതത്തിലും ഏതെങ്കിലും ഒരിടത്തുെവച്ച് അങ്ങനെയൊരാള്‍ വന്നുപോയിട്ടുണ്ടാകും. തേപ്പുകാരി എന്ന പേര് കേള്‍ക്കുമ്പോള്‍ അതുകൊണ്ടുതന്നെ സന്തോഷമാണ്. പ്രേക്ഷകര്‍ എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിന്റെ തെളിവാണത്.

ഇടവേളയ്ക്കുശേഷം തിരിച്ചുവന്നത് വേറൊരു സ്വാസികയാണ്. രൂപത്തില്‍ ആകെ ഒരു മെയ്ക്കോവര്‍...

അതങ്ങനെ സംഭവിച്ചു പോകുന്നതാണ്. എന്റെ പ്രൊഫഷനെക്കുറിച്ചും രൂപത്തെക്കുറിച്ചും കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയതിന്റെ മാറ്റമാണ് ഇത്... ആദ്യം വന്ന സമയത്ത് ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധ കുറവായിരുന്നു. ഇപ്പോഴത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നെന്ന് മാത്രം.

സിനിമയില്‍നിന്ന് നീണ്ട ഇടവേളയെടുത്തെങ്കിലും സ്വാസിക മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു. ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് മിനിസ്‌ക്രീനിനോടാണോ അതോ ബിഗ് സ്‌ക്രീനിനോടോ?

അടുപ്പം കൂടുതലുള്ളത് മിനി സ്‌ക്രീനിനോടാണ്.  ചെയ്ത ചിത്രങ്ങള്‍ക്കുശേഷം നല്ല അവസരങ്ങളൊന്നും വരാതെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. സീരിയലുകളില്‍ വന്ന ശേഷമാണ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ സന്തോഷം തോന്നിത്തുടങ്ങുന്നത്. സാധാരണ കുടുംബ പ്രേക്ഷകര്‍ എന്നെ അംഗീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയത് അതിനുശേഷമാണ്. കൂടുതല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ കിട്ടുന്നതിനും ഉള്ളിലുള്ള കഴിവുകള്‍ പുറത്തെത്തിക്കുന്നതിനും, സഹായിച്ചത് മിനി സ്‌ക്രീനാണ്.

പുതുവര്‍ഷത്തിലേക്കുള്ള പ്രതീക്ഷകള്‍...?

ഈ വര്‍ഷമാണെങ്കിലും കഴിഞ്ഞ വര്‍ഷമാണെങ്കിലും നല്ല അനുഭവങ്ങളായിരുന്നു. 2015-ലാണ് മിനിസ്‌ക്രീനില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഈവര്‍ഷം നല്ല ചില സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. 'സ്വര്‍ണക്കടുവ' എന്ന ചിത്രത്തില്‍ ബിജു മേനോന്റെ അനിയത്തി വേഷവും വളരെ നല്ല കഥാപാത്രമായിരുന്നു. അതിനുശേഷമാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍ ചെയ്യുന്നത്. 

വരുന്ന വര്‍ഷവും ബ്രേക്കില്ലാതെ പോകണം എന്നാണ് ആഗ്രഹം. സിനിമ എന്ന മാധ്യമത്തെ അത്രമാത്രം ആഗ്രഹിച്ചിരുന്ന ഒരു സമയത്ത് അവസരങ്ങളില്ലാതെ വെറുതേ ഇരിക്കേണ്ടിവരുക എന്നുള്ളത് വേദനിപ്പിക്കുന്ന കാര്യമാണ്. ക്യാമറയുടെ ഫോക്കസില്‍ എപ്പോഴും എന്റെ മുഖവും ഉണ്ടായിരിക്കണേ എന്ന പ്രാര്‍ഥന മാത്രമേയുള്ളൂ....