Biju Menon
ഫോട്ടോ: വി.പി. പ്രവീൺ കുമാർ 

'പുലി' ഇറങ്ങിയ മലയാളസിനിമയില്‍ സ്വര്‍ണക്കടുവയുമായാണ് ബിജുമേനോനും കൂട്ടുകാരും കടന്നുവന്നത്. പ്രേക്ഷകമനസ്സിനെ കീഴടക്കാന്‍ താരം തൊടുത്തുവിടുന്ന വജ്രായുധം നര്‍മമാണ്.  മലയാള സിനിമയില്‍ പുതുമ തേടുന്ന ബിജുമേനോന്റെ വിശേഷങ്ങളിലൂടെ...

പുലിമുരുകനോട് ഏറ്റുമുട്ടാന്‍ വേണ്ടിയാണോ സ്വര്‍ണക്കടുവയെ ഇറക്കിയത്?

പുലിയുടെ ആക്രമണമെല്ലാം കഴിഞ്ഞില്ല. അതിനിടയില്‍ ബാക്കിയുള്ള ഇരതേടി വന്നതാണ്. പുലിയോട് ഏറ്റുമുട്ടാനൊന്നും നമ്മള്‍ ആളല്ല. ഏറെ നെഗറ്റീവും പിന്നെ പോസിറ്റീവും ഷേഡുള്ള റിനി ഐപ്പ് എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയും തിരിച്ചറിവുമാണ് സ്വര്‍ണ്ണക്കടുവ പറഞ്ഞത്. നമ്മുടെ ഉള്ളിലെല്ലാം ഇത്തരം കാര്യങ്ങളുണ്ട്. വിവേചനബുദ്ധിയില്‍ നമ്മളെല്ലാം ക്രമീകരിക്കുന്നു എന്നുമാത്രം. ജോസ് തോമസ് ഒരുക്കിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും സന്തോഷിപ്പിച്ചു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം.

പുലിമുരുകനു മുന്‍പേ 'മരുഭൂമിയിലെ ആന' എന്ന ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ പുലിയുമായി വന്ന താരമാണ് ബിജുമേനോന്‍?

ശരിയാണ്. ദോഹയിലെ ഷെയ്ഖ് വളര്‍ത്തുന്ന പുലിക്കുട്ടിയെയാണ് ചിത്രീകരണത്തിനായി ഞങ്ങള്‍ക്ക് കിട്ടിയത്. വേട്ടയാടിപ്പിടിച്ച് ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത പുലിയായതിനാല്‍ അത്ര ആക്രമിക്കില്ല. പൂച്ചക്കുട്ടിയെപ്പോലെ നമ്മളോട് ഇണങ്ങിനില്‍ക്കും. ഷൂട്ടിങ്ങിന്റെ അവസാനദിവസം അത് വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോയി. ഹൈവേ ബ്ലോക്കായി. സ്‌കൂളുകള്‍ക്ക് അവധിയായി. അങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ആ പുലി ഉണ്ടാക്കിയിരുന്നു.

നായകന്‍, പ്രതിനായകന്‍ എന്നീ ഇമേജിലൂടെ സഞ്ചരിച്ച്, ഹ്യൂമര്‍ ഫ്ളേവറുള്ള കഥാപാത്രങ്ങളിലാണ് ബിജുമേനോന്‍ എത്തിനില്‍ക്കുന്നത്?

എല്ലാതരം കഥാപാത്രങ്ങളും ഈ വര്‍ഷം എനിക്ക് കിട്ടിയിട്ടുണ്ട്. രഞ്ജിയേട്ടന്റെ ലീലയിലെ കുട്ടിയപ്പന്‍ ഞാന്‍ അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. നര്‍മരസപ്രധാനമായ ചിത്രങ്ങളും അതിനിടയില്‍ ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങളില്‍ കോമഡിക്കുവേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. സിറ്റ്വേഷന്‍ കോമഡിയാണ് ആ ചിത്രങ്ങളുടെ ശക്തി.

അതിനിടയില്‍ ഓലപ്പീപ്പി' എന്ന വ്യത്യസ്ത ചിത്രത്തിലും അഭിനയിച്ചില്ലേ?

ഏറെ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഓഫ് ബീറ്റ് ചിത്രമാണത്. ചിത്രം തിയ്യറ്ററിലെത്തി വന്നുപോയത് പലരും അറിഞ്ഞില്ല. ഇനി അത് ചാനലില്‍ വരുമ്പോഴാണ് ആ ചിത്രത്തിന്റെ നല്ല പ്രതികരണം വരിക. എനിക്കേറെ ഇഷ്ടപ്പെട്ട ചിത്രമാണത്. അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയാതെ പോകുന്നതില്‍ സങ്കടമുണ്ട്.

രഞ്ജന്‍ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന പുതിയ ചിത്രത്തെക്കുറിച്ച്?

നഷ്ടമാകുന്ന നമ്മുടെ നാടിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍കൂടിയാണീ ചിത്രം. പ്രായവ്യത്യാസമില്ലാതെ വൈകുന്നേരം വന്നിരിക്കാനും കളിക്കാനും കഥ പറയാനുമുള്ള മൈതാനങ്ങള്‍ നമ്മുടെ നാട്ടില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വികസനത്തിനൊപ്പം നമ്മള്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിത്. പരസ്പരബന്ധമുള്ള ഒരുകൂട്ടം നന്മയുള്ള മനുഷ്യരുടെ ഗ്രാമത്തിലെ ഇറിഗേഷന്‍ ഓഫീസറാണ് ചിത്രത്തിലെ നായകന്‍. ജോലി കഴിഞ്ഞ് വന്നാല്‍ അയാള്‍ നാട്ടിലേക്ക് ഇറങ്ങും. പിന്നെ കല്യാണവീട്ടില്‍ പന്തലിടാനും മരണവീട്ടിലും എങ്ങും അയാളുടെ സാന്നിധ്യമുണ്ട്. ഗ്രാമത്തില്‍ മൈതാനത്തിലെ വൈകുന്നേരങ്ങളിലെ സംഗമത്തിലാണ് ഈ നാട്ടുകാര്യങ്ങള്‍ അവര്‍ പങ്കുവെക്കുന്നത്. നന്മയുടെ ആ അന്തരീക്ഷം നഷ്ടമാകുന്നതിന്റെ വേവലാതികളിലൂടെ സഞ്ചരിക്കുന്ന ഏറെ നന്മയുള്ള ചിത്രമാണിത്.

ബിജുമേനോന്‍ നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി തിയ്യറ്ററുകളിലെത്തുകയാണ്. ഈ യാത്രയില്‍ ടെന്‍ഷനുണ്ടോ?

വ്യത്യസ്തമായ ചിത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ്. അതിനിടയില്‍ വീട്ടില്‍പോകാന്‍ കഴിയുന്നില്ല എന്ന ടെന്‍ഷനുണ്ട്. പിന്നെ നായകന്‍ കളിക്കുമ്പോള്‍ വിജയപരാജയങ്ങള്‍ ബാധിക്കും. അത് തടുക്കാന്‍ കഴിയില്ല. ഈ ജോലിയുടെ ഭാഗമാണത്.

മലയാള ഇന്‍ഡസ്ട്രിയിലെ സീനിയര്‍ ടെക്നീഷ്യന്‍മാര്‍ക്കൊപ്പവും ന്യൂജെന്നിനൊപ്പവും കൂടുതല്‍ വര്‍ക്ക് ചെയ്ത താരമാണ് ബിജുമേനോന്‍. എങ്ങനെ അവരുടെ പ്രിയപ്പെട്ടവനാകുന്നു?

പുതിയ കുട്ടികള്‍ ഗഹനമായ വിഷയവുമായി സിനിമയെ സമീപിക്കുന്നവരല്ല. ആ കൂട്ടത്തില്‍ വലിയ കഥയെഴുത്തുകാരുമില്ല. വലിയ ഭാരമുണ്ടാകില്ല. കേള്‍ക്കുമ്പോള്‍ രസം തോന്നുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ കോര്‍ത്തെടുത്താണ് അവര്‍ സിനിമയൊരുക്കുന്നത്. ആ കൂട്ടായ്മയില്‍ ഒരു ഫ്രഷ്നസ്സ് ഉണ്ട്. അത് ശരിക്കും ആസ്വദിക്കാന്‍ ഞാന്‍ പഠിച്ചു.

ഈ വര്‍ഷത്തെ പ്രതീക്ഷകള്‍?

നീരജ്-അജുവര്‍ഗീസ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'ലവകുശ' എന്ന ചിത്രമുണ്ട്. അതിനുശേഷം തസ്‌കരന്‍ എന്ന മണിയന്‍പിള്ളയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം. ജീത്തു ജോസഫാണ് ആ ചിത്രം ഒരുക്കുന്നത്.