ഴുത്തിലെ മെറ്റല്‍ മാല, ഒരു കാതില്‍ തൂങ്ങിയാടുന്ന കുരിശു കമ്മല്‍, തോളറ്റം വരെ ഇറങ്ങിക്കിടക്കുന്ന തലമുടി, കീറിയ ജീന്‍സ്, ചുണ്ടില്‍ എരിയുന്ന സിഗരറ്റ്...ബെംഗ്‌ളൂരുവിന്റെ രാത്രികളില്‍ ഒളിപ്പിച്ചുവെച്ച നിഗൂഢതയെ മനോഹരമായി ചിത്രീകരിച്ച ജയരാജിന്റെ 'ജോണിവാക്ക'റെന്ന ചിത്രത്തിലെ സ്വാമിയെ ആര്‍ക്കും അങ്ങനെ മറക്കാനാകില്ല.

മയക്കുമരുന്നിന് അടിമപ്പെട്ട ഒരു ഗ്യാങുമായി കോളേജിനെ അടക്കിഭരിച്ച സ്വാമിയും സംഘവും. എസ്.പി വെങ്കിടേഷ് ഒരുക്കിയ പള്ളിമണിയുടെ ശബ്ദം കലര്‍ന്ന പശ്ചാത്തല സംഗീതത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സ്വാമിയെ ചുറ്റിപ്പറ്റി എന്തോ ദുരൂഹത ഒളിച്ചിരിപ്പുണ്ടെന്നു നമുക്ക് തോന്നും. അതിനുശേഷം ജയരാജിന്റെ തന്നെ 'ഹൈവേ'യിലും 'കാമെല്‍ സഫാരി'യിലും  സ്വാമിയെ നമ്മള്‍ കണ്ടു. 

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാക്കളെ ലഹരി പിടിപ്പിച്ച ആ 'ജോണി വാക്കറി'ലെ സ്വാമിയെന്ന കമാല്‍ ഗൗര്‍ ഇപ്പോള്‍ ശരിക്കുമൊരു സ്വാമിയാണ്. ആത്മീതയുടെ വഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തിലെ ആഡംബരങ്ങള്‍ ഒഴിവാക്കി കര്‍ണാടകത്തിലെ ഗോകര്‍ണത്തിലെ നിര്‍വാണ ബീച്ചിനരികിലാണ് കമാല്‍ ഗൗര്‍ തന്റെ ജീവിതം ആസ്വദിക്കുന്നത്.

ഒരു ആശ്രമത്തിന്റെ അന്തരീക്ഷത്തിലുള്ള സ്ഥലത്ത് കമാലിന് കൂട്ടായുള്ളത് ആറു പട്ടികളും ഒരു കുതിരയുമാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ്, കടലില്‍ ഡോള്‍ഫിനൊപ്പം കളിച്ച് തന്റെ ജീവിതം ഒരു സിനിമയുടെ ക്ലൈമാക്‌സിനേക്കാള്‍ സംഭവബഹുലമാക്കുകയാണ് കമാല്‍ ഗൗര്‍. 

ആദ്യ സിനിമാ സംവിധാനത്തെ കുറിച്ചും മമ്മൂട്ടിയോടും സുരേഷ് ഗോപിയോടുമൊപ്പം ചെലവഴിച്ച ദിവസത്തെ കുറിച്ചും ജയരാജെന്ന സംവിധായകനെ കുറിച്ചും കമാല്‍ ഗൗര്‍ മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.

ജോണി വാക്കറില്‍ എത്തിയത് എങ്ങനെയാണ്?

എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു സിനിമ പോലും കണ്ടിട്ടില്ല. ഒരു സിനിമാ നടനാകുന്നതിനെക്കുറിച്ച് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ബെംഗ്‌ളൂരുവിലെ ഒരു പബ്ബില്‍ വെച്ചാണ് ജയരാജ് എന്നെ ആദ്യമായി കാണുന്നത്. അത് 1992ലായിരുന്നു. അന്നേ എനിക്ക് നീണ്ട മുടിയുണ്ടായിരുന്നു. കാതില്‍ കമ്മല്‍ ധരിക്കുന്ന, കീറിയ ജീന്‍സ് ഇടുന്ന ശീലം അന്നേ ഉണ്ടായിരുന്നു. മുഖത്ത് എപ്പോഴും ഒരു വില്ലന്റെ ഭാവമായിരുന്നു. ബെംഗ്‌ളൂരുവിലെ റൗഡികളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു അത്.

അന്ന് ബെംഗ്‌ളൂരുവിലെ ജീവിതം വളരെ തിരക്കുപിടിച്ചതായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒരു ബിസിനസ്മാനായി മാറിയ ഞാന്‍ ഒഴിവുസമയമെല്ലാം പബ്ബില്‍ ചെലവഴിച്ചു. കാറില്‍ നഗരം ചുറ്റിക്കറങ്ങി ഒരു നൈറ്റ് ക്ലബ്ബില്‍ നിന്ന് മറ്റൊരു നൈറ്റ് ക്ലബ്ബിലേക്കുള്ള യാത്രയായിരുന്നു എന്റെ പ്രധാന വിനോദം. പക്ഷേ ജീവിതത്തില്‍ ഞാന്‍ ഇതുവരെ സിഗരറ്റോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. ഒമ്പതു മുതല്‍ ഏഴു വരെ ബിസിനിസ് ആവശ്യത്തിനായി സമയം മാറ്റിവെച്ച് ഏഴു മുതല്‍ ഒമ്പത് വരെ ജിമ്മില്‍ പോകുകയായിരുന്നു പതിവ്. അതിന് ശേഷമാണ് എല്ലാവരും പബ്ബില്‍ ഒത്തുകൂടുക. 

ജയരാജ് എന്നെ പബ്ബില്‍വെച്ച് കണ്ടതിന്റെ അടുത്ത ദിവസം വിളിപ്പിച്ചു. ഒരു മോഡല്‍ കാസ്റ്റിങ് ഏജന്‍സി വഴിയാണ് ബന്ധപ്പെട്ടത്. മമ്മൂട്ടി അഭിനയിക്കുന്ന ജോണി വാക്കറില്‍ വില്ലന്റെ കഥാപാത്രം ചെയ്യാന്‍ എന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് അവര്‍ പറഞ്ഞു.

ചെറിയ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ജയരാജിനെ കാണാന്‍ പോയത്. സ്വാമിയെന്ന കഥാപാത്രത്തിന് ആവശ്യമായ വസ്തുക്കളെല്ലാം എന്റെ തന്നെ കൈയിലുണ്ടായിരുന്നു. പബ്ബില്‍ പോകുമ്പോള്‍ ഞാനിടാറുള്ള സാധാരണ ഡ്രസ്സ്, അതുപോലെ എന്റെ പിക്ക് അപ്പ് ട്രക്കും ടാറ്റ മൊബൈലും ആ സിനിമക്ക് വേണ്ടി ഉപയോഗിച്ചു. അതുകൊണ്ട് നിര്‍മ്മാതാവിന് എന്റെ കഥാപാത്രത്തിന് വേണ്ടി കുറച്ച് പണം മാത്രമേ ചെലവാക്കേണ്ടി വന്നുള്ളൂ. 

kamal gaurമമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിങും ലൊക്കേഷനിലെ വിശേഷങ്ങളും?

ജയരാജിനെ പോയി കണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. ക്യാമറക്ക് മുന്നില്‍ അഭിനയിച്ചു തുടങ്ങിയതോടെ അതൊരു നിയോഗമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അതല്ലെങ്കില്‍ സിനിമ ഒരിക്കല്‍ പോലും, സ്വപ്‌നത്തില്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ ക്യാമറക്ക് മുന്നില്‍ നില്‍ക്കും? ചിത്രത്തിന്റെ മിക്ക ഭാഗവും ചിത്രീകരിച്ചത് ബാംഗ്ലൂരിലായിരുന്നു. ഷൂട്ടിങ് വളരെ എളുപ്പമായാണ് തോന്നിയത്. ലൊക്കേഷനില്‍ ഞാന്‍ രാവിലെ ഒമ്പത് മണിക്ക് എത്തും. അതിനിടയില്‍ മമ്മൂട്ടിയുമായി ഇടക്കൊക്കെ സംസാരിക്കും. അന്ന് മമ്മൂട്ടിയുടെ കൈയില്‍ സൂം ലെന്‍സുള്ള ഒരു ക്യാമറയുണ്ടായിരുന്നു.

അതില്‍ ഫോട്ടോയെടുത്ത് അദ്ദേഹം എനിക്ക് സമ്മാനിക്കും. ആ സമയത്ത് മമ്മൂട്ടി മലയാള സിനിമയിലെ മെഗാസ്റ്റാറാണെന്ന കാര്യവും അദ്ദേഹത്തിന് ഇത്രത്തോളം ആരാധകരുണ്ടെന്നും എനിക്കറിയില്ലായിരുന്നു. താരജാഡയൊന്നുമില്ലാതെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. മൂന്ന് മാസത്തിന് ശേഷം 'ജോണി വാക്കര്‍' തിയേറ്ററുകളിലെത്തി. സ്വാമിയെന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് മുതല്‍ ജയരാജ് എന്റെ അടുത്ത സുഹൃത്താണ്. കേരളത്തില്‍ ഒരുപാട് ആരാധകരെയും ആ സിനിമ സമ്മാനിച്ചു. വിമാനത്തില്‍ വെച്ച് സ്വാമിയല്ലേ എന്ന് ചോദിച്ച് മലയാളികള്‍ അടുത്തു വന്ന് സംസാരിച്ച കുറേ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. 

'ഹൈവേ'യിലേക്കുള്ള വരവ്?

'ഹൈവേ'യിലും വില്ലന്‍ കഥാപാത്രമാണ് ജയരാജ് എനിക്ക് കരുതിവെച്ചിരുന്നത്. അന്ന് സുരേഷ് ഗോപിയുമായി നല്ല കൂട്ടായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് കമ്പനിയായി. വൈകുന്നേരം ഷൂട്ടിങ് കഴിയുമ്പോള്‍ അദ്ദേഹം എന്നെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിക്കും. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരിക്കും. പിന്നീട് ഞാന്‍ മുരളിയുടെ കൂടെ 'ജന'ത്തിലാണ് അഭിനയിച്ചത്. ആ സിനിമ പക്ഷേ വന്‍ പരാജയമായിരുന്നു. ഒരു നടനെന്ന നിലയില്‍ എനിക്ക് ഒരു ഗുണവും ചെയ്തില്ല.

ആ സമയത്ത് കന്നഡയില്‍ നിന്നും തമിഴില്‍ നിന്നും ഓഫറുകള്‍ വന്നു. ചില ഇറ്റാലിയന്‍ സിനിമകളിലും അഭിനയിച്ചു. അതിനിടയിലാണ് ഞാന്‍ മാരി ക്രിസ്റ്റിനെ പരിചയപ്പെടുന്നത്. സ്വിസര്‍ലന്റുകാരിയായ മാരി ഇന്ത്യയില്‍ ഭരതനാട്യം പഠിക്കാന്‍ വന്നതായിരുന്നു. 1996 ല്‍ ഞങ്ങള്‍ വിവാഹിതരായി. അതിനു ശേഷം ബാക്കിയുള്ള പ്രൊജക്റ്റുകളെല്ലാം അവസാനിപ്പിച്ച് ഞങ്ങളിരുവരും സ്വിറ്റ്‌സര്‍ലന്റിലേക്ക് പറന്നു. തെന്നിന്ത്യന്‍ സിനിമയിലെ എന്റെ നാല് വര്‍ഷത്തിന് അവിടെ അവസാനിക്കുകയായിരുന്നു. അവിടെ ബിസിനസിനോടൊപ്പം ലോകം ചുറ്റലായിരുന്നു എന്റെ ജോലി. അത് ഞാന്‍ നന്നായി ആസ്വദിച്ചു.

സംവിധാന സംരഭം?

സ്വിറ്റ്‌സര്‍ലാന്റ് ജീവിതത്തിനിടയില്‍ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന അതിയായ ആഗ്രഹമുണ്ടായി. ആ വിഷമം മറികടക്കാനാണ് 'എംപതി' എന്ന് പേരിട്ട ഇംഗ്ലീഷ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് ആ ചിത്രത്തില്‍ പറയുന്നതും. ഞാന്‍ കണ്ട കാഴ്ച്ചകള്‍. ആ സിനിമയില്‍ എയ്ഡ്‌സ് ബാധിച്ചവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞത്. എയ്ഡ്‌സ് രോഗം വന്നവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമായിരുന്നു 'എംപതി' എന്ന ചിത്രം.

kamal gaur
കമാല്‍ ഗൗറിന്റെ ഭാര്യ

 

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്?

2012 ലാണ് ഞാന്‍ വീണ്ടും ഇന്ത്യയിലെത്തുന്നത്. ഒരു കടല്‍തീരമുള്ള സ്ഥലത്ത് സമാധാനത്തോടെ ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഗോവയാണ് അതിനു ഞാന്‍ തെരഞ്ഞെടുത്തത്. ബെംഗ്‌ളൂരു കഴിഞ്ഞാല്‍ പിന്നെ എനിക്കറിയാവുന്ന സ്ഥലവും ഗോവയായിരുന്നു. ഫ്‌ളീ മാര്‍ക്കറ്റിന് അടുത്തുള്ള അഞ്ജുന ബീച്ചിനരികിലായിരുന്നു പിന്നീട് എന്റെ ജീവിതം. പിന്നീട് ഈ സ്ഥലം വിദേശ ടൂറിസ്റ്റുകളുടെ തിരക്ക് മൂലം ബഹളത്തിലമര്‍ന്നപ്പോള്‍ ഞാന്‍ ഗോകര്‍ണത്തിലേക്ക് മാറുകയായിരുന്നു.