‘കരയിപ്പിച്ച ജീവിതാനുഭവങ്ങളാണ് എന്നിലെ ചിരിപ്പിക്കുന്ന നടനെ സൃഷ്ടിച്ചത്’ -ഒരു വാചകംകൊണ്ട് സുരാജ് സ്വയം അടയാളപ്പെടുത്തി. പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയില്ലായിരുന്ന കഷ്ടബാല്യവും ദുരിതകൗമാരവും കടന്നാണ് സുരാജിലെ നടൻ ബിഗ്സ്‌ക്രീനിൽ ഇടംനേടുന്നത്. ജീവിതം നൽകിയ വേദനകളെ ചിരികലർത്തി അവതരിപ്പിക്കാനുള്ള മിടുക്കായിരുന്നു അഭിനയവഴിയിലെ കരുത്ത്. പരുക്കനായ അച്ഛന്റെ അടികൊണ്ട്‌ വളർന്ന ബാല്യത്തെക്കുറിച്ചും കൈയൊടിഞ്ഞ് പട്ടാളത്തിലേക്കുള്ള വഴിയടഞ്ഞതും സ്റ്റേജ്ഷോയാത്രക്കിടയിലുണ്ടായ വാഹനാപകടവും-ഒടിഞ്ഞുതൂങ്ങിയ കാലും ഒഴിഞ്ഞവയറുമായി നടന്നു പിന്നിട്ട കാലത്തെകുറിച്ചുമെല്ലാം പറയുമ്പോഴും  സുരാജ് നർമം കൈവിടുന്നില്ല. ഒരു ദേശീയപുരസ്കാരത്തിന്റെയും മൂന്ന് സംസ്ഥാന അവാർഡിന്റെയും മുൻപിലിരുന്ന് പുതിയ വിശേഷങ്ങൾ പങ്കുെവയ്ക്കുമ്പോൾ സുരാജ് നാട്യങ്ങളില്ലാത്ത നടനായി.

ഈ അവധിക്കാലത്ത് സുരാജ് നായകനാകുന്ന മൂന്നുചിത്രമാണ് പ്രദർശനത്തിനെത്തുന്നത്. ആക്ഷേപഹാസ്യത്തിൽ കഥപറയുന്ന ‘ആഭാസം’, തൊട്ടുപിറകെ എത്തുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, തൃശ്ശൂരിൽ ചിത്രീകരിച്ച ‘സവാരി’ എന്നിവയെല്ലാമാണ് സുരാജിന്റെ അവധിക്കാലചിത്രങ്ങൾ.
 
വിഷുക്കാലചിത്രങ്ങളിൽ നായകനായി മാത്രമല്ല, ഗായകനായും സുരാജിനെ കാണുന്നു. പുതിയ ചുവടുവെപ്പിനെക്കുറിച്ച്...

പാടാൻ അറിയുമോ എന്ന്‌ സംവിധായകൻ ചോദിച്ചപ്പോൾ അറിയാൻ പാടില്ല എന്ന മറുപടിയാണ് പറഞ്ഞത്. കുട്ടൻപിള്ളയുടെ ശിവരാത്രിയെന്ന പുതിയ ചിത്രത്തിനുവേണ്ടിയായിരുന്നു പാട്ട്. കഥയിൽ ഒരിടത്ത്  അങ്ങനെയൊരു ഗാനം അനിവാര്യമാണെന്നും അത്‌ ഞാൻതന്നെ പാടിയാൽ നന്നായിരിക്കുമെന്നുമാണ് സംവിധായകൻ പറഞ്ഞത്. സയനോരയായിരുന്നു സംഗീതസംവിധാനം, സ്റ്റുഡിയോയിലെത്തിയ എന്നോട് അവർ, ചോദിച്ചത്‌ സി മൈനർ വേണോ എ മൈനർ വേണോ എന്നാണ്. അതിനെക്കുറിച്ചൊക്കെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പറഞ്ഞുതന്നത് പാടിക്കൊടുത്തു. ആർക്കും പാടാൻ കഴിയുന്ന ലളിതമായ വരികളും സംഗീതവുമായിരുന്നു ‘എന്റെ ശിവനേ...’ എന്ന പാട്ടിന്റേത്. ലാലേട്ടനൊക്കെ സ്റ്റുഡിയോയിൽവന്ന്  എന്റെ ആദ്യപാട്ട് കേട്ടതിൽ വലിയ സന്തോഷമുണ്ട്.

തമാശകഥാപാത്രങ്ങൾക്ക് ഇടവേളനൽകി, അടുത്തിടെ ഗൗരവമുള്ള വേഷങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതായി തോന്നുന്നു

സിനിമയിൽ എല്ലാം സംഭവിക്കുന്നതാണ്. കോമഡി അവതരിപ്പിച്ച് കൈയടിനേടിയപ്പോഴും മികച്ച ഗൗരവമുള്ള വേഷങ്ങൾ ചെയ്യണമെന്ന്  ആഗ്രഹിച്ചിരുന്നു. സംവിധായകൻ രഞ്ജിയേട്ടനെപ്പോലുള്ള പലരോടും മുൻപ് അത് പറയുകയും ചെയ്തിട്ടുണ്ട്, സമയമാകുമ്പോൾ മികച്ച കഥാപാത്രങ്ങൾ നമ്മെ തേടിവരുമെന്നാണ്  അന്നവരെല്ലാം പറഞ്ഞത്. തമാശവേഷങ്ങളെ ബോധപൂർവം ഒഴിവാക്കി നിർത്തുന്നൊന്നുമില്ല. ദേശീയപുരസ്കാരം ലഭിച്ചശേഷം ഒരുപാട് ഓഫ്ബീറ്റ് കഥകൾ കേട്ടിരുന്നു. എന്നാൽ, അവാർഡിനുവേണ്ടി ഒരു സിനിമയുമായി ഇറങ്ങിയിട്ടുണ്ട് എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കാൻ എനിക്കിഷ്ടമല്ല. ആദ്യകേൾവിയിൽത്തന്നെ ആവേശം നൽകുന്ന  കഥയ്ക്കും കഥാപാത്രത്തിനുമൊപ്പം നീങ്ങുന്നതാണ്  രീതി.

ദേശീയപുരസ്കാരം നേടിത്തന്ന ‘പേരറിയാത്തവർ’ എന്ന സിനിമ അധികമാരും കണ്ടിട്ടില്ല...

ദേശീയപുരസ്കാരം നേടിത്തന്ന സിനിമ പ്രേക്ഷകരിലേക്കെത്താത്തതിൽ വിഷമമുണ്ട്, സിനിമകണ്ടവർ ‘പടം നന്നായി, അഭിനയം ഉഗ്രനായി’ എന്നെല്ലാം പറയുമ്പോൾ കിട്ടുന്ന സന്തോഷംതന്നെയാണ് ഒരു നടന് ഏറ്റവും വലുത്. പടം കൂടുതലാരും കാണാത്തതുകൊണ്ടാണ് ഈ കോമാളിക്കെന്തിനാ പുരസ്കാരം നൽകിയതെന്ന ചോദ്യം ചിലരിൽനിന്നെങ്കിലും കേൾക്കേണ്ടിവന്നത്. ‘പേരറിയാത്തവർ’ എല്ലാവരും കാണണമെന്നും ഞാനതിൽ ചെയ്തതെന്താണെന്ന് പ്രക്ഷേകർ മനസ്സിലാക്കണമെന്നും ആഗ്രഹമുണ്ട്. സിനിമയിൽ ഗൗരവമുള്ള സീനുകളിൽ അഭിനയിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ  ആഹ്ലാദിക്കാറുണ്ട്. എബ്രിഡ് ഷൈൻ ചിത്രം ആക്‌ഷൻ ഹീറോ ബിജുവിലെ വേഷം അങ്ങനെയൊന്നായിരുന്നു. ‘രണ്ടുസീനേയുള്ളൂ, ചെയ്യാൻ പറ്റുമോ’യെന്നാണ് സംവിധായകൻ ചോദിച്ചത്. തിയേറ്ററിൽ കഥാപാത്രത്തിന്റെ പ്രകടനത്തിന് വലിയ കൈയടി കിട്ടി. പ്രകടനം നന്നായിട്ടുണ്ടെന്ന്  പ്രേക്ഷകരെക്കൊണ്ട് പറയിക്കാൻ കഴിഞ്ഞു.

സിനിമയിൽ ഗൗരവമുള്ള വേഷങ്ങളിലേക്ക്  പരിഗണിക്കപ്പെട്ടതിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്.

എന്തുകൊണ്ട്‌ എന്നെ സീരിയസ് വേഷങ്ങൾ ഏൽപ്പിച്ചെന്ന് ഇതുവരെ ഞാൻ ആരോടും ചോദിച്ചിട്ടില്ല.  ഗൗരവമുള്ള വേഷങ്ങൾ ഏറ്റെടുക്കാനായി  മനസ്സ് ഒരുക്കമായിരുന്നു. ഒരു നടനെന്നനിലയിൽ അതെല്ലാം എനിക്ക് അഭിമാനം നൽകുന്ന കാര്യമാണ്. സമയമൊത്തുവന്നപ്പോൾ കഥാപാത്രങ്ങൾ എന്നെത്തേടിവന്നെന്ന് വിശ്വസിക്കാനാണിഷ്ടം. ദേശീയപുരസ്കാരം നേടിത്തന്ന ചിത്രത്തിലേക്കുപോലും എന്നെ പരിഗണിക്കാനുള്ള കാരണമെന്താണെന്ന് ഞാനിതുവരെ അതിന്റെ സംവിധായകനോട് ചോദിച്ചിട്ടില്ല.  ഡോ. ബിജുവിൽനിന്ന്‌ കഥകേട്ടപ്പോൾ അതിലെ ശുചീകരണത്തൊഴിലാളികൾ എനിക്ക്‌ നല്ല പരിചയമുള്ളവരാണെന്നുതോന്നി. മിമിക്രിയുമായി നടക്കുന്ന കാലത്ത്‌ കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ബസ്‌സ്റ്റാൻഡുകളിലും ഞാൻ പേപ്പർ വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ഉണരുമ്പോൾ കാണുക മിക്കവാറും ബസ്‌സ്റ്റാൻഡ് വൃത്തിയാക്കാൻ വരുന്ന മുനിസിപ്പാലിറ്റി ജീവനക്കാരെയോ  പത്രവില്പനക്കാരെയോ ആയിരിക്കും. അവരുടെ കൂടെയിരുന്ന് എന്റെ ബസ് വരുന്നവരെ ഞാൻ വർത്തമാനം പറഞ്ഞിട്ടുണ്ട്  അങ്ങനെ അവരുടെ സാഹചര്യങ്ങളും ജീവിതപ്രശ്നങ്ങളുമെല്ലാം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ജീവിതം നൽകിയ അനുഭവങ്ങളാണ് അതെല്ലാം അവതരിപ്പിക്കാനുള്ള കരുത്തുനൽകിയത്.

അവധിക്കാലചിത്രങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ

പുതുമ അവകാശപ്പെടാവുന്ന കുറച്ച്‌ നല്ലചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. പോലീസ് കോൺസ്റ്റബിളായി വേഷമിട്ട കുട്ടൻപിള്ളയുടെ ശിവരാത്രിയാണ് അടുത്ത റിലീസ്. വീടിനകത്തും പുറത്തും പരുക്കനായ പോലീസുകാരൻ, കുട്ടൻപിള്ളയെന്ന കഥാപാത്രം തന്നെയാണ് സിനിമയിലേക്ക് അടുപ്പിച്ച ഘടകം.എന്റെ അച്ഛൻ പരുക്കനായൊരു പട്ടാളക്കാരനായിരുന്നു. കഥകേട്ടപ്പോൾ അച്ഛനെയാണ് ഓർമവന്നത്, കഥാപാത്രമായി മേക്കപ്പിട്ട് കണ്ണാടിക്കുമുൻപിൽ നിന്നപ്പോൾ അച്ഛന്റെ രൂപംതന്നെയാണ് മുന്നിലുള്ളതെന്ന്‌ തോന്നി. നവാഗതനായ അശോക്‌നായർ സംവിധാനംചെയ്യുന്ന സവാരിയാണ് മറ്റൊരു അവധിക്കാല ചിത്രം. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ക്ഷേത്രഭാരവാഹികളുടെ കൈയാളായി കഴിയുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. സവാരിയെന്ന് എല്ലാവരും വിളിക്കുന്ന അയാളുടെ ശരിയായ പേരുപോലും ആർക്കും അറിയില്ല. മനുഷ്യസ്നേഹിയായ രണ്ടുപൈസകുറവുള്ള കഥാപാത്രമാണ് സവാരി. മോഹൻലാലിനൊപ്പം അഭിനയിച്ച ത്രില്ലർ ചിത്രം ‘നീരാളി’യാണ്  ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സിനിമ.