പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സുരാജ് ഇമേജ് ബ്രേക്ക് ചെയ്തു. ഹാസ്യനടന്‍ എന്ന ഇമേജാണ് ബുദ്ധിപൂര്‍വമായ ഇടപെടല്‍കൊണ്ട് സുരാജ് പൊളിച്ചടുക്കിയത്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയുള്ള ആ മാറ്റം ദേശീയ പുരസ്‌കാരത്തിലൂടെ സിനിമാലോകം വരവേറ്റു. പിന്നീടുള്ള താരത്തിന്റെ സെലക്ഷന്‍ ഏറെ വ്യത്യസ്തമായിരുന്നു. ആ ജൈത്രയാത്ര ആക്ഷന്‍ഹീറോ ബിജു, ടിയാന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും വരെ നീളുന്നു. തൊണ്ടിമുതലില്‍ നായകതുല്യമായ കഥാപാത്രത്തെയാണ് കിട്ടിയത്. പുതുമകള്‍ തേടുന്ന യാത്രയെക്കുറിച്ച് സുരാജ് സംസാരിക്കുന്നു
 
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. എങ്ങനെയാണ് ആ കൂട്ടായ്മയില്‍ 
എത്തിയത് ?
 
മഹേഷിന്റെ പ്രതികാരം കണ്ടതു മുതല്‍ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ വലിയ ഫാനാണ് ഞാന്‍. അടുത്ത ചിത്രത്തില്‍ ഒരു സീനെങ്കിലും ചോദിക്കാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു. പക്ഷേ ഞാന്‍ അങ്ങോട്ട് വിളിക്കുന്നതിനുമുമ്പേ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. ഞാന്‍ കരുതിയത് എന്തെങ്കിലും സഹായം ചോദിക്കാനായിരിക്കുമെന്നാണ്. അതൊന്നും തിരക്കാതെ അടുത്ത ചിത്രത്തില്‍ ഒരവസരം ഞാന്‍ ചോദിച്ചു. നോക്കാം, നമുക്കൊന്ന് നേരിട്ട് കാണണം... എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം എന്നെ കാണാന്‍ എത്തി. അപ്പോഴാണ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം എനിക്കുനേരെ നീട്ടിയതെന്ന കാര്യം തിരിച്ചറിഞ്ഞത്. അതിനുവേണ്ടി രണ്ട് ചിത്രത്തിന്റെ ഡേറ്റ് ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. ഒരു പൂ ചോദിച്ചപ്പോള്‍ ദിലീഷ് എനിക്കൊരു പൂക്കാലം തന്നു.
 
കഥാപാത്രത്തിനുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍...?
 
ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ അവതരിപ്പിച്ച പവിത്രന്‍ എന്ന കഥാപാത്രമാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നയിച്ചത്. ചിത്രത്തിലെ പ്രസാദ് എന്ന കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞതുമുതല്‍ അതെന്റെ ഉള്ളില്‍ കയറിയിരുന്നു.വളരെ നാച്വറല്‍ ആയ സമീപനമാണ് സംവിധായകന്‍ ആഗ്രഹിച്ചത്. കഥാപാത്രത്തിനുവേണ്ടി ഞാന്‍ തടി കുറച്ചു. ഈ കാര്യം അറിയാത്തവര്‍ എനിക്ക് പ്രമേഹം വന്ന് കോലംകെട്ടതായി പ്രചരിപ്പിച്ചു. ഞാനാരോടും വിശദീകരിക്കാനൊന്നും പോയില്ല. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് മേക്കപ്പുപോലും ചെയ്തിരുന്നില്ല. രാവിലെ ലൊക്കേഷനില്‍ വരും, മുഖം കഴുകും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. അത്രമാത്രം.
 
ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ വളരെ സാഹസികമായി ചെയ്തതാണെന്നു കേട്ടിരുന്നു?
 
ചിത്രത്തിലെ ഓരോ സീനും തനിമ നിറഞ്ഞതായിരിക്കണമെന്ന നിര്‍ബന്ധം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. സിനിമയില്‍ കള്ളനൊപ്പമുള്ള ചെയ്‌സിങ് സീന്‍ വിഷപ്പാമ്പുകള്‍ നിറഞ്ഞ കാട്ടിലാണ് ചിത്രീകരിച്ചത്. അതിനുവേണ്ടി മാത്രം അഞ്ചുദിവസം വേണ്ടിവന്നു. ഫഹദ് ഫാസിലിനൊപ്പമുള്ള വെള്ളത്തിലെ ഫൈറ്റ് സീനില്‍ ആത്മാര്‍ഥമായി ഫൈറ്റ് ചെയ്യാനുള്ള ഫ്രീഡം സംവിധായകന്‍ തന്നു. ഞങ്ങള്‍ കയ്യും മെയ്യും മറന്ന് അഭിനയിച്ചു. അതിന്റെയെല്ലാം ഗുണം ചിത്രം പ്രദര്‍ശനത്തിനെത്തിയ ദിവസംമുതല്‍ അറിഞ്ഞു. സംവിധായകന്‍ ഫാസില്‍ സാറും തമിഴ് നടന്‍ നാസറും അടക്കം നമ്മള്‍ ആരാധിക്കുന്ന നിരവധി സിനിമാപ്രവര്‍ത്തകര്‍ എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് ഇപ്പോഴും തുടരുന്നു. വലിയ സന്തോഷം തോന്നുന്നു.
 
സിനിമയിലെ പ്രസാദിനെപ്പോലെ എപ്പോഴെങ്കിലും പൊലീസ് സ്റ്റേഷനില്‍ പെട്ടുപോയിട്ടുണ്ടോ...?
 
പണ്ട് മിമിക്രി ട്രൂപ്പില്‍ വര്‍ക്ക് ചെയ്യുന്ന കാലം. ഒരുദിവസം തന്നെ മൂന്നും നാലും പരിപാടി ഏറ്റെടുക്കും. പലപ്പോഴും പറഞ്ഞ സമയത്തിന് പ്രോഗ്രാം അവതരിപ്പിക്കാന്‍ കഴിയില്ല. അത് പ്രശ്നമാകും. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തും. അങ്ങനെ സ്റ്റേഷനില്‍ കയറേണ്ടിവന്നിട്ടുണ്ട്.
 
കോമഡി നടന്‍ എന്ന ഇമേജ് ഉള്ള നടനാണ് സുരാജ്, അത് പൊളിച്ചെഴുതാനുള്ള ബോധപൂര്‍വമുള്ള ശ്രമം ഉണ്ടായിരുന്നോ...?
 
നല്ല കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നെ അടുത്തറിയാവുന്ന സംവിധായകരോടെല്ലാം എന്റെ ആഗ്രഹങ്ങളും പറഞ്ഞിരുന്നു. അത്തരം ഒരന്വേഷണത്തിനിടയിലാണ് എബ്രിഡ് ഷൈന്‍ ആക്ഷന്‍ ഹീറോ ബിജുവിലേക്ക് ക്ഷണിച്ചത്. കേരളത്തിലെ കൂടുതല്‍ തിയേറ്ററുകളില്‍ എത്തിയില്ലെങ്കിലും ദേശീയ അവാര്‍ഡ് സമ്മാനിച്ച ഡോ. ബിജുവിന്റെ പേരറിയാത്തവരും എന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. എല്ലാം സംഭവിക്കുകയായിരുന്നു എന്നു പറയാനാണ് എനിക്കിഷ്ടം.
 
ഈ വര്‍ഷത്തെ പുതിയ പ്രതീക്ഷകള്‍?
 
സിദ്ധാര്‍ഥ് ഭരത് സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്കയാണ് പുതിയ ചിത്രം. ബാര്‍ നിരോധിച്ചപ്പോള്‍ തൊഴില്‍ നഷ്ടമായ ദയാനന്ദന്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് അതില്‍ എനിക്ക് കിട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ കടന്നുപോകുന്ന ചിത്രം ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തും. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രിയാണ് മറ്റൊരു പ്രതീക്ഷ. ചിത്രത്തില്‍ 58 വയസ്സുള്ള കുട്ടന്‍പിള്ള എന്ന കേന്ദ്ര കഥാപാത്രമായാണ് അഭിനയിക്കുന്നത്.ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം അഥവാ ആഭാസം എന്ന ചിത്രവും ഏറെ പ്രതീക്ഷ സമ്മാനിക്കുന്നു. റിമ കല്ലിങ്കല്‍, അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയുടെ കഥ പറയുന്ന ചിത്രം കോമഡിയും ആക്ഷേപഹാസ്യവും ചേര്‍ന്ന ചിത്രമാണ്. നമ്മളിലൊരാളാണെന്നു തോന്നുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിവരുന്നുണ്ട്. ആഗ്രഹിക്കുക, പ്രവര്‍ത്തിക്കുക. വിജയം ഉറപ്പാണ്... അതാണ് ജീവിതം പഠിപ്പിക്കുന്നത്.