കാണെക്കാണെ സുരാജ് മാറിക്കൊണ്ടിരിക്കുകയാണ്..,പൊട്ടിച്ചിരിപ്പിച്ച നടന്റെ വഴിമാറിയുള്ള നടത്തം പ്രേക്ഷകർ കൺമിഴിച്ച് നോക്കിക്കാണുകയാണ്. രണ്ട് ഔൺസ് ദശമൂലമടിച്ച് അലമ്പുണ്ടാക്കി നടന്ന ‘ചട്ടമ്പിനാട്ടി’ലെ ദശമൂലം ദാമുവും പ്രായത്തിന്റെ പരുക്കൻ ഇടപെടലുകളുമായെത്തിയ ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലെ ഭാസ്കരപ്പൊതുവാളും അഭിനയയാത്രയിലെ രണ്ടുധ്രുവങ്ങളെ അടയാളപ്പെടുത്തുന്നു.

ദേശീയപുരസ്കാരം നേടിയ ‘പേരറിയാത്തവനി’ലെ പ്രകടനം അധികമാരും കണ്ടിരുന്നില്ല. ‘ആക്‌ഷൻ ഹീറോ ബിജു’വിൽ പോലീസ്‌സ്റ്റേഷനിലിരുന്ന് ഹൃദയംതകർന്ന് വിതുമ്പിയപ്പോഴാണ് ചിരിക്കപ്പുറത്തെ സുരാജിനെ  മലയാളസിനിമ ആദ്യമായി കാണുന്നത്. കുട്ടൻപിള്ളയുടെ ശിവരാത്രി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, വികൃതി, ഡ്രൈവിങ് ലൈസൻസ്...ഗൗരവമുള്ള വേഷങ്ങളുമായി തുടരെത്തുടരെ സുരാജ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. ആ യാത്രയിലെ കനമുള്ള കഥാപാത്രമായി മാറുന്നു കഴിഞ്ഞയാഴ്ച ഒ.ടി.ടി. റിലീസായെത്തിയ ‘കാണെക്കാണെ’യിലെ ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായി. സംവിധായകൻ മനു അശോകൻ കാണെക്കാണെയെക്കുറിച്ച് ആദ്യം പറഞ്ഞപ്പോൾ സുരാജ് ഒഴിഞ്ഞുമാറി. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' ശേഷം പ്രായംചെന്ന കഥാപാത്രങ്ങൾ കൂട്ടത്തോടെ സുരാജിനെ തേടിയെത്തുകയായിരുന്നു ആ പിൻമാറ്റത്തിന് കാരണം. പ്രായംചെന്ന വേഷങ്ങൾ തുടർച്ചയായി അഭിനയിക്കുന്നതോടെ ചെറുപ്പത്തിലേ വയസ്സനായിപ്പോകുമെന്ന സിനിമാക്കാരുടെ ഉപദേശം കൂടിയായപ്പോൾ, പ്രായംചെന്ന കഥാപാത്രങ്ങൾ ഇനി സ്വീകരിക്കേണ്ടെന്ന് ഉറപ്പിച്ചു. കാണെക്കാണെയിൽ മകളുടെ മരണത്തെത്തുടർന്ന്‌ തകർന്നുപോകുന്ന അച്ഛനായി സുരാജിനെമാത്രം മനസ്സിൽ കണ്ട സംവിധായകൻ പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. നായകനും പ്രതിനായകനുമില്ലാത്ത മനുഷ്യബന്ധങ്ങളിലെ ശരിയും തെറ്റും തുറന്നുകാണിക്കുന്ന സിനിമയുടെ കഥ കേട്ടപ്പോൾ സുരാജ് തീരുമാനം തിരുത്തി. പോൾമത്തായിക്കുവേണ്ടി ഒരിക്കൽക്കൂടി മുഖത്ത് ചുളിവുകൾ വീഴ്ത്താൻ സമ്മതം മൂളി.

പ്രകടനം കൊണ്ട് സുരാജ് വീണ്ടും ഞെട്ടിച്ചു എന്നാണ്.., കാണെക്കാണെയ്ക്കു ലഭിക്കുന്ന കമന്റുകളിലധികവും സന്തോഷം, നല്ല നല്ലവാക്കുകൾക്ക് നന്ദി. സിനിമ കൂട്ടായ പരിശ്രമമാണ്. എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ  ഒപ്പം അഭിനയിച്ചവരുടെ പ്രകടനം ശക്തമായതുകൊണ്ടാണ്. കഥാപാത്രങ്ങളായെത്തിയവരെല്ലാം പരസ്പരധാരണയോടെ ഓരോ രംഗവും മികച്ചതാക്കി. ടൊവിനോയും ഐശ്വര്യലക്ഷ്മിയും കഥയിൽ ഒരു രംഗത്തുമാത്രം വന്നുപോകുന്നവർപോലും സ്വന്തം പ്രകടനങ്ങൾ ഭംഗിയാക്കി എന്നാണ് എനിക്ക് തോന്നിയത്. കഥാപാത്രത്തെക്കുറിച്ച്  സംവിധായകൻ മനു അശോകൻ ഭംഗിയായി  വിവരിച്ചിരുന്നു, ക്യാമറയ്ക്കുമുന്നിൽ നിൽക്കുമ്പോൾ അതെല്ലാം ഗുണം ചെയ്തു.

പോൾ മത്തായി എന്ന കഥാപാത്രം നൽകിയ സന്തോഷത്തെക്കുറിച്ച്...

പലതരം വികാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പപ്പയെന്ന് വിളിക്കുന്ന പോൾ മത്തായി. രണ്ടുപെൺകുട്ടികളുടെ അച്ഛൻ, മകളുടെ മരണം സൃഷ്ടിച്ച നടുക്കത്തിൽനിന്ന് അയാൾ കരകയറിയിട്ടില്ല. ഇത്രയും ആത്മസംഘർഷം പേറിജീവിക്കുന്ന ഒരു കഥാപാത്രത്തെ ഞാനിതുവരെ അവതരിപ്പിച്ചിട്ടില്ല. സങ്കടവും നിസ്സംഗതയും അമർഷവുമെല്ലാം മാറിമാറി മുഖത്ത് വന്നുപോകുന്നു. ചെറുതും ശക്തവുമായ സംഭാഷണങ്ങളാണ് ബോബി -സഞ്ജയ് കഥാപാത്രത്തിന് നൽകിയത്. ചില സന്ദർഭങ്ങളിലെ നോട്ടങ്ങളും ദീർഘനിശ്വാസവുമെല്ലാം ആ സമയം സ്വാഭാവികമായി വന്നതാണ് അതെങ്ങനെയെന്ന് ചോദിച്ചാൽ പറയാനറിയില്ല.

പുതിയ സിനിമകൾ.., പൊട്ടിച്ചിരികൾ സൃഷ്ടിക്കുന്ന സുരാജ് കഥാപാത്രം ഇനിയെന്നാണ്...

സുരാജ്  സീരിയസായോ, ഹാസ്യവേഷങ്ങൾ ഇനി ചെയ്യില്ലേ എന്നെല്ലാം പലരും ചോദിക്കുന്നുണ്ട്. തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്. കോമഡി വേഷങ്ങൾ ചെയ്യാൻ എന്നും താത്‌പര്യമാണ്. അത്തരം കഥകളും കഥാപാത്രങ്ങളും സ്വീകരിക്കാൻ ഞാൻ തയ്യാറായി നിൽക്കുകയാണ്. പൃഥ്വിരാജിനൊപ്പമെത്തുന്ന ജനഗണമനയിൽ എ.സി.പി.യുടെ വേഷമാണ്. സുനിൽ ഇബ്രാഹിമിന്റെ റോയ് ആണ് പ്രദർശനത്തിനൊരുങ്ങിയ മറ്റൊരുചിത്രം. എം. പദ്‌മകുമാറിന്റെ ‘പത്താമത്തെ വളവി’ലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കോമഡി ട്രാക്കിലൊരു പടം അടുത്തുതന്നെ വരുന്നുണ്ട്. ദുബായ് ആകും ചിത്രത്തിന്റെ ലൊക്കേഷൻ.

സുരാജിനെ മനസ്സിൽക്കണ്ട് കഥയൊരുക്കിയവർ ഒരുപാടുണ്ട്. അവരോടെല്ലാം എന്താണ് പറയാനുള്ളത്

എനിക്കുപറ്റിയ കഥയാണെങ്കിൽ തീർച്ചയായും വരൂ.., കഥ കേൾക്കാൻ ഞാനൊരുക്കമാണ്. ഇതുവരെ അവതരിപ്പിച്ചതിൽനിന്ന് വ്യത്യസ്‌തമായ കഥയും കഥാപാത്രവുമാണെങ്കിൽ തീർച്ചയായും നോക്കാം, എന്നെ വിളിക്കൂ. ഞാൻ റെഡി.

Content Highlights: Suraj venjaramoodu interview kane kane movie, Jana Gana Mana