ണ്ട് ആണ്മക്കളിലൊരാളെ തന്റെ പാത പിന്തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ച അച്ഛന്‍, മിമിക്രിയുടെ പാതയിലൂടെ മുന്നോട്ട് പോയ മക്കളില്‍ രണ്ടാമത്തെയാള്‍ ആ ആഗ്രഹ പൂര്‍ത്തീകരണത്തിന് തയ്യാറെടുത്തെങ്കിലും കറങ്ങിത്തിരിഞ്ഞ് അവസരം വന്ന് ചേര്‍ന്നത് മൂത്തയാള്‍ക്കാണ്. ജ്യേഷഠന് പകരക്കാരനായി വേദികളിലെത്തിയ അനിയന്‍ വൈകാതെ സിനിമയിലെത്തി, ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മികച്ച നടനായി. ആര്‍മി ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത് മൂത്തയാളും ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ്.

ആ അച്ഛന്റെ പേര് വെഞ്ഞാറമ്മൂട് കെ വാസുദേവന്‍ നായര്‍, മക്കള്‍ സജി വെഞ്ഞാറമ്മൂടും, സുരാജ് വെഞ്ഞാറമ്മൂടും. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സജിക്ക് അഭിനയത്തേക്കാളുപരി സന്തോഷം പകരുന്നത് അനുജന്‍ സുരാജിന്റെ നടനെന്ന നിലയിലുള്ള വളര്‍ച്ചയാണ്. സിനിമാ വിശേഷങ്ങളുമായി സജി മാതൃഭൂമി ഡോട് കോമിനൊപ്പം.

സൈനിക ജീവിതത്തില്‍ നിന്ന് സിനിമയിലേക്ക്

സ്‌റ്റേജില്‍ നിന്നാണ് ഞാനും സുരാജും സിനിമയുടെ വഴിയിലേക്ക് എത്തുന്നത്. ഞാനത്ര വലിയ സ്‌റ്റേജ് ആര്‍ടിസ്റ്റ് ഒന്നുമല്ല. മിമിക്രിയും മറ്റുമായി നടക്കുന്ന സമയത്താണ് 91-ല്‍ ഞാന്‍ സൈന്യത്തില്‍ ചേരുന്നത്. അങ്ങനെ ആ സമിതിയില്‍ സുരാജ് എനിക്ക് പകരക്കാരാനായി വന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സുരാജിനെ തേടി സിനിമയുമെത്തി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തപ്പോള്‍ ഉള്ളിലുണ്ടായിരുന്ന കലാമോഹം വീണ്ടും പൊടി തട്ടിയെടുക്കാനൊരു അവസരം എനിക്ക് വന്നു ചേരുകയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്തായ ഗീവര്‍ഗീസ് യോഹന്നാനാണ് ഒരു താത്വിക അവലോകനത്തിലെ കഥാപാത്രത്തെക്കുറിച്ച് എന്നോട് സൂചിപ്പിക്കുന്നത്. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ഒരു താത്വിക അവലോകനം. അതില്‍ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ചെയ്തത്. അധികം സീനുകളിലെങ്കിലും ചെയ്ത വേഷം ഇഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞറിഞ്ഞു. അതില്‍ സന്തോഷം. അതിന് ശേഷം ചെയ്ത ചിത്രമാണ് അല്ലി. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയാണ്. അച്ഛന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ റിലീസ് പ്രതീക്ഷിക്കുന്നു.

saji
ഒരു താത്വിക അവലോകനത്തിന്റെ സെറ്റിൽ

അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണം

ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ ധാരാളമുള്ള പ്രദേശമാണ് വെഞ്ഞാറമ്മൂട്. അങ്ങനെയാണ് മോണോ ആക്ട്, മിമിക്രി മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങുന്നത്. പിന്നീടാണ് സുഹൃദ്‌സംഘം എന്ന അമച്ച്വര്‍ മിമിക്രി ട്രൂപ്പിന്റെ ഭാഗമാവുന്നത്. ഉത്സവങ്ങള്‍ക്കും മറ്റും പരിപാടികള്‍ അവതരിപ്പിച്ചും മറ്റും മുന്നോട്ട് പോവുന്ന വേളയിലാണ് സൈന്യത്തിന്റെ ഭാഗമായി മാറുന്നത്. ഞങ്ങളുടെ അച്ഛന്‍ വെഞ്ഞാറമ്മൂട് കെ.വാസുദേവന്‍ നായര്‍ എക്‌സ് മിലിട്ടറിയാണ്. രണ്ടാണ്മക്കളിലൊരാള്‍ അച്ഛന്റെ വഴി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. സുരാജായിരുന്നു സൈന്യത്തില്‍ ചേരാന്‍ താത്പര്യപ്പെട്ടത്. പക്ഷേ ആ സമയത്താണ് സുരാജിനൊരു അപകടം സംഭവിക്കുന്നതും, കൈയ്യിന് പ്രശ്‌നം വരുന്നതും. അതോടെ സൈന്യത്തില്‍ പോകാനുള്ള അവന്റെ ആഗ്രഹത്തിന് കര്‍ട്ടന്‍ വീണു. ആ അവസരം എന്റെ മുന്നിലെത്തി.

ഉത്സവപറമ്പും ലൈറ്റും കര്‍ട്ടനുമെല്ലാം മനസില്‍ കൊണ്ടു നടന്ന എനിക്ക് ആദ്യമെല്ലാം സൈനിക ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഏറെ കഷ്ടപ്പെട്ടാണെങ്കിലും അതിനോട് പൊരുത്തപ്പെട്ടു. കാരണം തിരിച്ചു വീട്ടില്‍ വന്നാല്‍ അച്ഛന്‍ ഓടിക്കും. സുരാജ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതും അവന്‍ സിനിമയുടെ ഭാഗമായതുമെല്ലാമാണ് എനിക്ക് ആശ്വാസമായത്. നടനെന്ന നിലയിലുള്ള അവന്റെ വളര്‍ച്ച വലിയ സന്തോഷമാണ് നല്‍കുന്നത്. 

നടനെന്ന നിലയിലുള്ള സുരാജിന്റെ വളര്‍ച്ച ഏറെ സന്തോഷിപ്പിക്കുന്നു

സുരാജിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന അധികം പേര്‍ കണ്ടിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കോമഡി നടനില്‍ നിന്ന് സുരാജ് എന്ന മികച്ച നടനെ പ്രേക്ഷകര്‍ അംഗീകരിച്ചതും സ്വീകരിച്ചതും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന് ശേഷമാണ് ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ അവനെ തേടി വന്നതും. സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുന്ന നടനിലേക്ക് അവന്‍ വളര്‍ന്നു. അത് ഒരുപാട് ഒരുപാട് സന്തോഷം പകരുന്ന കാര്യമാണ്. സുരാജിന്റെ കോമഡി സിനിമകള്‍ പലരും മിസ് ചെയ്യുന്നുവെന്ന് പറയാറുണ്ട്. പക്ഷേ ഹാസ്യം മാത്രം ചെയ്യുന്നതില്‍ നിന്ന് അവന്‍ മാറി നടന്നത് നന്നായെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അവന് എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുമെന്ന് ജനങ്ങള്‍ അംഗീകരിച്ചു കൊടുത്തതാണ്. 

സുരാജിന് വഴിത്തിരിവൊരുക്കിയ തിരുവനന്തപുരം സ്ലാങ്ങ്

തിരുവനന്തപുരം സ്ലാങ്ങ് എന്നു പറയുന്നത് വെഞ്ഞറമ്മൂടോ തിരുവനന്തപുരം സിറ്റിയിലോ ഉള്ളതല്ല. നെയ്യാറ്റിന്‍കര, പാറശ്ശാല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ സംസാരത്തിലാണ് അങ്ങനെയൊരു സ്ലാങ്ങ് ഉള്ളത്. അതില്‍ ഇത്തിരി മാറ്റം വരുത്തി കുറച്ച് ഹാസ്യാത്മകമായി സുരാജ് വേദികളില്‍ അവതരിപ്പിച്ചു. അത് പലരും അംഗീകരിച്ചു. അങ്ങനെയാണ് മമ്മൂട്ടി ചിത്രം രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷയെ അവതരിപ്പിക്കാന്‍ സുരാജിന് അവസരം വരുന്നത്. തിരുവനന്തപുരം സ്ലാങ്ങും രാജമാണിക്യവും സുരാജിന്റെ കരിയറില്‍ വഴിത്തിരിവായിട്ടുണ്ടെന്ന് പറയാം. 

സഹോദരനെന്ന നിലയില്‍ സംതൃപ്തനാണ്

ഡബ്ബിങ്ങ് സമയത്താണ് സുരാജ് ചിത്രം കാണുന്നത്. നല്ല അഭിപ്രായവും ചില നിര്‍ദേശങ്ങളും തന്നു. ഇപ്പോള്‍ അവന്‍ ഷൂട്ടിങ്ങ് തിരക്കുകളിലായതിനാല്‍ അധികം കാണാനും സംസാരിക്കാനും സാധിച്ചിട്ടില്ല. സുരാജും ഒന്നിച്ച് ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ഭാഗ്യം ലഭിച്ചാല്‍ തീര്‍ച്ചയായും അതൊരു വലിയ അനുഭവം ആവും.  സുരാജിന്റെ സഹോദരനെന്ന സ്‌നേഹവും പരിഗണനയുമെല്ലാം എനിക്ക് ലഭിക്കുന്നുണ്ട്. സിനിമയെക്കുറിച്ച് എനിക്ക് വലിയ അധികം മോഹങ്ങളില്ലെങ്കിലും സുരാജിന്റെ വളര്‍ച്ച എനിക്ക് ആത്മസംതൃപ്തി നല്‍കുന്നതാണ്. അത് തന്നെയാണ് വലിയ അംഗീകാരമായി ഞാന്‍ കാണുന്നതും.


Content Highlights : Suraj Venjaramoodu brother Saji Venjaramoodu Interview Oru Thatvika Avalokanam