ബിഹാറിലെ പട്നയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആനന്ദ്കുമാറിന് കണക്കിലെ തന്റെ കഴിവുകൊണ്ട്്് കേംബ്രിജ് സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും ദാരിദ്ര്യം കാരണം പോകാനായില്ല. ഇതിനദ്ദേഹം പകരം വീട്ടിയത് തന്റെ ജീവിതംകൊണ്ടാണ്. പപ്പടം വിറ്റ്്് ഉപജീവനം നടത്തിയ ആനന്ദ്കുമാര്‍ പിന്നീട് പഠിപ്പിക്കലിലേക്ക്്് കടന്നു. ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദാരിദ്ര്യം മാത്രം ഭക്ഷിച്ച്്് ജീവിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക്്് തന്നോടൊപ്പം താമസവും ഭക്ഷണവും പഠനോപകരണങ്ങളും നല്‍കി, ഐ.ഐ.ടി. ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന സൂപ്പര്‍ 30 എന്ന പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. ബോളിവുഡില്‍ ആനന്ദ്്കുമാറിന്റെ ജീവിതം ചിത്രീകരിച്ച സൂപ്പര്‍ 30 എന്ന സിനിമ ഹൃത്വിക് റോഷന്‍ നായകനായി ഇറങ്ങിക്കഴിഞ്ഞു. ആനന്ദ്കുമാര്‍ ഒരു വെളിച്ചമാണ്; ആത്മാര്‍ഥതയുടെ സ്‌നേഹപ്രകാശം.സ്വയം പ്രകാശമായ ഈ മനുഷ്യന്‍ സംസാരിക്കുന്നു...

anand kumar super 30

പട്നയില്‍നിന്ന് ബോധ്ഗയയിലേക്ക് മൂന്നുമണിക്കൂറിന്റെ ദുരമേയുള്ളൂ. ബുദ്ധന് ബോധോദയം ലഭിച്ചത് ഇവിടെയുള്ള ആല്‍വൃക്ഷത്തിന് ചുവട്ടില്‍വെച്ചാണ്. 'നീ നിന്റെ വെളിച്ചമാവുക'യെന്ന് അവിടെവെച്ചാണ് തന്റെ ശിഷ്യനായ ആനന്ദനോട് ബുദ്ധന്‍ പറഞ്ഞത്. ആ വെളിച്ചം ഇന്ന ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ആനന്ദനിലൂടെയും പിന്നീടുവന്ന നിരവധി ആനന്ദന്മാരിലൂടെയുമാണ്.

ഇത് പഴയ കഥയായിത്തോന്നാം. എന്നാല്‍, പുതിയ കാലത്ത് പട്നയിലെ കുംഹ്രാറില്‍ (പഴയ പാടലീപുത്രം എന്ന് ഗവേഷകര്‍) ജീവിക്കുന്ന ആനന്ദ്കുമാര്‍ ഇന്ന എത്രയോപേര്‍ക്ക് വെളിച്ചമായിമാറിയിരിക്കുകയാണ്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ദൈവം. ആനന്ദ് നല്‍കിയ വെളിച്ചത്തിലൂടെയാണ് അഞ്ഞൂറ്റിപ്പത്തോളം വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം മാറ്റിമറിച്ചത്. നാനൂറ്റിനാല്‍പ്പതുപേര്‍ ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കളില്‍നിന്നും ബാക്കിവരുന്ന എഴുപതുപേര്‍ എന്‍.ഐ.ടി. ഉള്‍പ്പെടെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പഠനത്തിനുശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കഴിഞ്ഞു. അവര്‍ ഇന്ന ലോകത്തിലെ അതിപ്രശസ്തമായ കമ്പനികളില്‍ ജോലിചെയ്യുന്നു. ചിലര്‍ ഇന്ത്യയില്‍ തിരിച്ചെത്തി, സ്വന്തം ഇടങ്ങള്‍ കണ്ടെത്തി, തങ്ങളുടെ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയിരിക്കുന്നു. ആനന്ദകുമാര്‍ കത്തിച്ചുവെച്ച വെളിച്ചം ലോകം മുഴുവന്‍ പരക്കുകയാണ്. ബോളിവുഡില്‍ ആനന്ദകുമാറിന്റെ ജീവിതം ചിത്രീകരിച്ച സൂപ്പര്‍ 30 -യുടെ പ്രചാരണാര്‍ഥം മുംബെയില്‍ എത്തിയപ്പോഴാണ് അദ്ദേഹം 'മാതൃഭൂമി' വാരാന്തപ്പതിപ്പിനോട് സംസാരിച്ചത്.

അച്ഛന്‍

anand kumar family


ആനന്ദ്കുമാര്‍ അച്ഛന്‍ രാജേന്ദ്രപ്രസാദ്, അമ്മ ജയന്തി ദേവി എന്നിവര്‍ക്കൊപ്പം

പോസ്റ്റല്‍ വകുപ്പിലെ ആര്‍.എം.എസ്. വിഭാഗത്തില്‍ ക്ലാര്‍ക്കായിരുന്നു അച്ഛന്‍ രാജേന്ദ്രപ്രസാദ്. തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍വേണ്ടി അച്ഛന്‍ മുട്ടാത്ത വാതിലുകളില്ല. എല്ലാ വാതിലുകളും അടഞ്ഞു. ആ വേദനയാണ് അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിച്ചത്. ഞാന്‍ ഈനിലയില്‍ ഉയര്‍ന്നതും എന്നിലൂടെ കുട്ടികള്‍ ഉന്നതവിജയം നേടുന്നതും കാണാന്‍ അച്ഛനില്ലല്ലോ എന്ന തോന്നല്‍ എന്നെ എപ്പോഴും വേദനിപ്പിക്കാറുണ്ട. കേംബ്രിജ് സര്‍വകലാശാലയില്‍ എനിക്ക് പോകാന്‍ കഴിയുമെന്ന് അച്ഛന്‍ വിശ്വസിച്ചിരുന്നു. ആരും അന്ന് ഞങ്ങളെ സഹായിച്ചില്ല. എനിക്ക് കേംബ്രിജില്‍ പഠിക്കാന്‍വേണ്ടി അച്ഛന്റെ പ്രോവിഡന്റ് ഫണ്ടില്‍നിന്നുള്‍പ്പെടെ പണമെടുത്തിരുന്നു. എനിക്ക് പോകാന്‍വേണ്ടി അച്ഛന്‍ ഒരു കോട്ട് തയ്പിച്ചിരുന്നു. അതിപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്ത് അണിയുമ്പോള്‍ അച്ഛന്റെ എല്ലാ ഓര്‍മകളും എന്നിലേക്ക് വന്നണയും. ആ സ്‌നേഹം, സാന്ത്വനം, പ്രതീക്ഷ അങ്ങനെ എല്ലാ ഗുണങ്ങളും. ആ വേദന എനിക്ക് വലിയ കുതിപ്പിനുള്ള ഊര്‍ജമായി. ആകാശത്തെ നക്ഷത്രമായി അച്ഛന്‍ ഇന്ന് എന്നെ നോക്കിച്ചിരിക്കുന്നുണ്ടാവണം. ആ സ്വപ്നം മതി എനിക്ക് ജീവിക്കാന്‍.

ഞാന്‍ എന്ന ഞാന്‍

അച്ഛന്‍ മരിച്ചതോടെ കുടുംബംപോറ്റാന്‍ ഞാന്‍ പപ്പടം വില്‍ക്കാനിറങ്ങി. സഹോദരനായ പ്രണവാണ് എനിക്ക് വലിയ അറിവുള്ള ഗണിതശാസ്ത്രമേഖലയില്‍ അധ്യാപകനാകാന്‍ ഉപദേശിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്കിന് തോറ്റിരുന്നു. അതോടെ വാശിയായി, കണക്ക് എളുപ്പത്തില്‍ എങ്ങനെ പഠിക്കാമെന്നകാര്യം ജീവിതവുമായി ബന്ധപ്പെടുത്തി പഠിച്ചു. അത് വലിയ തിരിച്ചറിവാണ് എനിക്കുനല്‍കിയത്. അന്ന് കണക്കുതന്നെയാണ് എന്റെ ജീവിതമെന്ന് തീരുമാനിക്കുകയായിരുന്നു. പട്ന സര്‍വകലാശാലയില്‍നിന്ന് 1993-ല്‍ ബി.എസ്സി. മാത്തമാറ്റിക്‌സ് പാസായി. അയല്‍പക്കത്തെ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് 2002-ലായിരുന്നു തുടക്കം. അച്ഛന്‍ എന്നോടൊപ്പം ചേര്‍ന്നുനിന്നതുപോലെ എക്കാലവും എന്റെ കുടുംബം എന്നോടൊപ്പം ചേര്‍ന്നുനിന്നു.

സൂപ്പര്‍ 30

ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സ്വപ്നം മാത്രമാണ് ഐ.ഐ.ടി. പ്രവേശനം. അത് അവര്‍ക്ക് നേടിക്കൊടുക്കണമെന്നത് എന്റെ വാശിയായിരുന്നു. കഴിവുണ്ടായിട്ടും അതിന് സാധിക്കാത്ത വിദ്യാര്‍ഥികളെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാനായാണ് ഞാന്‍ പിന്നീട് സൂപ്പര്‍ 30 കോച്ചിങ് സെന്റര്‍ തുടങ്ങിയത്. ബിഹാറിലെ തീര്‍ത്തും ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു സംവിധാനമാണ് സൂപ്പര്‍ 30-ലൂടെ ഒരുക്കിയിട്ടുള്ളത്. മുപ്പത് വിദ്യാര്‍ഥികളെ താമസിപ്പിച്ച് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയേ എനിക്കുള്ളൂ. വീട്ടിലെ അംഗങ്ങളും മറ്റു ജീവനക്കാരും ഉള്‍പ്പെടെ അമ്പതുപേര്‍ക്ക് ഭക്ഷണമൊരുക്കണം. അക്കാര്യമെല്ലാം അമ്മയാണ് ചെയ്യുന്നത്. ആരുടെ കൈയില്‍നിന്നും പൈസ സംഭാവന സ്വീകരിക്കാതെ സ്വന്തം അധ്വാനംകൊണ്ടാണ് ഇവരെ സഹായിക്കുന്നത്. സാമ്പത്തികശേഷിയുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സാധാരണക്കാരും ദരിദ്രരുമായ കുട്ടികളെ പഠിപ്പിക്കാനുള്ള സമ്പത്ത് ഞാന്‍ കണ്ടെത്തുന്നത്. രാമാനുജം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന്റെ കീഴില്‍ 2002-ലാണ് ഞാനിതിന് തുടക്കം കുറിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും പഠനോപകരണങ്ങളും മികച്ച ക്ലാസും സൗജന്യമായിനല്‍കി അവരെ ഐ.ഐ.ടി. പോലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 510 വിദ്യാര്‍ഥികളെ പ്രാപ്തരാക്കിക്കഴിഞ്ഞു. ഐ.ഐ.ടി.യില്‍ പ്രവേശനംനേടി. ബാക്കിയുള്ളവര്‍ക്ക് രാജ്യത്തെ പ്രസിദ്ധമായ മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ പലരും നാട്ടിലും വിദേശത്തുമായി മികച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും 30 പ്രതിഭകളെ കണ്ടെത്തുന്നു. രൂപപ്പെടുത്തുന്നു.

വിദ്യാര്‍ഥി തിരഞ്ഞെടുപ്പ്

ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. തീര്‍ത്തും ദരിദ്രരായവരെ കണ്ടെത്തി, അവര്‍ക്കായി രൂപപ്പെടുത്തിയ പരീക്ഷ നടത്തിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. അവരുടെ മികവ് തിരിച്ചറിയാന്‍ ലളിതമായ ചില ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. അതില്‍ പ്രാഗല്ഭ്യം തെളിയിക്കുന്നവരാണ് സൂപ്പര്‍ 30-ലേക്ക് തിരഞ്ഞെടുക്കപ്പെടുക. അനുജന്‍ പ്രണവ് കുമാറാണ് ഇക്കാര്യങ്ങള്‍ നോക്കുന്നത്. മാനേജ്മെന്റ് അവന്റെ ചുമതലയാണ്. ഇപ്പോള്‍ അയ്യായിരത്തോളം കുട്ടികള്‍ പരീക്ഷയെഴുതാറുണ്ട്. എന്റെ വിദ്യാര്‍ഥികളില്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ മക്കളുണ്ട്. കര്‍ഷകന്റെ, റിക്ഷക്കാരന്റെ, തട്ടുകട നടത്തുന്നവരുടെ, പത്രവില്‍പ്പന നടത്തുന്നവരുടെ, വീട്ടുവേല ചെയ്യുന്നവരുടെ, ഷൂ പോളിഷ് ചെയ്യുന്നവരുടെ മക്കളാണ് എന്റെ വിദ്യാര്‍ഥികളില്‍ ഏറെയും. ഇപ്പോള്‍ പഠനം കഴിഞ്ഞ് പുറത്തെത്തിയ 510 വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങള്‍ എനിക്ക് മനഃപാഠമാണ്. അവരുടെ നേട്ടം ഇന്ന് ബിഹാറിലെ സംസാരവിഷയമാണ്.

എത്രയോപേര്‍ സഹായവുമായി വന്നു. ഇപ്പോള്‍ ഇവിടെ വന്നപ്പോള്‍ ആനന്ദ മഹീന്ദ്ര സഹായവുമായിവന്നു. എനിക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ വേണ്ട. എന്റെ കുട്ടികളെ പോറ്റാനുള്ള ത്രാണി ഇന്നെനിക്കുണ്ട്. ഓരോ വര്‍ഷവും മുപ്പതോളം കുട്ടികള്‍ ഐ.ഐ.ടി. പ്രവേശനം നേടാന്‍ തുടങ്ങിയപ്പോള്‍ പലരും സഹായവാഗ്ദാനം നല്‍കി. എത്രയോ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങും നരേന്ദ്രമോദിയും സഹായം വാഗ്ദാനംചെയ്തു. എനിക്കിപ്പോള്‍ അതാവശ്യമില്ല. എനിക്ക് നിങ്ങളുടെയൊക്കെ സ്‌നേഹവും പിന്തുണയും മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു. മുകേഷ് അംബാനിയെപ്പോലുള്ള ബിസിനസുകാരും കോച്ചിങ് സെന്ററിന് ഭൗതികസൗകര്യങ്ങള്‍ ഒരുക്കിത്തരാമെന്ന് പറഞ്ഞു. സ്‌നേഹപൂര്‍വം അക്കാര്യം ഞാന്‍ നിരസിക്കുകയായിരുന്നു. ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി ഇവിടത്തെ ഓരോ കുട്ടിക്കും 50,000 രൂപവീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

പഠനരീതി

super
ആനന്ദ്കുമാര്‍ ക്ലാസ് റൂമില്‍

അവരവരുടെ ജീവിതസാഹചര്യത്തെ പഠനവുമായി കണ്ണിചേര്‍ത്താണ് പഠിപ്പിക്കുന്നത്. ഇവിടെ ഇപ്പോള്‍ ഞാനുള്‍പ്പെടെ അഞ്ച് അധ്യാപകരുണ്ട്. എന്റെ ഭാര്യ ഐ.ഐ. ടി. പഠനം പൂര്‍ത്തിയാക്കിയ ആളാണ്. സഹോദരന്റെ ഭാര്യ കംപ്യൂട്ടര്‍ എന്‍ജിനിയറാണ്. ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന മുപ്പതുകുട്ടികളും ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത്. സ്വന്തം അനിയന്‍മാരെപ്പോലെ ഞങ്ങള്‍ അവരെ നോക്കും. എന്റെ അമ്മ അവര്‍ക്ക് ഭക്ഷണമുണ്ടാക്കും. ഒരേഭക്ഷണം കഴിച്ച് ഒരേസ്ഥലത്ത് ഉറങ്ങും. അവരുടെ ഓരോ പ്രശ്‌നവും ഞങ്ങള്‍ക്കറിയാം. അവരുടെ വേദനകള്‍, പ്രതീക്ഷകള്‍, പഠനപ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഉന്നതങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് പിന്‍ബലം നല്‍കും. ഈ സ്ഥാപനം വഴി ഐ.ഐ.ടി. പ്രവേശനം നേടിയവര്‍തന്നെ ഇവിടെ അധ്യാപകരായിവന്ന് കുട്ടികളെ സഹായിക്കുന്നുണ്ട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മനസ്സ അവരിലുണ്ട്. എനിക്കതുമതി. ഞാന്‍ സംതൃപ്തനാണ്. പഠിച്ച് വലിയ ഉദ്യോഗത്തിലിരിക്കുന്ന കുട്ടികള്‍ പലപ്പോഴും സാമ്പത്തിക വാഗ്ദാനം ചെയ്യാറുണ്ട്. ഞാന്‍ വാങ്ങാറില്ല. അവരോട് നിങ്ങളെപ്പോലുള്ള ദരിദ്രരായ വിദ്യാര്‍ഥികളെ ഈനിലയില്‍ എത്തിക്കാനുള്ള സഹായം ചെയ്യാന്‍ പറയും.

അനൂപും ശിവാഗിയും

ഓരോ കുട്ടിയുടെയും അനുഭവം എനിക്കറിയാം. എത്രയോ ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നുവന്നവര്‍. അനൂപിന്റെ കഥ അത്തരത്തിലുള്ളതാണ്. മാവോവാദികള്‍ക്ക് വലിയ ആധിപത്യമുള്ള മേഖലയില്‍നിന്നാണ് അനൂപിന്റെ വരവ്. അവന്റെ അച്ഛനെ ഒരുദിവസം കാണാതായി. ഭക്ഷണം തരൂ എന്ന് അമ്മയെ നോക്കി അവന്‍കരയുമായിരുന്നു. വയര്‍ നിറച്ച ഭക്ഷണം എന്നതായിരുന്നു അവന്റെ സ്വപ്നം. പതിന്നാല് കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ പോയി വന്നു. പത്താം ക്ലാസ് പാസായി. എന്‍ജിനിയര്‍ ആവണമെന്ന ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തോടെ പട്നയിലെത്തി. പല സെന്ററുകളിലും അന്വേഷിച്ചു. വലിയ പൈസ നല്‍കണം. പഠിക്കാന്‍ പണമില്ലാത്ത അമ്മയും മകനും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തെത്തുന്നു. അവിടെനിന്നാണ് എന്റെ അടുത്തേക്ക് പറഞ്ഞുവിടുന്നത്. കടുത്തചൂടില്‍ ചെരിപ്പില്ലാതെ പൊള്ളിയ കാലുകളുമായാണ് അമ്മയും അനൂപും എന്നെ കാണാനെത്തുന്നത്. അനൂപിനെ പഠിപ്പിച്ച് ബോംബെ ഐ.ഐ.ടി.യില്‍ പ്രവേശനം നേടിക്കൊടുത്തു. അവിടെനിന്ന് ദുബായിലെ ബുര്‍ജ് ഖലീഫയിലെ സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തോളം ജോലിചെയ്തു. അതുവിട്ട് ബോംബെ ഐ.ഐ.ടി.ക്ക് സമീപം സ്വന്തമായി സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ഇന്ന് പത്തോളം പേര്‍ക്ക് അനൂപ് ജോലിനല്‍കുന്നു. അമ്മ സുഖമായി അവനോടൊപ്പം കഴിയുന്നു. അവരെ കാണുമ്പോള്‍ എന്റെ മനസ്സിലുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ എത്രപേര്‍. ഖരഗ്പുര്‍ ഐ.ഐ.ടി.യില്‍ പഠിച്ച ശശിനാരായണ്‍. ഫ്രാന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ജോലിചെയ്യുന്നു. സ്‌കോട്ട്ലന്‍ഡ് വംശജയെ വിവാഹംചെയ്ത അവിടെ സുഖമായിക്കഴിയുന്നു.

ശിവാഗി ഗുപ്ത പട്നയില്‍ പത്രവില്‍പ്പനക്കാരനായ അച്ഛനെ സഹായിക്കലായിരുന്നു ജോലി. അവിടെനിന്നാണ് അവള്‍ എന്റെ അടുത്തെത്തുന്നത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവളുടെ അച്ഛനെ സഹായിക്കുന്നതിന് വഴിയോരങ്ങളില്‍ അവള്‍ പത്രവും മാസികകളും വിറ്റിരുന്നു. അച്ഛന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അവള്‍ ആയിരുന്നു കട കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, അവള്‍ക്ക് സമയം ലഭിക്കുമ്പോള്‍ അവള്‍ പഠിക്കുമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന അവള്‍ യാദൃച്ഛികമായാണ് എന്റെ സൂപ്പര്‍ 30 എന്ന പദ്ധതിയെപ്പറ്റി വായിച്ചത്. ഐ.ഐ.ടി.യില്‍ പ്രവേശനം ലഭിക്കുന്നതും. ഇന്നവള്‍ വലിയ കമ്പനിയുടെ മേധാവിയാണ്. അവള്‍ക്ക് നല്ല ജീവിതമുണ്ടായതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് എന്റെ അമ്മയാണ്. ഇപ്പോഴും ഞങ്ങളുടെ കുടുംബവുമായി അവള്‍ നല്ലബന്ധം പുലര്‍ത്തുന്നു. ശിവാഗിയെപ്പോലൊരു കുട്ടിയെ അടുത്തജന്മമെങ്കിലും മകളായി ലഭിച്ചിരുന്നെങ്കില്‍ എന്ന് എന്റെ അമ്മ പറയാറുണ്ട്. അങ്ങനെ എത്ര കഥകള്‍...

അംഗീകാരങ്ങള്‍

പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനമാണ് ലക്ഷ്യം. അംഗീകാരങ്ങളുടെ പിറകെപ്പോവാറുമില്ല. എന്നാലും ലോകം ഞങ്ങളെ കാണുന്നു. ടൈംസ് മാഗസിന്‍ 2010-ല്‍ സൂപ്പര്‍ 30-യെ ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥാപനമായി അംഗീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപഹാരം ഞങ്ങള്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് സൂപ്പര്‍ 30 എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ലോകത്തിലെത്തന്നെ നാല് മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നായാണ് ന്യൂസ് വീക്ക് മാഗസിന്‍ സൂപ്പര്‍ 30-യെ തിരഞ്ഞെടുത്തത്. ബിഹാര്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ മൗലാനാ അബുള്‍ കലാം ആസാദ് ശിക്ഷക് പുരസ്‌കാരവും 2010-ല്‍ എനിക്ക് ലഭിച്ചു. അങ്ങനെ എത്രയോ പുരസ്‌കാരങ്ങള്‍... ബി.ബി.സി., അല്‍ജസീറ ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഡോക്യുമെന്ററികള്‍ ചെയ്തു. ഇപ്പോള്‍ സിനിമയും പുറത്തുവന്നു. ഏറെ സന്തോഷവനാണ്. 'മാതൃഭൂമി' നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലും ഞാന്‍ വന്നിട്ടുണ്ട്.

എതിര്‍പ്പുകള്‍

കോടികള്‍ മാറിമറിയുന്ന മേഖലയാണിത്. വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഒട്ടേറെ വധഭീഷണികള്‍ വന്നു. എന്റെ സ്ഥാപനം നിര്‍ത്താന്‍ ഭീഷണിമുഴക്കി. ഒട്ടേറെ തവണ വധശ്രമമുണ്ടായി. എന്റെ സുഹൃത്തുക്കള്‍ക്ക് മാരകമായി പരിക്കേറ്റു. അതിനുശേഷം എനിക്ക് ബിഹാറില്‍ പോലീസ് സംരക്ഷണമുണ്ട്. ഇപ്പോള്‍ പോലീസ് സംരക്ഷണമുള്ളതിനാലും സൂപ്പര്‍ 30 ലോകശ്രദ്ധയില്‍ വന്നതിനാലും എതിര്‍പ്പിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

എന്റെ അസുഖം

2014-ലാണ് എന്റെ രോഗം തിരിച്ചറിഞ്ഞത്. വലതുചെവിയുടെ കേള്‍വിശേഷി നഷ്ടമായി. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ചെവിക്കല്ല തകരാറ്, മറിച്ച് 'അകൂസ്റ്റിക് ന്യൂറോമ' എന്നയിനം തലച്ചോര്‍മുഴ വളരുകയാണെന്നു കണ്ടെത്തിയത്. അന്ന്, അഞ്ചുവര്‍ഷംമുമ്പ്്് ഡോക്ടര്‍മാര്‍ പറഞ്ഞു: കഷ്ടിച്ചൊരു 10 വര്‍ഷംകൂടി ജീവിച്ചേക്കും. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ ശസ്ത്രക്രിയയും സാധ്യമല്ലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. അതുവരെ ജീവിക്കും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നമുക്ക് എന്തുപറയാനാകും.

ബോളിവുഡ് ചിത്രം

anand kumar super 30
ആനന്ദ്കുമാറും ഹൃത്വിക് റോഷനും

എന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ സൂപ്പര്‍ 30 വന്നതോടെ മറ്റ് മേഖലയിലുള്ളവരും എന്നെ കാണാനെത്താന്‍ തുടങ്ങി. ഇത് എന്നില്‍ പുതിയ ഉത്തരവാദിത്വം ഉണ്ടാക്കുന്നുണ്ട്. എന്റെ കര്‍ത്തവ്യം കൂടുകയാണുണ്ടായത്. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ സിനിമവരണമെന്ന് എനിക്ക ആഗ്രഹമുണ്ടായിരുന്നു. അത് സാധ്യമായി. സിനിമയ്ക്കായി ഹൃത്വിക് റോഷന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ബോധ്യമായിരുന്നു സിനിമ വിജയിക്കുമെന്ന്. അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. വലിയ പ്രതിഭയുള്ള നടനാണ് അദ്ദേഹം. സിനിമ തുടങ്ങുന്നതിനുമുമ്പ് 150 മണിക്കൂറുകളോളമുള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുള്ള പ്രവൃത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്‌റ്റൈല്‍, എന്റെ അധ്യാപനരീതി... അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനുശേഷം ആറോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്ച ആറുമണിക്കൂറോളം നീണ്ടു. ഒരുതവണ എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ അദ്ദേഹം നഗ്‌നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്ചയില്‍ അത്രത്തോളം അദ്ദേഹം മുഴുകിയിരുന്നു. സിനിമ കണ്ടപ്പോഴും ആ വീണ്ടെടുപ്പ് എനിക്ക് ബോധ്യമായി.

(മാതൃഭൂമി വാരാന്തപതിപ്പില്‍  'ആനന്ദപ്രകാശം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് )

Content Highlights: Super 30 Hrithik Roshan, Life Story of Anand Kumar, Exclusive Interview talks about life struggle father, family, coaching, students, controversies