റങ്ങാതിരുന്ന് ജീവിതം ആസ്വദിച്ച പങ്കാളികളുടെ കഥ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെന്ന് പറയാന്‍ വരട്ടെ 2018 ലെ ഐഎഫ്എഫ്കെയില്‍ പലരും കണ്ട്  കൈയടിച്ചുണ്ട് ഈ കഥ. Sleeplessly Yours, ഗൗതം സൂര്യയും സുദീപ് ഇളമണും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ 2018 ലെ മേളയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ആ സിനിമയെ കുറിച്ച് കേട്ടവരെല്ലാം അന്നുമുതല്‍ തിയ്യറ്റര്‍ റിലീസിനായി കാത്തിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ട് രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം Sleeplessly Yours യൂട്യൂബ് റിലീസിലൂടെ പ്രേക്ഷകരെ തേടിയെത്തിയിരിക്കുകയാണ്. കൊറോണ അതിജീവനത്തിനായി വീടുകളില്‍ ജീവിതം പൂക്കുന്ന കാലത്ത് എല്ലാവര്‍ക്കും സൗജന്യമായി തങ്ങളുടെ സിനിമ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ സിനിമ സൗഹൃദക്കൂട്ടം. പതിനെട്ടാം പടി, ഫൈനല്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായി ഇതിനകം ശ്രദ്ധേയനായി കഴിഞ്ഞ സുദീപ് ഇളമണ്‍ തന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയെ കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുന്നു.

2018 ഐഎഫ്എഫ്കെയില്‍ മികച്ച അഭിപ്രായം നേടിയ സിനിമയാണ് Sleeplessly Yours. തിയ്യറ്റര്‍ റിലീസ് ചെയ്യാതെ എന്തുകൊണ്ട് യൂട്യൂബ് റിലീസ്?

ആദ്യഘട്ടത്തില്‍ ഞങ്ങള്‍ തിയ്യറ്റർ റിലീസ്, ആമസോണ്‍, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ശ്രമിച്ചിരുന്നു. ഞങ്ങളുടെ സിനിമ 112 മിനിറ്റുള്ള വേര്‍ഷനാണ് സെന്‍സര്‍ ചെയ്തത്. എന്നാല്‍ അതിനുശേഷം വീണ്ടും എഡിറ്റ് ചെയ്ത് ഞങ്ങളത് 72 മിനുട്ടാക്കി മാറ്റി. അപ്പോള്‍ ആമസോണ്‍, നെറ്റ്ഫല്‍ക്സ് അടക്കമുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് റിലീസ് ചെയ്യണമെങ്കില്‍ സിനിമ റീ സെന്‍സര്‍ ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് വീണ്ടും സെന്‍സറിങ്ങിനൊക്കെ പോവുക സാധ്യമായിരുന്നില്ല. അതുപോലെ ഞങ്ങളിത് 2017 ല്‍ ഷൂട്ട് ചെയ്ത സിനിമയാണ്. ഞാനും സുഹൃത്തുക്കളും ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെയാണ് നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്തിയത്. ഈ സിനിമ വലിയ രീതിയില്‍ റിലീസ് ചെയ്യുക എന്നൊരു ഉദ്ദേശ്യമെന്നും അന്നുതൊട്ടേ ഉണ്ടായിരുന്നില്ല. മറിച്ച് ഒരുകൂട്ടം പുതിയ സിനിമാമോഹികളുടെ കഴിവ് പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സാമ്പത്തികമായ നേട്ടമൊന്നും ലക്ഷ്യമില്ലാത്തത് കൊണ്ട് തന്നെ യൂട്യൂബ് റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സിനിമാസ്വപ്നം കണ്ടനാള്‍ മുതല്‍ ചെയ്യുന്നതെല്ലാം യൂട്യൂബിലിടാം എന്ന ലക്ഷ്യത്തിലായിരുന്നു ഓരോ വര്‍ക്കുകളും ചെയ്തത്. അതിനാല്‍ തന്നെ ആദ്യ സിനിമാ റിലീസിനും യൂട്യൂബ് തിരഞ്ഞെടുത്തു.

സ്ലീപ്ലെസ്​ലി യുവേഴ്സ് കാണാം

വലിയ പ്രമോഷനുകളൊന്നുമില്ലാതെ നിശബ്ദമായൊരു റിലീസ് തിരഞ്ഞെടുക്കാന്‍ കാരണം?

പൊതുവേ ഇപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ പോലും യൂട്യൂബില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രമുഖ നടീ, നടന്മാരുടെ പേജ് വഴിയാണ് എല്ലാവരും ചെയ്യുന്നത്. അതൊരു തരം പ്രമോഷനാണ്. ഞങ്ങള്‍ക്ക് അത് എളുപ്പം സാധിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ നാടാകെ ഒരു മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാളോട് ഞങ്ങളുടെ സിനിമ റിലീസ് ചെയ്ത് തരുമോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ്. അതുകൊണ്ട് ആരുടെ ഫെയ്സ്ബുക്ക് പേജ് വഴിയും ഞങ്ങള്‍ റിലീസ് ചെയ്തില്ല. പക്ഷേ, എല്ലാ പ്രേക്ഷകരും സിനിമ കാണണം എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും വീട്ടിലിരിക്കുന്ന സമയമായതിനാല്‍ എളുപ്പം സിനിമ കാണാന്‍ സമയം കണ്ടെത്താനും സാധിക്കും. ഏപ്രില്‍ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം നല്ല പ്രതികരണങ്ങള്‍ കിട്ടിത്തുടങ്ങിക്കഴിഞ്ഞു. എല്ലാവരും ഞങ്ങളുടെ സിനിമ കാണുക, അഭിപ്രായം അറിയിക്കുക.

sudeep

കുറച്ച് ദിവസം ഉറങ്ങാതെയിരിക്കാന്‍ തീരുമാനിക്കുന്ന പങ്കാളികള്‍, ആ ദിവസങ്ങളില്‍ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇതാണ് സിനിമയുടെ തീം. ഇത്തരമൊരു വിഷയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഈ സിനിമയുടെ എഡിറ്റര്‍ അപ്പു ഭട്ടതിരി, നടനായ സുദേവ് നായര്‍ എന്നിവരൊഴിച്ച് ബാക്കിയെല്ലാം നവാഗതരാണ്. ഞങ്ങള്‍ക്ക് ആര്‍ക്കും സിനിമയിലേക്ക് എങ്ങനെ പ്രവേശിക്കാം എന്നോ നിര്‍മാതാക്കളെ എങ്ങനെ കണ്ടെത്താം എന്നോ ഒന്നും അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും ഒരു സിനിമ ചെയ്യണം എന്ന ഒരുപാടാളുകളുടെ ആഗ്രഹത്തില്‍ നിന്ന് പിറന്ന സിനിമയാണിത്. ആദ്യം ഒരു പ്രണയകഥ പറയാം എന്ന് തീരുമാനിച്ചു. അതിനെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് ഉറങ്ങാതിരിക്കുന്ന രണ്ടുപേര്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. സംവിധാന പങ്കാളിയും എന്റെ സുഹൃത്തുക്കൂടിയായ  ഗൗതം മൂന്നുദിവസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി. അവനാണ് ഈ സിനിമയുടെ ക്യാപ്റ്റന്‍ എന്ന് ഞാന്‍ പറയും. ഈ സിനിമയ്ക്കായി ഞങ്ങള്‍ നടത്തിയ പ്രീ പ്രൊഡക്ഷന്‍ ജോലി വളരെ രസകരമായിരുന്നു. എന്റെയും ഗൗതമിന്റെയും വീടുകളിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് സൗജന്യമായി ഷൂട്ട് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങളെ മാത്രം ആശ്രയിച്ചതിനാല്‍ നിര്‍മാണച്ചെലവ് കുറയ്ക്കാനായി. അതുപോലെ നായകനായ സുദേവ് നായര്‍ അദ്ദേഹം വാങ്ങുന്നതിലും വളരെ കുറഞ്ഞ പ്രതിഫലത്തിലാണ് ഇതിന്റെ ഭാഗമായത്.

അഭിനേതാക്കളെ ഉറങ്ങാന്‍ വിടാതെയാണോ ഷൂട്ട് ചെയ്തത്? അത്രമാത്രം റിയലിസ്റ്റിക്കാണ് അവതരണം?

സിനിമയുടെ മുന്നോടിയായി ഗൗതമും ക്രിയേറ്റീവ് ഡയറക്ടറായ ശ്യാമും പിന്നെ ഒരു അസോസിയേറ്റും മൂന്ന് ദിവസം ഉറങ്ങാതിരുന്നു. കാരണം ഉറങ്ങാതിരുന്നാല്‍ മൂന്ന് ദിവസം എങ്ങനെയായിരിക്കും അവസ്ഥ എന്നുള്ള തിരിച്ചറിവിന് വേണ്ടിയായിരുന്നു അത്. തിരക്കഥയെഴുതുമ്പോള്‍ ഗൗതമിന് അത് പ്രയോജനമായി. അതുപോലെ ഷൂട്ട് ചെയ്യുന്ന സമയത്ത് ഉറങ്ങാതെ അഭിനയിച്ചാലോ എന്ന നിര്‍ദ്ദേശം ഞങ്ങള്‍ വച്ചെങ്കിലും അത് സാധ്യമാകില്ലെന്ന് ചര്‍ച്ച ചെയ്തപ്പോള്‍ മനസിലായി. കാരണം. അഭിനേതാക്കള്‍ അങ്ങനെ ഉറങ്ങാതിരുന്നാല്‍ ശരീരം നിയന്ത്രണം വിട്ടുപോകും. അത് സിനിമയെ ബാധിക്കും. ഉറങ്ങാതിരിക്കുമ്പോഴുള്ള മനുഷ്യന്റെ അവസ്ഥയെപ്പറ്റി ഓരോ ഷോട്ടിലും കൃത്യമായി അഭിനേതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. വളരെ ആകാംക്ഷയോടെയാണ് ഐഎഫ്എഫ്കെയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഐഎഫ്എഫ്കെയില്‍ ലഭിച്ച അഭിനന്ദനങ്ങള്‍ ഏറ്റവും വലിയ അംഗീകാരമായാണ് ഞങ്ങള്‍ കാണുന്നത്.

sudeep

നവാഗത സംവിധായകനില്‍ നിന്ന് സുദീപ് ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഛായാഗ്രഹകനായി വളര്‍ന്നുകഴിഞ്ഞു. അയ്യപ്പനും കോശിയും പോലുള്ള വലിയ വിജയ ചിത്രങ്ങള്‍ അക്കൗണ്ടിലുണ്ട്. ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു?

Sleeplessly Yours ചെയ്യുമ്പോള്‍ ഞങ്ങളെ നിയന്ത്രിക്കാന്‍ മുകളില്‍ ആരുമില്ലായിരുന്നു. ഞങ്ങള്‍ക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമോ ബാധ്യതകളെ ഒന്നും ഉണ്ടായിരുന്നില്ല. നല്ലതായാലും മോശമായാലും ഞങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ആയൊരു കൂട്ടായ്മയ്ക്കുമുണ്ട്. എന്നാല്‍ അയ്യപ്പനും കോശിയും എന്ന സിനിമ കഴിഞ്ഞ് നില്‍ക്കുമ്പോള്‍ വളരെ അഭിമാനമുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ സിനിമ ടീമായിരുന്നു അത്. രഞ്ജിത് സാര്‍, സച്ചിയേട്ടന്‍, ബിജു ചേട്ടന്‍, രാജുചേട്ടന്‍ അങ്ങനെ. വലിയൊരു ഉത്തരവാദിത്തം ഭംഗിയായി ചെയ്യാന്‍ പറ്റി എന്ന് തോന്നുന്നുണ്ട്.
സച്ചിയേട്ടനാണ് എന്നെ ഈ സിനിമയിലേക്ക് ആദ്യം വിളിക്കുന്നത്. അദ്ദേഹത്തിന് ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ച് വളരെ ക്ലിയറായിട്ടുള്ള ഐഡിയയുണ്ടായിരുന്നു. സിനിമയുടെ കഥ പറഞ്ഞ് കഴിഞ്ഞിട്ട് അദ്ദേഹം എന്നോട് പറഞ്ഞത് ' സുദീപേ, വളരെ കൊമേഴ്സ്യല്‍ ആയി വേണമെങ്കില്‍ നമുക്ക് ഈ സിനിമ ഷൂട്ട് ചെയ്യാം. എന്നാല്‍ അതല്ല എനിക്ക് വേണ്ടത്. വളരെ റോ ആയിട്ടാണ് നീ ഇതെനിക്ക് എടുത്ത് തരേണ്ടത്. പക്കാ റിയലിസ്റ്റായിരിക്കണം. എങ്ങനെ ചെയ്യാം?'. അദ്ദേഹത്തോട് അപ്പോള്‍ തന്നെ എന്റെ കുറച്ച് നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷേ സച്ചിയേട്ടന്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. സ്‌റ്റൈലൈസ്ഡ് ഷോട്ടുകള്‍ ഒഴിവാക്കാം എന്ന നിര്‍ദ്ദേശമാണ് ഞാന്‍ ആദ്യം പറഞ്ഞത്. ജിബ്ബ് വേണ്ട, ക്രയിന്‍ വേണ്ട എന്നൊക്കെ ഒരു ക്യാമറമാന്‍ പറയുമ്പോള്‍ അത് സമ്മതിക്കുന്ന ഒരു സംവിധായകന്‍ ഉണ്ടാകുക എന്ന് പറയുന്നത് തന്നെ ഒരു ധൈര്യമാണ്. അതുപോലെ രാജുച്ചേട്ടനും ബിജുച്ചേട്ടനും ഈ സിനിമയ്ക്ക് നല്‍കിയ ഡെഡിക്കേഷന്‍ സമ്മതിക്കേണ്ടതാണ്. അവരുടെ കൂടെ ആദ്യമായാണ് ഒരു സിനിമ മുഴുവന്‍ ഞാന്‍ ചെയ്യുന്നത്. ക്ലൈമാക്സ് ഫൈറ്റില്‍ ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് രണ്ടാളും ചെയ്തത്. മറ്റ് നടന്മാര്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അത്തരമൊരു ഫൈറ്റിന് തയ്യാറാകുമോ എന്നെനിക്കറിയില്ല. അത്ര നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നത് വളരെ കരിയറിലെ വലിയ ഭാഗ്യമായി കാണുന്നു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയാണ് സുദീപ്. ലാന്‍ഡ്‌സ്‌കേപ്പുകള്‍ പ്രധാന പശ്ചാത്തലമാകുന്ന സിനിമകള്‍ വരുമ്പോള്‍ സുദീപിന്റെ ക്യാമറയ്ക്ക് ഭംഗികൂടുമെന്നൊരു സംസാരമുണ്ട്. സത്യമാണോ?

(ചിരിക്കുന്നു) സച്ചിയേട്ടന്‍ ആദ്യം വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞത് അയ്യപ്പനും കോശിയും എനിക്ക് ഒരു വൈല്‍ഡ് ലൈഫ് സിനിമ ഷൂട്ട് ചെയ്യുന്നത്പോലെ ചിത്രീകരിക്കണം എന്നാണ്. ആ ഡയലോഗില്‍ തന്നെ ഞാന്‍ ഫല്‍റ്റായി. ലാന്‍ഡ്‌സ്‌കേപ്പിനോട് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. സിനിമ മുഴുവന്‍ അട്ടപ്പാടിയിലാണ്, രാത്രി ഷൂട്ടുണ്ട് എന്നൊക്കെ പറഞ്ഞപ്പോള്‍ തന്നെ അത് ഭയങ്കരമായി എന്നെ ആകര്‍ഷിച്ചു. ലാന്‍ഡ്സ്‌കേപ്പിന്റെ ഒരു കഥാപാത്രമായി സിനിമയില്‍ കൊണ്ടുവരാന്‍ പറ്റും എന്നെനിക്ക് തോന്നി. ഇടുക്കിയേ പോലെ അട്ടപ്പാടി മലയാള സിനിമയില്‍ അധികം പശ്ചാത്തലമായിട്ടില്ല. അതുകൊണ്ട് ആ പ്രദേശത്തെ ഒരു കഥാപാത്രമായി കൊണ്ടുവരാന്‍ കഴിയണം എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അത് എനിക്ക് ചെയ്യാന്‍ സാധിച്ചെന്നാണ് വിശ്വസിക്കുന്നത്.

പക്ഷേ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും സിനിമ ഛായാഗ്രഹണവും തമ്മില്‍ ഒരുപാട് ദൂരവുമുണ്ട്. അല്ലേ?

അതെ, സിനിമയിലേക്ക് എത്തുമ്പോള്‍ ഭൂരിഭാഗം സംഭവങ്ങളും നമ്മള്‍ റീക്രിയേറ്റ് ചെയ്യുകയാണ്. വീടിനകത്താണെങ്കില്‍, മഴ വേണമെങ്കില്‍ മഴ ഉണ്ടാക്കുക, സൂര്യന്റെ വെളിച്ചം വേണമെങ്കില്‍ അത് ഉണ്ടാക്കുക. മുഴുവന്‍ ആര്‍ട്ടിഫിഷ്യലാണ്. അങ്ങനെ റീക്രിയേറ്റ് ചെയ്യുക എന്നത് വളരെ വലിയ ദൗത്യമാണ്. എന്നാല്‍ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്ക് മഴയുടെ ഫോട്ടെയെടുക്കണമെങ്കില്‍ മഴ വരാന്‍ കാത്തിരിക്കണം. ക്ഷമ തന്നെയാണ് ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്ക് പ്രധാനമായി വേണ്ടത്. 15 ദിവസത്തോളം ഒരു ഷോട്ടിനായി കാട്ടില്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. ആനിമല്‍ പ്ലാനറ്റില്‍ വര്‍ക്ക് ചെയ്ത കാലത്ത് ഒരു വവ്വാല്‍ വന്ന് തവളെയെ പിടിക്കുന്ന ഷോട്ട് എടുക്കാന്‍ 15 ദിവസം കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും അത് കിട്ടാതിരുന്നിട്ടുണ്ട്.  ആ ഫോട്ടോ കൃത്യമായി കിട്ടുമ്പോഴാണ് ആ കാത്തിരിപ്പിന്റെ സ്ന്തോഷം. സിനിമയിലേക്ക് വരുമ്പോള്‍ നേരെ തിരിച്ചാണ്. ഈ ദിവസം ഇന്നത് നമ്മള്‍ പ്ലാന്‍ ചെയ്ത് ഷൂട്ട് ചെയ്യുകയാണ്. നമുക്ക് വേണ്ട സൗകര്യങ്ങളെല്ലാം അവിടെ റെഡിയാക്കി തരും. ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. എന്നാല്‍പ്പോലും രണ്ടിലും മിക്സുകള്‍ കണ്ടെത്താന്‍ നമുക്ക് പറ്റും. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥ്വിരാജ് നടന്നുവരുന്ന ഷോട്ടില്‍ ഒരു ചിലന്തിയെ കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചിലന്തിയാണ് അത്. ആ കാര്യം എനിക്ക് അറിയാവുന്നത് കൊണ്ടാണ് അത് അങ്ങനെ ഷൂട്ട് ചെയ്യാനായത്. അത്തരമൊരു ഷോട്ട് വരുമ്പോള്‍ പുതിയൊരു രീതിയില്‍ ആശയം നമുക്ക് കൈമാറാനാകും. രണ്ടും രണ്ടുതരത്തില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.

പുതിയ പ്രതീക്ഷകള്‍?

നിലവില്‍ ഒന്നും കരാറിലെത്തിയിട്ടില്ല. വിശാല്‍ സംവിധാനം ചെയ്യുന്ന തുപ്പരിവാലന്‍ 2 എന്ന സിനിമയാണ് പറഞ്ഞുവച്ചിരിക്കുന്നത്. കൊറോണ നിയന്ത്രണങ്ങളൊക്കെ മാറി കഴിഞ്ഞ് എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ല. മലയാളത്തിലും കുറച്ച് പ്രോജക്ടുകള്‍ സംസാരിച്ച് വച്ചിട്ടുണ്ട്. സംവിധാനം ഇനി എന്തായാലും ഉടനില്ല.

Content Highlights: Sudeep Elamon Ayyappanum Koshiyum Sleeplessly Yours