ടെലിവിഷന്‍ പരമ്പകളുടെ ലോകത്ത് നിന്ന് സിനിമയിലെത്തിയ ഒരു നടിയാണ് ശ്രേയ രമേഷ്. വീട്ടമ്മയായി ഗള്‍ഫില്‍ ജീവിക്കുമ്പോള്‍ ആകസ്മികമായാണ് ശ്രേയക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. തുടക്കത്തില്‍ ആശങ്കകളായിരുന്നു മനസ്സു നിറയെ. എന്നാല്‍ എന്തോ ഒരു ശക്തി ശ്രേയയെ മുന്നോട്ട് നയിച്ചു. അത് ദൈവമാണെന്ന് വിശ്വസിക്കുന്നു ശ്രേയ. സിനിമയില്‍ നാല് വര്‍ഷങ്ങള്‍. അതിനിടെ പതിനഞ്ചോളം സിനിമകള്‍. എല്ലാറ്റിലും ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍. ശ്രേയ സന്തോഷവതിയാണ്. മാതൃഭൂമി ഡോട്ട്‌ കോമിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറക്കുകയാണ് ശ്രേയ.

ഓര്‍ക്കാപ്പുറത്ത് വന്നുചേര്‍ന്ന സൗഭാഗ്യം

അഭിനയരംഗത്തേക്ക് താമസിച്ചെത്തി എന്ന തോന്നല്‍ എനിക്കില്ല. കാരണം ഞാന്‍ സിനിമയില്‍ അഭിനയിക്കണം പേരെടുക്കണം എന്നൊന്നും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. യാദൃശ്ചികമായി എത്തിയ ഒരാളാണ് ഞാന്‍. ഓര്‍ക്കാപ്പുറത്ത് കിട്ടിയ സൗഭാഗ്യം എന്ന് പറയാം. ഒരു പരിപാടി ചെയ്തു. തുടര്‍ന്ന് സീരിയല്‍ രംഗത്തേക്ക് ക്ഷണം വന്നു, അവിടെ നിന്ന് സിനിമയിലേക്കും. ഒഴുക്കിനനുസരിച്ച് പോവുകയായിരുന്നു.

ഭര്‍ത്താവിന്റെ വാക്കുകള്‍ പ്രോത്സാഹനമായി

sreeya ramesh

കുട്ടിക്കാലത്ത് ടീച്ചറാകണമെന്നായിരുന്നു ആഗ്രഹം. വിവാഹത്തിനുശേഷം പ്രവാസിയായി ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ ജീവിച്ചു. ദുബായ് വിമാനത്താവളത്തില്‍ കുറച്ച് കാലം ജോലി ചെയ്തു. പിന്നീട് വീട്ടമ്മയായും ജീവിച്ചു. അങ്ങനെയിരിക്കെയാണ് സീരിയല്‍ രംഗത്ത് എത്തുന്നത്. യാദൃശ്ചികമായി ഒരു ഇമെയില്‍ വന്നു, സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ഞാനല്ല എന്റെ ഭര്‍ത്താവാണ് അതിന് മറുപടി അയച്ചത്. ഞാന്‍ പോലും അറിഞ്ഞില്ല. എന്നോട് ചോദിക്കാതെ അദ്ദേഹം ഓകെ പറഞ്ഞു. അതിനുശേഷമാണ് എന്നോട് ഈ വിവരം പറയുന്നത്. നീ വെറുതേ പോയി നോക്കൂ, ശ്രമിച്ചു നോക്കൂ എന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. എന്നോട് ചോദിക്കാതെയാണോ മറുപടി അയച്ചത് എന്നെല്ലാം ചോദിച്ച്. അങ്ങനെ സീരിയലില്‍ അഭിനയിക്കാന്‍ പോയി. എനിക്കെന്തോ അഭിനയം ഇഷ്ടമായി. 

ഏറ്റവും വലിയ സന്തോഷം എന്താണെന്നാല്‍ സിനിമയില്‍ എനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ ചെറുതാണെങ്കില്‍ പോലും ശ്രദ്ധേയമായവയായിരുന്നു. എന്നും എപ്പോഴും, വേട്ട, ഒപ്പം, ഒടിയന്‍, ഒടുവില്‍ ലൂസിഫറിലും. വലിയ താരനിരയുള്ള സിനിമകളില്‍ ചെറിയ വേഷമായാലും അതു സന്തോഷമല്ലേ. 

ലൂസിഫറിലെ ഗോമതി; വിമര്‍ശനങ്ങള്‍

sreeya ramesh

ലൂസിഫറിലെ ഗോമതിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നീട് പ്രശ്‌നമില്ലാതായി. വില്ലനെ (ജോണ്‍ വിജയ്‌ അവതരിപ്പിച്ച കഥാപാത്രം) വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു. ആ വില്ലന്റെ വീക്​നെസാണ് സീരിയലിലെ ഗോമതി. അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഇപ്പോള്‍ ഗോമതിയായി പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു.  എന്റെ സുഹൃത്തുക്കളില്‍ പലരും ചോദിച്ചു, എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ.

sreeya ramesh
ജോണ്‍ വിജയ്‌ക്കൊപ്പം ശ്രീയ
ഈയടുത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഡോക്ടറെ കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള കുഞ്ഞായിരുന്നു. ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ പറയുന്നുണ്ട്, മാതാപിതാക്കള്‍ അവനെ അടക്കിയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല. എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. 'മാഡം സിനിമയിലുള്ള ആളല്ലേ, മോന്‍ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ'- അവര്‍ ചോദിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, 'ലൂസിഫറിലെ ഗോമതിയല്ലേ... ? ' അങ്ങനെ ഒരു ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു.

കുടുംബം...

എനിക്ക് രണ്ടു കുട്ടികളാണ്. ഒരു മകനും മകളും. മകള്‍ അദ്രജ രമേഷ് അവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. മകന്‍ അദ്രിത് രമേഷ് മൂന്നാം ക്ലാസിലാണ്. ഭര്‍ത്താവ് രമേഷ്. മകന്‍ അഭിനയിക്കുന്നുണ്ട്.  വിജി തമ്പിസാറിന്റെ അയ്യപ്പ ശരണം എന്ന സീരിയലില്‍ അയ്യപ്പനായി അഭിനയിക്കുന്നത് അവനാണ്. ഞങ്ങള്‍ തിരുവനന്തപുരത്ത് സെറ്റിലാണ്. 

sreeya ramesh
മോഹന്‍ലാലിനൊപ്പം ശ്രീയയും കുടുംബവും

ഇനിയും ഒരുപാട് അഭിനയിക്കണം

ആക്‌സമികമായാണ് സിനിമയുടെ ഭാഗമായത് എങ്കിലും ഇന്ന് ഞാന്‍ അഭിനയത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആ ആഗ്രഹം. ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. ലാലേട്ടനോടൊപ്പം അഭിനയിച്ചു. ഇനി മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ അതെന്റെ മോഹമാണ്. ലൈക എന്ന മലയാള സിനിമയിലും, ഉന്‍ കാതലേ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ഒരു തെലുങ്കു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

sreeya

Content Highlights: Sreeya Remesh actor interview, Lucifer movie Gomathi character, opens about criticism, cinema, life, family