ലയാളിയുടെ ജീവിതത്തെയും മനഃശാസ്ത്രത്തെയും അതിസൂക്ഷ്മമായി പഠിച്ചയാളാണ് ശ്രീനിവാസന്‍. ഈ ബോധ്യത്തിന്റെ 
തെളിവുകളാണ് അദ്ദേഹം തിരക്കഥയെഴുതിയ ഒട്ടുമിക്ക സിനിമകളും. സൗന്ദര്യബോധം മുതല്‍ രാഷ്ട്രീയബോധംവരെ, ഭക്തിമുതല്‍ വ്യവസായം വരെ, തൊഴിലില്ലായ്മ മുതല്‍ മാവോയിസം വരെ, സംശയരോഗം മുതല്‍ ഉപഭോഗാസക്തിവരെ... ശ്രീനിവാസന്‍ അവതരിപ്പിക്കാത്ത മലയാളി ഭാവങ്ങളില്ല. താനെഴുതിയ തിരക്കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളിയെയും ഓരോ മേഖലയിലെ മാറ്റങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം

വടക്കുനോക്കിയന്ത്ര'ത്തില്‍ തളത്തില്‍ ദിനേശന്‍ മനഃശാസ്ത്രജ്ഞന് എഴുതുന്ന എഴുത്തിലെ ഒരു വരി ഇതാണ്:'...ആദ്യമായി ഞാന്‍ ഒരു നഗ്‌നസത്യം തുറന്നുപറയട്ട. ഞാനൊരു സുന്ദരനേയല്ല ഡോക്ടര്‍. കറുത്തിട്ടാണ്. ഉയരം നന്നേ കമ്മിയാണ്... ഇത് ശ്രീനിവാസന്‍ എന്ന മലയാളിയുടെ അപകര്‍ഷതാബോധമാണോ?

അല്ലേയല്ല. ആ കഥാപാത്രത്തിനുവേണ്ടിമാത്രം എഴുതിയതാണ്. സത്യം പറഞ്ഞാല്‍ എന്റെ സൗന്ദര്യമില്ലായ്മ ഒരിക്കലും എന്റെ വിഷയമായിരുന്നില്ല. സൗന്ദര്യം വിഷയമാകുന്ന ഒരു സ്ഥലത്തുനിന്നും സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ ഞാന്‍ പിന്തള്ളപ്പെട്ടിട്ടില്ല. പണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ ഞാന്‍ അപേക്ഷ അയച്ചു. ഒപ്പം ഒരു ഫോട്ടോയും വെച്ചിരുന്നു. ഫോട്ടോ കണ്ട സ്ഥാപനമേധാവി എനിക്ക് എഴുതി: 'ഈ ഫോട്ടോകണ്ടാല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടില്ല'. അതിന് ഞാന്‍ അദ്ദേഹത്തിന് മറുപടിയെഴുതി:

'പ്രേംനസീര്‍ സുന്ദരനാണ്. അദ്ദേഹം ബംഗ്ലാവിലാണ് താമസിക്കുന്നത്. സിനിമയില്‍ നായകനും അദ്ദേഹമാണ്. പക്ഷേ, അദ്ദേഹത്തിന്റെ അടുക്കളക്കാരനും ആ സൗന്ദര്യം തന്നെ ആവശ്യമുണ്ടോ?' കത്തുവായിച്ച ഉടനെ എനിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചു. അതുകൊണ്ട് തളത്തില്‍ ദിനേശന്റെ ആകുലത എന്റെ ആകുലതയല്ല.

'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശന്റേത് മലയാളിയുടെ  മാത്രം മനോരോഗമാണോ

'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശന്റെ പ്രശ്‌നം ഒരു ആഗോളപ്രതിഭാസമാണ്. ലോകത്ത് എല്ലായിടത്തും അതുണ്ട്. ഏറ്റക്കുറച്ചിലുകളുണ്ടാവാമെന്നുമാത്രം. തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തിന് എനിക്ക് മാതൃകയായത് ഒരു മലയാളിയായിരുന്നു. കൊല്ലത്തുകാരനായിരുന്നു അയാള്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാനായിരുന്നു. മദിരാശിയില്‍ ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ ഒന്നിച്ച് ഷട്ടില്‍ കളിക്കുമായിരുന്നു. അയാളുടെ ജീവിതത്തില്‍നിന്നുള്ള ഒരു സീനും ഞാന്‍ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. കാരണം, അത് ഉപയോഗിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല. അത്രയ്ക്ക് ക്രൂരമാണ്. ഭാര്യയെ വീട്ടിലിട്ട് പൂട്ടിയിട്ടായിരുന്നു അയാള്‍ ജോലിക്ക് പോയിരുന്നത്. കല്യാണം തീരുമാനിച്ച ദിവസം മുതല്‍ അയാള്‍ ചന്ദ്രശേഖരന്‍ എന്ന റൂംമേറ്റിനെ ഒഴിവാക്കി.

പിന്നീടാണ് കാര്യം ഞങ്ങള്‍ക്ക് പിടികിട്ടിയത്. താനുമായുള്ള ബന്ധം പറഞ്ഞ് ഭാവിയില്‍ ഇയാള്‍ തന്റെ ഭാര്യയുടെ അടുത്ത് വന്നാലോ? എന്നോടൊരിക്കല്‍ ഇയാള്‍ പറഞ്ഞു: 'ആശാനേ, എന്നെ കല്യാണം കഴിച്ചതിനുശേഷമാണ് അവള്‍ ആദ്യമായി മദിരാശിയില്‍ വന്നത് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍, അങ്ങനെയല്ല, 'അതെങ്ങനെ മനസ്സിലായി?' -ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: 'ഞാന്‍ പറയുന്നതിനേക്കാള്‍ നന്നായി അവള്‍ തമിഴ് പറയുന്നുണ്ട്'. ഇതായിരുന്നു അയാളുടെ അവസ്ഥ.

 'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയില്‍ വിജയന്റെ അച്ഛന്‍ കരുണന്‍ മാഷ് പറയുന്നു: 'ദൈവഭക്തി നല്ല കാര്യമല്ല എന്നാരും പറയുന്നില്ല. പക്ഷേ, ഇതുപോലെ ഇരുപത്തിനാല് മണിക്കൂറും ഭക്തിയുംകൊണ്ട് നടക്കേണ്ട കാര്യമെന്താ?' വിജയന്‍: ഞാനൊരു പാര്‍ട്ട്ടൈം ഭക്തനായാല്‍ മതീന്നാണോ അച്ഛാ?

പാര്‍ട്ട്ടൈം ഭക്തി, സീസണല്‍ ഭക്തി എന്നീ പദങ്ങള്‍ ആ സിനിമയില്‍ താങ്കള്‍ സൃഷ്ടിച്ചതാണ്. മലയാളിയുടെ മതബോധത്തെയും ദൈവബോധത്തെയുംകുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്

നമുക്ക് ഭക്തിയും ദൈവവും നമ്മുടെ ആവശ്യങ്ങള്‍ സാധിക്കാന്‍വേണ്ടിമാത്രമുള്ള ഒരു ഏര്‍പ്പാടാണ്. വലിയ ഭക്തര്‍പോലും ചില ഘട്ടങ്ങളില്‍മാത്രമേ ദൈവത്തെ വിളിക്കൂ. റെയില്‍വേസ്റ്റേഷനില്‍ കൃത്യസമയത്ത് എത്തുകയാണെങ്കില്‍ ദൈവത്തെ വിളിക്കില്ല. വണ്ടി പോവുകയാണെങ്കില്‍ 'ദൈവമേ' എന്ന് വിളിക്കും. സാധാരണഗതിയില്‍ ഇങ്ങനെ ജീവിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. എന്നാല്‍പ്പിന്നെ ദൈവം സഹായിച്ചാല്‍ രക്ഷപ്പെടാം എന്നുവിചാരിച്ചിട്ടാണ് പലരും ഭക്തിയില്‍ എത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

'ചിന്താവിഷ്ടയായ ശ്യാമള'യിലെ വിജയന് അടിസ്ഥാനപരമായി ജോലിചെയ്യാന്‍ താത്പര്യമില്ല. മടിയാണ്. തന്റെ മടി മറച്ചുപിടിക്കാനുള്ള പലവിധ മറകളില്‍ ഒന്നായിട്ടാണ് അയാള്‍ ഭക്തിയെയും കാണുന്നത്. ഭക്തിയാണെങ്കില്‍ വീട്ടുകാര്‍ക്കും വലിയ വിരോധമുണ്ടാവില്ല എന്നയാള്‍ക്ക് തോന്നി. ഭക്തി മലയാളിക്ക് പല കാര്യങ്ങള്‍ക്കുമുള്ള മറയാവാറുണ്ട്. പിന്നെ, ദൈവത്തിന്റെ കാര്യത്തില്‍ ജെറാള്‍ഡ് റൂഡ് എന്ന തത്ത്വചിന്തകന്‍ പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്: 'ദൈവമുണ്ടോ എന്നെനിക്കറിയില്ല. ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ അന്തസ്സിന് ഏറ്റവും നല്ലത്'. പ്രത്യേകിച്ച് ഇക്കാലത്ത്.

1989-ല്‍ എഴുതിയ 'വരവേല്‍പ്പി'ലും 1993-ല്‍ എഴുതിയ 'മിഥുന'ത്തിലും കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ശ്രമിക്കുന്നതിന്റെ പ്രശ്‌നങ്ങളായിരുന്നു ഇതിവൃത്തം. കാല്‍നൂറ്റാണ്ട് കഴിഞ്ഞു. നമ്മള്‍ ഇപ്പോള്‍ ഒരു വ്യവസായ സൗഹൃദസംസ്ഥാനമായോ. മുരളിയെയും സേതുവിനെയും പോലുള്ളവര്‍ക്ക്്് ഇവിടെ ഇപ്പോള്‍ ധൈര്യമായി വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നുണ്ടോ
 

ഒട്ടുമായിട്ടില്ല. ഇവിടെ വ്യവസായം തുടങ്ങാന്‍ ഇപ്പോഴും മലയാളികള്‍കൂടി പേടിക്കുന്നു. എന്റെ ചില സുഹൃത്തുക്കള്‍ തമിഴ്നാട്ടില്‍പ്പോയാണ് തുടങ്ങിയത്. ഇവിടെ ആരെങ്കിലും എന്തെങ്കിലും തുടങ്ങിയാല്‍ നിക്ഷേപം നടത്തിയയാള്‍ പുറത്തും തൊഴിലാളി അകത്തുമായിരിക്കും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലമുള്ള ട്രേഡ് യൂണിയനുകള്‍ അങ്ങനെയാക്കും. നിക്ഷേപം നടത്തിയ ആള്‍ക്ക് എന്തോ ചൊറിച്ചില്‍ ഉള്ളതുകൊണ്ടാണ് അയാള്‍ അങ്ങനെചെയ്തത് എന്നാണ് നമ്മുടെ വിചാരം. ഏകജാലകം എന്നതെല്ലാം പറച്ചിലില്‍മാത്രമേയുള്ളൂ. ഇത് നന്നായി അറിയുന്നതുകൊണ്ടാണ് ഞാന്‍ ഒരു വ്യവസായവും തുടങ്ങാത്തത്.


'തലയണമന്ത്ര'ത്തിലെ കാഞ്ചന മലയാളിയുടെ ഉപഭോഗാസക്തിയുടെ പ്രതീകമായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും മലയാളി ഇങ്ങനെയൊക്കെത്തന്നെയാണോ

ഏറക്കുറെ അങ്ങനെയൊക്കെത്തന്നെയാണ്. ഉപഭോഗഭ്രമം കൂടിയിട്ടേയുള്ളൂ, കുറഞ്ഞുകണ്ടിട്ടില്ല. കാഞ്ചനയെപ്പോലുള്ള ഒരുപാടുപേരെ ഞാന്‍ വ്യക്തിജീവിതത്തില്‍ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണാറുണ്ട്്്്. ജീവിക്കാന്‍ ഇത്രയൊക്കെ വേണോ എന്ന് ഞാന്‍ എന്നോടുതന്നെ എത്രയോ തവണ ചോദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടിനുവേണ്ടി ഇപ്പോള്‍ പുതിയ സിനിമ എഴുതിയപ്പോഴാണ് എനിക്ക് ഈ ചോദ്യത്തിന് മറുപടി കണ്ടെത്താനായത്. അതില്‍ ഒരു കഥാപാത്രത്തിനുവേണ്ടി ഞാന്‍ എഴുതി: 'ജീവിക്കാന്‍ വലിയ ചെലവൊന്നുമില്ല. നമ്മള്‍ മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചെലവ് കൂടുന്നത്'. മലയാളി എന്നനിലയില്‍ എന്റെ തിരിച്ചറിവുകൂടിയാണ് ഈ സംഭാഷണം.

നമുക്ക് ഭക്തിയും ദൈവവും നമ്മുടെ ആവശ്യങ്ങള്‍ സാധിക്കാന്‍വേണ്ടിമാത്രമുള്ള ഒരു ഏര്‍പ്പാടാണ്. വലിയ ഭക്തര്‍ പോലും ചില ഘട്ടങ്ങളില്‍മാത്രമേ ദൈവത്തെ വിളിക്കൂ. റെയില്‍വേസ്റ്റേഷനില്‍ കൃത്യസമയത്ത് എത്തുകയാണെങ്കില്‍ ദൈവത്തെ വിളിക്കില്ല. വണ്ടി പോവുകയാണെങ്കില്‍ 'ദൈവമേ' എന്ന്  വിളിക്കും

എഴുത്തിലൂടെ മലയാളിക്ക് എന്തുസന്ദേശമാണ് ശ്രീനിവാസന്‍ നല്‍കുന്നത്.

ഭഗവദ്ഗീത, ഖുര്‍ആന്‍, ബൈബിള്‍ എന്നീ വിശുദ്ധഗ്രന്ഥങ്ങളും മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോര്‍ എന്നീ മഹദ്വ്യക്തികളും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. എന്നിട്ടൊന്നും നന്നാവാത്തവര്‍ എന്റെ സന്ദേശംകൊണ്ട്  നന്നാവുമെന്ന്്് ഞാന്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും സന്ദേശം കൊടുക്കണമെങ്കില്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ അറിവുവേണ്ടേ? അതുമില്ല. ഇങ്ങനെയൊക്കെയാണ് നമ്മള്‍ എന്ന് ചൂണ്ടിക്കാട്ടുകമാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ.

ശ്രീനിവാസനും മലയാളിയുടെ ഇരട്ടത്താപ്പിന്റെ ഭാഗമാണോ. അലോപ്പതിയെ തള്ളിപ്പറഞ്ഞ താങ്കള്‍ അടുത്തിടെ അസുഖം വന്നപ്പോള്‍ അലോപ്പതി ആസ്പത്രിയിലാണ് ചികിത്സയ്ക്ക് ചെന്നത്. അത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു

അലോപ്പതി എന്ന വൈദ്യശാഖയെ ഞാന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടല്ല. അതിലെ ചൂഷണങ്ങളെയാണ് ഞാന്‍ എപ്പോഴും വിമര്‍ശിച്ചിട്ടുള്ളത്. എത്രയെത്ര മരുന്നുകള്‍ ഓരോ ദിവസവും നിരോധിക്കുന്നു? നിരോധനം വരുന്നതുവരെ അവ ഇവിടത്തെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് എഴുതിക്കൊടുത്തിരുന്നില്ലേ? ഒരു ഡോക്ടര്‍തന്നെ ഇക്കാര്യത്തില്‍ എന്നോട് കുറ്റബോധത്തോടെ സംസാരിച്ചിട്ടുണ്ട്്്്. ഞാന്‍ പറഞ്ഞത് മനസ്സിലാക്കാതെയുള്ള വിമര്‍ശനമായിരുന്നു പലരും ഇക്കാര്യത്തില്‍ എനിക്കെതിരേ അഴിച്ചുവിട്ടത്. ഇതാണ് മലയാളിയുടെ മറ്റൊരു പ്രത്യേകത. കണ്ണടച്ച് ഇരുട്ടാക്കാന്‍ ഒരു മടിയുമില്ല.

മലയാളിയില്‍ നന്മയൊന്നുമില്ലേ?

ധാരാളമുണ്ട്. അതല്ലേ നമ്മള്‍ പ്രളയസമയത്ത് കണ്ടത്.

Content Highlights : sreenivasan sathyan anthikkad vadakkunokkiyanthram thalayanamanthram sandhesham movies