കോട്ടപ്പള്ളി പ്രഭാകരന്‍: മരിച്ചയാള്‍ ആരാണ് എന്നുള്ളതല്ല നമ്മുടെ പ്രശ്‌നം. അയാള്‍ നമ്മുടെ പാര്‍ട്ടിക്കാരനാണെന്ന് മറ്റുള്ളവരെ പറഞ്ഞുവിശ്വസിപ്പിക്കലാണ്. നമുക്ക് കൈവന്നിരിക്കുന്ന ഒരു സുവര്‍ണാവസരമാണിത്. അത് പരമാവധി നാം മുതലെടുക്കണം. അയാളെ നമ്മുടെ പാര്‍ട്ടിക്കാരനായി നാം ചിത്രീകരിച്ചാല്‍ അയാളാരാ? നമ്മുടെ രക്തസാക്ഷി! ഐ.എന്‍.എസ്.പി.ക്കാര്‍ മൃഗീയമായി കൊലചെയ്ത നമ്മുടെ രക്തസാക്ഷി. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ക്ഷീണം ഈയൊരൊറ്റ രക്തസാക്ഷിയെ കിട്ടുന്നതോടെ തീരും.                               (സന്ദേശം, സീന്‍-32)

ണ്ണൂരിലെ ഏറ്റവും പുതിയ രാഷ്ട്രീയകൊലപാതകം നടക്കുന്നതിനും 25 വര്‍ഷംമുമ്പാണ് ശ്രീനിവാസന്‍ 'സന്ദേശം' എന്ന സിനിമയ്ക്കുവേണ്ടി ഈ വരികള്‍ എഴുതിയത്. ആ രംഗം എഴുതാനുള്ള അദ്ദേഹത്തിന്റെ പ്രചോദനം സ്വന്തം നാട്ടില്‍ അരങ്ങേറുന്ന കൈയറപ്പുതീരാത്ത നരമേധങ്ങളായിരുന്നു. ഈ വാക്കുകളെഴുതി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് വിരാമമായിട്ടില്ല. അത് പൂര്‍വാധികം ക്രൂരതയോടെ തുടരുകയും ചെയ്യുന്നു. മക്കളും പിതാവും സഹോദരങ്ങളും വെട്ടിക്കീറപ്പെട്ട് മൃതദേഹമായി വീട്ടിലേക്കെത്തുന്നത് തുടരുന്നു. വീടുകളില്‍നിന്ന് വിലാപങ്ങള്‍ കൂടുതല്‍ വേദനയോടെ, ഉച്ചത്തില്‍ ഉയരുന്നു. പരിഷ്‌കൃതലോകം മുഴുവന്‍ കണ്ണൂരിനെ ഒരു വിചിത്രദേശമായി നിരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീനിവാസന്‍ കൊലപാതകരാഷ്ട്രീയത്തെപ്പറ്റി 'മാതൃഭൂമി'യോട് സംസാരിച്ചത്...

പാര്‍ട്ടിപാരമ്പര്യമുള്ള ഒരാളാണ് താങ്കള്‍. രാഷ്ട്രീയം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന ഒരു കാലത്താണ് താങ്കള്‍ വളര്‍ന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തെ എങ്ങനെയാണ്  നോക്കിക്കാണുന്നത്? 

എന്റെ അച്ഛന്‍  കമ്യൂണിസ്റ്റുകാരനായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചയാള്‍. പാര്‍ട്ടിപ്രവര്‍ത്തകനായതുകൊണ്ട് അധ്യാപകജോലി നഷ്ടപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയുംചെയ്ത സഖാവ്. എ.കെ.ജി.യുമായും എന്‍.ഇ. ബലറാമുമായും അച്ഛന് നല്ല അടുപ്പമായിരുന്നു. ഡല്‍ഹിയില്‍നിന്ന് അച്ഛനെത്തേടിവരുന്ന എ.കെ.ജി.യുടെ കത്തുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്; അവയ്ക്ക് അച്ഛനയക്കുന്ന മറുപടികളും. ഞാന്‍ നെഹ്രുവിനെയോ ഗാന്ധിജിയെയോ കണ്ടിട്ടില്ല. അവരുടെ സ്ഥാനത്ത്, ചിലപ്പോള്‍ അവരേക്കാള്‍ മുകളില്‍ ഞാന്‍ കണ്ട നേതാവ് കമ്യൂണിസ്റ്റുകാരനായ പാട്യം ഗോപാലനായിരുന്നു. എന്നെപ്പോലുള്ള ചെറിയ കുട്ടികളെ കാണുമ്പോള്‍പ്പോലും അദ്ദേഹം ചിരിക്കുമായിരുന്നു. അത്രയ്ക്ക് നിര്‍മലമായ ചിരി ഞാന്‍ വേറെയധികം കണ്ടിട്ടില്ല. അത് കാണുമ്പോള്‍ത്തന്നെ നാം അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടും. അതുപോലെ സ്‌നേഹമയമായി ചിരിക്കാന്‍ സാധിക്കുന്ന എത്രപേര്‍ ഇന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലുണ്ടെന്ന് എനിക്കറിയില്ല. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു, പാട്യം ഗോപാലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെപ്പറ്റി. അന്നദ്ദേഹം എന്നോട് പറഞ്ഞു: ''അദ്ദേഹവുമൊത്ത് ഒരുപാട് സ്ഥലങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്. രാത്രി വൈകുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലാണ് കിടക്കുക. എന്നെ കട്ടിലില്‍ക്കിടത്തി ഗോപാലേട്ടന്‍ നിലത്ത് കിടക്കും...'' അത്തരത്തിലുള്ള നേതാക്കളുണ്ടായിരുന്ന നാട്ടിലാണ് ഇന്ന് വാഴത്തണ്ടുപോലെ മനുഷ്യരെ വെട്ടിയരിയുന്നത്. ആ പശ്ചാത്തലത്തിലാണ് ഈ വിഷയത്തെ പഠിക്കേണ്ടതും വിശകലനംചെയ്യേണ്ടതും.

അങ്ങനെയെങ്കില്‍ എന്താണ് കണ്ണൂരിന് സംഭവിച്ചത് ?

ദേശപശ്ചാത്തലവും അവിടത്തെ മനുഷ്യരുടെ മനോഭാവങ്ങളും ബന്ധപ്പെടുത്തിവേണം ഈ ചോദ്യത്തിന് മറുപടി തേടേണ്ടത്. ഏറ്റവും നിഷ്‌കളങ്കരായ മനുഷ്യരാണ് കണ്ണൂരിലേത്. സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും അന്ധമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്നവര്‍. ഏതുപാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും ശരി, അവര്‍ അങ്ങനെയാണ്. കൂടുതലും പാവപ്പെട്ടവരും തൊഴിലാളികളുമൊക്കെയായിരിക്കും ഇക്കൂട്ടര്‍. നേതാക്കള്‍ പറഞ്ഞാല്‍ എന്തും അതേപടി അനുസരിക്കുന്നവര്‍. പാട്യം ഗോപാലേട്ടനെപ്പോലുള്ള നേതാക്കള്‍ അണികളുടെ ഈ നിഷ്‌കളങ്ക മനോഭാവത്തെയും നേതാക്കളോടും അവരുടെ ആഹ്വാനങ്ങളോടുമുള്ള ആരാധനയെയും പോസിറ്റീവായി ഉപയോഗിക്കുകയാണ് ചെയ്തത്, പാര്‍ട്ടി കെട്ടിപ്പടുക്കാനും നാടിന്റെ നന്മയ്ക്കുമായി. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല.

അപ്പോള്‍ അണികളല്ല, നേതാക്കളാണ് കുഴപ്പക്കാര്‍ എന്നാണോ?

നൂറുശതമാനം കുഴപ്പങ്ങള്‍ക്കും ഈ കൊലകള്‍ക്കും ഉത്തരവാദികള്‍ നേതാക്കള്‍ മാത്രമാണ്. അവരാണ് പാവപ്പെട്ട അണികളെ വഴിതെറ്റിക്കുന്നത്. കണ്ണൂരില്‍ ഇതുവരെനടന്ന എല്ലാ കൊലപാതകങ്ങളും എടുത്തുനോക്കൂ, ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോ? മറിച്ച് എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെമേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. 'അരുത്' എന്നോ 'ഈ നരമേധം നിര്‍ത്തൂ' എന്നോ എന്തുകൊണ്ട് ഇവര്‍ പറയുന്നില്ല? ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. മാത്രമല്ല,  കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, ഈ കൊലപാതകങ്ങള്‍ നിലയ്ക്കാന്‍. പാര്‍ട്ടികള്‍ പിറകിലില്ലെങ്കില്‍ ആരാണ് ഇവര്‍ക്കുവേണ്ടി കേസ് നടത്തുക? ആരാണ് അന്നന്ന് ജോലിചെയ്ത് കുടുംബംപുലര്‍ത്തുന്ന ഈ പാവപ്പെട്ട മനുഷ്യരുടെ വീട്ടില്‍ അരിവാങ്ങാനുള്ള പണമെത്തിക്കുക? എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ ഈ കൊലയാളികള്‍ക്കുള്ള സംരക്ഷണം പിന്‍വലിക്കാത്തത്? അവരെ ഒളിപ്പിക്കാനും അവര്‍ക്ക് ചികിത്സനല്‍കാനും ഉത്സാഹിക്കുന്നത്? ഏതെങ്കിലും നേതാവിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?

'നേതാക്കളുടെ വീട്ടില്‍ രക്തസാക്ഷികളും ബലിദാനികളുമില്ല. എല്ലാം പാവം അണികളുടെ വീട്ടിലേയുള്ളൂ' എന്ന താങ്കളുടെ പ്രസ്താവനയെ വിമര്‍ശിച്ചവരുണ്ട്. പരിക്കേറ്റ ചില നേതാക്കളുടെ പേര് എടുത്തുകാട്ടിയായിരുന്നു മറുപടി. ഇപ്പോഴും ഈ രണ്ട് വാദങ്ങളും നിലനില്‍ക്കുന്നു

ആ മറുപടി ഞാനും കേട്ടിരുന്നു. എന്റെ നിരീക്ഷണത്തിലും വാദത്തിലും ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. നേതാക്കള്‍ക്ക് പരിക്കേറ്റെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, സത്യമെന്താണ്? ഇപ്പോഴത്തെ ഈ വലിയ നേതാക്കള്‍ േഛാട്ടാ നേതാക്കളായിരുന്നപ്പോഴാണ് ഇവര്‍ക്കെല്ലാം വെട്ടേറ്റതും പരിക്കേറ്റതും. വലിയ നേതാവ് എന്ന ആനപ്പുറത്ത് കയറിയതിനുശേഷം ആര്‍ക്കെങ്കിലും വെട്ടേറ്റിട്ടുണ്ടോ? ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ ഇവര്‍ അനുഭവിച്ചിട്ടുണ്ടോ?

കളരിപ്പയറ്റിന്റെ പാരമ്പര്യമുള്ളതുകൊണ്ടാണ് കണ്ണൂരില്‍ ഇത്തരത്തില്‍ ചാവേറുകളുണ്ടാവുന്നതെന്ന് ചില പഠനങ്ങളുണ്ടായിട്ടുണ്ട്?

തലയില്‍ ആള്‍ത്താമസമില്ലാത്ത മണ്ടന്മാരുണ്ടാക്കിയ സിദ്ധാന്തമാണിത്. അങ്ങനെയെങ്കില്‍ ഞാന്‍ ചാവേറാവേണ്ടതല്ലേ? എനിക്ക്  ആളുകളെ കൊല്ലാന്‍ തോന്നേണ്ടതല്ലേ? എന്റെ മക്കള്‍ക്ക് തോന്നേണ്ടതല്ലേ? ഞാന്‍ കണ്ണൂരില്‍ ജനിച്ചുവളര്‍ന്നയാളല്ലേ? ഇപ്പോഴും എന്റെ നിരവധി ബന്ധുക്കള്‍ കണ്ണൂരിലുണ്ട്. അവരാരും ചാവേറുകളല്ല. കണ്ണൂരിലെ മറ്റ് ഒരുപാടുപേര്‍ക്ക് ചാവേറാവാന്‍ തോന്നേണ്ടതല്ലേ? അങ്ങനെ സംഭവിക്കുന്നില്ലല്ലോ. ഒരാളെ കൊല്ലുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍പോലും പറ്റില്ല. അഹങ്കാരികളും അറിവില്ലാത്തവരുമായ നേതാക്കള്‍ മാത്രമാണ് ഈ അരുംകൊലകള്‍ക്ക് ഉത്തരവാദി; ഒരു സംശയവുമില്ല.

ഒടുങ്ങാത്ത ഈ കൊലപാതകങ്ങള്‍ക്ക് കണ്ണൂരിലെ നേതാക്കളുടെ പിടിപ്പുകേടിലുപരി മറ്റെന്തെങ്കിലും കാരണങ്ങളുള്ളതായി തോന്നിയിട്ടുണ്ടോ?

യുവാക്കള്‍ക്ക് ഏര്‍പ്പെടാന്‍ മറ്റ് മേഖലകളില്ലാത്തതും വലിയ കാരണമാണ്. ബെംഗളൂരു നഗരത്തില്‍ ഇങ്ങനെ കൊല്ലാനും ചാവാനും യുവാക്കളെക്കിട്ടാത്തത് എന്തുകൊണ്ടാണ്? അവിടെ യുവാക്കള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, ധാരാളം തൊഴില്‍സാധ്യതകളുണ്ട്, വെന്റ് ഔട്ടുകളുണ്ട്. കണ്ണൂരില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ യുവാക്കള്‍ക്കായി എന്താണ് ഉണ്ടാക്കിവെച്ചിട്ടുള്ളത്?

മറ്റുരാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ സ്വന്തം നാടിന്റെ ഈ അവസ്ഥ താങ്കളെ ചിന്തിപ്പിച്ചിട്ടുണ്ടോ?

ഒരുപാട്. സിംഗപ്പൂരിന്റെകാര്യം മാത്രമെടുക്കുക. 51 വര്‍ഷം തുടര്‍ച്ചയായി ഒരു പാര്‍ട്ടിയാണ് ആ രാജ്യം ഭരിച്ചത്. ലീ ക്വാന്‍ യൂ എന്ന നേതാവാണ് അവരെ ഇന്ന് നാം കാണുന്ന അവസ്ഥയിലേക്കെത്തിച്ചത്. മൂന്നുപതിറ്റാണ്ടിലധികം അദ്ദേഹം ഭരിച്ചു. 70-0 ആയിരുന്നു വര്‍ഷങ്ങളായി പാര്‍ലമെന്റിലെ കക്ഷിനില. ഇക്കഴിഞ്ഞതിന്റെ മുമ്പത്തെ തിരഞ്ഞെടുപ്പില്‍ കക്ഷിനില 65-5 ആയി. എന്നുെവച്ചാല്‍ പ്രതിപക്ഷം അഞ്ചുസീറ്റ് പിടിച്ചെടുത്തിരിക്കുന്നു. അതെങ്ങനെ സംഭവിച്ചെന്ന് പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി ചിന്തിച്ചു, പഠിച്ചു. പ്രതിവിധികള്‍ ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണ്ടും കക്ഷിനില 70-0 ആയി. ആളെക്കൊന്നല്ല സിംഗപ്പൂരിന്റെ ഈ നേതാവ് പാര്‍ട്ടിയെയും നാടിനെയും വളര്‍ത്തിയത്. ദീര്‍ഘവീക്ഷണത്തോടെ മുന്നില്‍നിന്ന് നയിച്ചാണ്. ഇതുപറയുമ്പോള്‍ ഇവിടത്തെ വിഡ്ഢികളായ ചില നേതാക്കള്‍ ചോദിക്കും, 'സിംഗപ്പൂര്‍ ചെറിയ രാജ്യമല്ലേ' എന്ന്. സമ്മതിച്ചു, തിരുവനന്തപുരംജില്ലമാത്രം സിംഗപ്പൂരിന്റെ നിലവാരത്തിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ? അതിന് അത്ര വലിപ്പമൊന്നുമില്ലല്ലോ.

'സന്ദേശ'മടക്കമുള്ള സിനിമകളിലൂടെയും പല പ്രസംഗങ്ങളിലൂടെയും ശ്രീനിവാസന്‍ അരാഷ്ട്രീയത പ്രചരിപ്പിക്കുകയാണെന്ന വിമര്‍ശം നേരത്തേയുണ്ട്. താങ്കള്‍ രാഷ്ട്രീയത്തിനെതിരാണോ? എന്താണ് രാഷ്ട്രീയപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള താങ്കളുടെ സ്വപ്നം?

മറുപടി പറയാന്‍ പറ്റാതാവുമ്പോള്‍ കപടരാഷ്ട്രീയക്കാരും കപടബുദ്ധിജീവികളും എല്ലാകാലത്തും പറയുന്നതാണ് അരാഷ്ട്രീയത പ്രചരിപ്പിക്കുന്നുവെന്ന്. കൊലയും കലാപവും എന്റെ രാഷ്ട്രീയസ്വപ്നങ്ങളിലില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരുണ്ട്; നല്ല യുവജനങ്ങളുമുണ്ട്. എന്നാല്‍, അവര്‍ക്കുമുന്നില്‍ നല്ല മാതൃകകളില്ല. രക്തസാക്ഷികളും ബലിദാനികളുമാണ് പാര്‍ട്ടിയുടെ സമ്പത്ത് എന്നാണ് നേതാക്കള്‍ അവരെ പറഞ്ഞുപഠിപ്പിക്കുന്നത്. സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ പകയും കൊലയും പ്രോത്സാഹിപ്പിക്കുന്ന നിലവിലുള്ള പാര്‍ട്ടികള്‍ വിട്ട് പൊതുനന്മയ്ക്കായി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ ഒരു സാധാരണപ്രവര്‍ത്തകനായി ഞാനുമുണ്ടാവും.