sreejith ravi
ശ്രീജിത് രവിയും ടി.ജി.രവിയും.
ഫോട്ടോ: വി.പി.പ്രവീൺ കുമാർ

രിയും തെറ്റും എന്തുമാകട്ടെ. കോടതിവിധി വരാനിരിക്കുന്നു. ശ്രീജിത് രവി എന്ന നടന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ നിരപരാധിയാണ്. അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. രണ്ട് ചിത്രങ്ങളുടെ  ചിതീകരണം പുരോഗമിക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ 'കാലം പറഞ്ഞത്' എന്ന ചിത്രത്തിന്റെ ചിതീകരണത്തിനിടയില്‍ ശ്രീജിത് രവിയെ കണ്ടുമുട്ടി. ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒളിച്ചോടാതെ തന്റെ സങ്കടങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം സിനിമാവിശേഷങ്ങളും പ്രതീക്ഷകളും.

ഇൗ അഗ്‌നിപരീക്ഷയെ എങ്ങനെ  നേരിടുന്നു?

ആ വിഷയം ജുഡീഷ്യറിയില്‍ നില്‍ക്കുന്ന കാര്യമാണ്. ഞാന്‍ നൂറു ശതമാനം നമ്മുടെ നിയമത്തില്‍ വിശ്വസിക്കുന്നു. അതിന്റെ വിധി എന്തായാലും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥനാണ്. ബാക്കിയുള്ള കാര്യമൊന്നും പറയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല.

ഇൗ പ്രതിസന്ധിയില്‍ ആരായിരുന്നു കരുത്ത്?

എന്റെ ഇന്നെത്ത ശക്തി കുടുംബവും സുഹൃത്തുക്കളുമാണ് (തൊണ്ടയിടറി, കണ്ണുനിറഞ്ഞു). എന്നെ അടുത്തറിയുന്നവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്. വിധി എന്തായാലും അത് ആ വഴിക്ക് നടക്കട്ടെ. എനിക്കെന്റെ ജോലി ചെയ്യാനുള്ള സൗകര്യം നിയമം ചെയ്തുതന്നിട്ടുണ്ട്. എന്നെ അറിയുന്ന ആള്‍ക്കാര്‍ എന്നെ പോസ്റ്റീവായി സമീപിക്കുന്നുണ്ട്. അതാണ് എന്റെ കരുത്ത്. എന്നെ അടുത്തറിയുന്നവരേക്കാള്‍ അറിയാത്തവരാണ് കൂടുതലും. അതാണ് സങ്കടം.

 

 

അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളുടെ ഇമേജ് ഇപ്പോൾ ദോഷമായെന്ന് തോന്നിയിട്ടുണ്ടോ?

പണ്ട് അച്ഛന്‍ ക്രൂരനായ വില്ലന്‍ കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചത്. ഒരിക്കല്‍ അച്ഛനെ കണ്ട് ലിഫ്റ്റില്‍ നിന്ന് ഒരു സ്ത്രീ ഇറങ്ങി ഒാടിയിട്ടുണ്ട്. അങ്ങനെ ഒരു കഥയായി ഇതും പറയാന്‍ പറ്റിയാല്‍ അത്രയും സന്തോഷം.

ഇന്‍ഡസ്ട്രിയില്‍ ആരെങ്കിലും ശ്രതുക്കളുണ്ടോ?

എന്റെ അറിവില്‍ ഇല്ല. ഇൗ വിഷയത്തില്‍ ഇതുവരെ ആരും എന്നെ വിളിച്ച് തെറി പറഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ നിയമത്തെ നൂറു ശതമാനം ഞാന്‍ വിശ്വസിക്കുന്നു. സത്യം എന്നായാലും പുറത്തുവരും.

ഇതൊരു സമയദോഷമായിരിക്കാം?

അതെല്ലാം സംഭവിച്ചത് ദോഷമായിരുന്നോ നല്ലതിനായിരുന്നോ എന്നൊന്നും പറയാറായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ഫിലോസഫിക്കലായി നമുക്ക് കാണാന്‍ കഴിയും. അതിനുള്ള ശക്തി ദൈവം തരട്ടെ എന്നു പറയാന്‍ മാത്രമേ കഴിയൂ. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുള്ളപ്പോൾ ഞാൻ ഒന്നിനെയും ഭയക്കുന്നില്ല.

ഇൗ സാഹചര്യത്തില്‍ ആരോടാണ്  കടപ്പാട്?

ഭാര്യയോട്. അവരോട് കടപ്പാട് തോന്നണ്ട കാര്യമില്ല എന്നു തോന്നിയേക്കാം. എന്നാലും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും നമുക്കൊപ്പമുണ്ടാകും. നമ്മുടെ രക്തമാണത്. എന്നാല്‍ ഭാര്യ മറ്റൊരു ജീവിതപരിസരത്തു നിന്ന് നമ്മളെ വിശ്വസിച്ചിട്ട് വരുന്നവരാണ്. വേറൊരു  വ്യക്തിയാണ്. അവരുടെ സഹകരണമില്ലാതെ പ്രൊഫഷണൽ ലൈഫും പെഴ്സണൽ ലൈഫും മുന്നോട്ട്  പോകാൻ കഴിയില്ല. ഇൗ ജീവിതത്തിലെ ഏറ്റവും വലിയ കടപ്പാട് അവരോട്. ഇൗ ജീവിതമല്ല നമുക്ക് വേണ്ടത് എന്നവര്‍ തീരുമാനിച്ചിരുന്നെങ്കിൽ എല്ലാ ഗതിയും മാറും. എന്റെ മാത്രമല്ല എല്ലാവരുടെയും സ്ഥിതി അതാണ്.

(അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍)