വതരണത്തിലും പ്രമേയത്തിലും വ്യത്യസ്തതയാര്‍ന്ന മൂന്ന് ചിത്രങ്ങളുമായി തിരക്കിലാണ് ദിലീപ്. വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് അതിലാദ്യത്തെ ചിത്രം. എസ്.എല്‍.പുരം ജയസൂര്യയുടെ ജാക്ക് ഡാനിയല്‍, ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, നാദിര്‍ഷ ചിത്രം എന്നിവ പിന്നാലെ വരുന്നു. ശുഭരാത്രിയുടെ ഓഡിയോ ലോഞ്ചിനായി കോഴിക്കോട്ടെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിനായി അല്‍പ്പനേരം ചെലവഴിച്ചു അദ്ദേഹം

ശുഭരാത്രിയേക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍

ജൂലൈ ആറിനാണ് ശുഭരാത്രി റിലീസ് ചെയ്യുന്നത്. വളരെ പോസിറ്റീവായ, സ്‌നേഹബന്ധങ്ങളുടെ കഥപറയുന്ന ഒരു ചിത്രമാണ്. എന്റെ ബാല്യകാലസുഹൃത്തായ വ്യാസന്‍ എടവനക്കാടാണ് ഇതിന്റെ സംവിധായകന്‍. അദ്ദേഹം ഇതിന് മുമ്പ് കുറച്ചു സിനിമകള്‍ എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുണ്ട്. ശുഭരാത്രിയില്‍ ഞാനും സിദ്ദിഖ് ഇക്കയുമാണ് പ്രധാനവേഷങ്ങളില്‍. കൊല്ലത്ത് നടന്നിട്ടുള്ള ഒരു യഥാര്‍ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. മാത്രമല്ല ഇതിലെ എല്ലാ താരങ്ങളും അവരവരുടെ ജോലി ഗംഭീരമായി ചെയ്തിട്ടുണ്ട്. പിന്നെ ഒരു നല്ല സബ്ജക്ടിനോടുള്ള ഇഷ്ടം. ഇതിലെ കൊച്ചുവേഷങ്ങളാണെങ്കില്‍പ്പോലും വലിയ താരങ്ങളാണ് ചെയ്തിട്ടുള്ളത്. സത്യസന്ധമായിട്ടുള്ള, റിയലിസ്റ്റിക് രീതിയിലുള്ള ഒരു സിനിമയാണിത്. അതുകൊണ്ട് സിനിമ നമ്മള്‍ കാണുമ്പോള്‍ നമ്മുടെ തൊട്ടപ്പുറത്ത് സംഭവിച്ചിട്ടുള്ള പോലെ ഒരു ഫീല്‍ കിട്ടുമെന്നാണ് എന്റെ വിശ്വാസം.

ശുഭരാത്രിയിലേക്കുള്ള വഴി

സിനിമയുടെ കഥ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ട് വര്‍ഷമായി. നടന്ന സംഭവം എന്ന് കേട്ടപ്പോള്‍ ഒരു കൗതുകം തോന്നി. ആരാണ് ഈ സിനിമ ചെയ്യുന്നത്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നെല്ലാം വ്യാസന്റെയടുത്ത് ചോദിച്ചിരുന്നെങ്കിലും ഈയടുത്ത കാലത്താണ് ഒരു തീരുമാനമുണ്ടാവുന്നത്. കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. മനുഷ്യന് മനസിലാവുന്ന ഒരു കഥയാണിത്. സ്‌നേഹമുള്ളിടത്താണ് കണ്ണീരുണ്ടാവുക, ചിരിയുണ്ടാവുക. സത്യസന്ധമായ രീതിയിലേ ഈ സിനിമയെ സമീപിക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ എന്റെ കഥാപാത്രമായാണ് ഞാന്‍ വരുന്നത്. അല്ലാതെ ഇതൊരു ദിലീപ് സിനിമ എന്നുള്ള രീതിയിലല്ല. അതുകൊണ്ട് റിയലിസ്റ്റിക് അപ്രോച്ച് മതി എന്നു പറഞ്ഞിട്ടാണ് ഈ സിനിമയിലേക്ക് വരുന്നത്. കണ്ടുകഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ കണ്ണുനിറയുന്ന, മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഒരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.

സഹതാരങ്ങള്‍ നല്‍കിയ പോസിറ്റീവ് എനര്‍ജി

ഓരോ താരങ്ങളും വളരെ നന്നായി ആണ് അഭിനയിച്ചിരിക്കുന്നത്. അത് ഈ സിനിമ കാണുമ്പോള്‍ മനസിലാവും. എനിക്ക് തോന്നുന്നത് അടുത്തകാലത്ത് ഇത്രയും കലാകാരന്മാര്‍ സഹകരിച്ചിരിക്കുന്ന സിനിമ കുറവായിരിക്കും എന്നാണ്. നമ്മള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ പലപല വേഷങ്ങളില്‍ മുന്നില്‍ വരുന്നു. ഒരു ഈഗോയും ഇല്ലാതെയാണ് എല്ലാ ആര്‍ട്ടിസ്റ്റുകളും സഹകരിച്ചിട്ടുള്ളത്. അത് തന്നെ വലിയൊരു ഭാഗ്യവും സന്തോഷവുമാണ്. 

വ്യാസനിലെ സംവിധായകന്‍

ഞാന്‍ ജനിച്ചത് എടവനക്കാടാണ്. അവിടെയൊക്കെ കളിച്ച് നടക്കുന്ന സമയത്ത് വ്യാസന് സംവിധാനമോഹമുണ്ടെന്ന് ഒരിക്കലും അറിയില്ലായിരുന്നു. ഞങ്ങള്‍ രണ്ട് പേരുടേയും മനസില്‍ സിനിമയുണ്ട്. പക്ഷേ പരസ്പരം തുറന്നുപറഞ്ഞിരുന്നില്ല. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മതില്‍ക്കെട്ടിനകത്തേക്ക് ചാടിക്കടക്കാനോ അല്ലെങ്കില്‍ ഒരു വഴി തുറന്നുകിട്ടാനോ ഉള്ള സാഹചര്യമൊന്നും അന്നത്തെ അവസ്ഥയില്‍ ഇല്ല. കളിയാക്കിയാലോ എന്ന് പേടിച്ചിട്ടാണ് എന്റെ മനസിലെ സിനിമാമോഹം ഞാന്‍ പറയാതിരുന്നത്. അത് നമുക്ക് കൈയെത്തി പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലുള്ള ഒന്നാണത്. പിന്നെ ഈയടുത്ത് സംസാരിച്ചപ്പോഴാണ് വ്യാസന്റെ സംവിധാനമോഹത്തേക്കുറിച്ചറിയുന്നത്. ഇതിനിടയില്‍ വ്യാസന്‍ കഥയെഴുതി. തിരക്കഥാകൃത്തായി. അതിലൊരെണ്ണം ഞാനഭിനയിച്ച അവതാരമായിരുന്നു. ഒരു യാത്രയ്ക്കിടയില്‍ സംഭവിച്ച ഒരാളുടെ ഉയര്‍ച്ച എന്ന് പറയുംപോലെയാണത്. 

ആരാണ് ജാക്ക് ഡാനിയല്‍?

ജാക്കും ഡാനിയലും എന്നീ കഥാപാത്രങ്ങളായി ഞാനും തമിഴിലെ ആക്ഷന്‍ കിങ് അര്‍ജുന്‍ സാറുമാണ് എത്തുന്നത്. അദ്ദേഹത്തിനേ പോലൊരു സീനിയര്‍ ആക്ടര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് വലിയൊരു കാര്യമാണ്. നൂറ് ശതമാനം എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമത്. വ്യത്യസ്തമായ സ്റ്റൈലിലുള്ള ഒരു ചിത്രം.

ഡാനിയലിന് ആ പേരിട്ടത് ദിലിപോ?

ശരിക്ക് ആദ്യം എന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ജാക്ക് ഡാനിയല്‍. അര്‍ജുന്‍ സാര്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഹീറോ ആണ്. കഥ മൊത്തത്തില്‍ കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ജാക്കിനേയും ഡാനിയലിനേയും രണ്ട്‌പേരാക്കിയാലോ എന്ന്. ഇവര്‍ രണ്ട് പേരും തമ്മിലുള്ള പ്രശ്‌നമാണ് സിനിമ. അതാവും കൂടുതല്‍ കൗതുകമുണ്ടാവുക. ഈ അഭിപ്രായം ഞാന്‍ പറഞ്ഞപ്പോള്‍ സംവിധായകനും അത് സ്വീകാര്യമായിത്തോന്നി.

സംവിധാനം ചെയ്യുമോ? അര്‍ജുനില്‍ നിന്നും സംവിധാനത്തിനുള്ള ടിപ്പുകള്‍ ചോദിച്ചോ?

അങ്ങനെയൊന്നുമില്ല. പിന്നെ എപ്പോഴെങ്കിലും സംവിധാനം ചെയ്യുന്നതിന് ഇപ്പോള്‍ ടിപ്പ് ചോദിച്ചിട്ടും കാര്യമില്ലല്ലോ. (ചിരിക്കുന്നു) പിന്നെ അതങ്ങനെ എപ്പോഴെങ്കിലും ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ സേവനം എനിക്ക് വേണമെങ്കില്‍... കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആളുകളിലൊരാളാണ് അദ്ദേഹം. പിന്നെ നമ്മളൊക്കെ ഇപ്പോഴും വിദ്യാര്‍ഥികളാണ്. ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പുതുതായി പഠിച്ചുകൊണ്ടിരിക്കുകയാണ്. 

മറ്റു ഭാഷകളിലേക്കുള്ള അവസരങ്ങള്‍

ആകെ രാജ്യം എന്ന തമിഴ് സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. പിന്നെ കൂടുതല്‍ ഇവിടെത്തന്നെയാണ് നിന്നിരുന്നത്. ഒന്ന് രണ്ട് തമിഴ് പടങ്ങള്‍ വന്നിരുന്നു. പക്ഷേ ആ സമയത്ത് നടന്നില്ല. 

മൂന്ന് ലുക്കില്‍ പ്രൊഫസര്‍ ഡിങ്കന്‍

കുറച്ച് ദിവസം കൂടി അതിന്റെ ഷൂട്ടിങ് ഉണ്ട്. 2020 ലേ റിലീസ് ചെയ്യാന്‍ സാധ്യതയുള്ളൂ. കാരണം അത്രയധികം പോസ്റ്റ് പ്രൊഡക്ഷനും കാര്യങ്ങളൊക്കെയുള്ള സിനിമയാണ്. ഇതില്‍ രണ്ട് ലുക്ക് സിനിമയിലുടനീളമുണ്ട്. പിന്നെ ത്രീ ഡി സിനിമയുടെ ഷൂട്ടിങ്ങിന് തന്നെ സമയമെടുക്കുന്നുണ്ട്. പുറത്തുനിന്നുള്ള കലാകാരന്മാരുണ്ട്. ജാക്ക് ഡാനിയല്‍ കഴിഞ്ഞാല്‍ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം പുനഃരാരംഭിക്കും.

കൊമേഴ്‌സ്യല്‍ സിനിമയും റിയലിസ്റ്റിക് സിനിമയും

അങ്ങനെ വേര്‍തിരിവിന്റെ ആവശ്യമൊന്നുമില്ല. ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയില്‍ സിനിമകളുണ്ടാക്കുന്നുണ്ട്. മാത്രമല്ല എല്ലാവര്‍ക്കും അതിന്റെയൊരു ഗേറ്റ് ഓപ്പണാവുക എന്ന് പറഞ്ഞാല്‍ ഇത് ഡിജിറ്റല്‍ കാലമാണ്. മൊബൈല്‍ ക്യാമറയില്‍ വരെ സിനിമ ചെയ്യുന്നു. ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി അത്രയും ബ്രില്ല്യന്റാണ്. അവര്‍ ഇപ്പോള്‍ സിനിമ ചെയ്യാന്‍ എളുപ്പമാണ്. ഓരോരുത്തരും അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സിനിമ ചെയ്യുന്നു. നമുക്ക് ആസ്വദിക്കാം. അതിന് പറ്റിയില്ലെങ്കില്‍ അത് നന്നായി തോന്നിയില്ല, ഹാപ്പിയല്ല എന്ന് പറയാം. അയാളുടെ കഴിവുകള്‍ മോശമാണ് എന്ന് പറയാന്‍ നമുക്ക് അര്‍ഹതയില്ല. കാരണം ഓരോരുത്തര്‍ക്കും ഓരോ കഴിവുകളാണ്. ഒരുപാട് ആള്‍ക്കാരുടെ കഴിവുകള്‍ ചേരുമ്പോഴാണ് വലിയ പ്രോജക്ടുകള്‍ ഉണ്ടാകുന്നത്. ഒരാളുടെ കഴിവിനേയും വിലകുറച്ച് കാണരുതെന്നാണ് സിനിമാരംഗത്തുനിന്ന് ഞാന്‍ പഠിച്ച പാഠം. നമ്മള്‍ ആരെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നെഅവരുടെ പുറകെ പോയതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ലൈപ് ഈസ് എ ഡ്രാമാ, വി ആര്‍ ഓള്‍ ക്യാരക്‌റ്റേഴ്‌സ് എന്നാണ് പറയാറുള്ളത്. റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോഴും എന്തെങ്കിലും നമ്മുടെ മനസില്‍ പിടിക്കുന്നുണ്ടെങ്കില്‍ അതില്‍ ചെറിയൊരു ഡ്രാമയുണ്ടാവും.

പച്ചക്കുതിരയ്ക്ക് ശേഷം എഴുത്തിലേക്ക് എന്തുകൊണ്ട് കടന്നില്ല

ആദ്യമായി ശരിക്ക് ഒരു ആലോചന വരുന്നത് മീനത്തില്‍ താലികെട്ട് ആയിരുന്നു. ആദ്യ ഭാഗം പറഞ്ഞപ്പോള്‍ ഞാനും പിന്നെ പ്രധാനമായും ലാല്‍ജോസുമെല്ലാം ചേര്‍ന്നാണ് അത് പൂര്‍ണരൂപത്തിലാക്കിയത്. എന്റെ സഹോദരതുല്യനാണ് ലാല്‍ ജോസ്. അഭിനയത്തില്‍ വരുന്നതിന് മുമ്പ് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് കഥകളൊക്കെ ഉണ്ടാക്കിയിരുന്നു. സിദ്ദിഖ് ഇക്കയേയും ജഗദീഷേട്ടനേയും വെച്ച് ഒരു കഥ പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെയൊന്നാണ് ത്രീ മെന്‍ ആര്‍മി എന്ന സിനിമയായി രൂപാന്തരപ്പെട്ടത്. അന്ന് പിന്നെ തമാശപ്പടങ്ങളുടെ കാലമായിരുന്നു. പല ചിന്തകള്‍ വരുന്നു, അവയില്‍ ചിലത് എഴുത്തുകാരോട് പറയുന്നു... കഥാകൃത്താവണം എന്നൊക്കെ വെച്ചാല്‍ അത്രവലിയ ആളൊന്നുമല്ല ഞാന്‍. പണ്ടൊക്കെ പുസ്തകങ്ങള്‍ വായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തിരക്ക് കാരണം കുറഞ്ഞു. മറ്റുഭാഷകളിലെ സിനിമകള്‍ കാണാറുണ്ട്.

പുതിയ പ്രോജക്റ്റുകള്‍

നാദിര്‍ഷയുടെ പടമാണ് ഉടനുള്ളത്. സുഗീതിന്റെ ചിത്രം, പറക്കും പപ്പന്‍, പിക്ക് പോക്കറ്റ് എന്നിങ്ങനെയുള്ള പടങ്ങള്‍ വരുന്നുണ്ട്.

Content Highlights: Chat With Actor Dileep, Subharathri Movie, Jack Daniel, Parakkum Pappan