സ്ഫടികം ഒരു ചരിത്രമാണ്. ആടു തോമയും ചാക്കോ മാഷുമെല്ലാം പലവുരു കണ്ടുപഠിക്കേണ്ട അതിലെ പാഠങ്ങളാണ്. തികഞ്ഞൊരു വാണിജ്യചിത്രമായിട്ടും ലക്ഷണമൊത്തൊരു ക്ലാസിക്ക് എന്ന പദവി ഒട്ടും സങ്കോചമില്ലാതെയാണ് മലയാളം ഭദ്രന്റെ ചിത്രത്തിന് ചാര്‍ത്തിക്കൊടുത്തത്. അതിന് മുന്‍പും അതിനുശേഷവും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടും സ്ഫടികത്തിന്റെ സംവിധായകന്റെ പേരില്‍ അറിയപ്പെടാനാണ് ഭദ്രന്റെ വിധി. കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലമായി ഭദ്രനെ കാണുന്നവര്‍ക്കൊക്കെ ചോദിക്കാനും പറയാനുമുണ്ടായിരുന്നത് തന്റെ മാസ്റ്റര്‍പീസെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ സ്ഫടികത്തിന്റെ കഥകള്‍ മാത്രം. ഇക്കണ്ട കാലമത്രയും മറ്റു ചില ചോദ്യങ്ങള്‍ക്ക് കൂടി ഭദ്രന് നിരന്തരം മറുപടി പറയേണ്ടിവന്നു. ആദ്യമൊക്കെ ഇനി എന്നാണ് സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം എന്നായിരുന്നു. ഇപ്പോഴത് സ്ഫടികം റീമേക്ക് ചെയ്യുന്നുണ്ടോ എന്നായിരുന്നു. എല്ലാറ്റിനും വ്യക്തമായ ഉത്തരമുണ്ട് ഭദ്രന്റെ കൈയില്‍. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നിന്റെ, മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയജീവിതത്തിന്റെ നാഴികകല്ലായ കഥാപത്രങ്ങള്‍ സംഭാവന ചെയ്ത സ്ഫടികം ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഭദ്രന്‍ മാതൃഭൂമി ഡോട്ട് കോമിന് നല്‍കുന്നത്.

സ്ഫടികത്തിന് രണ്ടാം ഭാഗം?

ഒരിക്കലുമില്ല, സ്ഫടികത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ എനിക്ക് കഴിയില്ല. എനിക്കെന്നല്ല ആര്‍ക്കും. ആടുതോമയും ചാക്കോ മാഷും ഇനി ആവര്‍ത്തിക്കപ്പെട്ടാല്‍ ശരിയാകില്ല. അടുത്തവര്‍ഷം സ്ഥടികത്തിന്റെ 25-ാം വാര്‍ഷികമാണ്. കേരളത്തിലെ 50 തിയേറ്ററുകളില്‍ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി റിലീസ് ചെയ്യുന്നുണ്ട്. 

ആ ലോറി സ്ഫടികത്തിന്റെ ശക്തി മനസ്സലാക്കിത്തന്നു

എന്റെ മകന്റെ കല്യാണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. സ്ഥടികം എന്ന ലോറിയില്‍ വരനും വധുവും യാത്ര ചെയ്തിരുന്നു. ചിത്രങ്ങളൊക്കെ പ്രചരിച്ചപ്പോള്‍ നിരവധി കോളുകളാണ് എനിക്ക് വന്നത്. അന്ന് സ്ഥടികത്തിന്റെ  ശക്തി എന്താണെന്ന് മനസ്സിലായി. അടുത്ത വര്‍ഷം 25-ാം വാര്‍ഷികം നന്നായി ആഘോഷിക്കാം.

ആടു തോമയുടെ ഹാങ് ഓവര്‍

ആടുതോമയുടെ ഹാങ് ഓവര്‍ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത്. സ്ഥടികത്തിന്റെ വിജയം ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാന്‍ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയില്‍ കുടുങ്ങി കിടക്കരുത് എന്നാണ് എന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. സ്ഥടികത്തില്‍ എന്റെ  ജീവിതമുണ്ട്. എന്റെ മാതാപിതാക്കളുണ്ട്. ഒരുകാലത്ത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീര്‍ന്നു. എത്രകോടി തരാം എന്ന് പറഞ്ഞാലും സ്ഥടികത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറാകില്ല.

ചാക്കോ മാസ്റ്ററുടെ കഥ

ചെകുത്താനില്‍നിന്ന് തിളങ്ങുന്ന സ്ഫടികത്തിലേക്കുള്ള ഒരു വ്യക്തിയുടെ മാറ്റമാണ് ആ സിനിമ. പലരും രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. ആടുതോമയേക്കാള്‍ സ്ഥടികത്തിന്റെ കഥ ചാക്കോ മാസ്റ്ററെ ചുറ്റിപ്പറ്റിയാണ്. തന്റെ സ്വപ്നങ്ങളെ മക്കളുടെ തലയില്‍ കെട്ടിവയ്ക്കുന്ന അച്ഛന്‍. ഒരു നല്ല പിതാവിന്റെ ലക്ഷണമല്ല അത്. ചാക്കോ മാഷിനാണ് ചിത്രത്തില്‍ തിരിച്ചറിവ് ഉണ്ടാകുന്നത്.

തോമയില്‍ ഞാനുണ്ട്

എന്റെ കുട്ടിക്കാലത്ത് എന്റെ മാതാപിതാക്കള്‍ എന്നോട് മറ്റുള്ള പയ്യന്‍മാരെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലാത്ത വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. എന്റെ മേഖല സിനിമയാണെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. നമ്മുടെ കാഴ്ചപ്പാടുകളാണ് നമ്മെ വളര്‍ത്തുന്നത്. അതിന് തുടക്കം കുറിയ്ക്കുന്നത് അദ്ധ്യാപകരും മാതാപിതാക്കളും ഒക്കെയാണ്. എന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ട സിനിമയാണ്. പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുന്ന ഹീറോകളെയാണ് എനിക്കിഷ്ടം. ഒഴുക്കിനെതിരെ ഞാനും ഒരുപാട് നീന്തി. പ്രതികൂല സാഹചര്യങ്ങള്‍ മനുഷ്യരെ കരുത്തരാക്കും. 

ആ കെമിസ്ട്രിയാണ് വിജയരഹസ്യം

തിലകന്‍ ചേട്ടന്റെ കടുവാ ചാക്കോയെപ്പോലെ ഒരുപാട് മാഷുമാരുണ്ട്. അവര്‍ക്കൊക്കെ ഇരട്ടപ്പേരും ഉണ്ടാകും. തിലകന്‍ ചേട്ടനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയാണ് സ്ഫടികത്തിന്റെ വിജയം. അഭിനയം റിഫ്ളക്സ് ആക്ഷനാണ്. നമുക്കൊപ്പം അഭിനയിക്കുന്ന വ്യക്തിയുടെ പ്രകടനം നമ്മളെ ബാധിക്കും. തിലകന്‍ ചേട്ടനും മോഹന്‍ലാലും അസാമാന്യ പ്രതിഭകളാണ്. അതുകൊണ്ടാണ് അവരുടെ കെമിസ്ട്രി നന്നായി മനസ്സിലാകുന്നത്. 

ആരാവും കടുവാ ചാക്കോ?

തനിക്ക് പകരം അപ്പന്‍ മുറ്റത്ത് കുഴിച്ചിട്ട പതിനെട്ടാം വട്ട തെങ്ങിന്റെ ചുവട്ടില്‍ നിന്ന് മണ്ണുവാരിയെടുത്ത് ആടുതോമ പറയുന്നുണ്ട്. ഇനി ഞാന്‍ വരും സെമിത്തേരിയില്‍ നിങ്ങളുടെ കുഴിയില്‍ മണ്ണിടാന്‍. ആയിരം കുത്തുവാക്കുകളേക്കാള്‍  ശക്തിയുണ്ട്  ആ ഒരൊറ്റ ഡയലോഗിന്. അതുപോലെ ഒരുപാട് വൈകാരികമായ രംഗങ്ങള്‍ സ്ഥടികത്തിലുണ്ട്. ഇനി അതൊന്നും പുനരവതരിപ്പിക്കാന്‍ കഴിയില്ല. തിലകന്‍ ചേട്ടനല്ലാതെ കടുവാ ചാക്കോ ആകാന്‍ ആര്‍ക്കും പറ്റില്ല.