ത് അപൂര്‍വം ചില നടനമാര്‍ക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയും ജീവിതകാലമത്രയും ഒപ്പം കൂടും. രാജുവിനൊപ്പം മണിയന്‍പിള്ള കൂടിയ പോലെ, ജോസിനൊപ്പം കീരിക്കാടന്‍ കൂടിയ പോലെ, ബാബുവിനൊപ്പം ഇടവേള കൂടിയ പോലെ. ജോര്‍ജിനെ ഇന്ന് സ്ഫടികം ജോര്‍ജ് എന്നു പറഞ്ഞാലേ അറിയൂ. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ അതില്‍ ജോര്‍ജ് അനശ്വരമാക്കിയ കുറ്റിക്കാടന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്നാണ് പുലിക്കോടന്‍ കുറ്റിക്കാടനായത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കുറ്റിക്കാടനെ ഓര്‍ക്കുമ്പോള്‍ ആളുകള്‍ വിറയ്ക്കുന്നുണ്ട്. സ്ഫടികം ജോര്‍ജിനെ കാണുമ്പോള്‍ പേടിച്ച് മാറുന്നുണ്ട്. പക്ഷേ, സ്ഫടികം ജോര്‍ജ് ഇപ്പോള്‍ പഴയ ജോര്‍ജല്ല. മോഹന്‍ലാലിന്റെ ഹലോയ്ക്കുശേഷം വിറപ്പിക്കാന്‍ മാത്രമല്ല, ചിരിപ്പിക്കാനുമറിയാമെന്ന് ജോര്‍ജ് തെളിയിച്ചു. ഫഹദിന്റെ കാര്‍ബണിനുശേഷം വൈകാരിക ഭാവങ്ങള്‍ കൊണ്ട് കൈയടി നേടാമെന്നും ജോര്‍ജ് കാണിച്ചുതന്നു. സ്ഫടികം മുതല്‍ കാര്‍ബണ്‍ വരെയുള്ള അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് ജോര്‍ജ്.

മലയാള സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ടോ?

എനിക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങളായിരുന്നു. 2013 ന് ശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് വന്നു. നാല് വര്‍ഷം കൊണ്ട് സിനിമയില്‍ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ന്യൂ ജനറേഷന്‍ തരംഗത്തിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞത് കാര്‍ബണിലൂടെയും ശിക്കാരി ശംഭുവിലൂടെയുമാണ്. 

കാര്‍ബണിലെ കഥാപാത്രം പുതിയൊരു പ്രതിച്ഛായ നല്‍കിയതായി തോന്നുന്നുണ്ടോ?

കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് എന്റെ മോട്ടോ. എന്നാലും വില്ലന്‍ വേഷങ്ങള്‍ ഒരുപാട് ചെയ്തപ്പോള്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. കാര്‍ബണിലെ അച്ഛന്റെ കഥാപാത്രം പരമാവധി നന്നാക്കാന്‍ നോക്കിയിട്ടുണ്ട്. മകന് നല്ലത് വരാന്‍ വേണ്ടിമാത്രം പ്രാര്‍ഥിക്കുന്ന, വീട്ടിലെ പ്രശ്നങ്ങള്‍ ഒറ്റയ്ക്ക് നേരിടുന്ന സാധുവായ ഒരച്ഛനാണ് കാര്‍ബണിലേത്. ഒരുപാട് പേര്‍ വിളിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തു. എല്ലാവര്‍ക്കും ഒരു പുതുമ തോന്നിയിട്ടുണ്ട്. 

പണ്ട് ടി.ജി രവി ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഭയപ്പെട്ട് ഇറങ്ങിപ്പോയതായി അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. താങ്കള്‍ക്ക് അങ്ങനെ എന്തെങ്കിലും അനുഭവം?

ടി.ജി രവി ചെയ്യുന്ന കഥാപാത്രങ്ങളും അന്നത്തെ കാലഘട്ടവും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ ഇതുവരെ അത്രയും ഭീകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ല. പക്ഷേ ആളുകള്‍ക്ക് എന്നെ അല്‍പ്പം പേടിയാണെന്ന് തോന്നിയിട്ടുണ്ട്. ഹലോ എന്ന സിനിമ ചെയ്യുന്നത് വരെ പരിചയപ്പെടാന്‍ ആളുകള്‍ അങ്ങനെയൊന്നും വരാറില്ലായിരുന്നു. പക്ഷേ ഹലോയില്‍ അല്‍പ്പം കോമഡി ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെട്ടു. കാലഘട്ടത്തിന് അനുസരിച്ച് എല്ലാം മാറി കൊണ്ടിരിക്കും. സിനിമയും കഥാപാത്രങ്ങളും എല്ലാം. 

താങ്കളെ ഏറ്റവും സ്വാധീനിച്ച അഭിനേതാവ്. അങ്ങനെ ആരെങ്കിലുമുണ്ടോ?

സ്ഫടികമാണല്ലോ എനിക്ക് ബ്രേക്ക് തന്നത്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ട്. അദ്ദേഹം പോലും അറിയാതെ. എങ്ങനെ പ്രൊഫഷണലാകാം എന്നത് പഠിപ്പിച്ചു തന്നതും മോഹന്‍ലാലാണ്. അതുവരെ ഞാനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നു. കഥാപാത്രം ഭദ്രന്‍ സാര്‍ എന്നെ വിശ്വസിച്ച് ഏല്‍പിച്ചു. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. നല്ല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ ന്യൂജെനറേഷനൊപ്പം അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. 

താങ്കള്‍ക്കൊപ്പം അഭിനയിച്ച പലരും ഇന്ന് സിനിമയിലില്ല. ജഗതി ശ്രീകുമാര്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം മാറി നില്‍ക്കുകയാണ്. തിലകന്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി അങ്ങനെ പലരും ജീവിച്ചിരിപ്പില്ല. അവരുടെ അഭാവം താങ്കള്‍ക്കും അനുഭവപ്പെടുന്നുണ്ടോ?

തീര്‍ച്ചയായും, എനിക്കൊപ്പം അഭിനയിച്ച പലരും ഇന്നില്ല. പക്ഷേ മരണം അനിവാര്യമാണ്. പിന്നെ മനുഷ്യന് ദൈവം ഒരു ദാനം തന്നിട്ടുണ്ട്... മറവി. എന്‍.എഫ് വര്‍ഗീസ്, നരേന്ദ്ര പ്രസാദ്, രാജന്‍ പി.ദേവ് അങ്ങനെ പലരും നമ്മെ വിട്ടുപോയി. അവരെ നാം മറന്നിട്ടില്ല. പക്ഷേ വര്‍ത്തമാനത്തിലാണ് ജീവിയ്ക്കുന്നത്. വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ മറന്നു കളയാന്‍ ശ്രമിക്കുക.

പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ?

പുതുവര്‍ഷം തുടങ്ങി ഒരുമാസം കഴിഞ്ഞു. എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഇനിയും നല്ല സിനിമകളില്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും. എല്ലാവരെയും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

Content Highlights: spadikam george interview carbon movie shikkari shambhu malayalam villain spadikam George interview