നാലു കൊല്ലമേ ആയിട്ടുള്ളൂ സൗബിന്‍ ഷാഹിര്‍ പല വേഷങ്ങളണിഞ്ഞ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് കയറിനിന്നിട്ട്. അവിടെ വേഷമിട്ടതാവട്ടെ ഇരുപതോളം ചിത്രങ്ങളില്‍ മാത്രവും. പക്ഷേ, സൗബിനെ ഇന്ന് അറിയാത്തവരില്ല, ഇഷ്ടപ്പെടാത്തവരില്ല. പറവയോടെ ക്യാമറയ്ക്ക് പിന്നില്‍ സംവിധായകന്റെ പുതിയൊരു വേഷം കൂടി എടുത്തണിഞ്ഞു സൗബിന്‍. എന്നാല്‍, സൗബിന്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കൊച്ചിക്കാരന്‍ സിനിമയിലേയ്ക്ക് വണ്ടികയറിയിരുന്നു. അയാൾ പിന്നീട് മണിച്ചിത്രത്താഴ്, ഗോഡ്​ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായി. ഒരു സിനിമ നിർമിച്ചു. അങ്ങനെ പല വേഷങ്ങളിൽ മൂന്ന് പതിറ്റാണ്ട് അയാൾ സിനിമാരംഗത്ത് നിറഞ്ഞു നിന്നു. ടൈറ്റില്‍ കാര്‍ഡുകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡ്യൂസര്‍ തുടങ്ങിയ മേല്‍വിലാസങ്ങളില്‍ ആ പേര് മിന്നിമാഞ്ഞുപോയി. സൗബിന്‍ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിര്‍. ഒരു പത്ത് സിനിമകളെങ്കിലും എടുക്കാനുള്ള അനുഭവകഥകള്‍ സിനിമയിൽ നിന്ന് സ്വന്തമാക്കിയ ആളാണ് ബാബു ഷാഹിര്‍. ആ കഥകളില്‍ ചിലത് മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് അദ്ദേഹം.

എങ്ങനെയായിരുന്നു സിനിമയിലെ തുടക്കം
 
ഫാസില്‍ സാറിന്റെ കൂടെയായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം ഈറ്റില്ലം മുതല്‍. അസിസ്റ്റന്റ് ഡയറക്ടറായി. സിദ്ദിഖും ലാലും വരുന്നത് അതിനുശേഷമാണ്. ഫാസില്‍ സാര്‍ സിനിമ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പ്രൊഡക്ഷന്‍ ചുമതല പൂര്‍ണമായും എന്നെ ഏല്‍പിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാക്കി. പിന്നീട് സിദ്ദിഖ്-ലാലിന്റെ റാംജിറാവു സ്പീക്കിങ് വന്നു. അതുകഴിഞ്ഞ് ഫാസില്‍ സാറിന്റെ മറ്റൊരു ചിത്രം. അതിനുശേഷം സിദ്ദിഖ്-ലാലിന്റെ തന്നെ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍. അങ്ങിനെ അവരുടെ സിനിമകളില്‍ തുടര്‍ച്ചയായി ഭാഗമായി. എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ് എന്നിവയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. അനിയത്തിപ്രാവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. അങ്ങിനെ സംവിധാനമൊക്ക പതുക്കെ മറന്നുപോയി. പിന്നെ ദിലീപ് നായകനായ പച്ചക്കുതിര നിര്‍മിച്ചു.

സംവിധായകനാവാന്‍ ആഗ്രഹമുണ്ടായിരുന്നോ?

സിനിമയില്‍ എത്തിയ സമയത്ത് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ കാലത്ത് അതത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികളെപ്പോലെ അവസരങ്ങളുണ്ടായിരുന്നില്ല അന്ന്. ഇന്ന് രണ്ട് സിനിമകള്‍ക്ക് അസിസ്റ്റന്റ് ആകുമ്പോഴേക്കും സ്വന്തമായി സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകും. മൊബൈലില്‍ വരെ സിനിമയെടുക്കാം. കൊച്ചുകുട്ടികള്‍ പോലും ഷോര്‍ട്ട് ഫിലിംസ് എടുക്കാറുണ്ട്. അതൊക്കെ പ്രമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയുണ്ട്.

babu shahir
Photo Courtesy: facebook/youtube
Babu Shahir
Photo Courtesy: facebook/youtube

മൊബൈലിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ഒരു പഴയ കഥ ഓര്‍മ വരുന്നു. ഹരികൃഷ്ണന്‍സിന്റെ ഷൂട്ടിങ് നടന്നത് കൊടൈക്കനാലില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഫാമിലായിരുന്നു. അന്നത്തെ കാലത്ത് കാര്യമായി മൊബൈൽ ഫോണൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവിടെ റെയ്ഞ്ച് ഇല്ല. ഫുഡ് സര്‍വീസിനുള്ള വണ്ടി അവിടെ എത്തിപ്പെടാന്‍ അടുത്ത ടൗണില്‍ നിന്ന് കുറഞ്ഞത് ഒരു അഞ്ച് മണിക്കൂറെങ്കിലും എടുക്കും. ഒരിക്കല്‍ ഉച്ചയായിട്ടും വണ്ടി വരുന്നില്ല. എല്ലാവരും വിശന്ന് പൊരിഞ്ഞ് ഇരിക്കുകയാണ്. ആ വണ്ടി വരുന്ന വഴിയില്‍ പഞ്ചറായി. അവസാനം ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെയാണ് ഫുഡ് എത്തിച്ചത് അപ്പോഴേക്കും വൈകുന്നേരം 5 മണിയായി. അത്തരം രസകരമായ അനുഭവങ്ങളുണ്ട്. ഇപ്പോള്‍ എനിക്ക് സംവിധാനം ചെയ്യാനുള്ള സമയം ഒക്കെ തീര്‍ന്നെന്നു തോന്നുന്നു.

ഫാസില്‍ ചിത്രങ്ങളുടെ കുറവ് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടോ?​

തീര്‍ച്ചയായും. ഫാസില്‍ സാറിന്റെ സിനിമകള്‍ എല്ലാം മികച്ചവയായിരുന്നു. മണിച്ചിത്രത്താഴ് പോലൊരു സിനിമ ഇനിയുണ്ടാകുമോ? അവരൊക്കെ മാറിനില്‍ക്കുമ്പോള്‍ വിഷമമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണല്ലോ. 

എന്നും പറഞ്ഞു ചിരിക്കാവുന്ന കോമഡികള്‍ പുതിയ സിനിമകളില്‍ കുറഞ്ഞുവരികയാണോ?

അന്നത്തെ കാലത്തെ സിനിമകളില്‍ ദാരിദ്ര്യം വലിയ വിഷയമായിരുന്നു. റാംജിറാവു കോമഡി പടമാണെങ്കിലും അന്നത്തെ കാലത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൃത്യമായി പ്രതിഫലിച്ചിരുന്നു. ഇന്നത്തെ കാലത്ത് പട്ടിണി കുറഞ്ഞു. ഞങ്ങളുടെ കുട്ടിക്കാലത്തെല്ലാം ഒരു കഷ്ണം ചിക്കന്‍ അല്ലെങ്കില്‍ മീന്‍ കൂട്ടിയൊരു ഊണ് ആണ്ടിലൊരിക്കലുണ്ടാവുന്ന മഹാസംഭവമാണ്. ഇപ്പോള്‍ കാലം അതല്ലല്ലോ. ഇന്നത്തെ കാലത്തെ  സിനിമകളിലെ കോമഡിയില്‍ അതൊന്നും കാണാത്തതില്‍ അത്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയയും ട്രോളുകളുമൊക്കെയല്ലേ താരങ്ങള്‍. സിദ്ദിഖ്-ലാലിന്റെ പഴയ സിനിമകളില്‍ പലപ്പോഴും കോമഡി രംഗങ്ങള്‍ ഒന്നും സ്‌ക്രിപ്റ്റില്‍ ഉള്ളതാവില്ല. പലപ്പോഴും മുകേഷും ഇന്നസെന്റുമെല്ലാം കൈയില്‍ നിന്ന് ഇടുന്നതാണ്. അവരുടെ ഇന്‍വോള്‍വ്മെന്റ് ഉണ്ടായിരുന്നു. ഇപ്പോഴും അത്തരത്തില്‍ കഴിവുള്ള നടന്മാരൊക്കെ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, കുതിരവട്ടം പപ്പു, സുകുമാരി, ഫിലോമിന തുടങ്ങിയവരൊന്നും ജീവിച്ചിരിപ്പില്ല. ജഗതി സിനിമയിലില്ല. അവരുടെ വിടവ് നികത്താന്‍ ആരുമില്ല. പ്രിയദര്‍ശന്‍ സിനിമകളുടെ പ്രസക്തി അവിടെയാണ്. ഇപ്പോഴും ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നു.

സിനിമയില്‍ ഒരു പിന്‍മുറക്കാരന്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നോ?

babu shahir

എന്റെ കുട്ടികള്‍ സിനിമയില്‍ വരുമെന്ന പ്രതീക്ഷയൊന്നും എനിക്കുണ്ടായില്ല. മൂത്തമകന്‍ ജോലിസംബന്ധമായി ദുബായില്‍ പോയി. രണ്ടാമത്തെ മകളും കല്യാണം കഴിഞ്ഞ് ദുബായിലാണ്. സൗബിന്‍ കുട്ടിക്കാലം മുതല്‍ പഠിക്കാന്‍ കുഴിമടിയനായിരുന്നു. സ്‌കൂളില്‍ കൊണ്ടാക്കിയാല്‍ എങ്ങിനെയെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്ത് ചാടും. ഒരിക്കല്‍ ഞങ്ങള്‍ ചെന്നൈയില്‍ പോയപ്പോള്‍ വിജിപിയില്‍ ഒരു ഡാന്‍സ് മത്സരം ഉണ്ടായിരുന്നു. അന്നവന് ഏഴ് വയസ്സ് മാത്രമായിരുന്നു പ്രായം. മത്സരം എന്ന് കേട്ടപ്പോഴേയ്ക്കും അവന്‍ ഓടിച്ചാടിച്ചെന്ന് പേരുകൊടുത്തു. അവസാനം ഫസ്റ്റ് പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ അവന്റെ പേര്. പഠിപ്പിനോട് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ എസ്.എസ്.എല്‍.സി പ്രൈവറ്റായി പഠിക്കാന്‍ കൊണ്ടാക്കി. പിന്നെ പ്ലസ്ടു കഴിഞ്ഞ് ഡ്രിഗ്രിക്ക് പോയപ്പോഴും അവന് ഡാന്‍സും മറ്റു പരിപാടികളോടുമായിരുന്നു കമ്പം. 

അവന് കലയോട് താല്‍പര്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ സിനിമയോട് കമ്പം ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല. അവനോട് ഞാന്‍ ചോദിച്ചതുമില്ല. ഒരു സുപ്രഭാതത്തതില്‍ എന്നോട് ചോദിച്ചു: 'ഉപ്പാ ഞാന്‍ ലൊക്കേഷനിലേക്ക് വന്നോട്ടെ എന്ന'. അന്ന് ഫാസില്‍ സാറിന്റെ കൈയെത്തും ദൂരത്ത് എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍. ഫഹദിന്റെ ആദ്യ സിനിമ. പിറ്റേത് എറണാകുളത്ത് നിന്ന് ആര്‍ട്ടിസ്റ്റുകളുടെ വണ്ടി വരുന്നുണ്ട്. അതില്‍ കയറി പോന്നോളാന്‍ പറഞ്ഞു ഞാന്‍. അതായിരുന്നു ആദ്യ സിനിമയാത്ര. പിറ്റേ ദിവസം തന്നെ അവന്‍ ഒരു സീനില്‍ മുഖവും കാണിച്ചു. ഫഹദ് ബസ്സില്‍ നിന്നിറങ്ങുന്ന ഒരു സീനുണ്ട് അതില്‍. അവന്റെയും ഫഹദിന്റെയും തുടക്കം ഒരു സിനിമയിലാണ്. പിന്നീട് ക്രോണിക് ബാച്ചിലറില്‍ ഞാന്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ ചോദിച്ചു അവനെയും അസിസ്റ്റന്റ് ഡയറക്ടറാക്കാന്‍ പറ്റുമോന്ന്. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം സിദ്ദിഖിന്റെ കൂടെ അന്ന് പത്തോളം അസിസ്റ്റന്റുമാരുണ്ടായിരുന്നു. ഈ കൂട്ടത്തിലേക്കാണ്  അവനും ചാന്‍സ് ചോദിച്ചത്. ഞാന്‍ അത് സിദ്ദിഖിനോട് പേടിച്ച് പറഞ്ഞു. സിദ്ദിഖ് എതിര്‍പ്പൊന്നും പറഞ്ഞില്ല. സിനിമ തുടങ്ങുന്നതിന്റെ തലേദിവസമാണ് അവന്‍ ഷൂട്ടിങ്ങിന്റെ ഭാഗമാകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പെട്ടന്ന് തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും തുടങ്ങി. അവന് അതെല്ലാം നോക്കിക്കണ്ട് പഠിക്കാന്‍ ഭാഗ്യമുണ്ടായി. പിന്നീട് വിസ്മയത്തുമ്പത്തിലും അവന്‍ ഭാഗമായി. അതിന് ശേഷം റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ കൂടെയും ജോലി ചെയ്തു. സൗബിന് ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള യോഗമുണ്ടായിട്ടുണ്ട്.

സൗബിന്‍ എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?

സൗബിന്റെ വേഷങ്ങളൊക്കെ ഇഷ്ടമാണ്. അന്നയും റസൂലും, പ്രേമം തുടങ്ങിയവയിലെല്ലാം ചെറിയ സീനുകളാണെങ്കിലും എല്ലാം വ്യത്യസ്തമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അനുരാഗ കരിക്കിന്‍വെള്ളത്തിലെ ഒരു സീന്‍ കണ്ടു. അവന് നന്നായി ചിരിപ്പിക്കാന്‍ കഴിയുന്നുണ്ട്. മഹേഷിന്റെ പ്രതികാരമായപ്പോഴേക്കും അവന്‍ നന്നായി മെച്ചപ്പെട്ടു.

പറവ കണ്ടപ്പോള്‍ എന്തായിരുന്നു മനസ്സില്‍?

babu shahir

സത്യം പറഞ്ഞാല്‍ ആദ്യംകണ്ണുനീര്‍ പൊടിഞ്ഞു. കരഞ്ഞുപോയി ഞാന്‍. സംവിധായകന്‍ സൗബിന്‍ സാഹിര്‍ എന്ന് കണ്ടപ്പോള്‍ വല്ലാത്ത ഒരനുഭവമായിരുന്നു. അവനോട് ഞാനിത് ഇതുവരെ പറഞ്ഞിട്ടില്ല. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരും അവനെ കെട്ടിപ്പിടിച്ചു. കൂട്ടത്തില്‍ ഞാനും. ആ കെട്ടിപ്പിടിത്തത്തില്‍ എനിക്ക് പറയാനുള്ളത് എല്ലാം ഉണ്ടായിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു. സിനിമ 'എങ്ങിനെയുണ്ട് ഉപ്പാ' എന്ന്. ഞാന്‍ പറഞ്ഞു '100 ല്‍ 110 മാര്‍ക്ക് ഉണ്ടെടാ മോനേ'.

എങ്ങനെയുണ്ടായിരുന്നു പറവയ്ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍?

എന്നെ പലരും വിളിച്ച് അഭിനന്ദിച്ചു. ഫാസില്‍ സാര്‍ ആണ്  ആദ്യം വിളിച്ചത്. പിന്നെ കമലും. കമല്‍ എന്റെ ബന്ധുകൂടിയാണ്. സംവിധായകന്‍ സിദ്ദിഖ് സിനിമ കാണുന്നതിന് മുന്‍പേ വിളിച്ചു. മറ്റുള്ളവര്‍ നല്ല അഭിപ്രായം പറയുന്നു എന്ന് അറിയിക്കാനാണ് വിളിച്ചത്. ബാലചന്ദ്ര മേനോന്‍ സിനിമയെക്കുറിച്ച് ഫെയ്​സ്ബുക്കിൽ കുറിച്ചതും ഞാന്‍ കണ്ടു. ഇവരുടെയൊക്കെ അനുഗ്രഹമായിരിക്കാം എല്ലാ വിജയത്തിനും കാരണം.

സൗബിന്‍ എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണ്. നല്ല ആത്മവിശ്വാസമുള്ള കൂട്ടത്തിലാണ്. പറവയ്ക്ക്  മുന്‍പ് അവന്‍ എന്നോട് മറ്റൊരു സബ്​ജക്​ട് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് നല്ലതാണെന്ന്  തോന്നി.

എന്‍എന്‍ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ വരുന്നുണ്ടല്ലോ. അദ്ദേഹത്തോടൊപ്പം ഗോഡ്​ഫാദറില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവം പങ്കുവയ്ക്കാമോ?

god father
എന്‍.എന്‍ പിള്ള. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

എന്‍.എന്‍ പിള്ള സാര്‍ ജീവിതത്തില്‍ ഗോഡ്ഫാദറിലെ അഞ്ഞൂറാനെപ്പോലെയല്ല. നല്ല ഹ്യൂമര്‍ സെന്‍സുള്ള വ്യക്തിയാണ്. ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവരെ നന്നായി ഒബ്​​സർവ് ചെയ്യും. അതൊക്കെ അഭിനയിച്ചു കാണിക്കുകയും ചെയ്യും. എല്ലാവരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറൂ. നമ്മളൊന്ന് തുമ്മിയാല്‍ വരെ, ഹും എന്താ രണ്ട് തവണ ആയല്ലോ ഇപ്പോള്‍ തുമ്മുന്നു എന്നൊക്കെ ചോദിക്കും. സിനിമാനടന്‍ എന്ന രീതിയിലല്ലല്ലോ അദ്ദേഹം പ്രസക്തനാകുന്നത്. ഇത്രയും ജീവിതാനുഭവവും അറിവുമുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നുണ്ട് എന്നറിഞ്ഞു. എന്‍എന്‍ പിള്ളയെ അവതരിപ്പിക്കുന്നത് ആരായാലും അത് അത്രയ്ക്കും വെല്ലുവിളി നിറഞ്ഞതാകും.