ളരാത്ത ആത്മവീര്യമുള്ള ബിസിനസുകാരുടെ കഥകള്‍ക്ക് ഇപ്പോള്‍ സിനിമയില്‍ നല്ല ഡിമാന്‍ഡാണ്. ബിസിനസ് തകര്‍ന്നപ്പോള്‍, ഏറെ ഇഷ്ടത്തോടെ പണികഴിപ്പിച്ച കൊട്ടാരം പോലുള്ള വീട് വില്‍ക്കേണ്ടിവന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അതേ വീടുതന്നെ കൂടുതല്‍ വില കൊടുത്തു തിരികെ വാങ്ങിയ കഥയിലെ നായികയാണ് സോഫിയ പോള്‍. ആ വീട്ടിലിരുന്നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു കിട്ടുന്ന ഫെയ്സ് ബുക്ക് കമന്റുകള്‍ സോഫിയ വായിച്ചാസ്വദിക്കുന്നത്.
    
'ഫെയ്‌സ്ബുക്കിലൂടെയും നേരിട്ടും സിനിമയെക്കുറിച്ച് പോസിറ്റീവായ ഒരുപാട് കമന്റുകള്‍ കിട്ടുന്നുണ്ട്. 'ഐ ആാം വാച്ചിംഗ് ദ് മൂവി വിത്ത് മൈ ലൈഫ്' എന്നെഴുതിയിട്ട് വൈഫിന്റെ പേരെഴുതിയിരിക്കുന്നു ഒരാള്‍. 'ഫസ്റ്റ് ഹാഫ് എന്റെ ജീവിതമാണ്. സെക്കന്റ് ഹാഫിലേക്ക് ഞാന്‍ ഇതുവരെ എത്തിയിട്ടില്ല' എന്നു മറ്റൊരാള്‍. സിനിമ കണ്ടിറങ്ങുമ്പോള്‍ ആറു വയസുകാരിയായ എന്റെ മകളുടെ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു, അവള്‍ക്ക് 16 വയസായോ എന്നൊരു തോന്നല്‍... ഇങ്ങനെ ഉള്ളില്‍തട്ടുന്ന ഒരുപാടു കമന്റുകള്‍ ലഭിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് മുന്തിരിവള്ളികളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്.' സ്വന്തം സിനിമയിലൂടെ മോഹന്‍ലാലിന് ഹാട്രിക് വിജയം സമ്മാനിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും സോഫിയ മറച്ചുവയ്ക്കുന്നില്ല. 

sophiya Paul
കുടുംബത്തോടൊപ്പം സോഫിയാ പോള്‍

'ഞങ്ങള്‍ കുടുംബത്തോടെ ലാലേട്ടന്‍ ഫാന്‍സാണ്. അതുകൊണ്ട് മോഹന്‍ലാല്‍ നായകനായ ഒരു സിനിമ എന്നത് ഞങ്ങളുടെ ഡ്രീം പ്രോജക്ട് ആയിരുന്നു. തീയേറ്ററില്‍ സിനിമ കാണുന്ന സമയത്ത്, മൂവി തുടങ്ങിയതേ എന്റെ കണ്ണുനിറഞ്ഞു. കരഞ്ഞു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. സന്തോഷം കൊണ്ട്് കരഞ്ഞുപോയാതാണ്. ഇന്റര്‍വല്‍ ആയപ്പോള്‍ കൂടെയുണ്ടായിരുന്ന അന്‍വര്‍ റഷീദ് പറഞ്ഞു, 'ചേച്ചീ, നല്ല മൂവിയാണ്, ഇത് സൂപ്പര്‍ ഹിറ്റാകും'. അതുകൂടി കേട്ടപ്പോള്‍ കൂടുതല്‍ സന്തോഷമായി. പിന്നെ ഞാന്‍ വേറേതോ ലോകത്തായിരുന്നു. ഈ പടം കൂടി ഹിറ്റായപ്പോള്‍ ലാലേട്ടന് ഹാട്രിക് വിജയമായി. അതോര്‍ക്കുമ്പോള്‍ അതിലും സന്തോഷം.''

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പം നില്‍ക്കുന്ന നിര്‍മാതാവാണ് സോഫിയ പോള്‍ എന്നു കേട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ എത്രത്തോളം ഇടപെടാറുണ്ട്?

ഞങ്ങളെ സംബന്ധിച്ച് നിര്‍മാതാവ് എന്നാല്‍, കുറേ പണം ഇന്‍വെസ്റ്റ് ചെയ്തിട്ട് മാറിനില്‍ക്കുന്ന ആളല്ല. വീട്ടില്‍ എല്ലാവര്‍ക്കും സിനിമ പാഷനാണ്. അതുകൊണ്ടുതന്നെ പാഷനേറ്റായി ഞങ്ങള്‍ അതിനെ സമീപിക്കുന്നു. ഷൂട്ടിംഗുണ്ടായിരുന്ന 60 ദിവസവും ഞാന്‍ ക്രൂവിനൊപ്പം ഉണ്ടായിരുന്നു. പൂര്‍ണമായും ഇന്‍വോള്‍വ്ഡായിരുന്നു. എന്റെ ഫാദര്‍ ഇന്‍ലോ, സില്‍വസ്റ്റര്‍ ജെയിംസിന് രണ്ടു തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് പോളിന്റെ ചേട്ടന്‍ പീറ്റര്‍ ഫെര്‍ണാണ്ടസ് ഡിസ്ട്രിബ്യൂഷനിലും പ്രെഡക്ഷനിലും ഉണ്ടായിരുന്നു. പ്രതീക്ഷ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, ഡാഡി തുടങ്ങിയ സിനിമകളൊക്കെ അദ്ദേഹം നിര്‍മിച്ചതാണ്. 

സോഫിയ ഈ രംഗത്തേക്കു വന്നതെങ്ങനെയാണ്?

ചേട്ടന്‍ സിനിമ നിര്‍മിക്കുന്ന സമയത്ത് ഞങ്ങള്‍ ഗള്‍ഫിലായിരുന്നു. അപ്പോള്‍ മുതല്‍ നിര്‍മാണരംഗത്തേക്കു വരണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഒരിക്കല്‍, അന്‍വര്‍ റഷീദിനെക്കൊണ്ട് ഒരു പടം ചെയ്യിക്കുവാനായി അദ്ദേഹത്തെ സമീപിച്ചു. അപ്പോള്‍ അദ്ദേഹം 'ബാംഗ്ലൂര്‍ ഡെയ്‌സി'നെക്കുറിച്ച് പറയുകയും അതിന്റെ കോപ്രൊഡ്യൂസര്‍ ആകാമോ എന്നു  ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് തുടക്കം. ആ സിനിമ ഞങ്ങള്‍ക്ക് മൂവി ഇന്‍ഡസ്ട്രിയിലേക്കുള്ള നല്ലൊരു എന്‍ട്രിയായി. മോഹന്‍ലാലിന്റെ ഡെയ്റ്റിനു വേണ്ടി അദ്ദേഹത്തെ സമീപിക്കുമ്പോള്‍ 'ബാംഗ്ലൂര്‍ ഡെയ്‌സി'ന്റെ പ്രൊഡ്യൂസര്‍ എന്നു പറഞ്ഞാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. ലാലേട്ടന്റെ ഡേറ്റ് കിട്ടി. ഒരുപാട് കഥകേട്ടതില്‍ സിന്ധുരാജ് പറഞ്ഞ കഥ ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. മോഹന്‍ലാലിനും കഥ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ജിബു ജേക്കബ്‌ പിക്ചറില്‍ വന്നു. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' യാഥാര്‍ത്ഥ്യമായി. 

സമരത്തിനു ശേഷം, മുന്തിരിവള്ളികളുടെ റിലീസ് ജനുവരി 20ലേക്കു മാറ്റാനായി വാദിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തല്ലോ. സോഫിയ പോള്‍ ബോള്‍ഡാണോ?

ഞാന്‍ കുറച്ച് ബോള്‍ഡ് തന്നെയാണ്. ഞാന്‍ ജനിച്ചുവളര്‍ന്നത് ഒരു ബിസിനസ് ഫാമിലിയിലാണ്. കല്യാണം കഴിച്ചു ചെന്നതും ബിസിനസ് ഫാമിലിയിലേക്കു തന്നെ. പത്തിരുപത് കൊല്ലമായി ഞാനും ഭര്‍ത്താവും ദുബായ്യില്‍ ബിസിനസ് ചെയ്യുകയാണ്. ഞാനും ബിസിനസില്‍ ഈക്വലി ഇന്‍വോള്‍വ്ഡാണ്.  റിലീസ് ഡെയ്റ്റിന്റെ കാര്യം പറഞ്ഞാല്‍, സമരം തീര്‍ന്നപ്പോള്‍ 19ന് ജോമോനും 20ന് മുന്തിരിവള്ളികളും റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷേ 26ലേക്ക് റിലീസ് മാറ്റിയപ്പോള്‍ ഒരാഴ്ച കൂടി കാത്തിരിക്കുക എന്നത് ഞ്ങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പുതിയ സംഘടനയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. അവര്‍ക്കത് മനസിലായി. ഞങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.

ബിസിനസും സിനിമയും സ്‌ട്രെസ്ഫുളായ മേഖലകളാണ്. എങ്ങനെ മാനേജ് ചെയ്യുന്നു?

ഞാന്‍ അങ്ങനെ ടെന്‍ഷടിക്കുന്ന ആളല്ല. ജീവിതത്തില്‍ ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും ഞങ്ങള്‍ കടന്നു പോയിട്ടുണ്ട്. അല്ലെങ്കിലും ജീവതത്തിന്റെ ഗ്രാഫ് എപ്പോഴും നേര്‍രേഖയിലോ മുകളിലേക്ക് മാത്രമോ അല്ലല്ലോ. അതുകൊണ്ട് കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ എനിക്ക് കഴിയാറുണ്ട്. ഭര്‍ത്താവ് ടെന്‍സ്ഡായാലും ഞാന്‍ കൂളായിരിക്കും. തിരിച്ചടികള്‍ ഉണ്ടായാല്‍ നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനാകും എന്ന ആത്മവിശ്വാസം എനിക്ക് എപ്പോഴും ഉണ്ട്. ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ചെറിയ പ്രശ്‌നങ്ങള്‍ എന്നെ അത്ര ബാധിക്കാറില്ല. 

അങ്ങനെ തരണം ചെയ്ത വലിയ പ്രശ്നം എന്തായിരുന്നു?

ബിസിനസ് ഡൗണ്‍ ആയ ഒരു കാലം ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായി. കൊല്ലത്ത് ഞങ്ങള്‍ ഏറെ ഇഷ്ടത്തോടെ വച്ച വീടു പോലും വില്‍ക്കേണ്ടിവന്നു. നിരാശ മൂലം എന്റെ ഭര്‍ത്താവ് ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുപോയ സമയമായിരുന്നു അത്. അന്ന് ധൈര്യം പകര്‍ന്ന് ഞാന്‍ കൂടെ നിന്നു. എല്ലാം തിരിച്ചുപിടിക്കാനാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ബിസിനസ് തിരിച്ചുപിടിച്ചു. പിന്നെ ഞങ്ങള്‍ വിറ്റ അതേ വീട് ഞങ്ങള്‍ കൂടുതല്‍ വില കൊടുത്തു വാങ്ങി. അത് തിരികെ വാങ്ങണമെന്ന് മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍ മക്കളാണ്. സെഡിന്‍ പോളും കെവിന്‍ പോളും.

കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കൊപ്പം 'കാട് പൂക്കുന്ന നേരം' പോലുള്ള ആര്‍ട് സിനിമകളും നിര്‍മിച്ചുവല്ലോ. അതിനു പിന്നില്‍ ബിസിനസ് സ്ട്രാറ്റജിയാണോ, സിനിമയോടുള്ള പാഷനാണോ?

സിനിമയോടുള്ള പാഷന്‍ തന്നെയാണ് കാരണം. പിന്നെ, ആര്‍ട് സിനിമകള്‍ക്കും ഒരു ബിസിനസ് ലൈന്‍ ഉണ്ട്. അതിനെ അതിനെ ആ രീതിയില്‍ സമീപിക്കണമെന്നു മാത്രമേയുള്ളു. 'കാട് പൂക്കുന്ന നേരം' ഏഴോളം ഫെസ്റ്റിവലുകള്‍ കവര്‍ ചെയ്തു. ഐഎഫ്എഫ്‌കെയില്‍ ഉണ്ടായിരുന്നു. പനോരമയില്‍ സെലക്ടഡായി. ഫെബ്രുവരി ആറിന് ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ മല്‍സരിക്കാന്‍ സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.  

മാര്‍ക്കറ്റിംഗിന് സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?

മാര്‍ക്കറ്റിംഗിന് വലിയ പ്രധാന്യമുണ്ട്. അതോടൊപ്പം സിനിമ നല്ലൊരു മെസേജുള്ളതോ പ്രക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ളതോ ആയിരിക്കണം എന്നതും പ്രധാനമാണ്.

 ദുബായില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുകയാണല്ലോ, എന്തുകൊണ്ടാണ് പുതിയ ഷോറൂം തുടങ്ങാന്‍ കൊച്ചി തെരഞ്ഞെടുത്തത്?

കൊച്ചി നല്ലൊരു മാര്‍ക്കറ്റാണ്. കൂടാതെ, നാട്ടില്‍ ബിസിനസ് ചെയ്യണമെന്നും ഞങ്ങള്‍ക്കാഗ്രമുണ്ടായിരുന്നു. കൊച്ചിയില്‍ പനങ്ങാടുള്ള ബുമാത്ര എന്ന സാനിട്ടറി വെയര്‍ ഷോറൂമില്‍ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളെല്ലാമുണ്ട്. സ്ത്രീകള്‍ക്കു കൂടി താല്‍പര്യം തോന്നത്തക്ക വിധത്തില്‍ കുറച്ചുകൂടി വിപുലപ്പെടുത്തണമെന്ന് കരുതുന്നു.

ബിസിനസിന്റെ തലത്തില്‍ ദുബായും കൊച്ചിയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്താമോ?

ദുബായ്യില്‍ ഒന്നിനും ഇത്രയും കാലതാമസമെടുക്കില്ല. ഒരു ഷോപ്പ് തുടങ്ങാനാണെങ്കില്‍ അതിന്റെ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ വളരെ ഫാസ്റ്റായി നടക്കും. രണ്ടു ദിവസം കൊണ്ട് പോലും കിട്ടും. ഇവിടെ അതെല്ലാം വലിയ പ്രോസസ് അല്ലേ.

ബിസിനസിന്റെ ഭാഗമായി ധാരാളം യാത്ര ചെയ്യാറുണ്ടല്ലോ. പോകാന്‍ ഇഷ്ടമുള്ള രാജ്യമേതാണ്?

ഇതുവരെ പോയിട്ടില്ലാത്ത സ്ഥലമാണെങ്കില്‍ സ്വിറ്റസര്‍ലന്റ്. ഏറ്റവും ഇഷ്ടം ദുബായ് തന്നെ. എവിടെപ്പോയാലും തിരിച്ച് ദുബായ്യില്‍ എത്തുമ്പോഴാണ് എനിക്കേറ്റവും സന്തോഷം.

പ്രിയപ്പെട്ട ഹോബി

ഷോപ്പിംഗ്. ഇഷ്ടപ്പെട്ട ഡ്രസുകള്‍ വാങ്ങുക, ബാഗുകള്‍ വാങ്ങുക... ഇതൊക്കെ വലിയ ഇഷ്ടമാണ്. സിനിമ കാണും, പാട്ടു കേള്‍ക്കും, എന്റെ ബ്രദര്‍ സജസ്റ്റ് ചെയ്യുന്ന പുസ്തകങ്ങള്‍ വായിക്കും. എന്‍ജോയ് ചെയ്ത് കുക്കിംഗ് ചെയ്യാറുണ്ട്. ഞാന്‍ രുചികരമായി കുക്ക് ചെയ്യുമെന്ന് എല്ലാവരും പറയാറുണ്ട്. എനിക്കും അതറിയാം.

നിര്‍മാതാവാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് പറയാനുള്ളത്?

പ്രധാനമായി നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടായിരിക്കണം. എന്നെ സംബന്ധിച്ച് ഫാമിലിയുടെ ശക്തമായ പിന്തുണ എനിക്കുണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ യാതൊരു വിവേചനമോ ഈഗോ പ്രോബ്ലോമോ ഇതുവരെ എനിക്കിതു വരെ അനുഭവപ്പെട്ടില്ല. ലേഡി ആയതുകൊണ്ട് എല്ലാവരും കൂടുതല്‍ നന്നായി ഇടപെട്ടു, ആ ഒരു കണ്‍സിഡറേഷന്‍ എനിക്കു കിട്ടി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
 

പല ഫില്‍ട്ടറിംഗിനു ശേഷമാണല്ലോ ഒരു കഥ സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. ആ തീരുമാനത്തില്‍ എത്തുന്നത് എങ്ങനെയാണ്?

പ്രേക്ഷകരുടെ ലെവലില്‍ നിന്ന് ചിന്തിക്കുക. ഇങ്ങനെയൊരു സിനിമ വന്നാല്‍, ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നമ്മളിത് കാണാന്‍ ഇഷ്ടപ്പെടുമോ എന്നു നോക്കുക. ഞങ്ങള്‍ ഒരു കഥ കിട്ടിയാല്‍, വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ഹാളില്‍ ഒരുമിച്ചിരുന്ന് ഡിസ്‌കസ് ചെയ്താണ് തീരുമാനിക്കുക. 

Sophiya

ഇനിയും ഒരു മോഹന്‍ലാല്‍ പ്രോജക്ട് വന്നാല്‍ ചെയ്യുമോ?

മോഹന്‍ലാലിന്റെ ഡെയ്റ്റും നല്ലൊരു കഥയുമുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യും. മുന്തിരിവള്ളികള്‍ തളിര്‍ത്തതോടെ കേരളം വീണ്ടും പ്രണയിച്ചു തുടങ്ങി എന്നു പറയുന്നണ്ടല്ലോ മുന്തിരിവള്ളികളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രണയം വീണ്ടും തളിര്‍ക്കുകയല്ലേ. 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുപോലൊരു പ്രണയം ഞാന്‍ വേറൊരു സിനിമയിലും കണ്ടിട്ടില്ല. അതിലെ സോളമനെ ആരും മറക്കില്ല. അതുപോലെ  ഇനി മുന്തിരിവള്ളികളിലെ ഉലഹന്നാനെയും ആരും മറിക്കില്ല. 

അതെ, ആരും മറക്കാനിടിയില്ലാത്ത കഥകള്‍ പറയുന്ന വീക്കെഡര്‍ ബ്ലോക്ക്ബസ്റ്റേഴ്‌സില്‍ ഇപ്പോള്‍ വിജയത്തിന്റെ മുന്തിരിവള്ളികളാണ് പൂവിടുന്നത്.

ചിത്രങ്ങള്‍ കടപ്പാട്: ഫെയിസ്ബുക്ക്/ സോഫിയാ പോള്‍