ദിലീപ്, അര്ജുന് സര്‍ജ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ജാക് ആന്‍ഡ് ഡാനിയേലിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്
എസ്.എല്‍. പുരം ജയസൂര്യ
ദിലീപില്‍ കഥാപാത്രങ്ങള്‍ ഭദ്രം
എന്റെ ആദ്യത്തെ ചിത്രമായ സ്പീഡില്‍ ദിലീപ് ആയിരുന്നു നായകന്. ദിലീപ് ഇതുവരേയും ചെയ്യാത്ത ഒരു കഥാപാത്രമായിരുന്നു സ്പീഡില്‍ ചെയ്തത്. ദിലീപ് എന്ന നടന്, താന്‍ ഏറ്റെടുക്കുന്ന ഓരോ കഥാപാത്രവും ഭദ്രമായി തന്നെ ചെയ്യാറുണ്ട്. അതിന്റെ അനുഭവസ്ഥനാണ് ഞാന്‍. കാരണം സ്പീഡ് സിനിമ കണ്ടതിന് ശേഷം ദിലീപ് അത്ലറ്റ് ആണോ എന്ന് അന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിളിച്ച് ചോദിച്ചിരുന്നു. ഒരു എഴുത്തുകാരനും സംവിധായകനുമെന്ന നിലയില്‍ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. അതുപോലെ തന്നെ ബോഡി ലാംഗ്വേജ്, സംസാരം എന്നിങ്ങനെ ദിലീപ് എന്ന നടന് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജാക്ക് ആന്‍ഡ് ഡാനിയല്‍ നല്ലൊരു എന്റെര്‍ടെയിനര്‍
ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്നത് ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളുടെ പേരാണ്. തുല്യപ്രധാന്യമുള്ള നായക കഥാപാത്രങ്ങളാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ജാക്ക്സണ് മാത്യു, അര്ജുന് സാറിന്റെ കഥാപാത്രമാണ് ഡാനിയല്‍ അലക്സാണ്ടര്‍. നല്ലൊരു ആക്ഷന്‍ത്രില്ലറാണ് ചിത്രം. ഒരു സിനിമക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അടങ്ങിയതാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍.
അര്ജുന് സര് എത്തിയതോടെ ചിത്രം വലുതായി
ഒരു ചിത്രത്തില്‍ നായകന് പവര്‍ഫുള്‍ ആകണമെങ്കില്‍ അതുപോലെ ശക്തമായിരിക്കണം എതിര്‍സ്ഥാനത്തുള്ള വില്ലന്‍ കഥാപാത്രവും. അങ്ങനെ മനസിലുണ്ടായിരുന്നത് തമിഴിലെ ആക്ഷന്‍ കിങ് അര്ജുന് ആയിരുന്നു. പ്രൊഡ്യൂസറോട് സംസാരിച്ച് അദ്ദേഹം അര്‍ജുന്റെ ഡേറ്റുമായി വരുകയായിരുന്നു. അതോടെ ചിത്രം വലുതാവുകയായിരുന്നു.
പത്ത് വര്‍ഷത്തെ ഇടവേള സിനിമക്ക് വേണ്ടിയുള്ളതായിരുന്നു
എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിന് ശേഷം പത്ത് വര്‍ഷത്തെ ഇടവേള സിനിമക്ക് വേണ്ടിയുള്ള തയാറെടുപ്പ് തന്നെയായിരുന്നു. എന്നാല്‍ ജാക്ക് ആന്‍ഡ് ഡാനിയലിന് വേണ്ടിയുള്ള തയാറെടുപ്പൊന്നും ആയിരുന്നില്ല. സിനിമ എഴുതുകയും സിനിമക്ക് വേണ്ടിയുള്ള തയാറെടുപ്പിലുമായിരുന്നു.
Content Highlights: SL puram jayasurya talks about jack and daniel movie, Dileep, Arjun Sarja