കാക്കിക്കുള്ളിലെ കലാകാരന്‍മാരെ തിരിച്ചറിഞ്ഞ സിനിമയാണ് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും. അതില്‍ പേരോ നാടോ പറയാതെ ഒരു ബസ് പിടിച്ചു വന്ന് മറ്റൊരു ബസ് കയറിപ്പോയ ആളാണ് ഫഹദ് ഫാസില്‍ അഭിനയിച്ച കള്ളന്റെ കഥാപാത്രം. മാലയോടൊപ്പം പ്രസാദെന്ന പേരു കൂടി കട്ടെടുത്താണ് ഫഹദ് ആ ചിത്രത്തില്‍ കള്ളനായെത്തുന്നത്. എന്നാല്‍ പേരില്ലാത്ത മറ്റൊരു കഥാപാത്രം കൂടി ആ സിനിമയിലുണ്ടായിരുന്നു.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അയാളെ യൂണിഫോമിടാത്ത പോലീസുകാരന്‍ എന്നു വിളിച്ചു. കണ്ണൂര്‍ സംസാരശൈലിയുമായി പോലീസ് സ്റ്റേഷനിലുള്ള കഥാപാത്രങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിച്ച യൂണിഫോം ഇടാത്ത ആ റൈറ്ററുടെ യഥാര്‍ഥ പേര് പി.ശിവദാസ്‌ എന്നാണ്. കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐയാണ് ശിവദാസ്‌. തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കും വന്ന വഴിയെ കുറിച്ചും ആദ്യത്തെ ഷോട്ടിനെ കുറിച്ചും ഫഹദിനും സുരാജിനുമൊപ്പമുള്ള അഭിനയത്തെ കുറിച്ചും ശിവദാസ്‌ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

എങ്ങനെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയിലുമെത്തിയത്?

അഭിനയത്തില്‍ എന്റെ ആദ്യത്തെ അനുഭവമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. അവിചാരിതമായിട്ടാണ് ദിലീഷ് പോത്തന്റെ ചിത്രത്തിലെത്തിയത്‌. സിനിമക്ക് വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ കണ്ട സഹോദരിയുടെ മകന്‍ ഡോ: അര്‍ജുന്‍ എന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇതു ഞാന്‍ അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. അവന്‍ എന്നോടു പറഞ്ഞതുമില്ല. പിന്നീട് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിഷന് വിളിച്ചപ്പോഴാണ് ഞാന്‍ കാര്യമറിയുന്നത്. കാസര്‍ക്കോട് ഹൈവേ കാസിൽ ഹോട്ടലിലായിരുന്നു ഓഡിഷന്‍. എഴുന്നൂറോളം പേര്‍ എത്തിയിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട ഓഡിഷനില്‍ എനിക്ക് ചെയ്യാന്‍ തന്നിരുന്നത് ഒരാള്‍ കേസുമായി പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ അതെങ്ങിനെ കൈകാര്യം ചെയ്യും എന്നതായിരുന്നു. പിന്നീട് മൂന്നു ദിവസത്തിന് ശേഷം ദിലീഷ് പോത്തന്‍ വിളിച്ചു. സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ്.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ നിങ്ങളുടെ കഥാപാത്രത്തെ യൂണിഫോമിടാത്ത പോലീസുകാരനെന്നാണ് വിശേഷിപ്പിക്കുന്നത്?

ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് എവിടെയും പറയുന്നില്ല. അതുകൊണ്ടാകും തിരിച്ചറിയപ്പെടാനായി ആളുകള്‍ അങ്ങനെ യൂണിഫോമിടാത്ത പോലീസുകാരനെന്ന് വിളിക്കുന്നത്. അതൊരു ബഹുമതിയായിട്ട് തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. എന്റെ കഥാപാത്രത്തെ ആളുകള്‍ ശ്രദ്ധിച്ചു എന്നതു തന്നെയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ചിത്രത്തില്‍ ഞാന്‍ യൂണിഫോമിടാത്തതിനെ സി.ഐ ചോദ്യം ചെയ്യുന്നുമുണ്ട്. ആ സീന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. അത് അപ്പോള്‍ ഉണ്ടാക്കിയതാണ്.

thondimuthalum driksakshiyum

ആദ്യമായിട്ടാണല്ലോ ക്യാമറക്ക് മുന്നില്‍, ആദ്യം അഭിനയിച്ച സീന്‍ ഏതായിരുന്നു?

കള്ളനെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് ഇറക്കി കൊണ്ടുവരുമ്പോള്‍ സ്‌റ്റേഷനിലെ റൈറ്ററായ ഞാന്‍ ഇറങ്ങി വരുന്നുണ്ട്. അതായിരുന്നു ആദ്യത്തെ ഷോട്ട്. ഇതിന് മുമ്പ് കലയുമായി ആകെയുള്ള ബന്ധം മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തില്‍ അംഗമായിരുന്നു എന്നതാണ്. പിന്നെ മട്ടന്നൂര്‍ കോളേജിലെ മാഗസിന്‍ എഡിറ്ററുമായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കുമ്പോള്‍ കുറേ ടെയ്ക്ക് വേണ്ടി വരുമെന്നാണ് കരുതിയത്. എന്നാല്‍ അധികം ടെയ്ക്ക് ഒന്നും എടുക്കേണ്ടി വന്നില്ല.

ചിത്രത്തിലെ കഥാപാത്രം? ദിലീഷ്‌​ പോത്തനെന്ന സംവിധായകന്‍?

കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന, പോലീസ് സ്‌റ്റേഷനിലെ റൈറ്ററായാണ് ഞാന്‍ അഭിനയിക്കുന്നത്. ഈ റൈറ്റര്‍ക്ക് ഒരു ജോലിയുണ്ട്. സ്‌റ്റേഷനിലുള്ള കാര്യങ്ങളെല്ലാം പ്രശ്‌നമില്ലാതെ പരിഹരിക്കുന്നത് ഇയാളാണ്. അതുകൊണ്ട് എല്ലാ കാര്യത്തിലും ഇയാള്‍ അഭിപ്രായം പറയും. സ്റ്റേഷനിലെ പോലീസുകാരെയും പ്രതിയെയും പരാതിക്കാരനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഇയാള്‍ക്ക് നല്ല റോളുണ്ട്. 

ഒരു സംവിധായകന്റെ ജാഡയൊന്നുമില്ലാത്ത വ്യക്തിയാണ് ദിലീഷ് പോത്തന്‍. സ്വതന്ത്രമായി അഭിനയിക്കാന്‍ അദ്ദേഹം അവസരം തന്നിട്ടുണ്ട്. കഥാപാത്രത്തിന് നമ്മുടെ രീതിയിലുള്ള ഇംപ്രൊവൈസേഷന്‍ നല്‍കാന്‍ അദ്ദേഹം പൂര്‍ണസ്വാതന്ത്ര്യം തന്നു. ചെയ്യുന്നതെല്ലാം സ്വാഭാവികമായിരിക്കണം എന്നൊരു നിബന്ധനയേ മുന്നില്‍ വെച്ചുള്ളൂ. നമുക്ക് നമ്മള്‍ ചെയ്യുന്ന കഥാപാത്രത്തോട് അടുപ്പമുണ്ടാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

thondimuthalum driksakshiyum

ഫഹദ് ഫാസിലിനും സുരാജിനുമൊപ്പമുള്ള സ്‌ക്രീന്‍ സ്‌പെയ്‌സ്? അലെന്‍സിയര്‍ പോലീസുകാരനായപ്പോള്‍?

അഭിനയത്തില്‍ ഒരു തുടക്കക്കാരനെന്ന നിലയില്‍ ആരും വില നല്‍കാതിരുന്നിട്ടില്ല. ഫഹദും സുരാജുമെല്ലാം നന്നായി തന്നെയാണ് സഹകരിച്ചത്. ഫഹദിനെ ഒരുപാട് ഇടിക്കുന്ന സീന്‍ സിനിമയിലുണ്ട്. എന്നാല്‍ അതിനോടെല്ലാം ഒട്ടും ആയാസമില്ലാതെയാണ് ഫഹദ് സഹകരിച്ചത്. അദ്ദേഹം ബ്രില്ല്യന്റ് ആയ ഒരു നടനാണ്. അസാമാന്യ പ്രതിഭ തന്നെയാണ്. ഓരോ സീനിലും ഫഹദിന്റെ കള്ളന്‍ കഥാപാത്രം പ്രതികരിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു,

അലെന്‍സിയര്‍ ഒരു പോലീസുകാരനല്ല. എന്നിട്ടും പോലീസുകാരന്റെ വേഷത്തോട് അദ്ദേഹം നൂറു ശതമാനവും നീതി പുലര്‍ത്തി. ഒരു എ.എസ്.ഐ എങ്ങനെയായിരിക്കുമോ അതുപോലെ തന്നെയായിരുന്നു അലെന്‍സിയര്‍ ചെയ്ത ചന്ദ്രന്‍ എന്ന കഥാപാത്രം. പോലീസുകാരെ അത്രയും നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്.

ചിത്രത്തില്‍ കാണിക്കുന്നതു പോലെ തന്നെയാണോ യഥാര്‍ഥ പോലീസുകാര്‍?

അങ്ങനെ പൂര്‍ണമായി പറയാനാകില്ല. പല തരത്തില്‍ സ്വഭാവമുള്ള ആളുകള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിലുണ്ട്. അത് ഓരോരുത്തരും ജീവിച്ചു വന്ന സാഹചര്യവും ചുറ്റുപാടുമെല്ലാം അനുസരിച്ചാണ്. പിന്നെ ഇതിനൊക്കെ അപ്പുറമുള്ള ഒരു കാര്യം പോലീസുകാരും സാധാരണ മനുഷ്യന്‍മാരാണ് എന്ന കാര്യം എല്ലാവരും മറന്നു പോകുന്നു എന്നതാണ്. ഒരു പരാതി നല്‍കാന്‍ വരുമ്പോള്‍ നമ്മളും മനുഷ്യരാണെന്ന കാര്യം പരാതിക്കാരന്‍ മറന്നുപോകുന്നു. ഇനി അലെന്‍സിയര്‍ ചെയ്ത എ.എസ്.ഐ ചന്ദ്രന്‍ എന്ന കഥാപാത്രം അവസാനം എല്ലാം മടുത്ത് പോലീസ് പണി നിര്‍ത്തുകയാണെന്ന് പറയുന്നുണ്ട്. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാള്‍ ചെയ്ത തെറ്റുകളാണ് ആ കഥാപാത്രത്തെ അങ്ങനെ ചിന്തിപ്പിക്കുന്നത്. സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഒരു ഘട്ടത്തില്‍ നമുക്ക് മടുപ്പ് തോന്നും എന്നുറപ്പാണ്. 

shivadas

പ്രേക്ഷകരുടെ പ്രതികരണം?

എല്ലാവരും വിളിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഫോണ്‍കോളുകള്‍ എടുക്കാന്‍ വേണ്ടി ലീവ് നീട്ടേണ്ടി വരുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. അതിശയോക്തി പറഞ്ഞതല്ല, സത്യമാണ്. ഫെയ്‌സ്ബുക്കില്‍ ഒരൊറ്റ ദിവസം അയ്യായിരത്തിലധികം ഫ്രണ്ട് റിക്വെസ്റ്റാണ് വന്നത്. സി.ഐ സ്റ്റേഷനില്‍ വന്ന സമയത്ത് ഫാനിന്റെ സ്വിച്ചിടാന്‍ പറയുന്നുണ്ട്. പരിഭ്രമത്തില്‍ സ്വിച്ച് പോലും മറന്നു പോകുന്ന ആ സീന്‍ നന്നായി ചെയ്തു എന്നു പലരും വിളിച്ചു പറഞ്ഞു. 

കുടുംബത്തിന്റെ പിന്തുണ​?

തുടക്കത്തില്‍ കുടുംബത്തില്‍ നിന്ന് അത്രയ്ക്ക് പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എനിക്ക് ഒരു നടനാകാനുള്ള കഴിവുണ്ടോ എന്നായിരുന്നു അവര്‍ക്കെല്ലാം സംശയം. ഞാന്‍ ഇതിന് മുമ്പ് എവിടെയും അഭിനയിച്ചിട്ടുമില്ലല്ലോ. എന്നാല്‍ സിനിമ കണ്ടിറങ്ങിയതോടെ എല്ലാവരുടെ സംശയവും മാറി. ഇപ്പോ കാക്കിക്കുള്ളിലെ കലാകാരനെ കുടുംബവും അംഗീകരിച്ചു. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഭാര്യ സ്മിത ഇ.സി.ജി ടെക്‌നീഷ്യനാണ്. മക്കളായ സാരംഗ് പ്ലസ് റ്റുവിലും സംയുക്ത ഒമ്പതാം ക്ലാസിലും പഠിക്കുന്നു.