ലയാള സിനിമയില്‍ സംഗീതരംഗത്ത് ഗാനരചയിതാവ്, ഗായകര്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ നേര്‍ത്ത് വരികയാണ്. ഒരേസമയം സംഗീത സംവിധാനവും ആലാപനവുമെല്ലാം ഒരാള്‍ തന്നെ ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഉടലാഴം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഗായിക സിത്താരയും സുഹൃത്ത് മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഈണമിട്ടത്. ഈ സിനിമയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് സിത്താര

ഗായികയില്‍ നിന്ന് സംഗീത സംവിധായികയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങള്‍

പാട്ടുകാരിയായിരിക്കുമ്പോള്‍ നമുക്ക് ഒരുപാട് പേരുടെ സഹായം ലഭിക്കും. അവിടെ ഒരു ഇന്‍സ്ട്രമെന്റ് പോലെയാണ് നമ്മുടെ ശബ്ദം. സംഗീത സംവിധായകന്റെ ആശയങ്ങളും അദ്ദേഹത്തിന്റെ ട്യൂണുമെല്ലാമാണ് അതിലുണ്ടാവുക. ചിലപ്പോള്‍ നമുക്ക് പാടാന്‍ കിട്ടുന്ന പാട്ടുകള്‍ക്ക് നമ്മുടെ അഭിരുചികളുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. പക്ഷേ സംഗീത സംവിധായകരുടെയും ഗാനരചിതാക്കളുടെയുമെല്ലാം സാഹായത്താല്‍ നടക്കുന്ന വോക്കല്‍ ആക്ടിങ്ങാണ് ഗായകര്‍ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

നമ്മുടെ കുഞ്ഞിനെ മറ്റൊരാളെ നോക്കാന്‍ ഏല്‍പിക്കുന്നതു പോലെയാണ് മറ്റൊരാളെ പാടാന്‍ ഏല്‍പ്പിക്കുന്നത്

അതേസമയം സംഗീത സംവിധാനം മറ്റൊരുതരം മ്യൂസിക്കല്‍ എക്‌സര്‍സൈസാണ്. നമ്മളൊരു പാട്ട് ഉണ്ടാക്കുന്നു. ശേഷം അത് പാടാന്‍ മറ്റൊരാളെ ഏല്‍പ്പിക്കുക കൂടി ചെയ്യുമ്പോഴാണ് അത് കുറച്ചുകൂടി രസകരമായി തീരുന്നത്. എനിക്കൊരു മോളുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവര്‍ നമ്മുടെ കുട്ടികളാണല്ലോ. അവര്‍ നമുക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. അതുപോലെ നമ്മുടെ ട്യൂണിന് എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് നമുക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. നമ്മുടെ കുഞ്ഞിനെ മറ്റൊരാളെ നോക്കാന്‍ ഏല്‍പിക്കുന്നതു പോലെയാണ് മറ്റൊരാളെ പാടാന്‍ ഏല്‍പ്പിക്കുന്നതും. അവര്‍ പാടുന്ന സമയത്ത് നമുക്ക് ഭയങ്ക ടെന്‍ഷന്‍ ആയിരിക്കും.

sithara

ഗായികയുടെയും സംഗീത സംവിധായികയുടെയും വേഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്

ഇത്തരം സാഹചര്യങ്ങളിലാണ്  സംഗീത സംവിധായകര്‍ നമ്മുടെ അടുത്ത് ചില കാര്യങ്ങള്‍ എന്തുകൊണ്ടാണ് പറയുന്നത് എന്ന് മനസിലായത്. ചെറിയ ചെറിയ ആവശ്യങ്ങള്‍ പോലും നമ്മള്‍ ഗായകരോട് പറയാന്‍ ശ്രമിക്കും. എന്തായാലും ഗായികയെന്നതും സംഗീത സംവിധായിക എന്നതും ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. 

ഉടലാഴം എന്ന സിനിമ അധികമൊന്നും മലയാള സിനിമ ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയമാണ് കൈകാര്യം ചെയ്യുന്നത്.  ട്രൈബല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവയൊക്കെ ഒരുമിച്ച് വരുന്നതാണ് ഉടലാഴത്തിന്റെ ഇതിവൃത്തം. ആ വിഷയവുമായി ബന്ധപ്പെട്ടല്ല അതിലെ സംഗീതം. സംവിധായകന്‍ ഈയൊരു വിഷയം അവതരിപ്പികകാന്‍ ശ്രമിക്കുന്ന രീതിയോടാണ് സംഗീതത്തിന് സാമ്യമുള്ളത്. ഇതിലെ മൂന്ന് പാട്ടുകളും മെലഡിയാണ്. ഒരു പാട്ടില്‍ ഒരു ഫോക്ക് ചായ്‌വ് വരുന്നുണ്ട്. 

സംഗീത സംവിധാനം, കംമ്പോസിങ്ങ് എന്നൊക്കെ പറയുന്നത് വളരെ ഭാരമുള്ള വാക്കുകളാണ്

സംഗീത സംവിധാനം, കംമ്പോസിങ് എന്നൊക്കെ പറയുന്നത് വളരെ ഭാരമുള്ള വാക്കുകളാണ്. അതിന്റെ ട്യൂണ്‍ വളരെ സ്വഭാവികമായി ഉണ്ടായതാണ്. സിനിമയുടെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയാണ് മൂന്ന് പാട്ടുകളും എഴുതിയിരിക്കുന്നത്. അദ്ദേഹം നല്‍കിയ വരികള്‍ക്കിടയിലെ സംഗീതത്തെ ഡിറൈവ് ചെയ്‌തെടുക്കുക എന്നതായിരുന്നു സംഗീതം സംവിധാനത്തിലൂടെ ഉദ്ദേശിച്ചത്. 

മിഥുൻ ജയരാജ് എന്ന എന്റെ സുഹൃത്തിനൊപ്പമാണ് ഉടലാഴത്തിലെ സംഗീത സംവിധാനം ചെയ്തത്. പാട്ടുകളിലെ വാക്കുകളൊന്നും മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. പൂമാതെ പൊന്നമ്മ എന്ന് തുടങ്ങിയ പരമ്പരാഗത വരികള്‍ അത് പാട്ടില്‍ ഉപയോഗിക്കണമെന്നത് സംവിധായകന്റെ ആവശ്യമായിരുന്നു. ഒരു പാട്ടില്‍ അത് ഉപയോഗിച്ചപ്പോള്‍ അതില്‍ മറ്റൊരു പാട്ടിന്റെ സാധ്യത മനസിലാക്കിയിട്ടാണ് കോടമഴക്കാറില്‍ എന്ന് തുടങ്ങുന്ന പാട്ടിലേക്ക് എത്തിയത്. അതിന്റെ ട്യൂണ്‍ ഞാന്‍ വെറുതേ ഒരു ട്യൂണ്‍ പാടി അപ്പോള്‍ തന്നെ മിഥുന്‍ അത് അറേഞ്ച് ചെയ്തു. അതിന് മാത്രം ട്യൂണ്‍ നല്‍കിയതിന് ശേഷമാണ് വരികള്‍ എഴുതിയത്. പൂമാതയുടെ കഥ കൃത്യമായ റിസര്‍ച്ചോടെയാണ് വരികള്‍ എഴുതിയത്. അതും ട്യൂണിന് കറക്ട് ഫിറ്റായിരുന്നു. ആ ഗാനം പാടിയത് ജോത്സ്‌നയും പുഷ്പവതി ചേച്ചിയുമാണ്.

ഒരു പാട്ട് ജോത്സനക്ക് വേണം 

ആദ്യം തന്നെ തീരുമാനിച്ചിരുന്നു ഒരു പാട്ട് ജോത്സനക്ക് വേണം എന്ന്. കാരണം ജോത്സനയെ പോലെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഉണ്ട്. പക്ഷേ ജോത്സ്‌ന ഞങ്ങളെയൊക്കെ ഫാസിനേറ്റ് ചെയ്ത ഒരു സ്റ്റാര്‍ ആയിരുന്നു. ജോത്സ്‌ന ഞങ്ങളുടെ ഇത്ര അടുത്ത സുഹൃത്തായി മാറുമെന്ന് കരുതിയില്ല. ആ ഒരു സ്‌നേഹം കൊണ്ടാണ് ജോത്സ്‌നയുടെ പാട്ട് വേണമെന്ന് തീരുമാനിച്ചത്. ആ പാട്ട് രണ്ട് ശബ്ദത്തിലായാല്‍ നന്നാകുമെന്ന് തോന്നി അങ്ങനെയാണ് പുഷ്പവതി ചേച്ചിയിലെത്തിയത്. നല്ല അറിവുള്ള പാട്ടുകാരിയാണ് പുഷ്പവതി ചേച്ചി  ഒപ്പം നല്ലൊരു കമ്പോസറാണ്. ഈ സിനിമ സംസാരിക്കുന്ന വിഷയം നന്നായി അറിയുന്ന ആളാണ്. ചേച്ചി അത് അതിമനോഹരമായി പാടി. എനിക്കു മിഥുനും പാട്ടിന്റെ കാര്യത്തില്‍ ഒരേ ടേസ്റ്റാണ്. അതുപോലെ ഒരു പോലെ ഞങ്ങള്‍ പറഞ്ഞൊരു പേരാണ് ബിജിബാല്‍ സാറിന്റേത്. അദ്ദേഹത്തിനോട് ഇങ്ങനൊരു പാട്ടുണ്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ പാടിത്തരണം എന്നു പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു എന്ന് മെസേജ് വന്നു. അതൊരു ആത്മ വിശ്വാസവും സന്തോഷവുമൊക്കെയായിരുന്നു. 

ഞാനും മിഥുനും ഒരു വീട്ടിലെ കുട്ടികളെ വളര്‍ന്നവരാണ്. ഈ ഒരു സിനിമ വന്നപ്പോള്‍ മിഥുനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഞങ്ങളുടെ പ്ലസും മൈനസും പരസ്പരം നന്നായി യോജിക്കുമെന്ന് മനസിലായതിനാലാണ് ഒരുമിച്ച് ജോലി ചെയ്യാന്‍ തീരുമാനിച്ചത്.

Content Highlights: Sithara Udalazham Mithun Jayaraj Jyotsna Bijibal Singer