രാഹുല്‍ നമ്പ്യാര്‍ എന്ന ഗായകന്റെ പേര് മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും അദ്ദേഹം മലയാളത്തില്‍ ആലപിച്ച ഗാനങ്ങള്‍ ഇന്നും നമ്മള്‍ നിത്യവും മൂളി നടക്കുന്നവയാണ്. ഭാഗ്യദേവതയിലെ 'സ്വപ്നങ്ങള്‍ കണ്ണെഴുതിയ',സ്‌നേഹവീടിലെ 'അമൃതമായ് അഭയമായ് തുടങ്ങി ചുരുക്കം ചില ഗാനങ്ങളേ മലയാളത്തില്‍ പാടിയിട്ടുള്ളൂവെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം കൈ നിറയെ ഹിറ്റുകളുണ്ട് രാഹുലിന്. പോക്കിരിയിലെ 'വസന്തമുല്ലൈ', പയ്യാ എന്ന ചിത്രത്തിലെ 'അടടാ മഴൈടാ', അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ 'ഓ മൈ ഗോഡ് ഡാഡി' തുടങ്ങി നിരവധി ഹിറ്റുകളുടെ കൂട്ടത്തിലേക്ക് ഇതാ മറ്റൊന്ന് കൂടി. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പയിലെ 'ഓട് ഓട് ആടേ' എന്ന  ഗാനം തരംഗമായി മാറുമ്പോള്‍ അത്യധികം സന്തോഷത്തിലാണ് ഈ കണ്ണൂരുകാരന്‍. പാട്ടും വിശേഷങ്ങളുമായി രാഹുല്‍ മാതൃഭൂമി ഡോട് കോമിനോടൊപ്പം ചേരുന്നു

ഹിറ്റോട് ഹിറ്റായി പുഷ്പ

പുഷ്പയിലെ ഗാനം ഹിറ്റായി മാറിയതില്‍ സന്തോഷം. ഈ പാട്ടിനായി എന്നെ വിളിച്ചതില്‍ ഡിഎസ്പിക്ക്(സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്) നന്ദി. അല്ലു അര്‍ജുന് വേണ്ടി അടുപ്പിച്ച് രണ്ടാമത്തെ ഗാനമാണ് ഞാന്‍ പാടുന്നത്. 'അല വൈകുണ്ഠപുരമുലോ' എന്ന ചിത്രത്തിനായി തെലുങ്കിലും മലയാളത്തിലും റാപ് സോങ്ങ് പാടി.

പുഷ്പയിലേത് വ്യത്യസ്തമായ ഗാനമാണ്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനത്തിന്റെ മലയാളം വേര്‍ഷനാണ് ഞാന്‍ ആലപിച്ചത്. ശബ്ദത്തില്‍ നല്ല മാറ്റം വരുത്തിയിരുന്നു. ഒരു പാട്ട് പാടുന്നതുപോലെയല്ല, മറിച്ച് ഒരു ഡയലോഗ് പറഞ്ഞു പോകുന്നതു പോലെയാണ് ചെയ്തത്. പുലിയുടെയും ആടിന്റെയും കഥ പറയുന്ന പോലെ. പാട്ടിന് കിട്ടിയ പ്രതികരണം വല്ലാതെ സന്തോഷിപ്പിക്കുന്നു. അഞ്ച് ഭാഷകളില്‍ വച്ച് മലയാളം വേര്‍ഷന്‍ ഭയങ്കര റോ ആയിരുന്നുവെന്നാണ് അല്ലു അര്‍ജുന്റെ ടീമായാലും പുഷ്പയുടെ ടീമായാലും പറഞ്ഞത്. അത് ഒരുപാട് സന്തോഷം നല്‍കി. തെലുങ്കില്‍ കുറേ പാട്ടുകള്‍ പാടിയിട്ടുള്ളത് കൊണ്ട് തന്നെ അവിടെയുള്ളവര്‍ക്ക് എന്നെ അറിയാം. അവരും മലയാളം വേര്‍ഷന്‍ കേട്ടിട്ട് അതാണ് ഏറെ ഇഷ്ടമായതെന്ന് പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷമുണ്ട്.

'വസന്തമുല്ലൈ'യില്‍ കിട്ടിയ ബ്രേക്ക്

തമിഴിലാണ് പിന്നണി ഗാനരംഗത്തെ തുടക്കം. ഡിഷ്യൂം എന്ന ചിത്രത്തിനായി വിജയ് ആന്റണി സാറിന്റെ സംഗീതത്തില്‍ ഭൂമിക്ക് വെളിച്ചം എന്ന ഗാനം. പക്ഷേ എനിക്ക് ബ്രേക്ക് നല്‍കിയത് 2007 ല്‍ പുറത്തിറങ്ങിയ പോക്കിരി എന്ന വിജയ് ചിത്രത്തിലെ വസന്തമുല്ലൈ എന്ന ഗാനമാണ്. ജീവിത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. എംബിഎ കഴിഞ്ഞ് പ്ലേസ്‌മെന്റ് ആയ സമയമാണ്. സിനിമ വേണോ ജോലി വേണോ എന്ന തീരുമാനം എടുക്കേണ്ട സമയമായിരുന്നു. അപ്പോഴാണ് വസന്തമുല്ലൈ ഹിറ്റ് ആവുന്നത്. അതോടുകൂടി ഇവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

സ്വപ്‌നങ്ങള്‍ കണ്ണെഴുതുമ്പോള്‍

2013-14 വരെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലേയും റെക്കോര്‍ഡിങ്ങ് നടന്നിരുന്നത് ചെന്നൈയിലായിരുന്നു. ആ സമയത്ത് എനിക്ക് മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിന്നീടാണ് മലയാളഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് മാറുന്നത്. മലയാളത്തില്‍ കിട്ടിയതില്‍ അധികവും ഇളയരാജാ സാറിന്റെ പാട്ടുകളാണ്. ഭാഗ്യദേവതയിലെ 'സ്വപ്‌നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ' എന്ന ഗാനവും സ്‌നേഹവീടിലെ 'അമൃതമായ്' എന്ന ഗാനവും ഇവിടെ എനിക്ക് ഏറെ ശ്രദ്ധ നേടിത്തന്നു. അതില്‍ ഭാഗ്യദേവതയിലെ ഗാനമാണ് എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നത്. ഒന്നാമത്തെ കാര്യം രാജാ സാറിന്റെ കമ്പോസിഷന്‍, രണ്ടാമത് ചിത്രചേച്ചിക്കൊപ്പം ഒന്നിച്ച് റെക്കോര്‍ഡിങ്ങ് ചെയ്ത ഗാനമായിരുന്നു അത്. പേടിയുണ്ടായിരുന്നു പക്ഷേ മികച്ച ഒരു അനുഭവമാണ് ആ റെക്കോര്‍ഡിങ്ങ് തന്നത്. 

ഞാന്‍ കൂടുതല്‍ പാടിയതും എനിക്ക് ഹിറ്റുകള്‍ ലഭിച്ചതും തെലുങ്കില്‍ നിന്നാണ്. ജനിച്ചത് കണ്ണൂരാണെങ്കിലും ഒരു പന്ത്രണ്ട് കൊല്ലം ഞാന്‍ വളര്‍ന്നത് ഡല്‍ഹിയിലാണ്. അതുകൊണ്ട് തന്നെ ഞാന്‍ സംസാരിച്ചിരുന്നതും ചിന്തിച്ചിരുന്നതും ഹിന്ദിയിലായിരുന്നു. പാടുന്നതും കേള്‍ക്കുന്നതുമെല്ലാം ഹിന്ദി ഗാനങ്ങളാണ്. അതുകൊണ്ട് തന്നെ ഹിന്ദിയില്‍ ഒരു ഗാനം പാടണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെയും ഞാന്‍ അവസരം തേടിപ്പോയിട്ടില്ല, ആരെയും അവസരങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ എനിക്ക് ഇഷ്ടമല്ല. നല്ല അവസരങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ഹിന്ദിയിലും അങ്ങനെ തന്നെ വന്നു ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 

മിസ് ചെയ്യുന്ന സ്‌റ്റേജ് വൈബ്

കുറച്ച് ഫാസ്റ്റ് ആയ ഗാനങ്ങളാണ് എന്നെ തേടി വന്നിരിക്കുന്നതില്‍ അധികവും. ഞാന്‍ കൂടുതലും ആസ്വദിക്കുന്നതും അത്തരത്തിലുള്ള ഗാനങ്ങളാണ്. അത്തരം ഗാനങ്ങള്‍ പിന്നീട് സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ ഒന്നുകൂടി ആസ്വാദ്യകരമായി മാറും. സ്‌റ്റേജില്‍ ഒരു പറ്റം ആസ്വാദകര്‍ക്ക് മുന്നില്‍ പാടുന്നതിന്റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്. നമ്മള്‍ പാടുന്നതിന്റെ പ്രതികരണം അപ്പോള്‍ തന്നെ അറിയുന്നതിനോളം വലുതല്ല ഒരു പുരസ്‌കാരവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കുറച്ച് നാളുകളായി ഏറ്റവുമധികം മിസ് ചെയ്യുന്നതും സ്‌റ്റേജ് ഷോകളില്‍ നിന്നും കിട്ടുന്ന ആ വൈബാണ്.  

മക്കയും സൗഹൃദവും സംഗീതവും

സ്വതന്ത്രൃമായി പാട്ടുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഗായകരായ ആലാപ് രാജു, രഞ്ജിത്ത് ഗോവിന്ദ്, പിന്നെ ഞാനും സുഹൃത്തുക്കളാണ്, മലയാളികളാണ്. ഒന്നര വര്‍ഷം മുമ്പാണ് ഞങ്ങള്‍ മക്ക എന്ന പേരില്‍ ഒരു ബാന്‍ഡ് തുടങ്ങുന്നത്. രണ്ടായിരത്തിനടുത്ത് ഗാനങ്ങള്‍ നമ്മള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. വിദേശത്തും മറ്റും പരിപാടികള്‍ ചെയ്തിരുന്നു. സൗഹൃദവും സംഗീതവും ആഘോഷിക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് ബാന്‍ഡിന് രൂപമാവുന്നത്. ഈ ഒരു സംരംഭം ഞാനേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ്. കവറുകളും സിംഗിളുകളും നമ്മള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ഒരു സംരംഭത്തിന്റെ വളര്‍ച്ച മുന്നില്‍ വലിയ ആഗ്രഹമായുണ്ട്. 

സംഗീതത്താല്‍ അനുഗ്രീഹതന്‍

പതിമൂന്ന് വര്‍ഷമായി പിന്നണി ഗാനരംഗത്തുണ്ട്. ഒന്നും പ്ലാന്‍ ചെയ്തതല്ല, എല്ലാം വന്ന് ചേര്‍ന്നതാണ്. അഭിനയവും പയറ്റി നോക്കിയിട്ടുണ്ട്. ബാലതാരമായി എന്റെ ശ്രീക്കുട്ടിയ്ക്ക് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ സിംഗിളുകളിലെല്ലാം ഞാന്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. അവസരങ്ങള്‍ ലഭിച്ചാല്‍ ചെയ്യും അല്ലാതെ തേടിപോകാറില്ല. 

കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ കുറച്ച് കാലം ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. പത്ത് പന്ത്രണ്ട് മണിക്കൂര്‍ ജോലി കഴിഞ്ഞു വന്ന ശേഷമാണ് സംഗീതത്തിനായി എന്തെങ്കിലും സമയം കണ്ടെത്തിയിരുന്നത്. എന്റെ അടുത്ത സുഹൃത്താണ് ഗായകന്‍ ആലാപ് രാജു. അവനുമൊന്നിച്ച് കുറച്ച് സംഗീത പരിപാടികളൊക്കെ ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ പാട്ടിനെ വല്ലാതെ മിസ് ചെയ്തിരുന്നു. പാട്ടിന്റെ വഴിയിലേക്ക് തന്നെ ഇറങ്ങിയത് ജീവിതം മാറ്റിമറിച്ച തീരുമാനമായിരുന്നുവെന്ന് പറയാം. ഇത്രയും അനുഗ്രഹീതമായ ഒരു അനുഭവം വേറെ ഏത് ജോലിയില്‍ ലഭിക്കുമെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞാന്‍ സംഗീതത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നേ പറയാനാവൂ. കാരണം ഇതിനായി ഞാന്‍ അധികം പരിശ്രമിച്ചിട്ടില്ല. പാട്ട് പഠിച്ചത് ഒരു കൊല്ലമോ മറ്റോ ആണ്. എന്തോ ഒരനുഗ്രഹം കൂടെയുണ്ടായിരുന്നു. ഈ യാത്രയില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല, അതിങ്ങനെ ഞാന്‍ ആസ്വദിക്കുകയാണ്. 

Content Highlights : Singer Rahul Nambiar interview Pushpa Bhagyadevatha Snehaveed Movie SongS Singer Rahul