കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയിലെ സംഗീതപരിപാടി മുടങ്ങിയപ്പോള്‍ ഗായകന്‍ പി. ഉണ്ണികൃഷ്ണന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് സ്വന്തം യൂട്യൂബ് ചാനല്‍. റെക്കോഡിങ് സ്റ്റുഡിയോ വീട്ടിലുണ്ട്. മകന്‍ വാസുദേവ് കൃഷ്ണ, പിയാനോ വായിക്കും. മകള്‍ ഉത്തര പാടും. കട്ടയ്ക്കു നില്‍ക്കാന്‍ ഭാര്യ പ്രിയയും. അടുത്തമാസം തന്നെ ഈ കൊച്ചു കുടുംബം സംഗീതക്കൂടൊരുക്കി. അതില്‍നിന്നും മനോഹര ഗാനങ്ങള്‍ പാറിപ്പറന്നു. ഒരു വര്‍ഷത്തിനകം 'പി. ഉണ്ണികൃഷ്ണന്‍ ഒഫീഷ്യല്‍' ചാനല്‍ 60 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി. ''സംഗീതം ആഗോള തലത്തില്‍ മാറുന്നു. സാങ്കേതിക വളര്‍ച്ചയാണ് കാരണം. പുതുമകളാണ് എല്ലാവര്‍ക്കും വേണ്ടത്. അതിനനുസരിച്ച് നമ്മളും മാറിയേ പറ്റൂ.'' - ചെന്നൈ കാണത്തൂരിലുള്ള ഓഷ്യാനിക് അപ്പാര്‍ട്ട്‌മെന്റ്‌സിലെ 903-ാം നമ്പര്‍ വീട്ടിലിരുന്ന് ഉണ്ണികൃഷ്ണന്‍ ഇതു പറയുമ്പോള്‍ മകള്‍ ഉത്തര അടുത്തിരിപ്പുണ്ട്. ലോക്ഡൗണ്‍ സമയത്ത് അച്ഛനുമൊത്ത് കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും ആലപിക്കാനായതിന്റെ സന്തോഷം ആ മുഖത്തുണ്ട്. മികച്ച പിന്നണി ഗായകര്‍ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ച ഈ അച്ഛനും മകളും വീട്ടില്‍ പക്ഷേ, ഗഹനമായ സംഗീത ചര്‍ച്ചകളൊന്നുമില്ല. െറക്കോഡിങ് വേളയില്‍ വഴക്കാണ് പതിവ്. ദേഷ്യം മാറിയാല്‍പ്പിന്നെ തമാശയും പൊട്ടിച്ചിരിയും. ''ഉത്തരയുടെ ആലാപനം മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്. നല്ല ഗാനങ്ങള്‍ തിരഞ്ഞുപിടിച്ച് കൈമാറും. അത്തരം പാട്ടുകള്‍ ആവര്‍ത്തിച്ചു പാടിയാല്‍ സ്വരശുദ്ധി കൂടും. മകനും എല്ലാ തരം പാട്ടുകളും ഇഷ്ടമാണ്. പാടുകയും ചെയ്യും. കീ ബോര്‍ഡ് സ്വയം പഠിച്ചതാണ്. ഇപ്പോള്‍ പിയാനോ പഠിക്കുന്നു. നടന്‍ സിലമ്പരശന്‍ സംഗീതം പകര്‍ന്ന 'സക്ക പോട് രാജ' എന്ന സിനിമയില്‍ വാസുദേവ് പാടിയിട്ടുണ്ട്.'' ഉണ്ണിയുടെ ഭാര്യ പ്രിയ കോഴിക്കോട് പുതിയറ സ്വദേശിനിയാണ്. ക്ലാസിക്കല്‍ നര്‍ത്തകിയായ പ്രിയ കലാമണ്ഡലം സരസ്വതിയുടെയും ക്ഷേമാവതിയുടെയും ശിഷ്യയാണ്. നല്ല സംഗീതജ്ഞാനവും ഉണ്ട്.

സമാനതകളുടെ അടിവേരുകള്‍

ഉണ്ണികൃഷ്ണന്‍ കച്ചേരികളില്‍ പാടിത്തെളിഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് 1994-ല്‍ കാതലന്‍ സിനിമയില്‍ എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ 'എന്നവളെ അടി എന്നവളെ' എന്ന പാട്ടുപാടുന്നത്. ഇതിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഉത്തരയും സംഗീതം പ്രൊഫഷനായി കണ്ടിരുന്നില്ല. 2015-ല്‍ എ.എല്‍. വിജയ് സംവിധാനം ചെയ്ത 'സൈവം' എന്ന സിനിമയില്‍ 'അഴകേ...' എന്ന പാട്ടു പാടാന്‍ അവസരം ലഭിച്ചു. അച്ഛന്റെ വഴിയേ മകള്‍ക്കും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം. െറക്കോഡിങ് വേളയില്‍ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ ലണ്ടനിലായിരുന്നു. പ്രിയയാണ് പാടാന്‍ കൊണ്ടുപോയത്. സ്റ്റുഡിയോയില്‍ ടെന്‍ഷനിടിച്ച് ഇരിക്കുകയായിരുന്നു പ്രിയ. ''മോനും മോളും പാടുമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. കച്ചേരികള്‍ക്കുപോലും വരാന്‍ താത്പര്യമില്ലാത്ത മക്കള്‍ക്ക് സംഗീത ബോധമുണ്ടാകില്ലെന്ന് ഞങ്ങള്‍ കരുതി. പാടുമെന്നറിഞ്ഞപ്പോള്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കി. സൈവത്തില്‍ പാടുമ്പോള്‍ അവള്‍ക്ക് കുട്ടിക്കളി മാറിയിട്ടില്ല. കര്‍ണാടകസംഗീതം പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ. ജലദോഷം കാരണം തൊണ്ട ശരിയല്ലായിരുന്നു. ഭയങ്കര വാശിക്കാരിയും. വിശക്കുന്നു എന്നു പറഞ്ഞ് കരയും. മസാലദോശ വാങ്ങിത്തരാമെന്നു പറഞ്ഞാണ് പാടിപ്പിച്ചത്.'' -ഉത്തരയെ ചേര്‍ത്തുപിടിച്ച് പ്രിയയുടെ ദീര്‍ഘനിശ്വാസം. കര്‍ണാടക, ഹിന്ദുസ്ഥാനി പഠനം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, കൂടുതലിഷ്ടം വെസ്റ്റേണ്‍ മ്യൂസിക്കിലാണെന്നുമാത്രം. ഉണ്ണിയും നിരുത്സാഹപ്പെടുത്താറില്ല. ''ലോകത്തെ ഏതു ഭാഷയിലും ഏതു ജനുസ്സിലുമുള്ള പാട്ടുകള്‍ നന്നായി പാടാന്‍ കര്‍ണാടകസംഗീതം ശക്തമായ അടിത്തറയാണ്. സിനിമാ സംഗീതത്തില്‍ ഞാന്‍ വളര്‍ന്നത് കര്‍ണാടക സംഗീതജ്ഞാനം കൊണ്ടായിരുന്നു. സിനിമയില്‍ പാടിയപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായതും കര്‍ണാടക സംഗീതജ്ഞരില്‍നിന്നാണ്. ഇനിമുതല്‍ കച്ചേരികളില്‍ കണ്ടുപോകരുതെന്നുവരെ ഭീഷണിയുണ്ടായി -ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ഉണ്ണി കൈവെക്കാത്ത ഡബ്ബിങ് മേഖലയിലേക്കുകൂടി ഉത്തര ചേക്കേറി. എ.എല്‍. വിജയിന്റെ 'ലക്ഷ്മി'എന്ന ചിത്രത്തില്‍ സാറാ അര്‍ജുന്‍ എന്ന ബാലനടിക്കുവേണ്ടി ശബ്ദം നല്‍കിയത് ഉത്തരയാണ്. സ്റ്റുഡിയോയില്‍ വോയ്‌സ് ടെസ്റ്റിനു പോയതാണ്. പുറത്തിറങ്ങിയത് ഡബിങ് ആര്‍ട്ടിസ്റ്റായി.

സിനിമയിലേക്കുള്ള നടവഴികള്‍

സിനിമാ സംഗീതത്തിലേക്കുവരാന്‍ ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചിരുന്നില്ല. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോനാണ് നിമിത്തമായത്. പാരി കണ്‍ഫെക്ഷനറി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഉണ്ണി. ഒരു സല്‍ക്കാരച്ചടങ്ങില്‍ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന് ഉണ്ണിയുടെ സംഗീത ആല്‍ബം രാജീവ് മോനോന്‍ നല്‍കി. ഒരു മാസത്തിനകം റഹ്മാന്‍ പാടാന്‍ വിളിച്ചു. അതായിരുന്നു 'കാതലന്‍'. പാട്ട് ഹിറ്റായതോടെ ധാരാളം സിനിമകള്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2000-ത്തോളം ഗാനങ്ങള്‍ ഇതിനകംപാടി. ഉത്തരയുടെ സിനിമാവരവും അവിചാരിതം.

നവരാത്രി ഗൊലു കാണാന്‍ സംഗീത സംവിധായകന്‍ ജി.വി. പ്രകാശിന്റെ വീട്ടില്‍ പോയപ്പോള്‍ നാലുവരി പാടിയത് വഴിത്തിരിവായി. പ്രകാശിന്റെ ഭാര്യ സൈന്ധവിക്ക് പാട്ട് ഇഷ്ടപ്പെട്ടു. പിന്നീട് ജി.വി. പ്രകാശ് പാടാന്‍ വിളിച്ചു. ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോഴും ഉത്തര കുട്ടിക്കളിയില്‍ത്തന്നെയായിരുന്നു. ''ചാനലുകളില്‍ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു'' -ഉത്തരയുടെ ചിരി. ഇതിനകം 12 സിനിമകളില്‍ ഉത്തര പാടിക്കഴിഞ്ഞു. അച്ഛന്‍ പാടിയതില്‍ ഏറെ ഇഷ്ടം ഇരുവര്‍ സിനിമയിലെ ''നറുമുഖിയേ... നറുമുഖിയേ'' എന്ന ഗാനമാണ്.

തുരൈപ്പാക്കത്തെ എ.പി.എല്‍. ഗ്ലോബല്‍ സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന ഉത്തരയ്ക്ക് വിദേശത്തുപോയി സൈക്കോളജിയില്‍ ഉന്നതപഠനം നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, സംഗീതപഠനം മുടങ്ങുമോ എന്നാണ് ഉണ്ണിയുടെയും പ്രിയയുടെയും ആശങ്ക.

പാട്ടില്ലെങ്കില്‍ കളിക്കളത്തില്‍

പാട്ടുകാരല്ലെങ്കില്‍ താന്‍ ക്രിക്കറ്റ് താരമോ ബിസിനസുകാരനോ ആകുമായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ''120 വര്‍ഷം പാരമ്പര്യമുള്ള കേസരി കുടീരം ആയുര്‍വേദ കമ്പനി ഞങ്ങളുടെ കുടുംബത്തിന്റേതാണ്. പാട്ടില്‍ വന്നില്ലെങ്കില്‍ ബസിനസില്‍ ശ്രദ്ധിക്കുമായിരുന്നു. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഭ്രാന്തുണ്ട്. ഭയങ്കര കായിക പ്രേമിയായിരുന്നു. ചെന്നൈയിലെ വിവേകാനന്ദ കോളേജില്‍ പഠിക്കുമ്പോള്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള തമിഴ്‌നാട് ക്വാര്‍ട്സ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ക്രിക്കറ്റ് താരങ്ങളായ റോബിന്‍സിങ്ങും എല്‍. ശിവരാമകൃഷ്ണനും അന്ന് ഒപ്പം കളിച്ചവരാണ്. കളിക്കൊപ്പം അന്ന് പാട്ടും ഉണ്ടായിരുന്നു. ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വൈകീട്ട് കച്ചേരി അവതിരിപ്പിച്ച ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. അച്ഛന്റെ കായിക പ്രേമം ഉത്തരയിലേക്കും പകര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞാല്‍ വായനയും പാട്ടുകേള്‍ക്കലും കളികളുമാണ് വിനോദം.

uthara and priya
ഉണ്ണികൃഷ്ണന്റെ മകൾ ഉത്തരയും ഭാര്യ പ്രിയയും. Photo: Mathrubhumi Archives

പെണ്ണുകാണലും കച്ചേരിയും

പ്രിയയെ ഉണ്ണികൃഷ്ണന്‍ ജീവിതസഖിയാക്കുന്നത് 1994 നവംബറിലാണ്. പാട്ടും നൃത്തവുമായി കോഴിക്കോട്ട് ഒതുങ്ങിക്കഴിയുകയായിരുന്നു പ്രിയ. ഉണ്ണി പാലക്കാട് സ്വദേശിയെങ്കിലും ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന മറുനാടന്‍ മലയാളി. കച്ചേരികള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ പ്രിയയ്ക്ക് ഉണ്ണിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. ''ഞങ്ങളുടെ വിവാഹം നിശ്ചയിച്ച് തൊട്ടടുത്ത മാസമാണ് ഉണ്ണിക്ക് ആദ്യമായി സിനിമയില്‍ അവസരം ലഭിക്കുന്നത്. അവിടെനിന്നും ഉയര്‍ച്ചകള്‍ മാത്രമായിരുന്നു.'' -പ്രിയ ഓര്‍ക്കുന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ഉണ്ണി പാടിയത് ഇപ്പോഴും പ്രിയയുടെ കാതുകളില്‍ അലയടിക്കുന്നു. ''ജയദേവ അഷ്ടപദിയും 'ജബ് ദീപ് ചലേ ആയാ' എന്ന ഹിന്ദി പാട്ടുമാണ് പാടിയത്. കൂട്ടുകുടുംബമായിരുന്നു പ്രിയയുടേത്. അതിനാല്‍ ബന്ധുക്കളൊക്കെ ചുറ്റും പാട്ടുകേള്‍ക്കാനിരുന്നു.'' -ഉണ്ണിയും ഓര്‍മകള്‍ പൊടിതട്ടിയെടുത്തു. വിവാഹസമയത്ത് കച്ചേരികളുടെ തിരക്കിലായിരുന്നു ഉണ്ണി ''ഗുരുവായൂരിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം പാലക്കാട്ട് കച്ചേരി ഉണ്ടായിരുന്നു.'' - ഉണ്ണിയുടെ മുഖത്ത് ചിരിപടര്‍ന്നു.

മാറുന്ന സംഗീതം, മാറുന്ന വഴികള്‍

പിന്നണിഗാനരംഗം പ്രൊഫഷനാക്കുന്ന കാലം കഴിയാറായെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. പണ്ടത്തെ കാലമല്ല ഇത്. പണ്ട് അംബാസഡര്‍ കാറും ഫിയറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കാറുകളുടെ പ്രളയമല്ലേ! സംഗീതത്തിനും ഇതേ അവസ്ഥയാണ്. എല്ലാവര്‍ക്കും എല്ലാം പെട്ടെന്ന് ബോറടിക്കുന്നു. പഴയ ഗായകരുടെ ശബ്ദംപോലും പുതിയ തലമുറയ്ക്ക് ഇഷ്ടമാവുന്നില്ല. അങ്ങനെ സംഗീതസംവിധായകര്‍ പുതിയ ശബ്ദത്തിലുള്ള ഗായകരെ കൊണ്ടുവരുന്നു. സിനിമാപ്പാട്ടുകളുടെ പ്രസക്തി തന്നെ കുറയുകയാണ്. അഥവാ പാട്ട് റെക്കോഡ് ചെയ്താല്‍പ്പോലും സിനിമയില്‍ വിഷ്വല്‍ വരുന്നത് കുറവായിരിക്കും. പിന്നണിഗാനരംഗം മികച്ച പ്രൊഫഷന്‍ ആണെന്ന നില മാറിക്കൊണ്ടിരിക്കുന്നു. സംഗീതത്തില്‍ കുറച്ചു കൂടി സ്വാതന്ത്ര്യം വേണമെന്നാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. ട്രെന്‍ഡ് മാറുന്നതിനനുസരിച്ച് പഴയ ഗായകര്‍ പുറന്തള്ളപ്പെടുന്നു. മെലഡിയൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടാ. തമിഴ് സിനിമാ സംഗീതത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് എ.ആര്‍. റഹ്മാനാണ്. ഒട്ടേറെ പുതിയ ഗായകര്‍ക്ക് റഹ്മാന്‍ അവസരം നല്‍കി. അവരുടേതൊക്കെ വേറിട്ട സ്വരവുമായിരുന്നു. അപ്പോഴും മലയാളത്തില്‍ പഴയ രീതികള്‍ തുടരുകയായിരുന്നു. കേരളത്തിലെ ഗായകര്‍ ദാസേട്ടനെയും ചിത്രച്ചേച്ചിയെും അനുകരിക്കാനാണ് ശ്രമിച്ചത്. അതില്‍ നിന്നും ഒരു മാറ്റമായിരുന്നു എം.ജി. ശ്രീകുമാറും വേണുഗോപാലുമൊക്കെ. സംഗീത സംവിധായകരായ എം. ജയചന്ദ്രനും ദീപക് ദേവുമൊക്കെയാണ് മലയാള സിനിമാ സംഗീതത്തില്‍ പുതിയ ശബ്ദങ്ങള്‍ കൊണ്ടുവന്നവരില്‍ പ്രമുഖര്‍. ജ്യോത്സ്ന, സിതാര, കാര്‍ത്തിക്, സൂരജ്, സന്തോഷ്, ഹരിചരണ്‍, സിദ് ശ്രീറാം തുടങ്ങിയവരൊക്കെ വേറിട്ട ശബ്ദവും ശൈലിയുമായി എത്തിയ ഗായകരാണ്.'' -ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlights: Singer P Unnikrishnan AR Rahman