മാഹിയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായ മുസ്തഫയുടെ വിവാഹവാര്‍ഷികമായിരുന്നു അന്ന്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആഘോഷത്തിന് തയ്യാറായി നില്‍ക്കവേയാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യണം. എത്രയും പെട്ടന്ന് കൊച്ചിയിലെത്തണം എന്നതായിരുന്നു മറുതലയ്ക്കല്‍ കേട്ട സംഭാഷണത്തിന്റെ രത്‌നച്ചുരുക്കം. വിവാഹവാര്‍ഷികത്തിന് ഈശ്വരന്‍ നല്‍കിയ സമ്മാനം പോലെയായി ആ വാര്‍ത്ത. 

ഒട്ടും അമാന്തിക്കാതെ മുസ്തഫ മാഷ് കൊച്ചിക്ക് വണ്ടികയറി. ഇതുവരെ ഒരു വിവാഹ വാര്‍ഷികത്തിനും സ്വന്തം കുടുംബത്തെ വിട്ടുനില്‍ക്കാത്ത ആ കുടുംബനാഥന്‍ അന്നാദ്യമായി ആ പതിവ് തെറ്റിച്ചു. അതിന്റെ പരിസമാപ്തിയാവട്ടെ കേരളക്കര ഏറ്റുപാടിക്കൊണ്ടിരിക്കുന്ന ഗാനമായി മാറുകയും ചെയ്തു. ആസിഫ് അലി നായകനാവുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ 'തലശ്ശേരി പാട്ട്' പാടിയ മുസ്തഫ മാസ്റ്റര്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു...

പാട്ടിനേക്കുറിച്ച് ലഭിച്ച മുന്‍ധാരണ

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ തലശ്ശേരി പശ്ചാത്തലത്തിലുള്ളതും നര്‍മത്തിന് പ്രാധാന്യമുള്ളതുമായ ഒരു പൊളിറ്റിക്കല്‍ സറ്റയർ ചിത്രമാണ്. നായകന്റെ ജീവിത പശ്ചാത്തലവുമായി പോകുന്ന രസകരമായൊരു പാട്ടാണെന്നാണ് സംഗീതസംവിധായകന്‍ സാമുവല്‍ എബി എന്നോട് പറഞ്ഞത്. അതിവൈകാരികതയൊന്നും പാട്ടിന് വേണ്ട, സരസമായി അങ്ങ് പാടിയാല്‍ മതി എന്ന് പറഞ്ഞിരുന്നു. എന്തായാലും പ്രായം സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിന് തടസമല്ല എന്ന് ലോകം തെളിയിച്ചുകൊണ്ടിരിക്കുന്നതില്‍ എനിക്കും സന്തോഷം.

വഴിത്തിരിവായത് 'മോജോ ഫാക്ടറി'

ഇഷ്ടമായിരുന്നു സിനിമാപ്പാട്ട് പാടാന്‍. കോഴിക്കോട് ആകാശവാണിയിലെ ഫോക് സോങ് വിഭാഗത്തില്‍ മാപ്പിളപ്പാട്ടില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. പത്ത് പതിനഞ്ച് കൊല്ലം മുമ്പ് വരെ തുടര്‍ച്ചയായി പരിപാടികള്‍ ചെയ്തിരുന്നു. എങ്കിലും എന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായത് മാതൃഭൂമി ക്ലബ് എഫ്.എം 104.8 ലെ മോജോ ഫാക്ടറി എന്ന ഷോ ആയിരുന്നു. റെക്കോഡിങ് സ്റ്റുഡിയോയില്‍ മൈക്കിന് മുമ്പില്‍ അനുഭവിക്കുമായിരുന്ന സഭാകമ്പം മാറിയത് ആ ഷോയിലൂടെയായിരുന്നു. മോജോ ഫാക്ടറിയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിച്ചത്.

അമ്മിണിപ്പിള്ളയിലേക്കുള്ള വഴി

നേരത്തെ ഞാന്‍ പാടിയ ഒരു പാട്ട് ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴി അമ്മിണിപ്പിള്ളയുടെ സംഗീത സംവിധായകന്‍ കേള്‍ക്കാനിടയായി. വീട്ടില്‍ വിവാഹ വാര്‍ഷികത്തിന്റെ ചടങ്ങ് നടക്കുന്നതിനിടെയാണ് കൊച്ചിയില്‍ നിന്ന് വിളി വന്നതും പാട്ട് പാടാന്‍ ആവശ്യപ്പെടുന്നതും. സ്വന്തം ശബ്ദത്തില്‍ സ്വന്തം ശൈലിയിലാണ് പാടിയത്. അതവര്‍ക്ക് ഇഷ്ടമായി. ആരെയും അനുകരിക്കാതെയാണ് പാടിയത് എന്നാണ് അവര്‍ പറഞ്ഞത്. പാട്ട് ഇഷ്ടമായ അവര്‍ പെട്ടന്ന് തന്നെ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു. കൊച്ചിയിലെത്തിയപ്പോള്‍ അവര്‍ വളരെയധികം തയ്യാറെടുപ്പിലാണ് നില്‍ക്കുന്നത്. എനിക്കാണെങ്കില്‍ ധൈര്യവുമില്ല, ആത്മവിശ്വാസവുമില്ല. പക്ഷേ അത് രണ്ടും സംഗീതസംവിധായകന്‍ എബി എനിക്ക് തന്നു. സ്വന്തം സ്വപ്‌നം പൂവണിയിക്കാനുള്ള അദ്ദേഹത്തിന്റെ ആദ്യ കാല്‍വെപ്പില്‍ അദ്ദേഹം എന്റെ മേല്‍ സംശയം കാണിച്ചില്ല.

Musthafa Master

ആദ്യ റെക്കോര്‍ഡിങ് അനുഭവം

ഞാനൊരു സാധാരണ സ്‌കൂള്‍ അധ്യാപകനാണ്. എങ്ങനെ പോയാലും ഒമ്പതരയാവുമ്പോഴേക്കുമൊക്കെ കിടക്കും. പക്ഷേ അന്ന് വെയ്സ് എടുക്കല്‍ പുലര്‍ച്ചെ വരെ നീണ്ടു. പലരേയും പരീക്ഷിച്ച ശേഷമാണ് എന്നെ പാടിക്കുന്നതെന്ന് സാമുവല്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ സ്റ്റുഡിയോയിലെത്തിയപ്പോള്‍ അദ്ദേഹം ഇയര്‍ഫോണ്‍ നീട്ടി പാട്ടിന്റെ ഈണം ഇതാണെന്ന് പറഞ്ഞു. ആ സമയത്ത് ഗാനരചയിതാവ് മനു മഞ്ജിത്തും തിരക്കഥാകൃത്തുമെല്ലാം അവിടെയുണ്ടായിരുന്നു. അല്‍പ്പനേരത്തെ വിശ്രമം കഴിഞ്ഞപ്പോഴേക്കും പാട്ട് റെഡിയാണെന്ന് അറിയിപ്പ് വന്നു. ചാടിയെഴുന്നേറ്റപ്പോള്‍ കിട്ടിയ നിര്‍ദേശം സ്വന്തം ശൈലിയിൽ അങ്ങ് പാടിക്കോളാനായിരുന്നു.

തലവര മാറ്റിയ 'തല്‍ശ്ശേരി'

ആ പാട്ടില്‍ 'തലശ്ശേരിക്കാരെ കണ്ടാല്‍ തലയെടുപ്പുള്ളൊരാള്‍ക്കാരല്ലേ' എന്നൊരു വരിയുണ്ട്. അതില്‍ തലശ്ശേരിക്ക് പകരം 'തല്‍ശ്ശേരി' എന്നാണ് അന്ന് ഞാന്‍ പാടിയത്. അതവര്‍ക്ക് വളരെയധികം ഇഷ്ടമായി. എനിക്ക് തോന്നുന്നത് ആ ഒറ്റ പ്രയോഗത്തിലാണ് അവരെന്നെ ഉറപ്പിച്ചത് എന്നാണ്. ശരിക്ക് എനിക്ക് പാട്ട് പാടിത്തരികയോ വായിച്ച് തരികയോ ചെയ്തിട്ടില്ല. ഇയര്‍ഫോണില്‍ ഈണം കേള്‍ക്കും, എഴുതിത്തന്ന വരിയും നോക്കും. അങ്ങനെയായിരുന്നു പാട്ട് പഠിത്തം. ട്രയല്‍ റെക്കോര്‍ഡെടുത്ത് പിറ്റേന്ന് തന്നെ തിരിച്ച് പോന്നു. പക്ഷേ ഞാന്‍ പോരുമ്പോഴും ഉറക്കം പോലും കളഞ്ഞ് സാമുവല്‍ എബി പാട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. പുതുവര്‍ഷത്തലേന്നായിരുന്നു ഫൈനല്‍ റെക്കോഡിങ്.

Musthafa Master 2തലശ്ശേരിപ്പാട്ട് വൈറലായപ്പോള്‍

സത്യം പറഞ്ഞാല്‍ പാട്ട് ഞാനാണ് പാടിയതെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല (പൊട്ടിച്ചിരി). മാത്രമല്ല, തലശ്ശേരി പാട്ടുകാരന്‍ എന്ന് വിളിക്കാനും തുടങ്ങി. 

കുട്ടിക്കാലത്തെ പാട്ടുവിശേഷങ്ങള്‍

വാപ്പ കല്ല്യാണവീടുകളില്‍ പാട്ടുപാടാറുണ്ടായിരുന്നു. ഒരു പശ്ചാത്തലസംഗീതത്തിന്റെയും അകമ്പടിയില്ലാതെ. ആ ശൈലിയാണ് ഇപ്പോഴും പിന്തുടര്‍ന്നുവരുന്നത്. വീട്ടില്‍ പാടുമ്പോളായാലും തുറന്നടിച്ച് പാടും. ആ വൈകാരികതയാണ് സിനിമയില്‍ പാടാന്‍ വിളിച്ചപ്പോള്‍ എനിക്ക് തുണയായത്. സ്‌കൂളില്‍ പാടാറുണ്ടായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോളാണ് പാട്ട് പാടി ഒരു സമ്മാനം കിട്ടുന്നത്. പാടാന്‍ പിന്നെ ഒരു അവസരം കിട്ടുന്നത് എട്ടാം ക്ലാസിലാണ്. വേണുഗോപാലിന്റെയും ഉണ്ണി മേനോന്റെയുമൊക്കെ പാട്ടുകളാണ് പാടിയിരുന്നത്.

ഓര്‍മയിലെ 'സ്വപ്‌നസംഗീതം' 

മലയാളത്തില്‍ സംപ്രേഷണം ചെയ്ത ആദ്യ സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഞാന്‍. 26 കൊല്ലം മുമ്പ് ദൂരദര്‍ശനില്‍ വന്ന സ്വപ്‌നസംഗീതം. അന്ന് ആ ഷോ കോംപിയര്‍ ചെയ്തവരാണ് എം.ജി.ശ്രീകുമാറും രാധികാ തിലകും. പത്രത്തില്‍ പരസ്യം കണ്ട് അപേക്ഷിച്ചതായിരുന്നു. ഒരേയൊരു റൗണ്ടിലേ പങ്കെടുക്കാന്‍ സാധിച്ചുള്ളൂ. ടി.വിയില്‍ മുഖം കാണിക്കുക എന്നേ അന്നുണ്ടായിരുന്നുള്ളു. തിരിച്ചെത്തിയപ്പോള്‍ ടിവിയില്‍ പാടിയ ആളാ എന്നൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ ചമ്മലുണ്ടായിരുന്നു. മുസ്തഫ മാസ്റ്റര്‍ പറഞ്ഞു നിര്‍ത്തുന്നു.

അതിയായി ആഗ്രഹിച്ചാല്‍ അത് നിറവേറ്റാനായി ഈ ലോകം മുഴുവന്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന നോവലില്‍ പറയുന്നുണ്ട്. ഈ തത്വത്തെ മുന്‍നിര്‍ത്തി ആഗ്രഹങ്ങള്‍ക്ക് പിന്നാലെ മുസ്തഫ മാസ്റ്റര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോഴും...

Content Highlights: Singer Musthafa Interview, Kakshi Amminippilla Movie, Thalasserykkare Kandal Song