ബി.എസ്.സി ഫിസിക്സും പഠിച്ച് കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ ഒരു ഗായകനുണ്ട് നമുക്ക്. കപില്‍ കപിലന്. മലയാളികള്‍ക്ക് ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും അടുത്തിടെ ഇറങ്ങിയ കന എന്ന തമിഴ് ചിത്രത്തിലെ 'കണ്ണേ എന്‍ കണ്ണഴകേ' എന്ന ഗാനം മാത്രം മതിയാകും കപിലിനെ തിരിച്ചറിയാന്‍. മലയാളത്തില്‍ നിന്നും സംഗീത മോഹവുമായി ചൈന്നെയിലെത്തിയ മലയാളി. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ 'ഇടം' എന്ന ആല്‍ബത്തില്‍ ഗാനം ആലപിക്കുകയും 'പനിനീരഴകേ' എന്ന ഗാനത്തിന് മ്യൂസിക് കമ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കപില്‍ കപിലന് തന്റെ സംഗീത ലോകത്തെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.
അച്ഛന്റെ ടേപ്പ് റെക്കോഡില്‍ തുടങ്ങിയ സംഗീതം
പണ്ട് അച്ഛന്റെ ടേപ്പ് റെക്കോര്‍ഡിലൂടെ കേട്ട ഗാനങ്ങളിലൂടെയാണ് സംഗീതം മനസിലേക്ക് ചേക്കേറിയത്. മലയാളം മാത്രമല്ലാതെ എല്ലാ ഭാഷകളിലുള്ള ഗാനങ്ങളും അച്ഛന്റെ ടേപ്പ് റെക്കോര്‍ഡറിലൂടെ പുറത്തുവരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ഭാഷകളിലും എല്ലാ തരത്തിലുമുള്ള പാട്ടുകള്‍ കേള്‍ക്കാനും പാടാനും ഇഷ്ടമായിരുന്നു. സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേ അല്ല. വീട്ടില്‍ എപ്പോഴും ടേപ്പ് റെക്കോര്‍ഡറുകള്‍ ഓണ്‍ ആയിരിക്കും. ആ പാട്ടുകളൊക്കെ ഞാന്‍ പാടി നടക്കുകയും ചെയ്യും. വാക്കുകളും ഉച്ചാരണവുമൊന്നും ശരിയല്ലെങ്കിലും ആ പാട്ടുകളൊക്കെ പാടി നടക്കാന്‍ ഇഷ്ടമായിരുന്നു. രണ്ടാംക്ലാസു മുതല്‍ കര്‍ണാടക സംഗീതം പഠിക്കുന്നുണ്ടായിരുന്നു. കലോത്സവങ്ങളിലും പങ്കെടുത്തിരുന്നു.
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കലോത്സവത്തിന് അച്ഛന്റെ വരികള്‍ ലൈറ്റ് മ്യൂസിക് പാടി ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഒപ്പം ക്ലാസിക്കലിന് പങ്കെടുത്തിരുന്നു. പിന്നീടാണ് പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. റിയാലിറ്റി ഷോയില്‍ പെര്‍ഫോം ചെയ്യാന്‍ വലിയ താത്പര്യമുള്ള ആള് ആയിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പങ്കെടുത്തത്. പക്ഷേ പിന്നീട് കരിയറില്‍ അത് വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. ആളുകളെ പരിചയപ്പെടാനും സ്റ്റേജ് ഫിയര്‍ മാറാനുമെല്ലാം ആ ഒരു എക്സ്പീരിയന്‍സ് സഹായിച്ചിട്ടുണ്ട്. പക്ഷേ ഒരു റിയാലിറ്റി ഷോയിലൂടെ മാത്രം കിട്ടുന്ന ഫെയിം കൊണ്ട് മുന്നോട്ട് പോകാതെ പ്രൊഫഷന് വൈസ് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംഗീതമാണ് ഇഷ്ടമെങ്കില്‍ അത് ഒരു പ്രൊഫഷനാക്കി തിരഞ്ഞെടുക്കാനുള്ള എല്ലാ പിന്തുണ അച്ഛനും നല്കി.
അന്യഭാഷയിലേക്ക്
തിരുവനന്തരപുരം മാര്‍ ഇവാനിയോസ് കോളേജിലെ ബി എസ് സി ഫിസിക്സ് പഠനത്തിന് ശേഷമാണ് ചെന്നൈയിലേക്ക് ചേക്കേറുന്നത്. എ ആര് റഹ്മാന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ നിന്നും വെസ്റ്റേണ്‍ മ്യൂസികില്‍ ഫൗണ്ടേഷന് കോഴ്സ് ചെയ്തു. പിന്നീട് സ്റ്റീഫന്‍ ദേവസിയുടെ മ്യൂസിക് ലോഞ്ചില്‍ സൗണ്ട് എന്‍ജിനിയറിങ്ങിൽ ഡിപ്ലോമ ചെയ്തു. അതിന് ശേഷം കുറച്ച് കവര്‍ സോങ്സ് ചെയ്തിരുന്നു. ഒപ്പം മറ്റ് ഡെമോസും. അത് മ്യുസീഷ്യന്‍സ് കേള്‍ക്കാന്‍ ഇടയാവുകയും പിന്നീട് തെലുങ്കിലേക്കും കന്നടയിലേക്കുമെല്ലാം ഓഫര്‍ കിട്ടുകയുമായിരുന്നു. തെലുങ്കും കന്നഡയുമൊക്കെ അറിയാത്ത ഭാഷയായിരുന്നെങ്കിലും സംഗീതത്തിന് ഭാഷ ഒരു പ്രശ്നമല്ലെന്ന തിരിച്ചറിവായിരുന്നു ഓരോ ഗാനങ്ങളും.
റെക്കോഡിങ് സമയത്ത് ഗാനരചയിതാവ് കൂടെ ഉണ്ടാകും. അപ്പോള്‍ എന്തെങ്കിലും തെറ്റുകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അതെല്ലാം അപ്പോള്‍ തന്നെ കറക്ട് ചെയ്ത് പോകും. ഷെഫ് എന്ന ഹിന്ദിചിത്രത്തിലും ഒരു സിറ്റുവേഷണല്‍ സോങ് പാടിയിരുന്നു. ഹിന്ദി ഗാനങ്ങളൊക്കെ പാടാന്‍ ഇഷ്ടമാണ്. ഹിന്ദി ഗാനങ്ങള്‍ പാടി ഫെയ്സ്ബുക്കിലൊക്കെ ഇടുമ്പോഴും നല്ല പ്രതികരണമാണ് ഫ്രണ്ട്സിന്റെ ഭാഗത്ത് നിന്നുണ്ടാവാറുള്ളത്. അതുപോലെ തന്നെ ഉച്ചാരണ പിശകുകളും ഫെയ്സ്ബുക്കിലെ ഫ്രണ്ട്സൊക്കെ പറഞ്ഞുതരാറുമുണ്ട്.
ഇവാനിയോസ് കൂട്ടുകെട്ടില്‍ പിറന്ന 'പനിനീരഴകേ...'
ഇവാനിയോസ് കൂട്ടുകെട്ടില്‍ പിറന്നതായിരുന്നു പനിനീരഴകേ എന്ന ഗാനം. ഞാന്‍ കമ്പോസ് ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ഗാനമായിരുന്നു അത്. കലാപരമായി വളരെ ആക്ടീവായിരുന്ന കോളേജ് ആണ് മാര്‍ ഇവാനിയോസ്. അന്ന് അവിടെ പഠിക്കുന്ന കാലത്ത് റെനഗേഡ്സ് എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് തന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നു. കനകക്കുന്നിലൊക്കെ പോയി ഞങ്ങള്‍ പെര്‍ഫോം ചെയ്യുമായിരുന്നു. പിന്നീട് ആ ബാന്‍ഡൊക്കെ കോഴ്സ് കഴിഞ്ഞതോടെ പല വഴിക്കാവുകയാണ് ഉണ്ടായത്. അന്ന് എന്റെ ബാച്ച്മേറ്റായിരുന്നു അനീഷ് രാധാകൃഷ്ണന്. അനീഷ് നന്നായി വരികളെഴുതും. അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് അനീഷിന്റെ വരികള്‍ കമ്പോസ് ചെയ്തത്. പിന്നീട് ഗായികയും ഇവാനിയോസിലെ തന്നെ വിദ്യാര്‍ഥിനിയുമായിരുന്ന രേഷ്മ രാഘവേന്ദ്ര പനിനീരഴകേ ആലപിക്കുകയുമായിരുന്നു.
മലയാളത്തിലേക്ക്...
ജയചന്ദ്രന് സാറിന് വേണ്ടിയും ഗോപീസുന്ദറിന് വേണ്ടിയും ട്രാക്ക് പാടിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് മലയാളത്തിലേക്ക് വരാന്‍ എന്റെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. തമിഴ്, കന്നഡ ഇന്ഡസ്ട്രികളില് അല്പം തിരക്കിലുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ നല്ലൊരു പ്രൊഫൈല്‍ ആകുമ്പോള്‍ ആള്ക്കാര് അറിഞ്ഞ് വിളിക്കട്ടേയെന്നാണ് ആഗ്രഹം.
ഒരു സംഗീത സംവിധായകനാകണം
നല്ലൊരു സംഗീത സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. വലിയ ഗെയിമുകള്‍ക്ക് നല്ല ഓര്‍ക്കസ്ട്രല്‍ മ്യൂസിക് കൊടുക്കാന്‍ വളരെ ഇഷ്ടമാണ്. പണ്ട് ഗെയിംസിലെ അവസാന സ്റ്റേജുകളിലെ മ്യൂസിക് എന്താണെന്ന് അറിയാന്‍ വേണ്ടി ഗെയിം ചെയ്യുമായിരുന്നു. അതൊക്കെ വലിയ ഇഷ്ടമാണ്. വലിയൊരു ഗെയിമിന് മ്യൂസിക് കൊടുക്കണം, അത് കമ്പോസ് ചെയ്യണമെന്നൊക്കെയാണ് ആഗ്രഹം. പണ്ട് മുതലേ ഉള്ളതാണ്. ഇപ്പോള്‍ അത് ഒന്നുകൂടി ശക്തിയായിട്ടുണ്ട്. സംഗീതം കുറച്ചുകൂടി നന്നായി മനസിലാക്കണമെന്നാണ് ആഗ്രഹം.
Content Highlights : Singer Kapil Kapilan Interview