സംഗീതമായാലും അഭിനയമായാലും ചിത്ര അയ്യർ കൂളാണ് തന്റെ കൈയിൽ കിട്ടുന്ന ജോലിയെന്താണോ അത് ആത്മാർത്ഥമായി ചെയ്യുക അതാണ് ചിത്രയുടെ പോളിസി. തന്റെ 34ാം വയസിലാണ് ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. അൽപ്പം ലേറ്റായെങ്കിലും ലേറ്റസ്റ്റാണ് താനെന്നാണ് ഈ കലാകാരിയുടെ അഭിപ്രായം. സ്റ്റേജ് ഷോകളിൽ ആവേശത്തിന്റെ സംഗീത അലകൾ സൃഷ്ടിച്ച ചിത്ര അയ്യർ ഇപ്പോൾ ബാംഗ്ലൂരിലാണ്. കലാപ്രവർത്തനങ്ങളും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും കൊറോണ ചെറിയൊരു ബ്രേക്ക് നൽകിയിരിക്കുയാണ് ഇപ്പോൾ
തുടക്കം എ.ആർ റഹ്മാനോടൊപ്പം
എ.ആർ റഹമാനോടൊപ്പം സ്വപ്നതുല്യമായ തുടക്കമായിരുന്നു എനിക്ക് ലഭിച്ചത്. ഞാൻ ഒരുപാട് നാളുകളോളം ഇത്തരത്തിലൊരു ചാൻസിനായി ശ്രമിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റുമോയെന്ന് അന്നെനിക്ക് വലിയ ഉറപ്പില്ല. സാധാരണക്കാരിയായ വീട്ടമ്മ മാത്രമായിരുന്നു അന്ന് ഞാൻ.
ഈ അവസരം കിട്ടുന്നതിന് കുറച്ചു നാൾ മുൻപ് ഒരു അമേരിക്കൻ പ്രോഗ്രാം എനിക്ക് ലഭിച്ചിരുന്നു. വളരെ സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തിയ ആ പരിപാടിക്ക് ക്യത്യമായ പ്രതിഫലം ഞങ്ങൾക്ക് ലഭിച്ചില്ല. പറ്റിച്ചു എന്ന് പറയാം. ഇതിൽ മനം തകർന്ന ഞാൻ നാട്ടിലേക്ക് തിരിച്ച് വന്ന സമയത്തായിരുന്നു റഹമാനുമായുള്ള കൂടികാഴ്ച്ചയ്ക്കുള്ള അവസരം എനിക്ക് ലഭിക്കുന്നത്. ഭർത്താവാണ് എനിക്ക് അത്തരമൊരു അവസരം ഒരുക്കി തരുന്നതിൽ സഹായിച്ചത്. അങ്ങനെ വിഷമിച്ച് തകർന്നിരിക്കുമ്പോൾ എനിക്ക് ലഭിച്ച അമൂല്യ ഭാഗ്യമാണ് തെനാലിയിലെ ആ ഗാനം.
എന്നെ സംബന്ധിച്ച് ടഫായിരുന്ന സോങ്ങായിരുന്നു. അത് റെക്കോഡ് ചെയതത് ശ്രീനിവാസ മൂർത്തി സാറായിരുന്നു. അദ്ദേഹം അൽപ്പം സ്ട്രിക്റ്റായിരുന്നു. ആദ്യം അൽപ്പം പരിഭ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിർദേശത്തോടെ ആ ഗാനം എനിക്ക് പൂർത്തിയാക്കാൻ സാധിച്ചു.
അതിന് ശേഷം സ്റ്റാർ എന്ന ചിത്രത്തിലും എനിക്ക് അവസരം ലഭിച്ചു. ആ പാട്ട് റഹമാൻ തന്നെയാണ് റെക്കോഡ് ചെയ്യിപ്പിച്ചത്. വളരെ കൂളായ സംഗീതഞ്ജനാണ് അദ്ദേഹം. നമ്മളെ പരിപൂർണ്ണമായി സ്വസ്തമാക്കി, ആ പാട്ടിലേക്ക് പൂർണ്ണമായും അടുത്ത് പാടാൻ അദ്ദേഹം നമ്മളെ സഹായിക്കും. അത്രയും ഫ്രീയായി, ഈസിയായി സോങ്ങ് റെക്കോഡ് ചെയ്യിപ്പിക്കുന്ന സംഗീത സംവിധായകനെ പിന്നീട് ഞാൻ കണ്ടിട്ടില്ലെന്ന് വേണം പറയാൻ. നമ്മൾ പാടുമ്പോൾ അദ്ദേഹം നമ്മളെ വളരെ നന്നായി പ്രോത്സാഹിപ്പിക്കും. അത് കൊള്ളാമായിരുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പൊയ്ക്കോളു എന്നെല്ലാം പറയും
റഹമാൻ എന്നൊരു വലിയൊരു വ്യക്തിയുടെ ഗാനമാണല്ലോ ഞാൻ പാടുന്നത് എന്ന എക്സൈറ്റ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്റ്റുഡിയോയിൽ വന്നിരുന്നപ്പോൾ എന്റെ പരമാവധി ആ പാട്ടിന് വേണ്ടി എനിക്ക് നൽകാനായി എന്ന് വേണം പറയാൻ.
സംഗീത പഠനം
ഞാൻ വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചിരുന്നു. അമ്മ നന്നായി കർണ്ണാട്ടിക്ക് പാടുമായിരുന്നു.പക്ഷേ സംഗീത പഠനത്തിൽ ഒരു ക്യത്യത ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. പിന്നീട് വിവാഹവും കഴിഞ്ഞു,
ഭർത്താവ് ആർമിയിലായതിനാൽ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. അതിനാൽ തന്നെ വലിയ ഗൗരവം സംഗീത പഠനത്തിന് നൽകിയില്ല. എന്നാൽ തെനാലി എന്ന ചിത്രത്തിന് ശേഷം കഥയാകെ മാറുകയായിരുന്നു.
യഥാസ്ഥിതിക അയ്യർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും എന്റെ കലാപ്രവർത്തനങ്ങളിൽ വീട്ടുകാർക്ക് യാതൊരു എതിർപ്പുകളും ഉണ്ടായിരുന്നില്ല. ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക അതാണ് അവരുടെ പോളിസി.
പണ്ടുമുതലേ സ്റ്റേജിൽ ഞാൻ പാടുമായിരുന്നു. എനിക്ക് സ്വന്തമായൊരു ബാൻഡ് ഉണ്ടായിരുന്നു.
പിന്നീട് വിവാഹം കഴിഞ്ഞു കുട്ടികളൊക്കെ വലുതായ ശേഷമാണ് ഈ കരിയറിനെ കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്നത്. ആയിടയ്ക്കാണ് ഞങ്ങൾ സൗത്തിലേക്ക് വരുന്നത്. സംഗീതത്തെ സീരിയസായി കണ്ടുകൂടേയെന്ന് ചോദിച്ചത് എന്റെ ഭർത്താവാണ്. സിനിമയിൽ ഗായികയായി ഞാൻ വന്നതിൽ അദ്ദേഹം സന്തുഷ്ടനാണ്.
എന്റെ 34ാമത്തെ വയസിലാണ് ഞാനെന്റെ കരിയർ തുടങ്ങുന്നത്. സത്യത്തിൽ എല്ലാവരും കരിയറിൽ സെറ്റിലാവുന്ന സമയമാണിത്. 97 കാലഘട്ടത്തിൽ ഞാൻ സ്വന്തമായൊരു ബാന്റ് തുടങ്ങിയിരുന്നു. വളരെ സജീവമായിരുന്നു ബാന്റിന്റെ പ്രവർത്തനങ്ങൾ. 17 വർഷത്തോളം ആ ബാന്റ് നിലനിന്നിരുന്നു പിന്നീട് ഒരോരുത്തരും ഓരോ വഴിക്ക് പോവുകയായിരുന്നു.
സിനിമയിൽ നിന്നൊരു ബ്രേക്ക്
അരികിൽ ഒരാൾ എന്ന ചിത്രത്തിന് ശേഷം ഞാൻ മലയാളത്തിൽ പാട്ടുകൾ പാടിയിട്ടില്ല. സത്യത്തിൽ അത് എന്റെ കുറ്റം തന്നെയാണ്. ഞാൻ ചാൻസുകൾക്ക് വേണ്ടി ആരെയും വിളിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. ചെന്നൈയുമായി ബന്ധം പതിയെ കുറഞ്ഞു വന്നു. ബാഗ്ലൂരിൽ നിന്ന് ഇടയ്ക്കിടെ വന്ന് പാടേണ്ട അവസ്ഥയായി അങ്ങനെ പതിയെ സംഗീത രംഗത്തിന് ഒരു ബ്രേക്ക് ഇടുകയായിരുന്നു. പിന്നെ കുടുംബത്തിൽ ശ്രദ്ധ കൊടുക്കേണ്ട സമയമായിരുന്നു. എന്റെ ഭർത്താവ് പൈലറ്റാണ് അതിനാൽ തന്നെ കുട്ടികളോടൊപ്പം ഞാനും കൂടെ ഇല്ലെങ്കിൽ ശരിയാവില്ലായിരുന്നു.
അഭിനയത്തോടുള്ള പ്രണയം
അഭിനയത്തെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. സംഗിതത്തിലേക്ക് തിരിയുന്നതിന് മുൻപ് തന്നെ ഞാൻ തിയ്യറ്ററിൽ സജീവമായിരുന്നു. ലെനിൻ സാറിന്റെ രാത്രി മഴയാണ് എന്റെ ആദ്യത്തെ സിനിമ. നൃത്തവും ഞാൻ അഭ്യസിച്ചിരുന്നതിനാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എളുപ്പമായി.
അഭിനയത്തിൽ ഞാൻ വളരെയധികം കംഫർട്ടബിളാണ്. പക്ഷേ എനിക്കെന്തോ നല്ല കഥാപാത്രങ്ങൾ വളരെ കുറച്ചേ കിട്ടിയിട്ടുള്ളു. അഭിനയത്തിൽ വളരെയധികം ശ്രദ്ധ നൽകണമെന്നാണ് എന്റെ ആഗ്രഹം. ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിക്കാൻ എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്.
'അരികെ'യിലെ ചിറ്റമ്മ
ശ്യാമപ്രസാദിന്റെ അരികെയെന്ന് മലയാള ചിത്രത്തിലെ കഥാപാത്രം വളരെ പ്രിയപ്പെട്ടതാണ്. എന്റെയൊരു ചിറ്റമ്മയെയാണ് ഞാൻ ആ കഥാപാത്രത്തിനായി റോൾ മോഡലാക്കിയത്. ഒരു തമാശക്കാരി കഥാപാത്രമായിരുന്നു ആ ചിത്രത്തിൽ. ഊർമിള ഉണ്ണി, സംവൃത സുനിൽ എന്നിവരുമായി എനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് .സത്യത്തിൽ ആ കെമിസ്ട്രിയാണ് ആ കഥാപാത്രത്തെ മനോഹരമാക്കാൻ സഹായിച്ചത്.
ശ്യാമ പ്രസാദ് സാറിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയെന്നതാണ് മറ്റൊരു ഭാഗ്യം. ഒരോ നിമിഷവും അദ്ദേഹം നമുക്ക് ഒരോ പുതിയ കാര്യങ്ങൾ പറഞ്ഞു തരും. അഭിനയത്തോട് താൽപര്യമുള്ളവർക്ക് ഒരുപാട് പഠിക്കാൻ പറ്റുന്നൊരു സ്ക്കൂളാണ് ശ്യാമ പ്രസാദ്. സത്യത്തിൽ അതു പോലെയുള്ള സെറ്റിൽ ഇനിയും വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം
സീരിയൽ മറ്റൊരു കുടുംബം
സിനിമയിൽ നിൽക്കുമ്പോൾ തന്നെ എനിക്ക് സീരിയലിലേക്കും അവസരങ്ങൾ വന്നിരുന്നു. ശരിക്കും എനിക്കൊരു ഫാമിലി ഫീലായിരുന്നു അവിടെ നിന്ന് കിട്ടിയിരുന്നത്. ഒരുപാട് നല്ല സൗഹൃദങ്ങൾ സീരിയൽ എനിക്ക് സമ്മാനിച്ചു.
വളരെ കഴിവുള്ള ആൾക്കാരാണ് സീരിയൽ രംഗത്തുള്ളത് എന്നാൽ നല്ല സീരിയലുകൾ വരുന്നില്ല. യുക്തിക്ക് നിരക്കാത്ത കഥകളാണ് പലതും. അതെന്താണെന്ന് മനസിലാവുന്നില്ല. അവിടെയുള്ളവർ തങ്ങളുടെ കഴിവുകൾ പൂർണ്ണമായി വിനിയോഗിച്ചാൽ നമുക്ക് മനോഹരമായ സീരിയലുകൾ ലഭിക്കും. പക്ഷേ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ്. നമുക്ക് നല്ല കഥകളും, സക്രിപ്റ്റുകളുമാണ് വേണ്ടത്. ചില ഇംഗ്ലീഷ് സീരിയലുകൾ കാണുമ്പോൾ കൊതിയാവും നമുക്കും ഇതുപോലെ ചെയ്തൂടേയെന്ന് വിചാരിക്കും.
പാരമ്പര്യത്തിന്റെ പേരിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതിൽ യോജിപ്പില്ല
കലാപ്രവർത്തനങ്ങൾക്ക് അപ്പുറത്ത് മൃഗസംരക്ഷണ രംഗത്ത് ഞാൻ സജീവമാണ്. സൊസൈറ്റി ഫോർ എലിഫെന്റെ വെൽഫെയർ എന്ന സംഘടനയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ട്. ആനകളുടെ പുനരധിവാസമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. നിരവധി വയസായ ആനകളും പരിക്കേറ്റ ആനകളും കേരളത്തിലുണ്ട്. അവയെ ഏറ്റെടുത്ത് റെസ്ക്യു സെന്റർ പോലെ തുടങ്ങണം. ഇവർക്ക് കൃത്യമായ പരിചരണം നൽകണം. അതൊക്കെയാണ് ആഗ്രഹം. നല്ല സ്പോൺസർമാരെ കിട്ടിയാൽ എല്ലാം നടക്കും.
ആനകളെ ഈ കൾച്ചറിന്റെ പേരിൽ ഇത്തരത്തിൽ എഴുന്നള്ളിക്കുന്നതിനോട് എനിക്ക് എതിർപ്പാണ്. നമ്മുടെ ഒരു മതപുസ്തകങ്ങളിലും ഇങ്ങനെ ആനയെ എഴുന്നള്ളിക്കാൻ പറഞ്ഞിട്ടില്ല. ഇതിന് പിറകിലുള്ള ബിസിനസിനെ പറ്റി ആരും ചിന്തിക്കുന്നില്ല. ഒരു ആനയെ എഴുന്നള്ളിച്ചാൽ നല്ല പൈസയാണ് ലഭിക്കുക അതിന് പേര് പാരമ്പര്യമെന്നും. കാട്ടിൽ നിന്ന് വളരെ ചെറുപ്പത്തിൽ പിടിച്ച് കൊണ്ടു വന്ന് അടിച്ച് മെരുക്കി വളർത്തിയാണ് ഇങ്ങനെ എഴുന്നള്ളിക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കു എത്ര ക്രൂരമാണ് ഈ പ്രവർത്തനങ്ങൾ. പുരോഗമന ചിന്താഗതിയുള്ള കേരളത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായം. പാരമ്പര്യം എന്ന സ്റ്റാമ്പിൽ എന്തിനാണ് ഒരു പാവം മൃഗത്തെ ഉപദ്രവിക്കുന്നത്. ഇതൊക്കെ ഞാൻ പറയുമ്പോൾ എനിക്ക് കൾച്ചറിനെ കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ അറിയില്ല, അതിനോട് ബഹുമാനമില്ലെന്നാണ് പറയുക. കളരിയും അമ്പലവുമൊക്കെയുള്ള ചൂറ്റുപാടിൽ വളർന്ന വിശ്വാസിയാണ് ഞാൻ. പക്ഷേ ഇത്തരത്തിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതിനോട് യോജിപ്പില്ല. നിരവധി ആനകൾ കേരളത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഇതിന് പുറമേ നായകളുടെയും പൂച്ചകളുടെയും പുനരിധിവാസ പ്രവർത്തനങ്ങളിലും ഞാൻ സജീവമാണ്. ഞാൻ ഒരുപാട് പൂച്ചകളെ വീട്ടിൽ വളർത്തുന്നുമുണ്ട്.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന റിയാലിറ്റി ഷോ
സംഗീത റിയാലിറ്റി ഷോകളോട് എനിക്ക് എതിർപ്പില്ല. എന്നാൽ വളരെ ചെറിയ കുട്ടികളെ ഇത്തരം പരിപാടികളിൽ കൊണ്ടുവന്ന് ജഡ്ജ് ചെയ്ത് സമ്മർദ്ദം നൽകുന്നതിനോട് യോജിപ്പില്ല. ഒരോരുത്തരും ഒരോ തരത്തിലാണ് പാടുക. ചിലപ്പോൾ ഇത്തരം ജഡ്ജ്മെന്റുകൾ കുട്ടികളെ നന്നാക്കും എന്നാൽ സെൻസിറ്റിവായ ഒരാൾക്ക് അത് മറികടക്കാനാവില്ല.
സ്റ്റേജിനോട് എന്നും പ്രിയം
അഭിനയം, സംഗീതം, ഡ്രാമ, സ്റ്റേജ് ഏതാണ് എനിക്ക് ഇഷ്ടമെന്ന് ചോദിച്ചാൽ സ്റ്റേജ് എന്നായിരിക്കും ഉത്തരം. മേക്കപ്പൊക്കെ ഇട്ട് നല്ല പാട്ടുകളൊക്കെ പഠിച്ച വലിയൊരു വേദിയെ അഭിമുഖീകരിക്കുകയെന്ന് പറയുമ്പോൾ തന്നെ സന്തോഷമാണ്.എനിക്ക് സത്യത്തിൽ ബാധ കേറിയത് പോലെയാണ് ആ സമയത്ത്. അത്രയ്ക്കും എനർജിയാണ് എനിക്ക് സ്റ്റേജ് തരുന്നത്. ലൈവായി ആളുകൾക്ക് മുന്നിൽ പെർഫോം ചെയ്യുന്നത് തന്നെ ഹരമാണ്.
Content Highlights: Singer chitra iyyer interview, music, family songs, acting