ടികയറ്റുതൊഴിലാളി വിശ്രമവേളയില്‍ പാടിയ പാട്ട് വൈറലായപ്പോള്‍ അതാരാണെന്ന് തിരക്കി നടന്നു ഗായകന്‍ ശങ്കര്‍മഹാദേവന്‍. കാരണം മറ്റൊന്നുമല്ല എഹ്‌സാന്‍ ലോയിക്കൊപ്പം താന്‍ ചിട്ടപ്പെടുത്തിയ  വിശ്വരൂപത്തിലെ 'ഉന്നൈ കാണാമല്‍ എന്ന പാട്ടിനെ' മറ്റൊരു തലത്തില്‍ കൊണ്ടെത്തിച്ചു പേരറിയാത്ത ആ ഗായകന്‍. ഫെയ്‌സ്ബുക്കില്‍ ശങ്കര്‍ മഹാദേവന്‍ ആ യുവാവിന്റെ പാട്ട് പോസ്റ്റ് ചെയ്തതോടെ സംഗീത പ്രമേികള്‍ ആ പ്രതിഭയെ തേടി നടന്നു. അവസാനം കണ്ടെത്തി, ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള നൂറനാട് കാവുംപാട് സ്വദേശിയായ രാകേഷായിരുന്നു ആ മാന്ത്രിക ശബ്ദത്തിന്റെ ഉടമ. റബ്ബര്‍ തോട്ടത്തിലെ തടികയറ്റുതൊഴിലാളിയായ രാകേഷ് ഒരിക്കലും തന്റെ പാട്ട് ലോകം ആഘോഷിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ശങ്കര്‍ മഹാദേവന്‍ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് താന്‍ എന്ന് രാകേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒപ്പം മറ്റു വിശേഷങ്ങളും.

കൂട്ടുകാരുടെ നിര്‍ബദ്ധത്തിന് പാടിയ പാട്ട്

ഞാനൊരു സാധാരണ തടിപ്പണിക്കാരനാണ്. റബ്ബറിന്റെ പണിയാണ് കൂടുതലും. പണി സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് പാട്ട് പാടിയത്. കൂട്ടുകാരുടെ നിര്‍ബന്ധിച്ചിരുന്നു. എന്റെ കൂട്ടുകാരന്‍ ഷമീറാണ് ഞാന്‍ പാടുന്ന വീഡിയോ എടുത്തത്. അത് പോസ്റ്റ് ചെയ്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പാട്ട് വൈറലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ എല്ലാം അറിയുന്നത്. 

നിനച്ചിരിക്കാതേ കൈവന്ന ഭാഗ്യം

ഒരിക്കലും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് കരുതിയില്ല. കാരണം, ഞാന്‍ പാട്ടു പഠിച്ചിട്ടില്ല. ഇപ്പോള്‍ രണ്ട് മാസമായി ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്. ശങ്കര്‍ മഹാദേവന്‍ സാര്‍ വിളിച്ച് അഭിനന്ദിച്ചു. ഞാന്‍ അദ്ദേഹത്തോട് നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു 'അങ്ങനെ വെറുതേ കാണേണ്ട ഇനി ഒരുമിച്ച് പാടാം' എന്ന് പറഞ്ഞു. കമല്‍ ഹാസന്‍ സാര്‍ നേരിട്ട് വിളിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. കമല്‍ സാറിന് നേരിട്ടു കാണാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, വയലിനിസ്റ്റ് ബാലഭാസ്‌കര്‍ എന്നിവരും വിളിച്ചു. ഒരുപാട് പേര്‍ എന്നെ വിളിച്ചു. വിദേശത്ത് നിന്ന് ഒരുപാട് മലയാളികളും അഭിനന്ദനം അറിയിച്ചു.

പ്രിയ ഗായകന്‍ ശങ്കര്‍ മഹാദേവന്‍

പ്രിയ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തന്നെയാണ്. കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ എല്ലാം ഞാന്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്.  ഞാന്‍ ശ്രദ്ധിക്കപ്പെട്ടതും ശങ്കര്‍ സാറിന്റെ പാട്ടു കാരണമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇരട്ടി സന്തോഷവും അഭിമാനവും തോന്നുന്നു. എനിക്ക് നല്ല പിന്തുണയും പ്രോത്സാഹനവും നല്‍കിയ വീട്ടുകാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടും ഞാന്‍ ഈ അവസരത്തില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.

'അന്യന്‍' എന്ന സിനിമയിലെ 'കുമാരി'എന്ന ഗാനം ആലപിച്ച് ശങ്കര്‍ മഹാദേവന് സമര്‍പ്പിച്ചിരിക്കുകയാണ് രാകേഷ്, വീഡിയോ കാണാം