സിനിമയില്‍ നിന്ന് തന്നെ വിലക്കിയത് അകറ്റി നിര്‍ത്താനുള്ള ഗൂഢോലോചനയാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. എല്ലാവരും സഹകരിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ അമ്മ ഇടപെട്ടതിനാല്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയും ഫെഫ്കയും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെ മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍. 

''എല്ലാ സമയത്തും ക്ഷമിക്കാനാകില്ല, കൊല്ലും എന്ന് പറഞ്ഞിട്ട് പോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരേ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്ന് പറഞ്ഞത്. 

ഞാന്‍ മാനസികമായ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. എനിക്ക് നീതി കിട്ടണം അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയത് പ്രതിഷേധമാണ്. എനിക്ക് ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.'' 

ഒറ്റപ്പെടുത്തി എന്ന് തോന്നുന്നുണ്ടോ?

ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാളാണ്.  കൂടിപ്പോയാല്‍ എനിക്കൊപ്പം ഉമ്മച്ചിയും സഹോദരിമാരും ഉണ്ടായിരിക്കും. അല്ലാതെ ആരുമുണ്ടാകില്ല. ആ തിരിച്ചറിവിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്നെ അറിയുന്നവര്‍ക്ക് എന്നെ നന്നായി അറിയാം. ഞാന്‍ ഷെയ്ന്‍ നിഗം എന്ന മനുഷ്യനായതിന് ശേഷമാണ് നടനായത്. നമുക്ക് സ്വസ്ഥതയും സമാധാനവും വേണം. 

പക്വത കുറവുണ്ട് എന്ന വിമര്‍ശനം

എനിക്ക് പ്രായവും പക്വതയും കുറവാണ് എന്ന് പറയുന്നവരോട്. എനിക്ക്  പ്രായം കുറവാണ് അതുകൊണ്ട് സിനിമ തരണം എന്ന് ആരോടും പറഞ്ഞിട്ടില്ല. 

ജനങ്ങളോട് ഒരു ചോദ്യം, രാജീവ് സാറിന്റെ അന്നയും റസൂലും എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് കിസ്മത്ത്, സൈറ ബാനു, ഈട, പറവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈട ചെയ്തതിന് ശേഷമാണ് ഓളില്‍ അഭിനയിക്കുന്നത്, ഇഷ്‌കിലും കുമ്പളങ്ങി നെറ്റ്‌സിലും അഭിനയിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ പറയുന്ന സിനിമകളില്‍ അഭിനയിക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്ത സംവിധായകര്‍ അതും ഷാജി എന്‍. കരുണ്‍ സാറിനെപ്പോലുള്ളവര്‍ എന്നെ പിന്തുണച്ചാണ് സംസാരിച്ചത്. അത്ര കുഴപ്പമുള്ള ആളാണ് ഞാന്‍ എങ്കില്‍ അവര്‍ അങ്ങനെ പറയുമോ? രാത്രി പന്ത്രണ്ടരയ്ക്ക് വിളിച്ചു കൊണ്ടുവന്ന് ഒരുപാട് തവണ ഫോക്കസ് മാറ്റി ഷോട്ട് എടുക്കുകയും ലെറ്റിങ് മാറ്റുകയും ചെയ്തു. അതിനിടെ ഒരു പാട്ട് വച്ചപ്പോള്‍ അവര്‍ അത് നിര്‍ത്തി വയ്പ്പിച്ചു. അങ്ങനെ ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിച്ചു. ഞാന്‍ വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്, ബുദ്ധികൊണ്ട് പ്രതികരിക്കുന്ന ഒരു വ്യക്തിയല്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. എനിക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.

പ്രശ്‌നത്തില്‍ കുടുംബാഗംങ്ങള്‍ക്ക് മാനസികമായ വേദനയുണ്ടായി എന്ന് തോന്നുന്നുണ്ടോ?

ഇല്ല, എന്റെ ഉമ്മയും സഹോദരിമാരും ബോള്‍ഡാണ്. അവരെല്ലാം പ്രശ്‌നങ്ങള്‍ കണ്ട് ജീവിച്ചവരാണ്. എനിക്ക് അവരെക്കുറിച്ച് യാതൊരു ആശങ്കയുമില്ല- ഷെയ്ന്‍ പറഞ്ഞു. 

Content Highlights: shane Nigam Interview on Banning controversy, AMMA, FEFKA, Veyil Movie