പൂര്‍ണ എന്ന നടിയെ മലയാളികള്‍ക്ക് പരിചയമുണ്ടാകില്ല. എന്നാല്‍, ഷംന കാസിം എന്ന നര്‍ത്തകി മലയാളികളുടെ പ്രിയങ്കരിയാണ്. നൃത്തം ചെയ്തു കൊണ്ടാണ് ഷംന മലയാളികളുടെ മനസ്സില്‍ കയറി കൂടിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികാ നായകന്‍മാരുടെ സഹോദരിയായി. 'ചട്ടക്കാരി' എന്ന ചിത്രത്തിലൂടെ ബോള്‍ഡ് നായിക എന്ന ലേബലും സ്വന്തമാക്കി. 'കൊടിവീരന്‍' എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിച്ച് ഷംന വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. ഒരിടയ്ക് വച്ച് ആരോടും മിണ്ടാതെ മലയാളത്തില്‍ നിന്നും മുങ്ങിയ ഷംന വീണ്ടും തിരിച്ചെത്തുകയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം. സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംനയ്ക്ക്. പുതിയ ചിത്രത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും ഷംന മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു. 

നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്...

കുട്ടനാടന്‍ ബ്ലോഗ് കുറച്ച് നാളത്തെ, ഏതാണ്ട് നാല് വര്‍ഷത്തെ ബ്രേക്കിന് ശേഷം ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. ഞാന്‍ എപ്പോഴും പറയാറുണ്ട് തിരിച്ചു വരികയാണെങ്കില്‍ നല്ല സിനിമയില്‍, നല്ല സ്റ്റാര്‍ കാസ്റ്റിനൊപ്പം അങ്ങനെ എന്തെങ്കിലും ഉള്ള ഒരു പ്രോജക്ടിലൂടെ ആകണമെന്ന്. മുന്‍പ് 'ചട്ടക്കാരി' ചെയ്തപ്പോള്‍ 'ചട്ടക്കാരി' എന്ന പേര് വന്നു. അതിന് ശേഷം മിലി ചെയ്തു. പിന്നെ വേറെ ഭാഷകളില്‍ പോയി. മലയാളത്തില്‍ നിന്ന്  പല ഓഫറുകളും വന്നിരുന്നു. പക്ഷേ എന്നെ സന്തോഷിപ്പിക്കുന്ന, ഒരു 80 ശതമാനം എന്നെ തൃപ്തിപ്പെടുത്തുന്ന പ്രോജക്ട് ഒന്നും തന്നെ വന്നില്ല. ഇതിപ്പോള്‍ തിരിച്ചു വരവ് നല്ലൊരു ചിത്രത്തില്‍ വലിയ താരങ്ങള്‍ക്കൊപ്പം ആയതില്‍ വളരെ സന്തോഷമുണ്ട്. 

ആദ്യ പോലീസ് വേഷത്തിന് കോണ്‍ഫിഡന്‍സായി ഹെയര്‍സ്റ്റൈല്‍
ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് കുട്ടനാടന്‍ ബ്ലോഗില്‍ എനിക്ക്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു സ്ട്രിക്ട് പോലീസ് ഓഫീസര്‍ ഒന്നുമല്ല. ഹരി എന്ന മമ്മൂക്കയുടെ കഥാപാത്രത്തെ മനസിലാക്കുന്ന ഒരു പോലീസ്. ആദ്യമായിട്ടാണ് ഒരു പോലീസ് വേഷം ചെയ്യുന്നത്. മുന്‍പ് മറ്റു ഭാഷകളില്‍ നിന്നൊക്കെ പോലീസ് വേഷങ്ങള്‍ വന്നപ്പോഴെല്ലാം ഞാന്‍ വേണ്ടെന്ന് വയ്ക്കുമായിരുന്നു. കാരണം, എന്റെ ഹൈറ്റിനൊന്നും പോലീസ് വേഷം ചേരില്ല എന്ന തോന്നലായിരുന്നു. പക്ഷെ എന്റെ ഈ ഹെയര്‍ സ്‌റ്റൈല്‍ ആണ് പോലീസ് വേഷമിടാന്‍ എനിക്ക് ആത്മവിശ്വാസം തന്നത്. ചിത്രത്തില്‍ മമ്മൂക്കയുടെ പെയര്‍ ആണോ അല്ലയോ എന്നറിയാന്‍ കുട്ടനാടന്‍ ബ്ലോഗ് കാണാന്‍ കാത്തിരിക്കണം. 

നീനയുടെ ഗമ മമ്മൂക്കയുടെ ക്രെഡിറ്റ്

മമ്മൂക്കയ്ക്കൊപ്പം കുറേ നാള്‍ മുന്‍പ് ഒരു ചെറിയ വേഷ ചെയ്തിരിക്കുന്നു. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തില്‍. അതില്‍ ശ്രീനിയേട്ടന്റെ(ശ്രീനിവാസന്‍) പെങ്ങളുടെ വേഷമായിരുന്നു എനിക്ക്. അത് പക്ഷെ വേറൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. ഇതില്‍ മുഴുനീള കഥാപാത്രമെന്ന് പറയാവുന്ന ഒന്നാണ്. മാത്രമല്ല, ഒരു പോലീസ്‌കാരി ആകുമ്പോള്‍ അല്‍പം ഗമയൊക്കെ വേണം. അതിന് എനിക്ക് സപ്പോര്‍ട്ട് തന്ന് ഗമ ആക്കി തന്നത് മമ്മൂക്കയാണ്. ഇത്രേം വലിയ സൂപ്പര്‍ സ്റ്റാറിന്റെ മുന്നില്‍ എനിക്ക് ഗമയൊക്കെ കാണിക്കാന്‍ വലിയ പേടിയായിരുന്നു. ഞാന്‍ ആദ്യ ദിവസം ചെന്നപ്പോള്‍ സേതു ചേട്ടനോട് പറഞ്ഞു, എനിക്കൊരുപാട് സന്തോഷമുണ്ട് ഈ കഥാപാത്രം ചെയ്യാന്‍ പക്ഷെ മമ്മൂക്കയുടെ ഓപ്പോസിറ്റ് ഒരു പോലീസ്‌കാരിയായി ചെയ്യാന്‍ എനിക്ക് പേടിയാണെന്ന്. പക്ഷേ മമ്മൂക്ക തന്ന ഉപദേശങ്ങള്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്. 'നീ ഷംനയല്ല, ആ കഥാപാത്രമാണ്. അതുപോലെ ഞാന്‍ മമ്മൂട്ടി അല്ല, ഹരിയാണ്'. ആ കഥാപാത്രമാകുമ്പോള്‍ നമുക്കുള്ള സ്റ്റാര്‍ഡം ഒന്നുമില്ല'..എന്നെല്ലാം പറഞ്ഞ് മമ്മൂക്ക തന്ന ആ കോണ്‍ഫിഡന്‍സ്, അതെന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്.  

shamna
Photo : Youtube

മമ്മൂക്കയെ സൂപ്പര്‍ സ്റ്റാറാക്കിയ സ്ട്രിക്റ്റ്‌നെസ്സ് 

മമ്മൂക്ക ഭയങ്കര സ്ടിക്റ്റ് ആണെന്നൊക്കെ പലരും പറയാറുണ്ട്. ഒരു നല്ല അധ്യാപകന്‍ എപ്പോഴും സ്ട്രിക്ട് ആയിരിക്കും. അത് തന്നെയേ ഇക്കാര്യത്തില്‍ പറയാന്‍ പറ്റൂ. നല്ലൊരു ടീച്ചര്‍ നമുക്ക് സിനിമയില്‍ എപ്പോഴും ആവശ്യമാണ്. സിനിമ എന്ന് പറഞ്ഞാല്‍ കളി തമാശ കാര്യമല്ല. സത്യം പറഞ്ഞാല്‍ വേറെ ഭാഷയില്‍ പോയി അഭിനയിച്ചു വരുമ്പോഴും ചില ലൊക്കേഷനുകളില്‍ നിന്ന് മാത്രമാണ് നമ്മള്‍ എന്തെങ്കിലും അവിടെ നിന്ന് പഠിച്ചു എന്ന് പറയാന്‍ പറ്റുന്നത്. അതില്‍ നമ്മള്‍ ഗുരുസ്ഥാനീയരായി കാണുന്ന ആരെങ്കിലും ഉണ്ടായിരിക്കും. കുട്ടനാടന്‍ ബ്ലോഗില്‍ ഇത്രയും വലിയ സ്റ്റാര്‍സ് വരുമ്പോള്‍ നമ്മളെ പോലത്തെ യങ്‌സ്‌റ്റേഴ്‌സ് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെ സ്ട്രിക്ട്‌നസ്സ് എന്ന് പറയാന്‍ പറ്റില്ല. അത്തരത്തില്‍ നല്ലൊരു ടീച്ചറാണ് മമ്മൂക്ക. ആവശ്യമുള്ളിടത്ത് മാത്രമേ അദ്ദേഹം സ്ട്രിക്ട് ആവാറുള്ളൂ. എനിക്ക് തോന്നുന്നു അത് എപ്പോഴും ആവശ്യമാണ്. അതാണ് പുള്ളിക്കാരനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയത് 

സാമ്പാറിലെ കഷ്ണമാകാനില്ല

ഞാന്‍ മലയാളം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിരുന്നില്ല. ചെയ്യുകയാണെങ്കില്‍ നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നുണ്ടായിരുന്നു. സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല. അത് മാത്രമാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. ചെയ്യുകയാണെകില്‍ നല്ലതൊരാണ്ണെം, ഇല്ലെങ്കില്‍ ചെയ്തില്ല എന്നേ പേര് വരുള്ളൂ. സാമ്പാറിലെ കഷ്ണം പോലെ വരുന്ന സിനിമയിലെല്ലാം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ വെറുത്തിട്ടുണ്ടാകും. അങ്ങനെ ആകാന്‍ എനിക്ക് താല്പര്യമില്ല. എന്റെ കരിയര്‍ ഞാന്‍ തുടങ്ങിയത് നായികയായിട്ടല്ല, സഹനടി ആയിട്ടാണ്. ഒരു സുഹൃത്തിന്റെ റോളില്‍ ഒന്നുമറിയാതെ സിനിമയില്‍ വന്നു പെട്ട കുട്ടിയാണ് ഞാന്‍. പിന്നെയാണ് മറ്റുള്ള ഭാഷകളില്‍ പോയി നായികയാകുന്നത്. ടൈപ് കാസ്റ്റ് എന്ന് പറയുന്ന സംഭവമുണ്ട് സിനിമയില്‍. ഒരു പോലീസ്‌കാരിയാണ് നമ്മള്‍ കാലുകുത്തുന്നതെങ്കില്‍ പിന്നെ അഭിനയിക്കുന്നിടത്തോളം മുഴുവന്‍ പോലീസ്‌കാരിയാണ്.

സഹനടിയായി ഞാന്‍ തുടങ്ങിയപ്പോള്‍ പിന്നെ എനിക്ക് വരുന്നതെല്ലാം അങ്ങനെയുള്ള റോളുകള്‍ ആയിരുന്നു. എനിക്കോ എന്റെ അമ്മയ്‌ക്കോ സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. ഗോപിക ചേച്ചിയുടെ കുടുംബം പറയുമ്പോഴാണ് ഞങ്ങള്‍ മാറി ചിന്തിക്കുന്നത്. അന്ന് ചേച്ചിയുടെ അനിയത്തിയായി 'പച്ചക്കുതിര'യില്‍ അഭിനയിക്കുകയാണ് ഞാന്‍. ഗോപിക ചേച്ചിയുടെ അമ്മയും അച്ഛനുമാണ് എന്റെ അമ്മയോട് പറഞ്ഞത് ഇനി ഷംനയെ അനിയത്തി റോളിലേക്ക് വിടരുത് അവള്‍ നായികയായി വരും ഒരു ഗ്യാപ് കൊടുക്കണം എന്നൊക്കെ. ഇങ്ങനെയൊക്കെ പറഞ്ഞിട്ടാണ് ഇനി നമ്മള്‍ കായാരക്റ്റര്‍ റോള്‍ ചെയ്യരുത് എന്ന് മനസിലാക്കുന്നത് തന്നെ. പറഞ്ഞ തന്നാലേ അറിയുമായിരുന്നുള്ളൂ. 

അപ്പോള്‍ അങ്ങനെ വന്നിട്ട് മറ്റു ഭാഷകളില്‍ നായികയായെങ്കിലും ഇവിടെ എനിക്ക് ആ ട്രാക്കില്‍ വരാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമയില്‍ വിളിക്കാത്തതെന്ന്. അതുകൊണ്ട് ഞാന്‍ സ്റ്റേജ് ഷോകള്‍ മാറ്റി വയ്ക്കില്ല. കാരണം ഷംന കാസിമിനെ കേരളം അറിയുന്നത് നര്‍ത്തകിയായിട്ടാണ്. ഇപ്പോഴും ഏതൊരു മലയാളിയും എന്നെ കാണുമ്പോള്‍ പറയുന്നത് എന്റെ നൃത്തത്തെക്കുറിച്ച് ആണ്. എന്നെ ഇവിടം വരെ എത്തിച്ചത് നൃത്തമാണ് അത് ഞാന്‍ കൈവിടില്ല. 

shamna
Photo : Youtube

ഹിറ്റ് നല്‍കിയ തെലുഗുവും തമിഴും പിന്നെ സുഭദ്രയും

ഞാന്‍ ആദ്യമായി നായികയായത് തമിഴിലാണ്. ആ ഒരു കംഫര്‍ട്ടബിള്‍ സോണ്‍ എനിക്ക് തമിഴിലുണ്ട്. പിന്നെ തെലുഗ് ചെയ്തു. ഒരു ബോക്‌സോഫീസ് ഹിറ്റ് കളക്ഷന്‍ എനിക്ക് ലഭിച്ചത് തെലുഗിലാണ്. 'അവുനു' എന്ന ഹൊറര്‍ സിനിമ. അതൊരു ഹീറോയിന്‍ സെന്റട്രിക്ക് സിനിമ ആയിരുന്നു. ഞാന്‍ സിനിമ സീരിയസ് ആയി എടുക്കുന്നത് അപ്പോഴാണ്. കാരണം 'ചട്ടക്കാരി' എന്ന സിനിമയ്ക്ക് ശേഷം മതി ഇനി സിനിമ വേണ്ട എന്ന് തീരുമാനിച്ച സമയമായിരുന്നു. 'ചട്ടക്കാരി' ഒരു വെള്ളിയാഴ്ച്ച പുറത്തിറങ്ങി അതിന് പിന്നത്തെ വെള്ളിയാഴ്ച 'അവുനു' റിലീസ് ആയി. അത് വളരെ ഹിറ്റ് ആയി. നല്ല പേര് ലഭിച്ചു. പിന്നെ 'അവുനു 2' അഭിനയിച്ചു. പിന്നെ കുറേ സിനിമ അടുപ്പിച്ച് ചെയ്തു. അതെല്ലാം നല്ല രീതിയില്‍ ഹിറ്റ് ആയി. തെലുഗ് ആണ് ശരിക്കും പറഞ്ഞാല്‍ എന്റെ ലക്കി പ്ലെയ്‌സ്. ഇപ്പോഴും ഞാന്‍ അവിടെ 'അവുനു' ഹീറോയിന്‍ എന്നാണ് അറിയപ്പെടുന്നത്.

തമിഴില്‍ 'സവരക്കത്തി' എന്ന മിഷ്‌കിന്‍ സാറിന്റെ പടം എനിക്ക് മറക്കാനാകില്ല. എന്റെ കരിയറില്‍  അങ്ങനെ ഒരു സിനിമ വരുമോ എന്നെനിക്കറിയില്ല എത്ര വര്‍ഷം കഴിഞ്ഞാലും എന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് 'സവരക്കത്തി'യാകും. അതിന് ശേഷം നിരവധി നല്ല ചിത്രങ്ങള്‍ വന്നു. ആ സിനിമയ്ക്ക് ശേഷം എന്നോടുള്ള അപ്പ്രോച്ച് തന്നെ മാറി. ഇപ്പോള്‍ എന്നെ തമിഴില്‍ നിന്ന് വിളിക്കുക അഭിനയിച്ച് പ്രൂവ് ചെയ്യാനുള്ള കഥാപാത്രങ്ങളിലേക്കാണ്. അതാണ് എനിക്കേറ്റവും വലിയ സന്തോഷം. നല്ല ശക്തമായ കഥാപാത്രങ്ങളാണ് എനിക്ക് വരുന്നത്. 

മൊട്ടയടിച്ചപ്പോള്‍ തെളിഞ്ഞ ഭാഗ്യം

'കൊടിവീരന്' വേണ്ടി മുടി വെട്ടണം എന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം, മുടി വെട്ടാന്‍ ഞാനിങ്ങനെ കൊതിച്ചിരിക്കുകയായിരുന്നു. പക്ഷെ അമ്മ സമ്മതിക്കില്ല. ഡാന്‍സര്‍ എന്ന നിലയ്ക്ക് മുടി ഒരു വലിയ ഘടകം തന്നയാണ്. പക്ഷെ ഒന്ന് ബോയ്കട്ട് അടിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ പിന്നെയാണ് മൊട്ടയടിക്കണം എന്നറിയുന്നത്.  ശിവകുമാര്‍ സാര്‍  കഥാപാത്രത്തെയും കഥയെക്കുറിച്ചുമെല്ലാം പറഞ്ഞപ്പോള്‍ അത് ചെയ്യണമെന്ന് വലിയ ആഗ്രഹമായി. പിന്നെയാണ് അമ്മയെ മനസിലാക്കിപ്പിക്കുന്നത്. എനിക്ക് സത്യത്തില്‍ മൊട്ടയടിക്കുന്നതില്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. പക്ഷേ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മൊട്ടയടിക്കണോ വേറെ പണിയൊന്നുമില്ലേ, അങ്ങനെയാണെങ്കില്‍ ഒരു ചിത്രത്തിലുടനീളം മൊട്ടയടിച്ച് തന്നെ ഉണ്ടായിരിക്കണം എന്നെല്ലാം പറഞ്ഞിരുന്നു. പക്ഷെ അങ്ങനെയല്ല, മൊട്ടയടിക്കുന്നത് ഇപ്പോള്‍ ഒരു സീനില്‍ ആണെങ്കില്‍ പോലും ആ കഥാപാത്രം പ്രേക്ഷകനില്‍ നില്‍ക്കുമോ എന്നതിലാണ് കാര്യം. കൊടിവീരനിലെ വേലു എന്ന കഥാപാത്രം വില്ലന്‍ ടച്ച് ഉള്ള ഒന്നായിരുന്നു. പക്ഷേ ആ സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ എന്റെ കഥാപാത്രമൊഴികെ മറ്റൊന്നും ആരുടേയും മനസ്സില്‍ ഉണ്ടായിരുന്നില്ല. കാണാന്‍ എങ്ങനെയുണ്ടാകും എന്ന് മാത്രമായിരുന്നു എനിക്കുള്ള ടെന്‍ഷന്‍. എന്നാല്‍ മൊട്ടയടിച്ച് പുതിയ മുടി വന്നു തുടങ്ങിയപ്പോള്‍ നല്ല കുറേ കാര്യങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.

shamna

മമ്മൂക്കയുടെ വാക്ക് തന്ന അഹങ്കാരം

ഈ ഒരു ബോയ്കട്ട് ഉള്ളതു കൊണ്ടാണ് കുട്ടനാടന്‍ ബ്ലോഗില്‍ ഈ ഒരു നല്ല കഥാപാത്രം എനിക്ക് ലഭിച്ചത്. എല്ലാവര്‍ക്കും ഈ ലുക്ക് ഇഷ്ടമായി. പ്രേക്ഷകര്‍ തന്ന ആത്മവിശ്വാസം വലുതാണ്. ഈ മുടിയാണ് കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് കഥപാത്രം ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസം തന്നത്. കാരണം എനിക്ക് ഉയരം ഇല്ലാത്തതിനാല്‍ പോലീസ് വേഷം ഇടുമ്പോള്‍ ചേരില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് സോതു ചേട്ടനോട് പറഞ്ഞിരുന്നു എന്നെ ത്രൂ ഔട്ട് പോലീസ് വേഷം ധരിപ്പിക്കരുതെന്ന്. കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് സേതു ചേട്ടനും പറഞ്ഞു. പക്ഷെ ഒറ്റ തവണ പോലീസ് വേഷത്തില്‍ അഭിനയിച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. പോലീസ്‌കാരിത്തി കൊള്ളാമല്ലോ എന്ന് മമ്മൂക്കയും പറഞ്ഞു. ഇത്രേം വലിയ സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരമായി. അങ്ങനെ ലഭിച്ച കോണ്‍ഫിഡന്‍സ് ആണ്. മറ്റുള്ളവര്‍ അല്ലെ നന്നായിട്ടുണ്ടോ എന്ന് പറയേണ്ടത്. അങ്ങനെയാണ് മിക്ക സീനുകളിലും പോലീസ് വേഷമായത്. 

ഷംന മാറി ശാമന ആയപ്പോള്‍ ഞാന്‍ പൂര്‍ണ്ണയായി

ഞാന്‍ കേരളത്തില്‍ ഷംന എന്നാണ് അറിയപ്പെട്ടിരുന്നത് പ്രത്യേകിച്ച് റിയാലിറ്റി ഷോയ്ക്ക് ശേഷം. തമിഴില്‍ പക്ഷെ മുനിയാണ്ടി എന്ന ചിത്രംചെയ്തതിനു ശേഷം എന്റെ പേര് അവര്‍ ഉച്ചരിക്കുന്നത് ശരിയായിരുന്നില്ല. ശമന എന്നൊക്കെയാണ് പറഞ്ഞിരുന്നത്. സാമ്ന ശമന എന്നൊക്കെയാണ് പറഞ്ഞിരുന്നത് ഷാ വന്നിരുന്നില്ല. പിന്നെ പത്രങ്ങളിലൊക്കെ പേര് വന്നപ്പോഴും ആള്‍കാര്‍ എന്റെ പേര് ശരിയായിരുന്നില്ല. അങ്ങനെയാണ് പേര് മാറ്റത്തെക്കുറിച്ചു ചിന്തിക്കുന്നതും പൂര്‍ണയായി മാറുന്നത്, നുറോളജി വൈസ് തിരഞ്ഞെടുത്ത പേരാണ്. ഞാന്‍ ഒരു വിശ്വാസിയാണ് പക്ഷെ അന്ത വിശ്വാസിയല്ല 

മരുന്ന് പോലെ ഓര്‍മ്മപ്പെടുത്തുന്ന കല്യാണക്കാര്യം

എനിക്ക് മലയാളിയെ വേണ്ട നോര്‍ത്ത് ഇന്ത്യന്‍ ചെക്കനെ കെട്ടിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് കുറേ വാര്‍ത്ത വന്നിരുന്നു. അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. എനിക്ക് സല്‍മാന്‍ ഖാനെ വലിയ ഇഷ്ടമാണ്. ഉത്തരേന്ത്യക്കാരനെ കിട്ടുകയാണേല്‍ കുഴപ്പമില്ല എന്ന് തമാശയായി പറഞ്ഞതാണ്. അതിങ്ങനെയാണ് അഭിമുഖത്തില്‍ വന്നത്. എനിക്ക് ഭാഷയൊന്നും വിഷയമല്ല. ഷംന എന്താണ് ഒരു ഡാന്‍സര്‍ ആര്ടിസ്റ്റ് ഇവയെല്ലാം ആണ്. ഇത് എക്‌സപ്റ്റ് ചെയ്യുന്ന ആളായാല്‍ മതി. ഞാന്‍ ഒരു മുസ്ലിം ആയതുകൊണ്ട് ചില ആലോചനകള്‍ വരുമ്പോഴേ അവര്‍ പറയുന്നുണ്ട്, വിവാഹത്തോടെ എല്ലാം നിര്‍ത്തണം വീട്ടുകാരിയാകണം എന്നൊക്കെ. വീട്ടുകാരി ആകണമെങ്കില്‍ എല്ലാം അവസാനിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. നല്ലൊരു ഭാര്യയാകാന്‍ പ്രൊഫഷന്‍ മാറ്റി വയ്ക്കണമെന്നില്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോയാല്‍ മതി. ആലോചനകള്‍ തുടങ്ങിയപ്പോഴാണ് എനിക്ക് കുറേ നല്ല മലയാളം ചിത്രങ്ങള്‍ വന്നത്. വീട്ടില്‍ അമ്മ നല്ല പ്രശ്‌നത്തില്‍ തന്നെയാണ്. രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം ഭക്ഷണം തരുമ്പോള്‍ കല്യാണക്കാര്യം എടുത്തിടും. മരുന്ന് പോലെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. വല്ല ചിത്രവും ഞാന്‍ കമ്മിറ്റ് ചെയ്യാണെന്ന് പറഞ്ഞാല്‍ ചോദിക്കും അപ്പോള്‍ കല്യാണമോ എന്ന്. വിവാഹം എന്ന് ഉണ്ടാകും എന്നൊന്നും പറയാനാകില്ല നല്ലൊരു ആലോചന വന്നാല്‍ എപ്പോഴായാലും അത് നടക്കും.

ഠപ്പേ ഠപ്പേ ഇമോഷന്‍സന്‍സ്

കണ്ടാല്‍ റോക്ക് പോലെ ഒക്കെ ആണെകിലും വളരെ ഇമോഷണല്‍ ആയ വ്യക്തിയാണ് ഞാന്‍. കരയാന്‍ അതികം സമയമൊന്നും വേണ്ട 'ഠപ്പേ'ന്ന് എന്നെ കരയിക്കാം. അങ്ങനെ തന്നെ ചിരിക്കേം ചെയ്യും. അതേ പോലെ തന്നെ ഠപ്പേന്ന് ദേഷ്യം വരും ഠപ്പേന്ന് പോവേം ചെയ്യും. എല്ലാ ഠപ്പേ ഠപ്പേ എന്നാണ്. അമ്മയുമായി അടിയുണ്ടാക്കിയാല്‍ എനിക്ക് വല്യ പ്രശ്‌നമാണ്. വേഗം കോമ്പ്രാമൈസ് ആകണം. അമ്മയുമായി വഴക്കിട്ടാല്‍ ഞാന്‍ പെട്ടെന്ന് അസ്വസ്ഥായാകും. വേറെയാരും എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. പിന്നെ രാവിലെ തുടങ്ങുമ്പോള്‍ തന്നെ എനിക്കെന്തെങ്കിലും ഇറിറ്റേഷന്‍ ഉണ്ടായാല്‍ അതില്‍ തന്നെ പിടിച്ചു തൂങ്ങും. പെട്ടെന്ന് മൂഡ് സ്വിങ്‌സ് ഒക്കെ വരും. പക്ഷെ, ഒരു ഡയറി മില്‍ക്ക് കഴിച്ചാല്‍ മാറാവുന്ന പ്രശ്‌നങ്ങളേ ഉണ്ടാകാറുള്ളൂ. എനിക്ക് ദേഷ്യം വരുമ്പോള്‍ പോലും അസിസ്റ്റന്റ് എനിക്ക് ഡയറി മില്‍ക്ക് തരും. എന്റെ പേഴ്‌സില്‍ ഒരെണ്ണം എപ്പോഴും കാണും. ഡയറി മില്‍ക്കില്‍ ജോലിയുള്ള ചെക്കന്‍ കെട്ടാന്‍ വന്നാല്‍ ഞാന്‍ അപ്പോ തന്നെ ഫ്ലാറ്റ് ആകും.

മാധ്യമങ്ങളോട് എനിക്ക് ദേഷ്യം വന്ന ചില സംഭവങ്ങളുണ്ട്. 'സവരക്കത്തി'യില്‍ ഞാന്‍ ഗര്‍ഭിണിയായി അഭിനയിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ അച്ചടിച്ച് വന്നത് ഷംന ഗര്‍ഭിണി ആണെന്നാണ് അതെന്നെ വല്ലാതെ ഹര്‍ട്ട് ചെയ്തു. എന്റെ കുടുംബത്തെയും കൂടി ബാധിക്കുന്ന കാര്യമാണ്. ഗര്‍ഭിണിയാവുക എന്നത് കല്യാണം പോലെ തന്നെ വലിയൊരു കാര്യമാണ്. ഇങ്ങനെയൊക്കെ പ്രൊമോട്ട് ചെയ്യണോ എന്ന് ഞാന്‍ ആലോചിച്ച കാര്യമാണ്. ഇതൊക്കെ പലരും എനിക്ക് മെസ്സേജ് ചെയ്തു തന്നിരുന്നു. മറുപടി പറഞ്ഞു മടുത്തു. ഇതിനെ പറ്റി മാധ്യമങ്ങളില്‍ പോയി പറഞ്ഞോ എഫ്.ബി ലൈവ് ഇട്ടോ മറുപടി നല്‍കാന്‍ എനിക്ക് താല്പര്യമില്ല. നമ്മുടെ ഇമോഷന്‍സ് ഒന്നും ഒരു വിഡിയോയും മറ്റും ഇട്ടു കാണിക്കേണ്ട ഒന്നല്ലെന്നാണ് എന്റെ ഒരു അഭിപ്രായം. 

ചോറ് കണ്ടാല്‍ തടിക്കുന്ന ഞാന്‍

'സവരക്കത്തി'ക്ക് വേണ്ടി ഞാന്‍ അല്പം വണ്ണം വച്ചിരുന്നു. അതില്‍ ഞാന്‍ ഗര്‍ഭിണിയായിട്ടാണ് അഭിനയിച്ചത്. ഡയറ്റൊന്നും നോക്കിയില്ലായിരുന്നു അന്ന്. പിന്നെ തടി കുറയ്ക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെയായിരുന്നു. ചോറ് കണ്ടാല്‍ തടിക്കുന്ന ആളാണ് ഞാന്‍, കഴിക്കണമെന്നില്ല. അതില്‍ നിന്നും ഒരു മെയ്‌ക്കോവര്‍ വരുത്താനുള്ള കാരണം മുടി മൊട്ടയടിച്ചത് തന്നെയാണ്. മൊട്ടയടിച്ച് എവിടെയോ പോയ സമയത്ത് ജീന്‍സും ടോപ്പും ഇട്ടപ്പോള്‍ എന്നെ കാണാന്‍ ഒരു മാടിനെ പോലെ ഉണ്ടായിരുന്നു . എന്റെ അമ്മ വരെ അത് പറഞ്ഞു.  ആ സമയത്ത് എനിക്ക് ചില ഡ്രസ്സുകള്‍ ഒന്നും ഇടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങുന്നത്. മുടി വെട്ടി പുതിയ ലുക്കില്‍ വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ വരാമെന്ന് കരുതി. ഞാന്‍ ജിം ഫ്രീക് ഒന്നുമല്ല. നൃത്തം കൂടെ തന്നെയുണ്ട്. പിന്നെ നീനയെ അവതരിപ്പിക്കുമ്പോള്‍ ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കരുതെന്നും ഉണ്ടായിരുന്നു.  

പത്ത് വര്‍ഷത്തെ ഷംന

സിനിമയില്‍ വന്നിട്ട് ഏതാണ്ട് പത്ത് വര്‍ഷത്തോളമായി. ഒരുപാട്  വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. കാണാന്‍ ഇപ്പോഴത്തെ വേര്‍ഷന്‍ ആണ് നല്ലത്. പിന്നെ വളരെ ബോള്‍ഡ് ആയി. പണ്ടൊക്കെ ഭയങ്കര പേടിയുള്ള ആളായിരുന്നു. ഇപ്പോഴും ഉണ്ട് എങ്കില്‍ പോലും വളരെ ഓപ്പണ്‍ ആയി. കുറച്ചു ഓടി പ്രൊഫഷണല്‍ ആയി, സെലക്ടിവ് ആയി. മുന്‍പ് സീരിയസ് ആയി ഡിസിഷന്‍ എടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. പിന്നെ ആത്മവിശ്വാസം അതും കൂടി. സിനിമകള്‍ ഞാന്‍ മലയാളത്തില്‍ വേണ്ടായെന്ന് വയ്ക്കുമ്പോള്‍ പലരും എന്നെ ഉപദേശിക്കുമായിരുന്നു. ഇനി സിനിമകള്‍ കിട്ടില്ലെന്നും ഡാന്‍സര്‍ എന്ന് അറിയപ്പെടുമെന്നുമൊക്കെ പറയുമായിരുന്നു. അതുകൊണ്ട് എനിക്കൊരു വിഷമവുമില്ല. ഡാന്‍സര്‍ ആയാല്‍ എന്താ കുഴപ്പം അതും അഭിമാനമല്ലേ. 

സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം

മലയാള സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്ന സമയമാണ്. സത്യം പറഞ്ഞാല്‍ സങ്കടമുണ്ട് നമ്മുടെ ഭാഷയില്‍ ഇങ്ങനെ നടക്കുമ്പോള്‍. എല്ലാം നേരെയാകട്ടെ. പക്ഷെ അനാവശ്യമായി മീഡിയയ്ക്ക് എഴുതാനും സംസാരിക്കാനും നമ്മളായിട്ട് അവസരം ഉണ്ടാക്കാതിരിക്കുക. സിനിമ എന്നത് ഒരു ഫാമിലി ആണ്. മുന്‍പ് ഉണ്ടായിരുന്നവരും ഇപ്പോള്‍ ഉള്ളവരും ഒരു കുടുംബം പോലെ ആണ്. ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് വേറെ പുറത്തു നിന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് വിഷമമാകും. അങ്ങനെ പറയിപ്പിക്കാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കുക. പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പേടിയൊക്കെയുണ്ട്. പക്ഷെ നമ്മുട സുരക്ഷിതത്വം നമ്മുടെ കയ്യിലാണ്. നമുക്ക് ഓരോ പരിധി ഉണ്ട്. അത് നമ്മള്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ എന്റെ കൂടെ അച്ഛനും അമ്മയും ഒക്കെ വന്നാലും സംഭാവിക്കേണ്ടത് സംഭവിക്കും. പക്ഷേ എന്ത് തന്നെയായാലും അവസാനം നമ്മുടെ സുരക്ഷിതത്വം, തീരുമാനങ്ങള്‍ എല്ലാം നമ്മുടെ തന്നെയാണ്. 

shamna kasim poorna police officer character oru kuttanadan blog mammootty Savarakathi kodiveeran