വാപ്പച്ചിയുടെ മകന്‍. അതായിരുന്നു സിനിമയിലേക്ക് വരുമ്പോള്‍ നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ മേൽവിലാസം. ഇപ്പോള്‍ ആ ലേബലില്‍ നിന്നും പുറത്തുകടന്ന് കൂടുതല്‍ ചിത്രങ്ങളിലൂടെ സജീവമാകാന്‍ ഒരുങ്ങുകയാണ് ഷഹീന്‍. ഒരു കടത്തനാടന്‍ കഥ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുന്നതിനിടെ കിട്ടിയ ഇടവേളയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.

കടത്താനടന്‍ കഥയിലെ കഥാപാത്രം വന്ന വഴി

സുധീഷ് എന്ന കോ-ഓര്‍ഡിനേറ്റര്‍ വഴി എഡിറ്റര്‍ കൂടിയായ സംവിധായകന്‍ പീറ്റര്‍ സാജന്‍ കഥ പറയുകയായിരുന്നു. കഥ ഇഷ്ടമായി. പിന്നെ എന്നെ പോലെ ഒരു പുതുമുഖത്തെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ ഒട്ടും എളുപ്പമുള്ള കാര്യമല്ല. നല്ലൊരു നിര്‍മാതാവിനെ കൂടി കിട്ടയപ്പോള്‍ പ്രോജക്റ്റ് ഓണ്‍ ആക്കി.

കഥയിലേക്ക് ആകര്‍ഷിച്ചത്

സംവിധായകന്‍ എഡിറ്റര്‍ ആയതുകൊണ്ട് തന്നെ ഓരോ സീനും കണക്റ്റ് ചെയ്തിരിക്കുന്നത് നല്ല രസമായിട്ടാണ്. കഥാപാത്രങ്ങള്‍ ഒത്തുവരുന്നതും കഥപറയുന്ന രീതിയും മലയാളത്തില്‍ പുതുമയുള്ളതും ത്രില്ലിങ്ങുമായിട്ടാണ് തോന്നിയത്. 

പ്രദീപ് റാവത്തിനൊപ്പം അഭിനയിച്ച രംഗങ്ങള്‍

പ്രദീപ് സാര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ത്രില്ലിലായിരുന്നു. പക്ഷേ എനിക്ക് ഉള്ളിന്റെയുള്ളില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. കഷ്ടകാലത്തിന് എന്തെങ്കിലും കാരണവശാല്‍ അദ്ദേഹത്തിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെ വന്നാലോ എന്ന്. അദ്ദേഹം കോഴിക്കോട്ടെത്തി, ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

പ്രദീപ് റാവത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍

ഷൂട്ടിങ് സമയത്ത് അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ കുറച്ച് സമയമെടുക്കുന്നുണ്ടായിരുന്നു. എന്താണെന്ന് വച്ചാല്‍ ഒരാള്‍ സ്‌ക്രിപ്റ്റ് മലയാളത്തില്‍ വായിച്ച് കൊടുക്കുകയും അത് ഇംഗ്ലീഷില്‍ ചോദിച്ച് മനസിലാക്കുകയും ചെയ്യും. എന്നിട്ട് മലയാളത്തില്‍ എന്താണോ ഡയലോഗ്, അത് ഹിന്ദിയില്‍ എഴുതിയെടുക്കും. കുറേ സ്‌ട്രെയിനെടുത്ത് പഠിച്ചാണ് അദ്ദേഹം ഡയലോഗ് പറയുന്നത്. അത് കണ്ടപ്പോള്‍ ഒരുപാട് അഭിമാനം തോന്നി. പൊതുവേ അന്യഭാഷകളില്‍ നിന്നും വരുന്ന താരങ്ങള്‍ ഇത്രയും അധ്വാനിക്കാറില്ല എന്നാണ് കേട്ടിട്ടുള്ളത്. സെറ്റില്‍ വളരെ ബഹുമാനത്തോടെയേ പെരുമാറി കണ്ടിട്ടുള്ളൂ. ഈ സിനിമിയിലേക്ക് വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വളരെ പ്രൊഫഷണലും സീരിയസുമാണ്. നല്ല അച്ചടക്കം കാത്തുസൂക്ഷിക്കുന്നയാളുമാണ്. ഡയലോഗ് പറഞ്ഞാല്‍ കൃത്യമാണോ എന്ന് എടുത്ത് ചോദിക്കും. ഒരു സഹപ്രവര്‍ത്തകനെന്ന നിലയില്‍ നമ്മള്‍ ബഹുമാനിക്കുന്ന പോലെ തന്നെയാണ് അദ്ദേഹം ഇങ്ങോട്ടും ബഹുമാനിക്കുന്നത്.

Shaheen Sidique
Photo: Facebook/ Shaheen Sidique

പത്തേമാരിയിലേക്കുള്ള വരവ്

മെഗാ മീഡിയയില്‍ ഒരു ഡബ്ബിങ്ങിനായി വോയ്‌സ് ടെസ്‌റ്റെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ച് മമ്മൂക്കയെ കാണുകയുണ്ടായി. ആ സമയം അവിടെ സംവിധായകന്‍ സലിം അഹമ്മദ് ഉണ്ടായിരുന്നു. മമ്മൂക്കയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സലിം അഹമ്മദ് വരികയും സംസാരിക്കണമെന്ന് പറയുകയുമായിരുന്നു. പിന്നെ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ഫ്ലാറ്റിലേയ്ക്ക് വിളിപ്പിക്കുകയും എന്താണ് റോൾ എന്ന് പറയുകയും ചെയ്തു. 

സ്‌ക്രീന്‍ ടെസ്റ്റുണ്ടായിരുന്നോ?

സ്‌ക്രീന്‍ ടെസ്റ്റ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സ്‌ക്രിപ്റ്റ് എനിക്ക് വായിക്കാനും തന്നിരുന്നില്ല. പിന്നെ എന്റെ ഒരു ആത്മവിശ്വാസം കൂട്ടാനായി നേരത്തെ ആക്ടിങ് സ്‌കൂളില്‍ പോയിട്ടുമുണ്ട്. ഒരു വെള്ളക്കടലാസുപോലെ സെറ്റിലേക്ക് വന്നാല്‍ മതി, ഷോട്ടിന് മുമ്പ് എല്ലാം പറഞ്ഞുതരാം എന്നായിരുന്നു എന്നോട് പറഞ്ഞത്. സ്‌ക്രിപ്റ്റ് തരികയേ ഇല്ലായിരുന്നു. അങ്ങനെ ഒരുദിവസം ശ്രീനിവാസന്‍ സാറിന് സ്‌ക്രിപ്റ്റ് കിട്ടി. എന്റെ ആദ്യ സീന്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അവരങ്ങനെയൊക്കെ പറയും, ഷഹീന്‍ ഇത് പഠിക്കൂ എന്ന് പറഞ്ഞ് ഒപ്പം ഇരുത്തി പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ഷോട്ടില്‍ത്തന്നെ ആ രംഗം കറക്റ്റാവുകയും ചെയ്തു.

വാപ്പച്ചിയുടെ മകനായി സിനിമയില്‍

എന്റെ രണ്ടാമത്തെ സിനിമയാണ് കസബ. വാപ്പച്ചിയുടെ മകനായിത്തന്നെ. വാപ്പച്ചി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. പക്ഷേ അതെല്ലാം നമ്മള്‍ എങ്ങനെ നടപ്പിലാക്കുന്നു എന്നതനുസരിച്ചിരിക്കും. അതാണ് കഴിവ് എന്ന് പറയുന്നത്. ചിലപ്പോള്‍ അത് ഷോട്ടില്‍ ഓര്‍ത്തെന്ന് വരില്ല. എക്‌സ്പീരിയന്‍സിലൂടെയേ പഠിക്കൂ എന്ന് വാപ്പച്ചി പറയാറുണ്ട്. പരമാവധി സിനിമ ചെയ്യുക, അല്ലാതെ കഥകേട്ട് ഒരു പ്രോജക്റ്റ് ഒഴിവാക്കാനൊന്നും നീ ആയിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ വിചാരിക്കുന്ന പ്രശ്‌നങ്ങള്‍ മാറൂ. ആത്മവിശ്വാസമാണ് പ്രശ്‌നം. എന്നാണ് എപ്പോഴും എടുത്തുപറയുന്ന കാര്യം. 

സിനിമാ സെലക്ഷനില്‍ വാപ്പച്ചി ഇടപെടാറുണ്ടോ?

ഇല്ല. സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര പേടിയാണ്. ഒരു സിനിമയുടെ പോസ്റ്ററില്‍ തല വന്നാല്‍ ആളുകള്‍ പോയി കാണുമോ? ഇങ്ങനെയുള്ള സിനിമകളിലാണോ ഇവന്‍ അഭിനയിക്കുന്നത് എന്നെല്ലാം. അങ്ങനെയൊന്നും വിചാരിക്കേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്. നീ എന്ന് ഒരു റോള്‍ സ്‌കോര്‍ ചെയ്യുന്നോ അന്ന് നീ മുമ്പ് ചെയ്ത എല്ലാ റോളും ബ്ലാങ്കായിപ്പോകും എന്നാണ് വാപ്പച്ചിയുടെ ഉപദേശം.

ദിവാന്‍ജിമൂലയില്‍ വാപ്പച്ചിയുടെ ബാല്യകാലം അവതരിപ്പിച്ചപ്പോള്‍...

അനില്‍ രാധാകൃഷ്ണ മേനോന്‍ ചേട്ടനെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ റോള്‍ ചോദിച്ച് പോയതാണ്. ആദ്യമായി വീട്ടില്‍ പോയപ്പോള്‍ സ്വന്തം വീട്ടിലെന്നപോലെയാണ് എന്നെ സ്വീകരിച്ചത്. ടേക്ക് ഓഫ് ചെയ്യുന്ന സമയമായിരുന്നു അത്. റാസല്‍ ഖൈമയിലായിരുന്നു എന്റേയും ചാക്കോച്ചന്റേയും (കുഞ്ചാക്കോ ബോബന്‍) രംഗങ്ങള്‍. അത് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയപ്പോഴാണ് അനിലേട്ടന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറയുന്നത്. തിരിച്ച് വിളിച്ചപ്പോഴാണ് വാപ്പച്ചിയുടെ ചെറുപ്പകാലമാണ്, ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടും എന്ന് പറയുന്നത്. 

ടേക്ക് ഓഫിലെ 'റിയല്‍ ലൈഫ്' കഥാപാത്രം

മഹേഷേട്ടന്‍  (മഹേഷ് നാരായണന്‍) ഇക്കാര്യത്തില്‍ വളരെ ആഴത്തിലുള്ള റിസര്‍ച്ചുകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് കമല്‍ഹാസന്‍ സാറിന്റെ വിശ്വരൂപം മുതലുണ്ട്. വീണ്ടും ചാന്‍സ് ചോദിച്ച് ചെന്നതാണ്. ചിത്രത്തില്‍ കാണുന്ന അത്രയും മുടി അന്ന് എനിക്കുണ്ടായിരുന്നു. അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കും അറിഞ്ഞുകൂട. വെറുതേ വളര്‍ത്തി. ഇതാണെന്റെ ഇപ്പോഴത്തെ കോലം, ഇതിന് പറ്റിയ എന്തെങ്കിലും റോളുണ്ടെങ്കില്‍ തരണം എന്ന് അങ്ങോട്ട് ആവശ്യപ്പെട്ടു. അന്ന് മലയാളി ഐസ്എസില്‍ ചേര്‍ന്നതായി വാര്‍ത്ത വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. എന്റെ ലുക്കില്‍ ഒരു റോളുണ്ടെങ്കിലും അതൊരു ഹിന്ദി നടനെ വെച്ച് ചെയ്യണമെന്നായിരുന്നു മറ്റുള്ളവരുടെ അഭിപ്രായമെന്നാണ് മഹേഷേട്ടന്‍ പറഞ്ഞത്. പക്ഷേ മലയാളികളും ഐസ്.എസില്‍ ചേര്‍ന്നുവെന്ന് ഉടന്‍ പത്രത്തില്‍ വരുന്നത് നീ നോക്കിക്കോ, അതുകൊണ്ട് ആ റോള്‍ ഒരു മലയാളി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ടോര്‍ച്ചറിങ്ങൊക്കെയുള്ള രണ്ട് മൂന്ന് വിദേശ സിനിമകള്‍ കാണാനും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ വന്നതാണ് ടേക്ക് ഓഫിലെ കഥാപാത്രം.

ഷഹീന്റെ സിനിമകള്‍ വാപ്പച്ചി തിയ്യറ്ററില്‍ പോയി കണ്ടിട്ടുണ്ടോ?

ഇല്ല. അധികവും സി.ഡി ഇട്ടൊക്കെയാണ് കാണാറ്. പക്ഷേ ഉമ്മ മിക്കവാറും തിയ്യറ്ററില്‍ത്തന്നെ പോയിക്കാണും. എന്റെ സിനിമ എന്ന രീതിയില്‍ കാണാറൊന്നുമില്ല. ടി.വിയില്‍ വന്നാല്‍പ്പോലും അവര്‍ക്കത് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ മാറ്റും.

ചലച്ചിത്രമേളകളിലൊക്കെ സജീവമാണോ?

കഥ പറഞ്ഞ കഥ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ അസോസിയേറ്റ് ആയിരുന്ന അജിത് വേലായുധന്‍ ചലച്ചിത്രമേളയേക്കുറിച്ച് പറഞ്ഞ് പറഞ്ഞ് കൊതിപ്പിച്ചു. അത് പറഞ്ഞതിന്റെ രണ്ടാമത്തെ ദിവസം സുഹൃത്തിനേയും കൂട്ടി ഗോവയ്ക്ക് വിട്ടു. അത് കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം. ആദ്യത്തെ പ്രാവശ്യം പോയപ്പോള്‍ കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ഏക്താ കപൂര്‍ തുടങ്ങിയവരൊക്കെയുണ്ടായിരുന്ന ഒരു സെഷനില്‍ പങ്കെടുത്തിരുന്നു. അന്ന് അവരോട് ഒരു ചോദ്യമൊക്കെ ചോദിക്കാന്‍ പറ്റി. പിന്നെ കുറേ പേരെ കാണാനും പരിചയപ്പെടാനുമായി.

സിനിമയല്ലാതെ വേറെന്തെങ്കിലും ചിന്ത

വേറെ ഒന്നിലുമില്ല. സിനിമ മാത്രം. അതും ചെറുപ്പം തൊട്ടേയുള്ള ആഗ്രഹം. പിന്നെ പഠിക്കുന്ന സമയത്ത് സംവിധായകനാവാന്‍ മോഹമുണ്ടായിരുന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ മനസിലായി എന്നേക്കൊണ്ട് ഇതൊന്നും സാധിക്കില്ല എന്ന്. പിന്നെ വാപ്പച്ചിയുടെ ബിസിനസൊക്കൊയായി അങ്ങ് പോയി. അതുകഴിഞ്ഞ് സുഹൃത്തുക്കളാണ് അഭിനയത്തില്‍ ഒരു കൈ നോക്കിക്കൂടേ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ പിന്നെ വേറെ ചിന്തകളൊന്നുമില്ല. 

വെബ് സീരീസുകള്‍ ട്രെന്‍ഡാവുന്നുണ്ടല്ലോ... ഒരവസരം വന്നാല്‍...?

ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയൊരു ടീമിനെ പരിചയമില്ലാത്തതാണ് പ്രശ്‌നം. സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമായി ആരാണ് ഇത് ചെയ്യുന്നതെന്നോ എങ്ങനെയാണ് തുടങ്ങുന്നതെന്നോ അറിയാത്തതിന്റെ ഒരു തടസമേയുള്ളൂ. നല്ലൊരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്തിരിക്കും. നേരത്തേ പറഞ്ഞതുപോലെ എക്‌സ്പീരിയന്‍സാണ് നമ്മളെ ട്രാക്കിലാക്കുന്നത്.

Content Highlights: Shaheen Sidique, Oru Kadathanadan Katha Movie