ടു കണ്‍ട്രീസിനു ശേഷം ഷാഫി സംവിധാനംചെയ്യുന്ന ചിത്രം ഷെര്‍ലക് ടോംസ് പ്രദര്‍ശനത്തിനൊരുങ്ങി. ബിജുമേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ സിനിമയാണ്. ബാഹുബലിയുടെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്. ടു കണ്‍ട്രീസ് എഴുതിയ നജീം കോയയുടെതാണ് ചിത്രത്തിന്റെ കഥ. സച്ചിയാണ് സംഭാഷണം. പൊട്ടിച്ചിരികൊണ്ട് തിയേറ്ററുകള്‍ ഇളക്കിമറിച്ച സംവിധായകനാണ് ഷാഫി. കല്ല്യാണരാമനും പുലിവാല്‍കല്ല്യാണവും തൊമ്മനും മക്കളും മായാവിയും മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്‍ട്രീസുമെല്ലാം വലിയ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഷെര്‍ലക് ടോംസ് എന്ന പുതിയ ചിത്രത്തിന്റെ പേരില്‍തന്നെയൊരു കൗതുകം ഒളിപ്പിച്ചുവെക്കുകയാണ് സംവിധായകന്‍. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള തന്റെ സ്വപ്നസിനിമയെക്കുറിച്ചും മമ്മൂട്ടിചിത്രം മായാവിയുടെ രണ്ടാംഭാഗത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും സംവിധായകന്‍ ഷാഫി സംസാരിക്കുന്നു. 

ഷെര്‍ലക് ടോംസ്, പേരില്‍തന്നെ ഒരു പുതുമയുണ്ടല്ലോ

എന്റെ മുന്‍ചിത്രങ്ങളുടെയെല്ലാം പേരുകള്‍ പരിശോധിച്ചാല്‍ അറിയാം കഥയോട് നൂറുശതമാനം നീതിപുലര്‍ത്തുന്നവയായിരിക്കും അതെല്ലാം. അത്തരം പേരുകള്‍ കിട്ടുന്നതിനായി വലിയ കാത്തിരിപ്പുകള്‍ ഉണ്ടായെന്നുവരാം. എന്നാല്‍ കഥയോട് ചേര്‍ന്നുനില്‍ക്കുന്നതാകണം സിനിമയുടെ പേര് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഡിറ്റെക്ടീവ് ആകണമെന്ന് ചെറുപ്പംമുതല്‍ ആഗ്രഹിച്ച, ഷെര്‍ലക് കഥകളുടെ ആരാധകനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് പുതിയ ചിത്രം പറയുന്നത്. കുറ്റാന്വേഷകനോ ഐ.പി.എസുകാരനോ ഒന്നുമായില്ലെങ്കിലും ജീവിതത്തോടുള്ള അയാളുടെ സമീപനം ഷെര്‍ലക്കിനോടു സമാനമാണ്. തോമസ് എന്നാണ് നായകന്റെ പേര്. വിചിത്രമായ ഇത്തരം സ്വഭാവമുള്ളതിനാല്‍ നാട്ടുകാര്‍ അയാളെ കളിയാക്കി ഷെര്‍ലക് ടോംസ് എന്നു വിളിക്കുന്നു. കുട്ടിക്കാലംമുതല്‍ ഏതു പ്രശ്‌നത്തിനും സ്വന്തം നിഗമനങ്ങളുണ്ടാക്കി, പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്നതാണ്  അവന്റെ ശീലം.

നായകനായി എന്തുകൊണ്ട് ബിജു മേനോന്‍

നാലുവര്‍ഷം മുന്‍പ് നജീം കോയ പറഞ്ഞ ഒരു ത്രെഡില്‍നിന്നാണ് കഥ വികസിക്കുന്നത്. ഇങ്ങനെയൊരു വിഷയത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചപ്പോള്‍തന്നെ നായകന്റെ വേഷത്തില്‍ ബിജുമേനോന്റെ മുഖമാണ് മനസ്സില്‍ തെളിഞ്ഞത്. നിര്‍മാതാക്കള്‍ കഥ കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ ഇങ്ങോട്ടുപറയുകയായിരുന്നു ബിജു മേനോന്‍ നായകനായാല്‍ നന്നാകുമെന്ന്.
ഷെലക് ടോംസ് പൂര്‍ണമായും ബിജുമേനോന്റെ വണ്‍മാന്‍ഷോയാണ്. ബിജു നായകനായെത്തുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാകും ഇത്. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് അദ്ദേഹം കഥാപാത്രത്തിനായി നല്‍കിയത്. മുന്‍ചിത്രങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി വലിയൊരു താരനിരയെത്തന്നെ ചിത്രത്തിനു പിന്നില്‍ അണിനിരത്തിയിട്ടുണ്ട്. എഴുപതുദിവസത്തിലധികം ചിത്രീകരണം നീണ്ടുപോയി. ഇരുന്നൂറും മുന്നൂറും ആളുകളെയെല്ലാം ചേര്‍ത്തുവെച്ചുള്ള സീനുകളാണ് പല ദിവസങ്ങളിലും പകര്‍ത്തിയത്. സച്ചിയെ ഈ സിനിമയിലേക്ക് കൊണ്ടുവരാനായി എന്നതാണ് സിനിമയുടെ മറ്റൊരു വിജയം.

മായാവിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു എന്നൊരടക്കംപറച്ചില്‍ കേള്‍ക്കുന്നുണ്ട്

വലിയ സാധ്യതയുള്ള ഒരു പ്രോജക്ടാണ് മായാവിയുടെ രണ്ടാംഭാഗം. എനിക്ക് വലിയ പ്രതീക്ഷയും താല്‍പര്യവുമുള്ള വിഷയമാണ് അത്. മായാവിയുടെ തുടര്‍ച്ചയ്ക്കു പറ്റിയ കഥ തയ്യാറായിട്ടുണ്ട്. എപ്പോള്‍ നടക്കും എന്നൊന്നും പറയാനായിട്ടില്ല. പഴയ കഥാപാത്രങ്ങളെ വെച്ചുകൊണ്ടുതന്നെയാകും രണ്ടാംഭാഗവും നിര്‍മിക്കുക. മായാവി ശരിക്ക് ഒരു ആക്ഷന്‍ചിത്രമാണ്. ഹ്യൂമര്‍ പ്ലസ് ആക്ഷന്‍ എന്ന കോമ്പിനേഷനിലാണ് സീനുകള്‍ എഴുതിച്ചേര്‍ത്തത്. നായകന്റെ കരുത്തിനു കൂട്ടായി തമാശകള്‍ വന്നുപോകുകയാണ്. അത്തരമൊരു രീതിയാണ് ആ സിനിമയുടെ വിജയഫോര്‍മുല. വന്‍വിജയമായ സിനിമയുടെ രണ്ടാംഭാഗം ഒരുക്കുകയെന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ അത്രതോതില്‍ ഉയരത്തിലായിരിക്കും. അവരെ സംതൃപ്തിപ്പെടുത്താന്‍ കഴിയണം.

ഷാഫിചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ട്രോളുകളില്‍ ഒന്നാംസ്ഥാനത്ത്

സമകാലികവിഷയങ്ങളില്‍ പുതിയ കാഴ്ചപ്പാടുകളുമായി സിനിമയിലെ കഥാപാത്രങ്ങള്‍ നിരന്തരം വന്നുപോകുന്നുണ്ട്. അവയ്ക്ക് പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യതതന്നെയാണ് അതിനു പ്രധാന കാരണം. എന്റെ സിനിമകളില്‍ സലിംകുമാറിന്റെ കഥാപാത്രങ്ങളായ പ്യാരിലാലും മണവാളനും കണ്ണന്‍ സ്രാങ്കും മാക്രിഗോപാലനുമെല്ലാമാണ് ട്രോളുകളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. മുന്‍പൊരിക്കല്‍ സലിംകുമാര്‍തന്നെ പറയുകയുണ്ടായി സിനിമയില്‍നിന്നു താന്‍ വിട്ടുനിന്ന രണ്ടുവര്‍ഷവും തന്റെ മുഖം മറന്നുപോകാതെ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിര്‍ത്തിയത് ഇത്തരം ട്രോളുകളാണെന്ന്. ഞങ്ങളുണ്ടാക്കിയ കഥാപാത്രങ്ങള്‍ ട്രോളുകളിലൂടെ പുതിയ ചിരികളുമായി വീണ്ടുമെത്തുന്നതു കാണുമ്പോള്‍ സന്തോഷവും അഭിമാനവുമുണ്ട്.

ഷാഫിയുടെ ഒരു മോഹന്‍ലാല്‍ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മോഹന്‍ലാലുമായൊരു പ്രോജക്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞുറപ്പിച്ചതാണ്. പലകാരണങ്ങളാല്‍ അത് നടക്കാതെപോയി. മലയാളത്തിലെ ഏതൊരു സംവിധായകന്റെയും മോഹമാണ് ഒരു ലാല്‍ചിത്രം. സിനിമ സംഭവിക്കാന്‍ പലതരം കാര്യങ്ങള്‍ ഒന്നിക്കേണ്ടതുണ്ട്. ചില ത്രെഡുകള്‍ വര്‍ഷങ്ങളോളം മനസ്സില്‍ കിടക്കും, പിന്നീട് മറ്റു പലതുമായി അവ ചേര്‍ന്നുവരുമ്പോള്‍ മാത്രമേ സിനിമയായി ഉരുത്തിരിയുകയുള്ളൂ. അനുകൂല ഘടകങ്ങള്‍ പ്രധാനമാണ്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ഞാന്‍ ഒരുക്കുന്നത് ഹാസ്യരംഗങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കുന്ന താരമാണ് അദ്ദേഹം. ഞങ്ങള്‍ ഒന്നിക്കുന്ന ഒരു സിനിമയില്‍ എനിക്കും പ്രതീക്ഷയുണ്ട്. നല്ലൊരു പ്രമേയത്തിനായി ഞാനും കാത്തിരിക്കുന്നു.