ശ്ലീലം കലർന്ന, മനംപിരട്ടുന്ന തമാശകൾക്കിടയിൽ മലയാളത്തിന് വലിയൊരു ആശ്വാസമായിരുന്നു അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും. നിത്യജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത ഈ തമാശകൾ കണ്ടും കേട്ടും മലയാളം ശരിക്കും തിയ്യറ്ററുകളിൽ ചിരിച്ചുമറിഞ്ഞു.

എന്നാൽ, ഈ തമാശകൾക്ക് അക്ഷരങ്ങളിലൂടെ ജീവൻ പകർന്ന കഥാകൃത്തിന് ജീവിതം  തമാശ മാത്രമായിരുന്നില്ല. പിന്നിട്ട വഴിയിലെ വെല്ലുവിളികളെയും സൗഹൃദങ്ങളെയുമാണ് ബിബിൻ ജോർജ് എന്ന തിരക്കഥാകൃത്ത് കൂട്ടുകാരൻ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം മലയാളം തലതല്ലി ചിരിച്ച തമാശകളാക്കി മെരുക്കിയെടുത്തത്. ബിബിൻ തൂലിക താഴെവച്ച് മറ്റൊരു വേഷമണിയുകയാണിപ്പോൾ. ചിരിയുടെ തമ്പുരാനായ ഷാഫിയുടെ പുതിയ ചിത്രം ഒരു പഴയ ബോംബ് കഥയിലെ നായകനാണ് ബിബിൻ. അഭിനയത്തിന്റെ ഇടവേളയിൽ  മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ എഴുത്തിന്റെയും അഭിനയത്തിന്റെയും അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ബിബിൻ.

എന്താണ് ഈ പഴയ ബോംബ് കഥ

ഷാഫി സര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പഴയ ബോംബ് കഥ. സൂപ്പര്‍ സ്റ്റാറുകളെ വെച്ച് മാത്രം സിനിമയെടുക്കുന്ന അദ്ദേഹം ആദ്യമായാണ് എന്നെപ്പോലൊരു പുതുമുഖത്തെ വെച്ച് സിനിമയെടുക്കുന്നത്. മുഴുനീള ഹാസ്യ സിനിമല്ല പഴയ ബോംബ് കഥ. ഹാസ്യവും പ്രണയവും സസ്‌പെന്‍സുമെല്ലാം ഇടകലര്‍ന്ന ഒരു മാസ്സ് എന്റര്‍ടെയിനറാണ്. എല്ലാ തരം പ്രേക്ഷനെയും തൃപ്തിപെടുത്തുന്ന സിനിമയാണ് ഒരു പഴയ ബോംബ് കഥ. ശ്രീകുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

തിരക്കഥാകൃത്തില്‍ നിന്ന് നായകനിലേക്ക്

ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ എന്റെ ടെന്‍ഷന്‍ എല്ലാം മാറ്റി തന്നത് ഷാഫി സാറാണ്. അഭിനയം അറിയുകയാണെങ്കില്‍ അതാണ് എളുപ്പം. അതൊരു ദൈവാനുഗ്രഹമാണ്, അതിനിണങ്ങിയ ശരീര ഭാഷ അങ്ങനെ എല്ലാം തന്നെ ഭാഗ്യമാണ്. സ്ക്രിപ്റ്റ് വേറെ ഒരു ലോകമാണ്. ഒരു വരി എഴുതണമെങ്കില്‍ ആയിരം വട്ടം ആലോചിക്കണം ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ ഇരിക്കേണ്ടി വരും നല്ല ഒരു ഭാഗം എഴുതാന്‍. അങ്ങനെ ഒരുപാട് അധ്വാനം സ്‌ക്രിപ്പ്റ്റിന് വേണം എന്നാണ് എന്റെ അഭിപ്രായം. പിന്നെ വേറൊരു പ്രശ്‌നം എന്തെന്നാല്‍ തിരക്കഥ നമ്മുടെ സൃഷ്ടിയാണെങ്കിലും സിനിമ വേറൊരു ലെവല്‍ എത്തിയാല്‍ എഴുത്തുകാർ അറിയപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്.  എന്തൊക്കെയാണെങ്കിലും തിരക്കഥയെഴുത്ത് ഞാന്‍ നിര്‍ത്തില്ല. അതെനിക്ക് വളരെ പ്രിയപ്പെട്ടതാണ്.

വിഷ്ണു എന്ന ആത്മമിത്രം

വിഷ്ണു പണ്ടു മുതലേയുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സ് തന്നെയാണ് കട്ടപ്പനയിലെ ഋൃത്വിക് റോഷന്‍. അതിലെ കേന്ദ്ര കഥാപാത്രങ്ങളായ ദാസപ്പന്റെയും കിച്ചുവിന്റെയും സുഹൃദ്ബന്ധം പോലെ തന്നെയാണ് ഞങ്ങളുടെ ബന്ധവും. നമ്മളുടെ മനസ്സ് അറിയാവുന്ന കൂട്ടുകാരന്‍ എന്നൊക്കെ പറയാറില്ലേ എനിക്കതാണ് വിഷ്ണു. ഞങ്ങള്‍ വഴക്ക് കൂടാറുണ്ട് പക്ഷേ ഇതു വരെ ഒരു ദിവസത്തില്‍ കൂടുതല്‍ അത് നീണ്ടു പോയിട്ടില്ല. അവസാനം വരെ കൂടെയുണ്ടാവണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സൗഹൃദമാണ് വിഷ്ണുവുമായിട്ടുള്ളത്.

സിനിമയിലേയ്ക്കുള്ള വരവ്

ചാനലുകളിലെ ഹാസ്യ പരിപാടികള്‍ എഴുതിയാണ് എന്റെ തുടക്കം. ഏഷ്യാനെറ്റിലെ കോമഡി കസിന്‍സാണ് ആദ്യത്തേത്. പിന്നീട്  രസികരാജ, കളീം ചിരീം, ആടാം പാടാം തുടങ്ങി ബഡായി ബംഗ്ലാവ് വരെ ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നിടാണ് ആദ്യ സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലേക്ക് വന്നത്.

dulquer

നായകനിലെ എഴുത്തുകാരന്റെ സംഘർഷങ്ങൾ

അത് സ്വഭാവികമാണല്ലോ. ചില സീനിലൊക്കെ അങ്ങനെ തോന്നിയിട്ടുണ്ട്. നമ്മുടെ ലോജിക്കിന് നിരക്കാത്ത കാര്യം വരുമ്പോഴൊക്കെ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നുവച്ച് അത് മാറ്റിയില്ലെങ്കില്‍ അഭിനയിക്കില്ല എന്നല്ല. ഞാന്‍ എന്റെ അഭിപ്രായം പറയുന്നു എന്നു മാത്രം.  ഒരു എഴുത്തുകാരന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അഭിനേതാവ് കഥാപാത്രമാവാന്‍ ആഗ്രഹിക്കില്ലേ. ഞാന്‍ ചെയ്ത സിനിമയിലെ അഭിനേതാക്കള്‍ മുഴുവന്‍ അങ്ങനെ നിന്നുതന്നിട്ടുണ്ട്. എഴുത്തുകാരന്റെ ചിന്തകളെ എനിക്ക് വ്യക്തമായി അറിയാം. അത് കൊണ്ട് തന്നെ എഴുത്തുകാരന്‍ ഉദേശിക്കുന്ന രീതിയില്‍ നിന്ന് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇതിലെ ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തെ അവര്‍ പറഞ്ഞ രീതിയില്‍ ഉള്‍ക്കൊണ്ടാണ് ചെയ്തിരിക്കുന്നത്. സംശയം വരുമ്പോള്‍ അവർക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അവര്‍ക്കും എനിക്കും ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത്.

കാലിലെ ബുദ്ധിമുട്ട് വില്ലനായോ

ഏയ് അങ്ങനെ പറയത്തക്ക ബുദ്ധിമുട്ടൊന്നുമില്ല. ഡാന്‍സ് ചെയതപ്പോഴും ആക്ഷന്‍ സീന്‍ ചെയതപ്പോഴും കാലിന് നീര് വന്നിരുന്നു. ഒരു പരിധിയില്‍ കൂടുതല്‍ കാലിന് സ്ട്രെയിൻ കൊടുത്താല്‍ നീര് വരും. എനിക്ക് വളരെ ചെറുപ്പത്തില്‍ തന്നെ ഇടതുകാലിന് പോളിയോ വന്നിരുന്നു. പക്ഷേ ഞാന്‍ പോസിറ്റിവാണ്.. എല്ലാ കാര്യവും പോസിറ്റിവായി എടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കോമഡികൾ അശ്ലീലമാവുമ്പോൾ

ഞാന്‍ ചെയ്ത സിനിമകളില്‍ അശ്ലീലം മനഃപ്പൂര്‍വം ഒഴിവാക്കിയതാണ്. എന്റെ അമ്മ,  ചേച്ചിമാര്‍ എന്നിവരുടെ കൂടെ ഞാന്‍ ഇരുന്ന് കാണുമ്പോള്‍ ആരും അയ്യേ എന്നു പറയരുത്. മാന്യമായ തമാശയായിരിക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. ഇനി ഭാവിയിലും അത്തരം സിനിമകളേ ചെയ്യു. ഫാമിലിയായി കാണാന്‍ പറ്റുന്ന കോമഡി പരിപാടിയെ ചെയ്യുന്നുള്ളു. തമാശകൾ എനിക്ക് എന്റെ ചുറ്റുപാടുളില്‍ നിന്ന് കിട്ടിയതാണ്. വളരെ സാധാരണക്കാരുടെ ഇടയിലാണ് ഞാൻ  ജീവിക്കുന്നത്. സിനിമയില്‍ വന്നശേഷവും അങ്ങനെ തന്നെ. ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാവുന്ന തമാശകളുമൊക്കെയാണ് എന്റെ എഴുത്തിലുള്ളത്. അനുഭവങ്ങള്‍ തീര്‍ന്നാൽ ഞങ്ങളുടെ എഴുത്ത് തീര്‍ന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഞാനും വിഷ്ണുവും.

സൗഹൃദങ്ങളാണല്ലോ പ്രധാന കഥാതന്തു

സൗഹൃദങ്ങള്‍ തന്നെയാണ് എന്റെ ജീവിതം. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതും എല്ലാം അവരാണ്. ഞങ്ങള്‍ക്ക് ചെറിയ ഒരു സൗഹൃദ കൂട്ടായ്മയുണ്ട്. മനസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇരുപതൊന്നോളം പേര്‍ ആ കൂട്ടായ്മയിലുണ്ട് സമുഹത്തില്‍ പലതരത്തിലുള്ള ജോലി ചെയ്യുന്നവരുണ്ട്. സ്‌ക്രിപ്റ്റ് വായിച്ച് ഇവര്‍ ഓ.കെ പറഞ്ഞാലേ ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് പോവുകയുള്ളു. പിന്നെ എന്നെ അറിയുന്നവര്‍ പറയുന്നത് ബിബിന് ഒരു കോടി സൗഹൃദങ്ങളുണ്ട് എന്നാണ് എനിക്കെല്ലാവരും സുഹൃത്തുക്കളാണ്.
സിനിമയിലെ സൗഹൃദങ്ങള്‍ എല്ലാം എന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ്.

കട്ടപ്പന ബോൾഗാട്ടിക്കാരൻ ധർമജനും ബ്രേക്കായിരുന്നല്ലോ

ധര്‍മജന്‍ ഈ സിനിമയില്‍ വേണമെന്ന് ഏറ്റവുമധികം വാശി പിടിച്ചത് ഞാനും വിഷ്ണുവുമായിരുന്നു. ഈ സിനിമയില്‍ ധര്‍മ്മജന്‍ നല്‍കാവുന്ന സംഭാവനയെ പറ്റി എനിക്ക് വ്യക്തമായ ബോധമുണ്ടായിരുന്നു. എന്റെ അഭിപ്രായത്തില്‍ കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഇത്തരം റോളുകള്‍ ചെയ്താല്‍ ജനം ഏറ്റെടുക്കും. കോമഡി മാത്രം ചെയ്യുന്ന താരങ്ങളുടെ സെന്റിമെന്റ്സ് പെട്ടെന്ന് തന്നെ ജനങ്ങള്‍ ഏറ്റെടുക്കും.

സംവിധായകന്‍ ഷാഫി

ഷാഫി സാറിനെപ്പറ്റി പറയുകയാണെങ്കില്‍ മാസ്സ് കൂളാണ് അദേഹം. മലയിടിഞ്ഞ് വീണാലും കാര്യങ്ങളെ കൂളായി നേരിടാന്‍ കഴിവുള്ള മനുഷ്യനാണ്. അഭിനയിക്കാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്ന എനിക്ക് ധൈര്യം തന്നത് സാറായിരുന്നു. തമാശയൊക്കെ പറഞ്ഞ് തെറ്റിയാൽ നമുക്ക് ശരിയാക്കാം എന്നു പറഞ്ഞ് എനിക്ക് ധൈര്യം തന്നു. ഷാഫി അഭിനയിക്കാന്‍ സ്വാതന്ത്ര്യം തരുന്ന വ്യക്തിയാണ്. അതു കൊണ്ട് തന്നെ അദേഹത്തിന്റെ പടത്തില്‍ അഭിനയിക്കുന്നവര്‍ക്ക പരമാവധി സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രയാഗ

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ മുതല്‍ എനിക്ക് പ്രയാഗയെ അറിയാം. എനിക്ക്  അനിയത്തിയെ പോലെയാണ്. പ്രയാഗയുടെ കുടുംബവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ്. പ്രയാഗ വളരെ പോസറ്റീവായിട്ടുള്ള കുട്ടിയാണ്. അവള്‍ക്ക് വരുന്ന ട്രോളൊക്കെ വളരെ പോസറ്റീവായിട്ടാണ് എടുക്കുന്നത്.

കല്ല്യാണം ഗേൾ ഫാൻസിനെ കുറയ്ക്കുമോ എന്നു പേടിയുണ്ട്

വീട്ടില്‍ അമ്മയുണ്ട്. കഴിഞ്ഞ മാസമാണ് ഞാൻ വിവാഹിതനായത്. ഭാര്യ എം.എ ഹിന്ദി പഠിക്കുന്നു..  കല്യാണം എന്റെ ഗേള്‍ ഫാന്‍സിനെ കുറയ്കുമോ എന്ന പേടിയുണ്ട് (പൊട്ടിച്ചിരി).

അടുത്ത നായകൻ ദുൽഖർ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തിരകഥയുടെ ആണ് അടുത്ത പ്രോജക്റ്റ്. ഞാനും വിഷ്ണുവുമാണ് എഴുതുന്നത്. ഇനി ഈ സിനിമയക്ക് ശേഷമേ മറ്റു പ്രോജക്റ്റുകള്‍ ഉള്ളു.

Content Highlights: script writer actor bibin george interview Oru Pazhaya BombuKatha Shafi Kattapanayile HrithikRoshan