പാട്ട്പാടാന്‍ മാത്രമല്ല  സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ഗാനരചന എന്നിങ്ങനെ  എന്തും വഴങ്ങും സയനോരക്കെന്ന് തെളിയിക്കുകയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന സിനിമ. സംവിധായകന്‍ ജീന്‍ മാര്‍ക്കോസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സയനോരക്ക് സാധിച്ചു എന്നത് തന്നെയാണ് ഈ കലാകാരിയുടെ വിജയവും. വ്യത്യസ്തമായ മൂന്ന് പാട്ടുകള്‍, അതെല്ലാം തന്നെ വേറിട്ടരീതിയില്‍ അവതരിപ്പിക്കാനും സയനോരക്ക് സാധിച്ചു. ഗായകരായ ജോബ് കുര്യന്‍, സന്നിദാനന്ദന്‍, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം ചേര്‍ന്ന് സയനോരയുടെ വരികളും സംഗീതവും യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ്  വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി മലയാള സിനിമയില്‍ ഇടം നേടിയ സയനോര.

നാടൊട്ടുക്ക് പാറിനടക്കണ......

ഈ സിനിമക്കുവേണ്ടി ഞാന്‍ ആദ്യം കമ്പോസ് ചെയ്ത പാട്ടാണ് ഇത്. ആദ്യ ഗാനമായതിനാല്‍ അതിന്റേതായ  ടെന്‍ഷനുകള്‍ ഉണ്ടായിരുന്നു. സാധാരണ പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ സംവിധായകനും, സംഗീത സംവിധായകനും, മറ്റ് പ്രധാന പിന്നണി പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നാണ് കമ്പോസിങ്ങ് ചെയ്യാറുള്ളത്. എന്നാല്‍ ഒരിക്കലും എനിക്കത് ആലോചിക്കാനേ സാധിക്കില്ലായിരുന്നു. വെളുപ്പിനെ രണ്ടുമണിക്കൊക്കെ ഒറ്റക്കിരുന്ന് കമ്പോസ് ചെയ്യുന്നതാണ് എന്റെ രീതി. അങ്ങനെ എന്റേതായ രീതിയില്‍ ഒരുക്കിയതാണ്  നാടൊട്ടുക്ക് പാറിനടക്കണ... എന്ന് തുടങ്ങുന്ന പാട്ട്. സംവിധായകന്‍ ജീനിനെ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇഷ്ടമായി. 

ഈ പാട്ട് പാടാനായി എന്റെ മനസിലുണ്ടായിരുന്നത് ജോബ് കുര്യന്റെ മുഖമാണ്. അതിനാല്‍  ജോബിന്റെ ശബ്ദത്തിന് ചേരുന്ന രീതിയിലാണ് സംഗീതം നല്‍കിയതും. പാട്ടിന് സംവിധായകന്‍ പച്ചക്കൊടി കാണിച്ചതേ ഞാന്‍ ജോബിനെ വിളിച്ച് ഈ പാട്ട് കേള്‍പ്പിച്ച് കൊടുത്തു. ശേഷം ജോബ് ചോദിച്ചത് ഇത് ആര് പാടുമെന്നാണ്. നീ തന്നെ പാടണമെന്ന് ഞാനും പറഞ്ഞു. 

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനെയെ കുറിച്ച് എന്നോട് പറഞ്ഞത് ജീനാണ്. സ്റ്റുഡിയോയിലെത്തി പ്രാര്‍ത്ഥന സ്വന്തമായി വരികളെഴുതി സംഗീതം നല്‍കിയ ഒരു പാട്ട് അങ്ങ് പാടി. അതു കേട്ടപ്പോള്‍ തന്നെ ഈ പാട്ട് ജോബിനൊപ്പം പാടുന്നത് പ്രാര്‍ത്ഥന തന്നെയെന്ന് ഞാനും ഉറപ്പിച്ചു. 

ചക്കപ്പാട്ട്

കുട്ടന്‍പിള്ളയുടെ  ശിവരാത്രിയുടെ ആമുഖ പാട്ടാണ് ചക്കപ്പാട്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും കഥാ സാഹചര്യങ്ങളെയും പരിചയപ്പെടുത്തുക എന്നതാണ് ഈ പാട്ടിലൂടെ ഉദ്ദേശിക്കുന്നത്. തോറ്റംപാട്ട് ശൈലിയിലുള്ള ഒരു ഗാനം വേണമെന്നാണ് ജീന്‍  ആവശ്യപ്പെട്ടത്. സംഗീത സംവിധായിക എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ ചലഞ്ച് ചെയ്ത പാട്ടാണിത്. സ്റ്റുഡിയോയില്‍ ശിങ്കാരിമേളക്കാരെയൊക്കെ കൊണ്ടുവന്ന് ലൈവ് ആയിട്ടാണ് ഈ പാട്ട് റിക്കോഡ് ചെയ്തത്. അതിനാല്‍ തന്നെ ചക്കപ്പാട്ടിന്റെ റിക്കോഡിങ് നല്ല ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. 17 ശിങ്കാരിമേളക്കാരെയാണ് സ്റ്റുഡിയോയി എത്തിച്ചത്. ഏഴു പേരെ വെച്ച് ഒരോ സമയവും മേളം പകര്‍ത്തി. 

ശിവനേ എന്റെ ശിവനേ.....

sayanora philip

സുരാജേട്ടന്‍ പാടിയ പാട്ടാണിത്. അതിന് വരികളെഴുതിയതും ഞാന്‍ തന്നെയാണ്. മരണത്തെക്കുറിച്ചും ചക്കയെക്കുറിച്ചുമൊക്കെയാണ് ഈ പാട്ടില്‍ പറയുന്നത്. വളരെ ലളിതമായ വരികളാവണം അതേ സമയം കുറച്ച് തമാശയായും തോന്നണം എന്നതായിരുന്നു ജീനിന്റെ ആവശ്യം. സാധാരണ പാട്ടുകള്‍ക്ക് സം?ഗീതം നല്‍കാനായി ഞാന്‍ ഡമ്മി വരികള്‍ എഴുതുമായിരുന്നു. ഇത്തരത്തിലെഴുതിയ ഡമ്മി വരികളായിരുന്നു ശിവനേ എന്റെ ശിവനേ എന്നു തുടങ്ങുന്നത്.  വെറുതേ ഇത് ജീനിനെ കേള്‍പ്പിച്ചു. ഈ വരികള്‍ ആരെഴുതിയതാണെന്നാണ് ജീന്‍ ചോദിച്ചത്. ഞാന്‍ വെറുതേ എഴുതിയതാണെന്ന് പറഞ്ഞപ്പോള്‍ ചില കാര്യങ്ങള്‍ ഒന്ന് മാറ്റി എഴുതി നോക്കാന്‍ ജീന്‍ പറഞ്ഞു. അങ്ങനെയാണ് ഈ പാട്ട് ജനിച്ചത്.

ഈ പാട്ട് സുരാജേട്ടന്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഞെട്ടി. എന്നാല്‍ വളരെ പാഷനേറ്റായ നടനാണ് സുരാജേട്ടന്‍. അദ്ദേഹത്തിന്റെ ആ ഒരു ആത്മാര്‍ത്ഥത ഈ പാട്ടിലും കാണാനായി. ഓരോ വരികളായി പാടിച്ച് കറക്ട് ചെയ്താണ് റെക്കോഡിങ് ചെയ്തത്.  ഞാനും വളരെ ക്ഷമയോടെ ചെയ്ത പാട്ടാണിത്. 

പാട്ട് പോലെയല്ല പശ്ചാത്തല സംഗീതം

കുട്ടന്‍പിള്ളയുടെ  ശിവരാത്രിയില്‍ പശ്ചാത്തല സംഗീതവും ഞാന്‍ തന്നെ ചെയ്യണമെന്ന് ജീന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാനാണ്. ആദ്യമൊക്കെ ഒഴിഞ്ഞ് മാറാന്‍ കുറേ ശ്രമിച്ചു. അവസാനം എന്നെക്കൊണ്ട് ജീന്‍ സമ്മതിപ്പിച്ചു. 

പാട്ട് പോലെയല്ല പശ്ചാത്തല സംഗീതം ഓരോ സീനും കാണുമ്പോള്‍ ഒരുപാട് ചിന്തകള്‍ നമ്മുടെയുള്ളിലൂടെ പോകണം. ഇപ്പോള്‍  അടുത്ത് അമ്പലമുണ്ടെങ്കില്‍ അവിടെ നിന്നുള്ള ശബ്ദങ്ങള്‍ വേണം. ആ രംഗത്തിന് ഏറ്റവും  യോജിച്ച മൂഡ് ശബ്ദത്തിലൂടെ കൊണ്ടുവരണം. ഇത് ഭയങ്കരമായ സ്‌ട്രെയിനുള്ളതാണ്  ഒപ്പം വളരെ ചലഞ്ചിങ്ങുമാണ്. ഒരു കുട്ടിക്ക് ആദ്യമായി കളിപ്പാട്ടം ലഭിക്കുമ്പോഴുള്ള എക്‌സൈറ്റ്‌മെന്റോടെയാണ് ഞാനിത് ചെയ്യുന്നത്..

സ്വന്തം സംഗീതത്തില്‍ ഒരു പാട്ടും പാടി

ഈ ചിത്രത്തില്‍ പാടാനുള്ള യാതൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു. എന്നാല്‍ സുരാജേട്ടന്‍ പാടുന്ന പാട്ടിന്റെ വേറൊരു വേര്‍ഷന്‍ വേണമെന്ന് ജീന്‍ ആവശ്യപ്പെട്ടതിനാലാണ് ഒരു പാട്ടും പാടിയത്. 

സ്ത്രീ സംഗീത സംവിധായിക ആകുമ്പോള്‍

sayanora philip

സ്ത്രീ സംഗീത സംവിധായിക ആകുക എന്നത് കുറേ പ്രശ്‌നങ്ങളുള്ള കാര്യമാണ്. സമയത്തിന്റെ പരിമിധികളില്ലാതെ ജോലി ചെയുക എന്നത് ഒരു സംഗീത സംവിധായിക നേരിടുന്ന വെല്ലുവിളിയാണ്. ഞാന്‍ വളരെ ഹോം സിക്ക് ആയിട്ടുള്ള ഒരാളാണ്. വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നത് കുറച്ച് പ്രശ്‌നമുള്ള കാര്യമാണ്. അതിനാല്‍ തന്നെ വളരെയേറെ കഠിനാദ്ധ്വാനം ചെയ്താണ്  ഈ സിനിമയില്‍ സഹകരിച്ചത്.  

എന്തിനാണ് സയനോരയെ സംഗീത സംവിധായിക ആക്കിയത് എന്ന് പലരും ജീനിനോട് ചോദിച്ചു. എന്നാല്‍ അതിനൊക്കെ ജീന്‍ നല്‍കിയ മറുപടി എന്നെയും ഞെട്ടിച്ചു. അവളുടെ അപ്രോച്ച് വളരെ വ്യത്യസ്മാണ് എന്നാണ് ജീന്‍ പറഞ്ഞത്. ആ വിശ്വാസമാണ് ഞാന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നതും.