ലിയ സ്ക്രീനിലല്ല, കുഞ്ഞു സ്ക്രീനിലാണ് ശരത് ദാസ് നിറഞ്ഞുനിൽക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലാണ് ശരതിന് സ്ഥാനം കൂടുതൽ. ഭാഗവതത്തിലെ ശ്രീകൃഷ്ണനെ മുത്തശ്ശിമാർ മഹാഭാരതത്തിലെ നിതീഷ് ഭരദ്വാജിനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടു. ഭയഭക്തിബഹുമാനത്തോടെ കണ്ടു.  കുറച്ചുവേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും  എന്ന് എന്റെ സ്വന്തം ജാനകിക്കുട്ടിയിലെയും പത്രത്തിലെയും ദേവദൂതനിലെയുമെല്ലാം വേഷങ്ങൾ കൊണ്ട് സിനിമാ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടാൻ ശരതിന് കഴിഞ്ഞിട്ടുണ്ട്.  അഭിനയത്തില്‍ മാത്രം ഒരുങ്ങുന്ന ആളല്ല കഥകളിപ്പാട്ടുകാരൻ കലാമണ്ഡലം ഹരിദാസിന്റെ മകൻ ശരത്. നല്ല ഗായകനാണ്. മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. യാത്രാപ്രേമിയാണ്. ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. പറഞ്ഞുതീരാത്ത ഒരുപാട് വിശേഷങ്ങളുണ്ട് ശരതിന്  പങ്കുവയ്ക്കാൻ.

മാച്ച് ബോക്‌സിലെ അപ്പു

sarath das

മാച്ച് ബോക്സ് എന്ന ചിത്രത്തിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ശിവറാം മണിയാണ് സംവിധാനം ചെയ്യുന്നത്. യൂത്തിന് വേണ്ടിയുള്ള സബ്ജക്ടാണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍, കെന്നി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദം എന്ന സിനിമയിലെ വൈശാഖും റോഷനുമാണ് പ്രധാന കഥാപാത്രങ്ങള്‍. റോഷന്റെ കഥാപാത്രത്തിന്റെ ഏട്ടന്‍ വേഷത്തിലാണ് ഞാന്‍ എത്തുന്നത്. അപ്പു എന്നാണ് കഥാപാത്രത്തിന്റെ പേര്.

സിനിമയില്‍ എത്തിയത് അവിചാരിതമായി

sarath das

1993ല്‍ ഷാജി എൻ കരുണിന്റെ സ്വം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. എന്റെ പ്രീഡിഗ്രി കാലത്ത്. ഒരുപാട് പേര്‍ സിനിമയിലെത്താന്‍ ചാന്‍സ് കാത്ത് നില്‍ക്കുമ്പോള്‍ തീർത്തും അവിചാരിതമായിട്ടായിരുന്നു ഞാന്‍ സിനിമയിലെത്തിയത്. ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞു ഷാജി എന്‍ കരുണ്‍ സാറിന്റെ സിനിമയ്ക്കു വണ്ടി ഒരാള്‍ അച്ഛന്റെ ഫോട്ടോ എടുക്കാന്‍ വന്നിട്ടുണ്ടെന്ന്. 'എന്റെ ഫോട്ടോ എടുത്തു, അതില്‍ ഒരു മകന്റെ കഥാപാത്രം ഉണ്ട്. നിന്റെ ഫോട്ടോ കൂടെ വേണമെന്ന് പറയുന്നു'. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ആ സിനിമയ്ക്കുവേണ്ടി അച്ഛനെ നിര്‍ദ്ദേശിച്ചത്. അദ്ദേഹം ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്‌കെച്ച് നടത്തിയപ്പോള്‍ രാമയ്യ എന്ന കഥാപാത്രത്തിന് അച്ഛന്റെ ഛായ ഉള്ളപ്പോലെ തോന്നി. അങ്ങിനെയാണ് അച്ഛന് അവസരം ലഭിക്കുന്നത്. അതുവഴിയാണ് ഞാന്‍ ചിത്രത്തിൽ എത്തുന്നത്. 

എന്ന് സ്വന്തം ജാനകിക്കുട്ടി

സ്വം കഴിഞ്ഞ് സമ്മോഹനം, സ്നേഹദൂത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. കോഴിക്കോട്ട് വച്ചായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ്. എംടി സാറിനും ഹരിഹരന്‍ സാറിനും മുന്‍പില്‍ അഭിനയിച്ചു കാണിക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാലും എങ്ങിനെയൊക്കെയോ അഭിനയിച്ചു. ഒരുപാട് പേരില്‍ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. അതൊരു ഭാഗ്യമായി കരുതുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരുന്നു അത്. ഒരു വലിയ സ്‌കൂളില്‍ പഠിക്കുന്ന അനുഭവമായിരുന്നു. സിനിമ മനസ്സിലാക്കാന്‍ ലഭിച്ച ഒരു നല്ല അവസരമായിരുന്നു അത്. എംടി സാറും ഹരിഹരന്‍ സാറും സിനിമയ്ക്ക് വേണ്ടി നമ്മെ തിരഞ്ഞെടുക്കുന്നത് ഒരു വലിയ അംഗീകാരമാണ്. 

പത്രത്തിലെ ഇബ്‌നു

ജാനകിക്കുട്ടിക്ക് ശേഷമാണ് ഒരു വലിയ മുഖ്യധാരാ ചിത്രത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത്. മഞ്ജു വാര്യരും സുരേഷ് ഗോപിയും പ്രധാനവേഷത്തിലെത്തിയ ചിത്രം. അവിചാരിതമായാണ് പത്രത്തില്‍ അവസരം കിട്ടിയത്. ജോഷി സാറും രഞ്ജി പണിക്കര്‍ സാറും ഒരുമിച്ച ചിത്രമായിരുന്നു. ഇബ്നു എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. പാവം പിടിച്ച പയ്യന്‍. എന്നാല്‍ അമ്മയെ ചീത്തവിളിക്കുന്ന പോലീസുകാരെ അവന്‍ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്ന ഒരു സീനുണ്ട്. എനിക്ക് അത് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. എന്നാല്‍ അത് നന്നായി ചെയ്യാന്‍ പറ്റി. ഇപ്പോഴും ആ സിനിമയും കഥാപാത്രവുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍.

അച്ഛനായിരുന്നു ഗുരു

sarath das
കലാമണ്ഡലം വെണ്‍മണി ഹരിദാസ്

അച്ഛൻ ഒരു കഥകളി ഗായകനായിരുന്നു. കലാമണ്ഡലം വെണ്‍മണി ഹരിദാസ്. സംഗീതം പഠിച്ച് അച്ഛന്‍ മൃണാളിനി സാരാഭായിയുടെ ദര്‍പ്പണ ഡാന്‍സ് അക്കാദമിയില്‍ ചേര്‍ത്തു. അവിടുത്തെ പ്രധാന ഗായകനായിരുന്നു അച്ഛന്‍. എട്ട് വര്‍ഷക്കാലം അവിടെ ഉണ്ടായിരുന്നു. മല്ലികാ സാരാഭായിയുടെ അരങ്ങേറ്റത്തിന് പാടിയത് അച്ഛനായിരുന്നു. രവീന്ദ്ര സംഗീതവും അച്ഛനെ ഒരുപാട് സ്വാധീനിച്ചു. പിന്നീട് തിരുവനന്തപുരത്തെ മാര്‍ഗ്ഗി സംഗീത സ്‌കൂളിc  അദ്ധ്യാപകനായി. എനിക്ക് അച്ഛന്‍ സംഗീതവും അഭിനയവുമെല്ലാം പകര്‍ന്നു തന്നിട്ടുണ്ട്. ഞാന്‍ കുട്ടിക്കാലത്ത് മൃദംഗവും വയലിനുമെല്ലാം വായിച്ചിരുന്നു. അഭിനയ മേഖലയില്‍ അച്ഛന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കഥകളിയില്‍ പാടുമ്പോള്‍ കഥാപാത്രത്തിന്റെ ശബ്ദമാണ് ഗായകന്‍. നടന്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ പാട്ടിലൂടെ ഗായകന്‍ അത് പ്രകടിപ്പിക്കണം. അത് സങ്കടമാകട്ടെ സന്തോഷമാകട്ടെ, ദേഷ്യമാകട്ടെ. അതുകൊണ്ട് കഥകളി ഗായകര്‍ക്കും അഭിനയ സാധ്യതയുണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു.

സീരിയലുകളെ വിമര്‍ശിക്കുമ്പോള്‍

1994 ല്‍ എന്‍ മോഹനന്‍ സാറിന്റെ കഥകള്‍ ശ്രീകുമാരന്‍ തമ്പി സര്‍ സീരിയലൈസ് ചെയ്തിരുന്നു. അതില്‍ വിലാസിനി എന്ന കഥയിലൂടെയാണ് ഞാന്‍ ടിവിയില്‍ എത്തുന്നത്. 2000 ലാണ് മെഗാ സീരിയലില്‍ എത്തുന്നത്. മനസ്സ് എന്നായിരുന്നു സീരിയലിന്റെ പേര്. ഇതുവരെ സീരിയലില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു. സാമ്പത്തികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സീരിയലില്‍ എത്തിയത്. അന്ന് സീരിയലുകള്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയമാണ്. പിന്നെ പറയേണ്ട ഒരു വസ്തുതയുണ്ട്. സീരിയലില്‍ നല്ലതും ചീത്തയുമുണ്ട്. ചര്‍ച്ചകളിലൊക്കെ സീരിയലിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉയരാറുള്ളത്. എന്നാല്‍ എന്നോട് ചോദിക്കുന്നവരോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. സീരിയല്‍ കണ്ട് ആസ്വദിക്കുന്ന ഒരു വിഭാഗവുമുണ്ട്. ഇഷ്ടമല്ലാത്ത സീരിയല്‍ ഉണ്ടെങ്കില്‍ നമ്മള്‍ അത് കാണരുത്, പ്രോത്സാഹിപ്പിക്കരുത്. ആ ചാനല്‍ മാറ്റുകയാണെങ്കില്‍ റേറ്റിങ്ങിൽ അറിയാം. അപ്പോള്‍ കൂടുതല്‍ നല്ല പ്രോഡക്ടുകൾ ജനങ്ങളിലെത്തിക്കാന്‍ സംവിധായകരും ചാനല്‍ മേധാവികളും നിര്‍ബന്ധിതരാകും. എംടി സാര്‍ അടക്കമുള്ളവരുടെ കഥകളിലെ കഥാപാത്രങ്ങള്‍ സീരിയലില്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹം. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ചിന്തിക്കുമ്പോള്‍ റേറ്റിങ്ങിന് അനുസരിച്ച് സീരിയല്‍ ചെയ്യാന്‍ പലരും നിര്‍ബന്ധിതരാകും. 

നല്ലകുട്ടി ഇമേജ് വേണ്ട, വില്ലനാകാനും തയ്യാര്‍

വില്ലന്‍ വേഷം ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ട്. എന്റെ ഭാര്യ പറയാറുണ്ട് ഈ ലോകത്ത് ശരിക്കും വില്ലനാകാന്‍ പറ്റുന്ന വ്യക്തി ഞാനാണെന്ന്. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മാന്യനായി നിന്ന് ദേഷ്യം മുഴുവന്‍ എന്നോടാണല്ലോ എന്ന് ഭാര്യ പറയാറുണ്ട്. ടെലിവിഷന്‍ സീരിയലില്‍ വില്ലനാകാന്‍ എനിക്ക് പേടിയുണ്ട്. എന്നാല്‍ സിനിമകളില്‍ എനിക്ക് വില്ലാനാകാന്‍ താല്‍പര്യമുണ്ട്. 

കൃഷ്ണവേഷം നല്‍കിയ പ്രതികരണം

ശ്രീകൃഷ്ണവേഷം കെട്ടിയത് ജീവിതത്തില്‍ തന്നെ ഒരുപാട് രസകരമായ സംഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ  ഉദ്ഘാടനത്തിനും മറ്റുപരിപാടികള്‍ക്കും വേണ്ടി പോകുമ്പോല്‍ കൃഷ്ണവേഷം കെട്ടിവരാന്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പലങ്ങളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ മുത്തശ്ശിമാര്‍ക്ക് പലപ്പോഴും എന്റെ കയ്യില്‍ നിന്ന് ചന്ദനം വേണമെന്ന് പറയാറുണ്ട്. കാലില്‍ വീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്. കൃഷ്ണവേഷം ചെയ്തത് ഭാഗ്യമായി കരുതുന്നു. 

ഡബ്ബിങ് നല്‍കിയ ഭാഗ്യങ്ങള്‍

sarath das

കമല്‍ സാറാണ് എന്നെ ഡബ്ബിങ്ങിന് ആദ്യം വിളിക്കുന്നത്. നമ്മള്‍ എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥ് ഭരതന് ശബ്ദം നല്‍കിയാണ് ഞാന്‍ ഡബ്ബിങ് ലോകത്തെത്തിയത്. നല്ല പ്രതികരണം ലഭിച്ചു. സിദ്ധാര്‍ത്ഥ് വിളിച്ച് അഭിനന്ദിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമായി ലഭിക്കുന്നത് അച്ചുവിന്റെ അമ്മയിലാണ്. ചിത്രത്തില്‍ നരേന് ശബ്ദം നൽകിയത്  ഞാനായിരുന്നു. പിന്നീട് അന്യഭാഷാ ചിത്രങ്ങളുള്‍പ്പെടെ നൂറ്റി ഇരുപതോളം സിനിമകളില്‍ ഡബ്ബ് ചെയ്തു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഇടവപ്പാതിക്കു വേണ്ടിയാണ് ഇയ്യിടെ ശബ്ദം നല്‍കിയത്. സിദ്ധാര്‍ത്ഥ് ലാമക്ക് വേണ്ടി. മലയാളത്തില്‍ മാത്രമല്ല, ടിബറ്റൻ ഭാഷയിലും ഡബ്ബ് ചെയ്തു. ലാമമാരുടെ സഹായത്തോടെയാണ് ടിബറ്റൻ ഭാഷ സംസാരിച്ചത്. 2015ല്‍ വീണ്ടും ഡബ്ബിങ്ങിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. 

മഞ്ജുവും ഞാനും.. ഞങ്ങളുടെ യാത്രകളും

sarath das

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അമ്മ സരസ്വതി ഹരിദാസ്, അനിയന്‍ ഹരിത് ദാസ്, പിന്നെ ഭാര്യ മഞ്ജു, മക്കളായ വേദ ശരത്, ധ്യാന ശരത് എന്നിവരാണ് കുടുംബാംഗങ്ങള്‍. മഞ്ജു സീനിയര്‍ ഓഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. അഭിനയം കഴിഞ്ഞാല്‍ ഏറെ ഇഷ്ടം യാത്രയാണ്. ഷൂട്ടിങ്ങിന്റെയും മറ്റ് പരിപാടികളുടെയും ഭാഗമായി ഞാന്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.

sarath das

മറക്കാന്‍ കഴിയാത്ത യാത്ര കഴിഞ്ഞ ജനുവരിയില്‍ ഭാര്യക്കൊപ്പം സ്‌പെയിനില്‍ പോയതാണ്. ഞങ്ങളുടെ വിവാഹത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് പോയതായിരുന്നു. ലീഗ് മാച്ചുകള്‍ കൃത്യമായി കാണുന്ന ആളാണ് ഭാര്യ മഞ്ജു. അവളുടെ വലിയ സ്വപ്‌നമായിരുന്നു സ്‌പെയില്‍ പോയി നെയ്മറിന്റെയും മെസിയുടേയും കളി കാണണമെന്നത്. കാമ്പ് നൗ സ്റ്റേഡിയത്തിലിരുന്ന് ഞങ്ങള്‍ ബാഴ്‌സയുടെ കളി കണ്ടു. സുവാരസിനെയും മെസ്സിയെയും നേരിട്ട് കാണാന്‍ കഴിഞ്ഞു.