ബോർഷൻ പാപമാണോ? പ്രസവിക്കേണ്ടെന്ന തീരുമാനം സ്ത്രീകൾ മാത്രം എടുത്താൽ മതിയോ? അതിൽ പുരുഷന്മാർക്ക് യാതൊരു അഭിപ്രായവുമില്ലേ? സ്ത്രീയുടെ ശരീരം സ്ത്രീയുടെ മാത്രം അവകാശമാണോ? ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ഓടിടി റിലീസായി പുറത്തിറങ്ങിയ 'സാറാസ്' എന്ന കൊച്ചു ചിത്രം തൊടുത്തു വിട്ട ചർച്ചകളിൽ ചിലതാണിത്. കൗമാരക്കാലത്തിലെ താൻ പ്രസവിക്കില്ലെന്ന തീരുമാനമെടുത്ത സാറയുടെ കഥയാണിത്, വാനോളം പോന്ന തന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ലാത്ത കുഞ്ഞെന്ന 'തടസം' വന്നപ്പോൾ അതിനെ 'വേണ്ടെന്ന് വയ്ക്കാൻ' തീരുമാനമെടുത്ത സാറയുടെ കഥ. മികച്ച അഭിപ്രായം ചിത്രം നേടിയെങ്കിലും ചിലർക്കെങ്കിലും സാറ സ്വാർഥയും കൊലപാതകിയുമായി, ഒപ്പം അവളെ പിന്തുണച്ചവരും. ചർച്ചകൾ ചൂട് പിടിക്കുമ്പോൾ നിലപാട് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിനിൽ പിജി ചെയ്യുന്ന അക്ഷയിന്റെ സിനിമാ അരങ്ങേറ്റം ആകസ്മികമായിട്ടായിരുന്നു. ശക്തമായ പ്രമേയവുമായെത്തിയ ചിത്രം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വിമർശനവും ഉയരുന്ന വേളയിൽ അക്ഷയ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.

സാറാസിലെത്തിയ 'ആന്റി ക്ലൈമാക്സ്'

കഴിഞ്ഞ ലോക്ഡൗണിൽ ആകസ്മികമായി സംഭവിച്ച കാര്യമാണത്. എംബിബിഎസ് കഴിഞ്ഞ ശേഷം പിജി എക്സാമൊക്കെ എഴുതിയിരിക്കുന്ന സമയമാണ്. ആ സമയത്താണ് ബോറഡിച്ചിരിക്കുന്ന സമയത്ത് ക്രിയാത്മകമായി നമുക്കെന്തെങ്കിലും ചെയ്യാം, നിങ്ങളുടെ കയ്യിൽ നല്ല കഥകളുണ്ടെങ്കിൽ എനിക്ക് അയച്ചു തരൂ എന്ന് പറഞ്ഞു കൊണ്ടുള്ള ജൂഡ് സാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത്. അങ്ങനെയാണ് പണ്ടെങ്ങോ ആലോചിച്ച് വച്ചിരുന്ന ത്രെഡ് സാറിന് അയച്ച് കൊടുക്കുന്നത്. സർ അത് കണ്ട് വിളിക്കുമെന്നൊന്നും പ്രതീക്ഷയേ ഇല്ലായിരുന്നു. പിന്നീട് ഒരു എട്ട് ദിവസം കഴിഞ്ഞപ്പോൾ സാറിന്റെ മെയിൽ എനിക്ക് വന്നു. ത്രെഡ് ഇന്ററസ്റ്റിങ്ങ് ആണ് തിരക്കഥ പൂർത്തിയായതാണോ എന്ന് ചോദിച്ച്. ആ സമയത്ത് തിരക്കഥ ഒന്നും എഴുതിയിട്ടില്ലായിരുന്നു. അത് പറഞ്ഞാൽ പിന്നീട് ഒരു അവസരം ലഭിച്ചില്ലെങ്കിലോ എന്ന് കരുതി എഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അത് പൂർത്തീകരിച്ച് അറിയിക്കാൻ സാറും പറഞ്ഞു.

പിറ്റേന്ന് തന്നെ പേപ്പറും പേനയുമെടുത്ത് എഴുത്തിലേക്ക് കയറി. ഒരു മാസം കൊണ്ട് തിരക്കഥ എഴുതി സാറിന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ടെന്നും നമുക്കത് ചെയ്യാം എന്നും പറഞ്ഞ് സർ എന്നെ വിളിക്കുകയും ചെയ്തപ്പോൾ സ്വർഗലോകത്ത് എത്തിയ പ്രതീതി ആയിരുന്നു. എന്നാലും വലിയ ക്രൂവും മറ്റും വേണ്ട കുറച്ച് വലുതായി തന്നെ എടുക്കേണ്ട ചിത്രമായത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങൾ മാറാതെ എടുക്കാനാവില്ലെന്നും സർ  അറിയിച്ചു. അങ്ങനെ വീണ്ടും കാത്തിരുപ്പായി. എന്റെ ഭാഗ്യത്തിന് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ സാറെന്നെ വീണ്ടും വിളിച്ചു. നമുക്ക് ഈ സമയത്ത് ചെയ്യാൻപറ്റുന്ന ചെറിയ ഏതെങ്കിലും സബ്ജക്ട് ഉണ്ടായെന്ന് ചോദിച്ചു. അന്ന് ഞാൻ പറഞ്ഞ രണ്ട് മൂന്ന്  സബ്ജക്ടുകളിൽ ഒന്നാണ് സാറയുടെ കഥ.

സാറയുടെ കഥ കണ്ടെത്തുന്നത്

ജൂഡ് സാർ എന്നോട് ചെറിയ സബ്ജക്ട് ആവശ്യപ്പെട്ട സമയത്ത് ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തകമായിരുന്നു സുഭാഷ് ചന്ദ്രന്റെ സമുദ്രശില. അത് ഒരു അമ്മ‌യുടെ കഥയാണ്.  സെറിബ്രൽ പാൽസിയുള്ള കൗമാരക്കാരനായ ഒരു മകന്റെ അമ്മ. ഒറ്റയ്ക്ക് വയ്യാത്ത മകനെയും സ്വന്തം അമ്മയെയും ശുശ്രൂഷിക്കുന്ന, പരിപാലിക്കുന്ന അമ്മ. അവരുടെ കഥയാണ് പുസ്തകത്തിന്റെ ആദ്യ പകുതി. വേറൊരു സ്വകാര്യ ജീവിതം ആ സ്ത്രീക്ക് ഇല്ല. ഭയങ്കര ദുരന്തമാണ് ആ ജീവിതം. ഇതിന്റെയൊക്കെ ലളിതമായ പതിപ്പാണല്ലോ നമ്മുടെയൊക്കെ വീട്ടിലെ അമ്മമാരുടെ ജീവിതം എന്ന ചിന്ത എനിക്കുണ്ടായിരുന്നു.

സ്വയം സ്നേഹിക്കാൻ സമയം കണ്ടെെത്താതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരാണവർ. അങ്ങനെയൊരു ത്യാഗത്തിന് ഇന്നത്തെ കാലത്തെ പെൺകുട്ടി തയ്യാറായില്ലെങ്കിൽ നമുക്കവരെെ കുറ്റം പറയാനാകില്ലല്ലോ... ഞങ്ങൾ പുരുഷന്മാർ അതിന് തയ്യാറാവാറില്ല. അതിൽ ആർക്കും പ്രശ്നവുമില്ല. ഒരു ആൺകുട്ടി 25 വയസായിട്ടും കല്യാണം വേണ്ടെന്ന് പറഞ്ഞാൽ അതത്ര വലിയ വിഷയമാകാറില്ല. എന്നാൽ കരിയർ സ്വപ്നങ്ങളുള്ള ഒരു 25 കാരി പെൺകുട്ടിയാണ് അങ്ങനെ പറയുന്നതെങ്കിൽ അവിടെ ഭൂകമ്പം സംഭവിക്കും. ആ ചിന്തയാണ് സാറാസിലെത്തിച്ചത്.

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത നായിക

ജൂഡ് സാറിന്റെ തന്നെ ഓം ശാന്തി ഓശാനയിൽ ഒരു രംഗമുണ്ട്. നായികയായ നസ്രിയ ഒരു ഹോട്ടലിൽ ഇരിക്കുന്ന സമയത്ത് അവളുടെ തലയിലെ ക്ലിപ്പ് ഒരു ചെറിയ കുട്ടി ഊരിയെടുക്കാൻ നോക്കുന്നതും നസ്രിയ ആ കുട്ടിയോട് ചൂടാകുന്നതും. സത്യത്തിൽ തീയേറ്ററിൽ വലിയ കൈയ്യടി കിട്ടിയ രംഗമാണത്. അന്ന് വരെ നമ്മൾ കണ്ട നായികമാരൊക്കെ കുട്ടികളെ കൊഞ്ചിക്കുന്നവരൊക്കെയാണ്. കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത നായികമാരൊക്കെ അടക്കവും ഒതുക്കവും ഇല്ലാത്ത, വില്ലത്തികളായിരുന്നു. ഈ രംഗവും എന്റെ ചിന്തകളും ഒന്നിപ്പിച്ച് ഞാൻ സാറിനോട് പറയുകയായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്താണ് തനിക്ക് പ്രസവിക്കേണ്ടെന്ന് സാറ തുറന്നു പറയുന്നത്. ആ രംഗം തന്നെയാണ് സാറിനോട് പറയുന്നതും.

നിയമവിധേയമല്ലാത്തതൊന്നും സാറാസിൽ ഇല്ല

സിനിമ ചെയ്യുന്ന സമയത്തേ വിമർശനങ്ങൾ മുന്നിൽ കണ്ടിരുന്നു. ആദ്യമൊക്കെ നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. മലയാളികൾ ഏറെ പുരോഗമിച്ചിട്ടുണ്ടെന്നാണ് ആദ്യം വന്ന പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. നമ്മുടെ നാട്ടിൽ നിയമവിധേയമല്ലാത്തതൊന്നും ഞങ്ങൾ സിനിമയിൽ കാണിച്ചിട്ടില്ല. സമൂഹത്തിന്റെ സദാചാര ചിന്തകളെക്കുറിച്ച് ഓർത്ത് ജീവിക്കരുത് ആരും. അവനവന്റെ സന്തോഷത്തിന് അവനവന്റെ പങ്കാളിയുടെ മാതാപിതാക്കളുടെ സ്നേഹത്തിന് സന്തോഷത്തിന് വേണ്ടിയാവണം ജീവിക്കേണ്ടത്. നമുക്ക് നമ്മുടെ സന്തോഷം തന്നെയാവണം വലുത്.  

തീരുമാനം സ്ത്രീകളുടേത്

ഒരു ഡോക്ടർ എന്ന അല്ലെങ്കിൽ ഒരു മെഡിക്കൽ വിദ്യാർഥി എന്ന നിലയിൽ തന്നെയാണ് ഈ സബ്ജക്ട് ഞാൻ എടുത്തത്. സമൂഹം സംസാരിക്കാൻ മടിക്കുന്ന, അംഗീകരിക്കാൻ മടിക്കാണിക്കുന്ന ഒരു വിഷയം ആണിത്. സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ നാലാമത്തെയോ അഞ്ചാമത്തെയോ ഗർഭം പേറുന്ന കഥാപാത്രമുണ്ട് ചിത്രത്തിൽ. ഭർത്താവ് സമ്മതിക്കാത്തതിന്റെ പേരിൽ പ്രസവം നിർത്താൻ സാധിക്കാതെ നിസഹായാവസ്ഥയിൽ നിൽക്കുന്ന സ്ത്രീ. ഞാൻ ലേബർ റൂമിലും മറ്റും കണ്ടിട്ടുള്ള ജീവിതങ്ങളാത്. സ്വയം മരിക്കണമെന്ന് ആഗ്രഹിച്ച് ഒരു സ്ത്രീയും പ്രസവിക്കാൻ തയ്യാറാവില്ലല്ലോ. എന്നാൽ അത് വേണ്ടെന്ന് വയ്ക്കാൻ, തുറന്ന് പറയാൻ സമൂഹം അവസരം കൊടുക്കാത്ത സ്ത്രീകളെ കണ്ടിട്ടുണ്ട് ഞാൻ. അങ്ങനെയുള്ള ആളുകൾക്ക് സാറയുടെ കഥ അംഗീകരിക്കാനാവുന്നുണ്ട്. അത് സംബന്ധിച്ച് നിരവധി സന്ദേശങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് നൂറ് ശതമാനം സ്ത്രീകളുടെ തീരുമാനമാണ്, പുരുഷന്മാർക്ക് യാതൊരു അഭിപ്രായവും പറയാനുള്ള അവകാശം ഇവിടെ ഇല്ല.

Content Highlights : Saras Movie Script Writer Akshay Interview Jude Anthany Jospeh Anna Ben Sunny Wayne  
 


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്