ബ്ലാക്ക് ആന്റ് വെെറ്റ് സിനിമയുടെ കാലത്ത് അധോലോക നായകനായും ക്രൂരനായ വില്ലനായും വേഷമിട്ട നടൻ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളത് കൊണ്ടായിരിക്കണം നസീർ, വിജയശ്രീ, ജയഭാരതി തുടങ്ങി ഒട്ടനവധി താരങ്ങളുടെ അച്ഛനായും അമ്മാവനായും വേഷമിട്ടു. 1980-കളുടെ അവസാനത്തിലും 90-കളിലും തറവാട്ട് കാരണവരായും രാഷ്ട്രീയ നേതാവായും വക്കീലായും  മരുമക്കൾക്ക് പാരവയ്ക്കുന്ന അമ്മാവനായും, അങ്ങനെ ഏതു വേഷം ചെയ്താലും ജീവിതത്തിൽ നമുക്കടുത്തറിയാവുന്ന ഏതോ ഒരാളെന്ന അനുഭവമുണർത്താൻ ആ നടന് കഴിഞ്ഞു. നാടകവേദികളിൽ രാകി മിനുക്കിയ ആ അഭിനമികവിന് പരുപരുത്ത ശബ്ദവും രസകരമായ ചിരിയും മിഴിവേകി. തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്റെയും ഗ്രാമീണതയുടെയും നിഷ്‌കളങ്കതയുടെയും ഭാവങ്ങൾ പകർന്നു നൽകിയ ശങ്കരാടിയെന്ന പ്രതിഭ വിടപറഞ്ഞ് 20 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ദീർഘകാലം മലയാള സിനിമയിൽ ഫാസിലിനൊപ്പവും സിദ്ദിഖ്- ലാലിനൊപ്പവും സംവിധാന സഹായിയായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചട്ടുള്ള ബാബു ഷാഹിർ.

'പപ്പയുടെ സ്വന്തം അപ്പൂസ്, ​ഗോഡ്ഫാദർ, അനിയത്തിപ്രാവ്, വിയറ്റ്നാം കോളനി, നമ്പർ വൺ സ്നേഹതീരം ബാം​ഗ്ലൂർ നോർത്ത് തുടങ്ങിയ ചിത്രങ്ങളിലാണ് ഞാൻ ശങ്കരാടിയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളത്. ശങ്കരാടി ചേട്ടൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന സ്നേഹവും ദേഷ്യവും സന്തോഷവുമെല്ലാം മറയില്ലാതെ പ്രകടിപ്പിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു ശങ്കരാടി ചേട്ടൻ ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിന്നീട് കോമഡിയിലേക്ക് ചുവടുമാറിയപ്പോൾ സത്യൻ അന്തിക്കാടിന്റെയും ഫാസിൽ സാറിന്റെയും പ്രിയദർശന്റെയും സിദ്ദിഖ്-ലാലിന്റെയും സിനിമകളിൽ സ്ഥിരസാന്നിധ്യമായി. അതുകൊണ്ടു തന്നെ എനിക്കും അദ്ദേഹത്തോടൊപ്പം കുറച്ച് സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.' 

​ഗോഡ്ഫാദറും ക്ലെെമാക്സിലെ കോമഡിരം​ഗവും

ശങ്കരാടി ചേട്ടന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോൾ എന്റെ മനസ്സിൽ  പ്രധാനമായും മൂന്ന് സിനിമകളിലെ രം​ഗങ്ങളാണ് കടന്നു വരുന്നത്. ​ഗോഡ് ഫാദർ, പപ്പയുടെ സ്വന്തം അപ്പൂസ്, വിയറ്റ് നാം കോളനി. ​ഗോഡ് ഫാദറിൽ അദ്ദേഹം അവതരിപ്പിച്ചത് വക്കീൽ കഥാപാത്രത്തെയാണ്. സിനിമയുടെ ക്ലെെമാക്സ് രം​ഗങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ശങ്കരാടി ചേട്ടന്റെ പ്രകടനമാണ്. ഇന്നും ഞാനത് വ്യക്തമായി ഓർക്കുന്നു. 

കോഴിക്കോട്ടെ വെസ്റ്റിഹില്ലിലുള്ള ഒരു ​ഗസ്റ്റ് ഹൗസിലും മീഞ്ചന്തയിലെ കല്യാണമണ്ഡപത്തിലും വച്ചായിരുന്നു ആ രം​ഗങ്ങൾ ചിത്രീകരിച്ചത്. സിദ്ദിഖ്-ലാൽ മിമിക്രി ചെയ്തിരുന്ന കാലത്ത് പരീക്ഷിച്ച ഒരു സ്കിറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ രം​ഗമായിരുന്നു അത്. നന്നായി ചെയ്തില്ലെങ്കിൽ പാളിപ്പോകാവുന്ന ഒരു സീൻ. സ്കിറ്റിൽ ചെയ്യുമ്പോൾ പ്രേക്ഷകർ അതിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല. എന്നാൽ സിനിമയിൽ വരുമ്പോൾ അങ്ങനെയല്ലല്ലോ. നന്നാകുമോ എന്ന് ഉറപ്പില്ലാതെയാണ് ഷൂട്ടിങ് ആരംഭിച്ചത്. ശങ്കരാടി ചേട്ടനും ഇന്നസെന്റിനും ജ​ഗദീഷിനും സീൻ പറഞ്ഞു കൊടുത്തു. ഏറ്റവും വലിയ വെല്ലുവിളി ശങ്കരാടി ചേട്ടനായിരുന്നു. കാരണം തലയ്ക്ക് അടികൊണ്ടു ബോധം പോയ ഒരാൾക്ക് യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല. പക്ഷേ ശങ്കരാടി ചേട്ടൻ തകർത്തഭിനയിച്ചു, ഇടയ്ക്ക് മുഖം താണുപോകുന്നതും സി​ഗരറ്റ് വലിക്കുന്നതുമെല്ലാം അതിഗംഭീരമായി ചെയ്തു. ശങ്കരാടി ചേട്ടനെയല്ലാതെ മറ്റാരെയെങ്കിലും സങ്കൽപ്പിച്ച് നോക്കൂ. ആർക്കും ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല. സിനിമ പുറത്തിറങ്ങിയ ശേഷം പലരും ഞങ്ങളോട് ചോദിച്ചിരുന്നു. ആ സീൻ ചെയ്യുമ്പോൾ ശങ്കരാടിച്ചേട്ടന്റെ ബോധം ശരിക്ക് പോയിരുന്നോ എന്ന്. 

പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂട്ടി ശങ്കരാടി ചേട്ടന്റെ ചെവിക്ക് പിടിക്കുന്ന ഒരു സീനുണ്ട്. അപ്പൂസിനെ മഴയത്ത് കളിക്കാൻ വിട്ടതിന്റെ ദേഷ്യത്തിൽ ശകാരിക്കുന്ന ഒരു രം​ഗമായിരുന്നു അത്. മമ്മൂക്ക ചെവിയ്ക്ക് പിടിക്കുമ്പോൾ ശങ്കരാടിച്ചേട്ടന്റെ മുഖത്ത് വരുന്ന ഭാവപ്രകടനമുണ്ട്. വേദന കൊണ്ട് ശരിക്കും തല വെട്ടിക്കുന്നത് പോലെ തോന്നിപ്പോകും. വിയറ്റ്നാം കോളനിയിൽ ഭ്രാന്തുള്ള ഒരാളുടെ വേഷമാണ് ചെയ്തത്. എന്റെ കയ്യിൽ എല്ലാത്തിനും രേഖയുണ്ടെന്ന് പറഞ്ഞ് കയ്യിലെ രേഖ കാണിച്ചു കൊടുമ്പോഴാണ് അയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് മോഹൻലാൽ തിരിച്ചറിയുന്നത്. ആ സീനിൽ‌‍ ശങ്കരാടിച്ചേട്ടന്‌റെ കയ്യിൽ മാത്രം ക്യാമറ ഫോക്കസ് ചെയ്യാനാണ് വിചാരിച്ചിരുന്നത്. പക്ഷേ അതിൽ അദ്ദേഹത്തിന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടപ്പോൾ ഷോട്ട് മാറ്റിയെടുക്കുകയായിരുന്നു. 

നാടകക്കളരിയിൽ മിനുക്കിയെടുത്ത അഭിനയശെെലി

ശങ്കരാടിയെപ്പോലുള്ള ആർട്ടിസ്റ്റുകളോട് എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണമെന്നൊന്നും വിശദീകരിക്കേണ്ടി വരാറില്ല. സീൻ എന്താണെന്ന് പറഞ്ഞു കൊടുക്കും. ബാക്കിയുള്ളതെല്ലാം അവർ അവരുടെ കയ്യിൽനിന്ന് ഇട്ടോളും. നാടകക്കളരിയിൽ അഭിനയിച്ച് തെളിഞ്ഞാണ് പലരും അന്നത്തെ കാലത്ത് സിനിമയിലെത്തുന്നത്. മാത്രവുമല്ല, ബ്ലാക്ക് ആന്റ് വെെറ്റ് സിനിമയുടെ കാലഘട്ടത്തിൽ ഹാസ്യരം​ഗങ്ങൾക്കുള്ള ഡയലോ​ഗ് സ്ക്രിപ്റ്റില്‍ പോലും എഴുതില്ലത്രേ. ബഹദൂർ സീൻ, അടുർ ഭാസി സീൻ, ശങ്കരാടി സീൻ എന്ന് മാത്രം എഴുതും. മനോധർമ്മത്തിന് അനുസരിച്ച് അവർ കോമഡി സീൻ പൊലിപ്പിക്കും. ഷൂട്ടിങ് ഇടവേളകളിൽ ശങ്കരാടി ചേട്ടൻ ഒരുപാട് കഥകൾ പങ്കുവയ്ക്കുമായിരുന്നു.  അന്ന് ഇന്നത്തെ പോലെ കാരവനൊന്നും ഇല്ലാത്തതിനാൽ വെറുതേ ഇരിക്കുന്ന സമയത്ത് ഒരുമിച്ച് കൂടിയിരുന്ന് സംസാരവും ബഹളവുമൊക്കെയാണ്. 

ശങ്കരാടിച്ചേട്ടന്റെ ദേഷ്യവും പിശുക്കും....

പ്രായമേറിയതിന് ശേഷമാണ് ശങ്കരാടിച്ചേട്ടൻ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് മക്കളില്ല, ധാരാളം സ്വത്തുണ്ട്. ഞാൻ അദ്ദേഹത്തോട് വെറുതേ തമാശയായി ചോദിക്കുമായിരുന്നു, 'ചേട്ടാ കുറേ സ്വത്തില്ലേ, അനന്തരവകാശികളുമില്ല. കുറച്ച് ഭൂമി എനിക്ക് എഴുതി തന്നൂടെ' എന്ന്. അത് കേൾക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം വരും, 'അയ്യടാ, അങ്ങനെ ഞാൻ ഉണ്ടാക്കിയത് നീ കൊണ്ടുപോയി തിന്നണ്ട' എന്ന് പറഞ്ഞ് മുഖംകോട്ടി തിരിഞ്ഞിരിക്കും. ആ ദേഷ്യം കാണാൻ വേണ്ടി ഇടയ്ക്കിടെ അത് പറയുമായിരുന്നു.

ശങ്കരാടിച്ചേട്ടന്റെ പിശുക്ക് പ്രശസ്തമാണ്. പത്ത് പെെസ പോലും ഒരാൾക്ക് കൊടുക്കില്ലെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഒരിക്കൽ ഒരു ചിങ്ങം ഒന്നിന് എന്നെ അടുത്ത് വിളിച്ച് 10 രൂപ കെെനീട്ടം തന്നു. ഞാനത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. 'ശങ്കരാടിച്ചേട്ടൻ പെെസ തന്നോ, എന്നാൽ കാക്ക മലർന്നു പറക്കുമെന്നാ'യിരുന്നു അവരുടെ പ്രതികരണം. 

ഓർമകൾ മങ്ങിത്തുടങ്ങിയപ്പോൾ.....

അവസാനകാലമായപ്പോൾ അദ്ദേഹത്തിന്റെ ഓർമ മങ്ങിത്തുടങ്ങിയിരുന്നു. ചിത്രീകരണത്തിനിടെ അറിയാതെ ഫ്രെയിം വിട്ട് പുറത്ത് പോകും. പിന്നെ റിടേക്ക് എടുക്കും. അതുകൊണ്ട് ആ സമയത്ത് തന്നെ ആരും അഭിനയിക്കാൻ വിളിച്ചില്ലെങ്കിലോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമാ മാസികകളിൽ പുതിയ സിനിമകളുടെ വാർത്തകൾ കണ്ടാൽ അദ്ദേഹം  ഫോൺ വിളിക്കും, ബാബു എനിക്ക് വേഷമുണ്ടോ എന്ന് ചോദിച്ച്. ഇല്ലെന്ന് പറഞ്ഞാൽ കൊച്ചുകുട്ടികളെപ്പോലെ പിണങ്ങി നിൽക്കും. 

മലയാള സിനിമയിൽ ശങ്കരാടിയെക്കൂടാതെ തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, ഫിലോമിന, കുതിരവട്ടം പപ്പു തുടങ്ങിയ പ്രതിഭകൾ അരങ്ങു തകർക്കുന്ന കാലത്താണ് ഞാൻ സിനിമയിൽ പ്രവർത്തിച്ചത്. സിനിമ തന്ന പ്രശസ്തിയേക്കാൾ ഞാൻ കൂടുതൽ വില മതിക്കുന്നത് ഇവർക്കൊപ്പം ജോലി ചെയ്ത ഓർമകളെയാണ്.

Content Highlights: Sankaradi, Remembering Versatile actor Malayalam Cinema, Ever greem Comedy, God Father