ക്വീന്‍ എന്ന സിനിമയിലെ ചിന്നുവായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സിനിമകളേക്കാള്‍ സാനിയയെ പ്രശസ്തയാക്കിയത് ട്രോളുകളാണ്. പരിഹാസങ്ങളോട് ഒട്ടും അസഹിഷ്ണുത കാണിക്കാതെ അവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നതില്‍ മടികാണിക്കാത്തതാണ് സാനിയയുടെ വിജയം. അതിനിടെ ജനപ്രിയ വെബ് സീരീസായ കരിക്കിലെ ലോലന്റെ കാമുകിയായ അശ്വതി അച്ചുവായി സാനിയ എത്തിയത് പ്രേക്ഷകരെ ഞെട്ടിച്ചു.

ഫോണിലൂടെ ലോലന്‍ പ്രണയിക്കുന്ന അശ്വതി അച്ചു താനാണെന്ന് പറഞ്ഞ് പല പെണ്‍കുട്ടികളും അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നു (ടിക്ക് ടോക്കില്‍). അതിനെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് സാനിയ. സാനിയ ഇനി വെറും ചിന്നുവല്ല അല്‍-അച്ചു എന്നാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ വിശേഷിപ്പിക്കുന്നത്. ക്വീനിനും പ്രേതം 2 വിനുമെല്ലാം ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സാനിയ. ചിത്രം വ്യാഴാഴ്ച തിയ്യറ്ററുകളിലെത്തുമ്പോള്‍ പ്രതീക്ഷയിലാണ് താരം.

ലൂസിഫര്‍

ലൂസിഫര്‍ ഞാന്‍ ചെയ്ത രണ്ടാമത്തെ ചിത്രമാണ്. ക്വീന്‍ വന്നതിന് ശേഷം ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ച ചിത്രമാണിത്. രാജുവേട്ടന്‍ (പൃഥ്വിരാജ്) ഒരു നല്ല അധ്യാപകൻ കൂടിയാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ലൂസിഫറില്‍ എനിക്ക് കുറച്ച് സീനുകള്‍ മാത്രമേയുള്ളൂ. എന്നിരുന്നാലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു.

ക്വീനിലെ ചിന്നുവില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. വളരെ പ്രധാനപ്പെട്ട വേഷമാണ്. ചിത്രത്തില്‍ മഞ്ജുച്ചേച്ചിയുടെ മകളുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ എനിക്കിപ്പോള്‍ കഴിയില്ല. ഇനി പ്രേക്ഷകര്‍ കാണട്ടെ, വിലയിരുത്തട്ടെ.

കരിക്കിലെ അശ്വതി അച്ചു

കരിക്ക് വെബ് സീരീസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല അതിലെ ലോലന്റെ കടുത്ത ആരാധികയുമാണ്. കരിക്കിന്റെ ടീം സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പ് ഇതിൽ ഭാഗമാകാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. അന്ന് ഞാനത് കണ്ടില്ല. ഈയടുത്ത് കരിക്കിന്റെ ഒരു എപ്പിസോഡില്‍ എന്നെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു എപ്പിസോഡില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ലോലന്റെ ഫാന്‍ ആയതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്. ഷൂട്ടിങ്ങിന് രണ്ട് ദിവസം മുന്‍പാണ് എല്ലാം തീരുമാനിച്ചത്. എല്ലാം പെട്ടന്നായിരുന്നു. അവരുടെ ഒരു പ്രധാന എപ്പിസോഡില്‍ തന്നെ ഇത്രയും നല്ലൊരു കഥാപാത്രത്തെ നല്‍കിയതിന് ഞാന്‍ കരിക്ക് ടീമിനോട് നന്ദി പറയുന്നു.

ട്രോളന്‍മാരോട് നന്ദി...

സിനിമയില്‍ അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടേറിയ പരിപാടിയാണ് നമ്മള്‍ അഭിനയിച്ച രംഗങ്ങളും അഭിമുഖങ്ങളിലെ ഭാഗങ്ങളുമെല്ലാം കട്ട് ചെയ്ത് ട്രോളാക്കുന്നത്. അതത്ര എളുപ്പമുള്ള പണിയല്ല. അവരുടെ കഠിനാധ്വാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പണ്ടൊക്കെ അത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം പോസിറ്റീവായി എടുക്കാന്‍ തുടങ്ങി. സ്വയം മെച്ചപ്പെടണമെന്ന തോന്നല്‍ ഉണ്ടായി. ഞാന്‍ ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അതുല്‍ സജീവ് എന്ന ട്രോളനെക്കുറിച്ച് പറഞ്ഞിരുന്നു. അവരെല്ലാം എനിക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്. എന്റെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതിന് പിന്നില്‍ ട്രോളന്‍മാര്‍ക്ക് വലിയ പങ്കുണ്ട്.

എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം

എന്റെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന മോശം കമന്റുകളൊന്നും ഞാന്‍ കാര്യമാക്കാറില്ല. കാരണം എന്റെ പണം കൊടുത്ത് ഞാന്‍ വാങ്ങുന്നവയാണ് അതെല്ലാം. ഞാന്‍ എന്തു ധരിക്കണം, ധരിക്കേണ്ട എന്നൊക്കെയുള്ളത് എന്റെ സ്വാതന്ത്ര്യമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം വിമര്‍ശനങ്ങളെല്ലാം കുറച്ച് കാലങ്ങള്‍ മാത്രമേ നിലനില്‍ക്കൂ. അതെല്ലാം അതിന്റെ പാട്ടിന് പോകും.

Content Highlights: saniya iyappan talks about chinnu troll karikku web series lolan luicifer release mohanlal