രീക്ഷണങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു ചലച്ചിത്രകാരന്റെ മനസ്സാണ് സനൽകുമാർ ശശിധരനെ ചുരുങ്ങിയ കാലംകൊണ്ട്‌ വേറിട്ടൊരു സംവിധായകനാക്കി മാറ്റിയത്. അറുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച, നെതർലൻഡിലെ റോട്ടർഡാം മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘എസ് ദുർഗ’യ്ക്കുശേഷം ‘ചോല’ എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് സനൽ. എന്നാൽ, ഇതിനിടയിൽ ഒരു ചിത്രംകൂടി പൂർത്തിയാക്കിയിട്ടുണ്ട്.  ‘ഉന്മാദിയുടെ മരണം’ എന്ന ആ ചിത്രം സെൻസർ ബോർഡിനുമുമ്പാകെ ഇതുവരെ സമർപ്പിച്ചിട്ടില്ല. അത് എന്തുകൊണ്ടാണ്? 
സനൽകുമാർ സംസാരിക്കുന്നു...

പുതിയ വിതരണരീതിയുമായാണല്ലോ ‘എസ് ദുർഗ’ തിയേറ്ററുകളിൽ എത്തിച്ചത്. ആ ചിത്രം വേണ്ടരീതിയിൽ സ്വീകരിക്കപ്പെട്ടെന്ന്‌ കരുതുന്നുണ്ടോ?

ആ സിനിമ എന്താണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കുപകരം സിനിമയുമായി ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം കിട്ടിയത്. സത്യത്തിൽ സമകാലികസമൂഹം അഭിമുഖീകരിക്കുന്ന മോറൽപോലീസിങ്ങിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിെന്റയുമൊക്കെ വിഷയമായിരുന്നു ആ ചിത്രം. അതായിരുന്നു ചർച്ചചെയ്യപ്പെടേണ്ട വിഷയവും. 

ഒരുപക്ഷേ, ഏറ്റവും കൂടുതൽ വിദേശമേളകളിൽ പ്രദർശിപ്പിച്ച ചിത്രമായിരിക്കും എസ് ദുർഗ. അവിടങ്ങളിൽ ഈ ചിത്രം എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്.

ആ ചിത്രത്തിന്റെ മേക്കിങ് എല്ലായിടത്തും മികച്ച അഭിപ്രായത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. രാത്രിയിലും ഇരുട്ടിലും നടക്കുന്ന കഥ അതേപടി അതേ ടോണിൽത്തന്നെ ചിത്രീകരിച്ചതിനെ അവിടങ്ങളിൽ പലരും പ്രകീർത്തിച്ചു. ഇവിടെ അഭിനന്ദനങ്ങൾക്കൊപ്പം ലൈറ്റ് പോരാ, ശരിയായില്ല എന്നൊക്കെയുള്ള വിമർശനവും കേൾക്കേണ്ടിവന്നു.  

അതിനുശേഷം ഒരു ചിത്രം പൂർത്തിയാക്കിയല്ലോ അത് തിയേറ്ററുകളിലെത്തിക്കുന്നില്ലേ?

ഉന്മാദിയുടെ മരണം എന്നൊരു ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷേ, അത് തിയേറ്ററുകളിലെത്തിക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. കാരണം, സെൻസർബോർഡിനുമുന്നിലെത്തിയാൽ അത് വെട്ടിക്കുത്തി ഒരു പരുവമാക്കപ്പെടും. ആത്മാവ് നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നെ ആ സിനിമ കാണിച്ചിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ വിദേശമേളകളിലേക്ക് ആദ്യം കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നത്. ദേശീയഗാനം, അഭിപ്രായസ്വാതന്ത്ര്യം, ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം, എന്തിന് സ്വപ്നംകാണാനുള്ള സ്വാതന്ത്ര്യംവരെ നിഷേധിക്കപ്പെടുന്നതിനെതിരേയുള്ള ചിന്തകളാണ് ആ ചിത്രം മുന്നോട്ടുവെക്കുന്നത്. നഗ്നത പ്രദർശിപ്പിക്കുന്ന സീനുകളൊക്കെയുണ്ട്. ടെലിവിഷൻ ഫൂട്ടേജുകളും നടന്ന സംഭവങ്ങളും ഷൂട്ടുചെയ്ത സീനുകളും ചേർത്ത് പ്രത്യേക ട്രീറ്റ്‌മെന്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
ഒരിക്കൽ എ.ബി.വി.പി.യുടെ പ്രവർത്തകനായിരുന്ന താങ്കൾ ബി.ജെ.പി. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടിലേക്ക് മാറിയോ?

ലോകോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ എ.ബി.വി.പി.യുടെ സെക്രട്ടറിയായിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറി. അധികാരത്തിലേറുമ്പോഴാണല്ലോ ആശയങ്ങളുടെ തനിനിറങ്ങൾ പുറത്തുവരുന്നത്. സഹിഷ്ണുത, ലോകാസമസ്താ സുഖിനോഭവന്തു എന്നിവയെല്ലാം ആശയത്തിലൊതുങ്ങുകയും യാഥാർഥ്യം അതിൽനിന്നെല്ലാം അകലെയാണെന്ന്‌ മനസ്സിലാവുകയും ചെയ്യുമ്പോൾ നമ്മളും മാറിയല്ലേ പറ്റൂ.

എസ് ദുർഗ എന്തുകൊണ്ടാണ് ദേശീയ ചലച്ചിത്ര അവാർഡിന് അയക്കാതിരുന്നത്

ആ ചിത്രത്തോടുള്ള ഭരണകക്ഷിയുടെ പ്രതികരണങ്ങൾ അത് ആദ്യമേതന്നെ അറിയാമല്ലോ. അതുകൊണ്ടുതന്നെയാണ് അയക്കാതിരുന്നത്.

സംസ്ഥാന അവാർഡിനയച്ചിരുന്നല്ലോ?

അക്കാദമി ഐ.എഫ്.എഫ്.കെ.യിൽ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണവർ പെടുത്തിയത്. അതിൽ പ്രതിഷേധിച്ച് വിട്ടുനിന്നിരുന്നു. എന്നാലും ചിത്രം അവാർഡിനയച്ചിരുന്നു. അവർ ചിത്രത്തെ ഒട്ടും പരിഗണിച്ചില്ല.

പുതിയ ചിത്രമായ ചോലയെക്കുറിച്ചുള്ള വർത്തമാനങ്ങൾ എന്തൊക്കെയാണ്. 

കുറച്ചുമുമ്പ് ഞാനും കെ.വി. മണികണ്ഠനും ചേർന്നെഴുതിയ തിരക്കഥയാണ് ചോല. വനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലറാണ്. ജോജുജോർജും നിമിഷയും ആയിരിക്കും പ്രധാനവേഷത്തിലെത്തുന്നത്. ജൂലായ് 15-ന് ചിത്രീകരണം ആരംഭിക്കും. തൊടുപുഴയും എറണാകുളവുമായിരിക്കും ലൊക്കേഷൻ.