സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിലും സംഗീതശില്പങ്ങളിലും അഭിനയിക്കുമ്പോഴും ദൃശ്യമാധ്യമ പരിശീലനം നടത്തുമ്പോഴും സനൽ അമന്റെ മനസ്സിൽ ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ -ഒരു സിനിമാനടനാവണം. അതിനായി സിനിമക്കാരുടെ സേവപിടിക്കുകയോ ചാൻസ് ചോദിച്ച് പിന്നാലെ നടക്കുകയോ ചെയ്തില്ല. പകരം സിനിമയെ ഗൗരവമായി പഠിച്ചു. അഭിനയവും സംവിധാനവുമുൾപ്പെടെ, ഈ കലയുടെ എല്ലാ വശങ്ങളും രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ ചേർന്ന് പഠിച്ചു.

കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളൊന്നും ഈ യുവാവിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ തടസ്സമായില്ല. കുടുംബം മുണ്ട് മുറുക്കിയുടുത്ത് പഠിപ്പിക്കുകയും ചെയ്തു. ഒരു മുഖ്യധാരാസിനിമയിൽ പ്രധാന വേഷം ചെയ്യുക എന്ന സനലിന്റെ മോഹം സഫലമാകാൻ ഒരു വ്യാഴവട്ടത്തിലേറെ കാത്തിരിക്കേണ്ടിവന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ’മാലിക്’ സിനിമയെക്കുറിച്ച് നാടെങ്ങും ചർച്ച ചെയ്യുമ്പോൾ, അതിൽ ഫ്രഡി എന്ന പ്രധാന കഥാപാത്രത്തെ ആവിസ്മരണീയമാക്കിയ സനൽ അമൻ നാറാത്തെ ‘ഗ്രാൻമ’യിൽ കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കിടുകയായിരുന്നു. വീട്ടിൽ കുടുംബത്തോടൊപ്പമാണ് സിനിമ കണ്ടതും.

ഇതിന് മുമ്പ് മൂന്ന് സമാന്തര സിനിമകളിലും കുറേ ഹ്രസ്വസിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുഖ്യധാരാ സിനിമയിൽ പ്രധാന വേഷം ലഭിക്കുന്നത് ആദ്യം. അതും ഫഹദ് ഫാസിലും ജലജയും ഉൾപ്പെടെ വലിയ താരനിരയുടെ കൂടെ. തന്റെ പകുതി പ്രായമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ഈ 35-കാരന്. അതിനായി ഒരു പ്രകൃതിചികിത്സാകേന്ദ്രത്തിൽപ്പോയി ശരീരഭാരം കുറച്ചു. 2016-ൽ കൊച്ചിയിൽ നടന്ന ഒരു നാടകമേളയിലാണ് മഹേഷ് നാരായണൻ സനലിനെ ആദ്യം കാണുന്നത്. അവിടെ സനൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്ത ‘ലവർ’ എന്ന ഇംഗ്ലീഷ് നാടകം കണ്ട മഹേഷ് നാരായണൻ പരിചയപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് മൂന്നുവർഷത്തിനുശേഷമാണ് ‘മാലിക്കി’ൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.

27 കോടി മുടക്കി നിർമിച്ച സിനിമ 2020 ജനുവരിയിൽ പൂർത്തിയായിരുന്നു. കോവിഡ് കാരണം റിലീസ് ചെയ്യാനായില്ല. ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് (ആമസോൺ പ്രൈം) സിനിമ റിലീസ് ചെയ്തത്. ടാക്കീസിൽ സിനിമ പ്രദർശിപ്പിക്കാൻ സാധിക്കാത്തതിനാൽ നിരാശയുണ്ടെന്ന് സനൽ പറഞ്ഞു. കാരണം നമ്മുടെ സിനിമാശീലം അതാണ്.

മയ്യിൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പാസായശേഷം സനൽ കൊല്ലം എസ്.എൻ. കോളേജിൽനിന്ന് മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷനിൽ ബിരുദം നേടി. തൃശ്ശൂർ ഡ്രാമ സ്കൂളിൽ രണ്ടുവർഷം. തുടർന്ന് ഹൈദരാബാദ് കേന്ദ്രസർവകലാശാലയോട് ചേർന്ന സരോജിനി നായിഡു സ്കൂളിൽ ഒരുവർഷം പെർഫോമിങ് ആർട്സിൽ പരിശീലനം. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയത്തിൽ പി.ജി. ഡിപ്ലോമ നേടി. മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം. നാറാത്ത് ലോക്കൽ സെക്രട്ടറിയുമായ എൻ. അശോകന്റെയും സതിയുടെയും മകനാണ്. സഹോദരൻ അമൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

Content Highlights: Sanal Aman interview Malik Movie, Freddy, Mahesh Narayanan, Fahadh Faasil,