sanah moidootty

രീക്കോട്ട് നിന്നൊരു ശ്രുതി. പട്ടാമ്പിയില്‍ നിന്ന് അതിന്റെ ലയം. പാട്ടിന്റെ പിറവി പക്ഷേ, മുംബൈയിലായിരുന്നു. അവിടെ അമ്മയുടെ പാട്ട് കേട്ട് വളര്‍ന്ന മകള്‍ പേരെടുത്ത പാട്ടുകാരിയായി. അവളുടെ പാട്ടിന്റെ പല്ലവി മുംബൈയും കടന്ന് സഞ്ചരിച്ചു. ബോളിവുഡിന്റെ ഏറ്റവും പുതിയ ലഹരിയായ മോഹന്‍ജൊ ദാരോയിലെ 'തൂഹെ' എന്ന പാട്ടിന്റെ പ്രാണനാണ് സന മൊയ്തൂട്ടി എന്ന ഈ മലയാളി സ്വരം. ഏ.ആര്‍. റഹ്മാനൊപ്പമാണ് സന ഈ ഹിറ്റ്ഗാനം ആലപിച്ചിരിക്കുന്നത്. അത് മാത്രമല്ല, അശുതോഷ് ഗോവാരിക്കറുടെ ഈ ഹൃത്വിക്ക് റോഷന്‍ എപ്പിക്കില്‍ മറ്റ് രണ്ട് പാട്ടുകള്‍ കൂടി പാട്ടിയിട്ടുണ്ട് സനയെന്ന മലയാളി പാട്ടുകാരി.

മോഹന്‍ജൊ ദാരോ തിയ്യറ്ററുകളില്‍ എത്തും മുന്‍പ് തന്നെ ബോളിവുഡിന്റെ മാത്രമല്ല, നല്ല പാട്ടിനെ പ്രണയിക്കുന്നവരുടെയും ഹൃദയത്തില്‍ ചേക്കേറി കൂടുകൂട്ടിക്കഴിഞ്ഞു എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ സന. റെക്കോഡിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ മാതൃഭൂമി ഡോട്ട് കോമിനോട്  മനസ്സു തുറക്കുകയാണ് സന.

മോഹന്‍ ജൊ ദാരോവിലെ 'തൂഹെ'എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നു. എന്താണ് സനക്കിപ്പോള്‍ തോന്നുന്നത്?

തീര്‍ച്ചയായും വളരെയധികം സന്തോഷം തോന്നുന്നു. മോഹന്‍ജൊ ദാരോവിലെ ഈ ഗാനം എന്നെപ്പോലുള്ള താരതമ്യേന തുടക്കക്കാരിയായ ഒരു പാട്ടുകാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവസരമാണ്. 2011 ല്‍ പുറത്തിറങ്ങിയ ഓള്‍വേയ്സ് കഭി കഭി എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി പാടുന്നത്. പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ ഗോരി തേരാ പ്യാര്‍ മേം എന്ന ചിത്രത്തിലെ 'മോട്ടോ ഘൊട്ടോലോ' എന്ന ഗാനം പാടി. വിശാല്‍ ശേഖറായിരുന്നു സംഗീത സംവിധായകന്‍. 24 ലെ 'മേ നിഗാരാ' എന്ന പാട്ടിലൂടെ ഞാന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചു.

 

താങ്കള്‍ ഒരു മലയാളി ഗായികയാണെന്ന് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ്.  അതുകൊണ്ട് കുടുംബത്തെപ്പറ്റി പറയാമോ?

എന്റെ അച്ഛന്റെ നാട് പട്ടാമ്പിയിലും അമ്മയുടെ നാട് മലപ്പുറത്തെ അരീക്കോടുമാണ്. എന്നാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അച്ഛന്‍ മൊയ്തൂട്ടി ബാങ്ക് മാനേജരായി ജോലി ചെയ്യുന്നു. അമ്മ റസിയ വീട്ടമ്മയാണ്. അമ്മ നന്നായി പാടുകയും ചെയ്യും. 

കേരളത്തെപ്പറ്റിയുള്ള ഓര്‍മകള്‍?

നാട്ടിൽ എനിക്ക് ഒരുപാട് ബന്ധുക്കള്‍ ഉണ്ട്. വലിയ കുടുംബമാണ് ഞങ്ങളുടേത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഞാന്‍ നാട്ടില്‍ വരാറുണ്ട്. ഒരുപാട് കാലം ഞാന്‍ കേരളത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍, അവിടെ ചിലവഴിച്ച സമയങ്ങള്‍ വളരെ വിലപ്പെട്ടതാണ്. എനിക്കൊരിക്കലും മറക്കാനാവില്ല. 

sanah moidootty

ഒരു ഗായകന്‍/ഗായികയെ സംബന്ധിച്ചേടത്തോളം എ.ആര്‍ റഹ്മാനെപ്പോലെ ഒരു സംഗീത സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. റഹ്മാനൊപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു? 

സത്യത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നമാണ്  റഹ്മാന്‍ സാറിന്റെ സിനിമയില്‍ പാടുക എന്നത്. അദ്ദേഹം എന്നെ 24 ല്‍ പാടാന്‍ വേണ്ടി വിളിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ഞാന്‍ അല്‍പം പേടിച്ചിരുന്നു. എന്നാല്‍ റഹ്മാന്‍ സാറിന്റെ സമീപനം എനിക്ക് ധൈര്യം പകര്‍ന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചു.

സംഗീതത്തിന്റെ ലോകത്തേക്ക്  എത്തിപ്പെട്ടത് എങ്ങനെ? 

എനിക്ക് ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് താല്‍പര്യം ഉണ്ടായിരുന്നു. അമ്മ ഒരു നല്ലപാട്ടുകാരിയാണ്. അമ്മയുടെ സംഗീത പാരമ്പര്യമാണ് എനിക്കും പകര്‍ന്നു കിട്ടിയിരിക്കുന്നത്. അമ്മയ്ക്ക് കര്‍ണാടക സംഗീതത്തില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. അമ്മയില്‍ നിന്ന് ഞാന്‍ ധാരാളം മലയാളം പാട്ടുകളും കേട്ടു പഠിച്ചു. അമ്മയാണ് എന്നെ സംഗീത ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. 

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ? 

ഞാന്‍ എട്ടു വയസുമുതലാണ് കര്‍ണാടക സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. സുന്ദരി ഗോപാല കൃഷ്ണന്‍ ആണ് ആദ്യ ഗുരു. ആറ് വര്‍ഷം കര്‍ണാട്ടിക് അഭ്യസിച്ചതിനു ശേഷം ഞാന്‍ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങി. മധുവന്തി ആയിരുന്നു ഗുരു. അതിനുശേഷം ഉസ്താദ് ഗുലാം മുസ്തഫാ ഖാന്‍ സാഹിബിന്റെ ശിക്ഷണത്തില്‍ ആറ് മാസം ഹിന്ദുസ്ഥാനി പഠിക്കാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ വെസ്റ്റേണ്‍ വോക്കലും അഭ്യസിക്കുന്നുണ്ട്. സാമന്ത എഡ്വേര്‍ഡ് ആണ് ഗുരു.

എ.ആര്‍ റഹ്മാനോടൊപ്പം ജോലിചെയ്യാന്‍ അവസരം ലഭിക്കുന്നത് എങ്ങനെയാണ്?

റഹ് മാന്‍ സാറിന്‌ ഞാന്‍ എന്റെ വോയിസ് സാംമ്പിള്‍ അയച്ചു കൊടുത്തിരുന്നു. ഒരു ദിവസം എനിക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നൊരു ഫോണ്‍കോള്‍ വന്നു. സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ എന്നെക്കൊണ്ട് ഒന്നു രണ്ട് പാട്ടുകൾ പാടിച്ചു. എന്റെ ശബ്ദം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടമായി. തുടര്‍ന്നാണ് 24 ല്‍ പാടാന്‍ അവസരം ലഭിക്കുന്നത്. 

സംഗീതത്തെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയില്‍ സനയെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്? 

റഹ് മാന്‍ സാര്‍ തന്നെ. അദ്ദേഹത്തെപ്പോലെ എന്ന അതിശയിപ്പിച്ച മറ്റൊരു സംഗീത പ്രതിഭയില്ല. 

മലയാളം സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ സന എങ്ങനെ പ്രതികരിക്കും?

ഇതുവരെ അങ്ങനെ ഒരവസരം ലഭിച്ചിട്ടില്ല. എന്നാല്‍ മലയാളത്തില്‍ പാടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് തികച്ചും സന്തോഷം ഉള്ള കാര്യമാണ്. മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളം അല്‍പം ബുദ്ധിമുട്ടുള്ള ഭാഷയാണ് . മാത്രമല്ല, മലയാളികള്‍ക്ക് നല്ല സംഗീത അഭിരുചിയുണ്ട്. അതിനാല്‍ മലയാളത്തില്‍ പാടുമ്പോള്‍ എന്നെ സംബന്ധിച്ച് അല്‍പം ഉത്തരവാദിത്തം കൂടുതലാണ്. മാതൃഭാഷയില്‍ പാടാന്‍ അവസരം ലഭിക്കുക എന്നത് ഒരു അംഗീകാരമല്ലെ? 

മലയാള സംഗീതലോകത്ത് സനയെ ഏറ്റവും  കൂടുതൽ ആകര്‍ഷിച്ചിട്ടുള്ള വ്യക്തി?

ചിത്രച്ചേച്ചി തന്നെ. ചേച്ചിയുടെ കടുത്ത ആരാധികയാണ് ഞാന്‍. കുട്ടിക്കാലം മുതലേ ഞാന്‍ കേള്‍ക്കുന്ന മലയാളം പാട്ടുകളിൽ ഭൂരിഭാഗവും ചിത്രച്ചേച്ചി പാടിയവയാണ്. ചേച്ചിയെ ഇതുവരെ നേരിൽ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ അതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കുടുംബത്തിന്റെ പിന്തുണ സനയിലെ പാട്ടുകാരിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ എത്രത്തോളം സഹായകരമായിരുന്നു?

കുടുംബമാണ് എനിക്കെല്ലാം. തുടക്കത്തിലേ പറഞ്ഞല്ലോ അമ്മയാണ് എന്റെ ആദ്യ ഗുരു. പിന്നെ അച്ഛനും സഹോദരിയും എപ്പോഴും കൂടെയുണ്ട്. ചേച്ചി സാജിത, സിപ്ല ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയര്‍ മെഡിക്കല്‍ അഡ്വൈസറായി  ജോലി ചെയ്യുന്നു. എന്റെ ഏറ്റവും വലിയ വിമർശക ചേച്ചിയാണ്. ഒരു ഷോ ചെയ്യുമ്പോള്‍ എങ്ങനെ പശ്ചാത്തലം ഒരുക്കണം, എന്ത് ധരിക്കണം, എന്ത് മേയ്ക്കപ്പ് ഇടണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചേച്ചി അഭിപ്രായം പറയാറുണ്ട്. ഒരു നല്ല ആര്‍ട്ട് ഡയറക്ടർക്കുവേണ്ട എല്ലാ ഗുണങ്ങളും ചേച്ചിക്കുണ്ട്. 

പാട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ സനയുടെ മറ്റ് വിശേഷങ്ങൾ?

പാട്ടിനോടൊപ്പം തന്നെ പഠനത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്ന് അച്ഛനും അമ്മയും എപ്പോഴും പറയുമായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് ആണ് ഞാന്‍ പഠിച്ചത്. എന്നാല്‍ പഠിക്കുമ്പോഴേ തന്നെ സംഗീതമാണ് എന്റെ ഭാവിയെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.


സനയുടെ വരാന്‍ പോകുന്ന പ്രോജക്ടുകൾ? 

ഇപ്പോള്‍ ഞാന്‍ എന്റെ യൂട്യൂബ് ചാനലിന്റെ തിരക്കിലാണ്. കുറച്ചുകാലം അതിനുവേണ്ടി മാറ്റിവയ്ക്കണം. ഒരുപാട് മ്യൂസിക് ഷോകളും ചെയ്യാനുണ്ട്.

സന മൊയ്തൂട്ടി മാതൃഭൂമി.കോമിനു വേണ്ടി ഗാനം ആലപിക്കുന്നു