സംയുക്ത വര്‍മ കടുകട്ടി യോഗാസനങ്ങള്‍ ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ട് രണ്ട് ആഴ്ചയേ ആയിട്ടുള്ളു. പക്ഷേ, സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായി. അഡ്വാന്‍സ്ഡ് ലെവലില്‍ വിധിപ്രകാരം യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി.
    
'രണ്ട് വര്‍ഷം മുമ്പ് ഞാന്‍ മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പഠിച്ച സമയത്തെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നത്. എഫ്ബിയിലും വാട്സ്ആപ്പിലുമൊന്നും ഞാനത്ര ആക്ടീവല്ല. അതുകൊണ്ട് ഫോട്ടോസ് നെറ്റില്‍ വന്നത് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഒരു ഫോട്ടോ പോലും ഞാന്‍ പോസ്റ്റ് ചെയ്തതല്ല.' എങ്ങനെയാണിവ ലീക്ക് ആയതെന്നും സംയുക്തയ്ക്കറിയില്ല.

സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടറാണ് സംയുക്ത. 'ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സ് ചെയ്തതാണ്. സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറുമാണ്. അതുകൂടാതെ, മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ നിന്ന് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സും ചെയ്തിട്ടുണ്ട്. പക്ഷേ, ആധികാരികമായി പഠിപ്പിക്കാന്‍ മാത്രം അറിവും വിവേകവും എനിക്കുണ്ടെന്ന് സ്വയം തോന്നുന്നില്ല. 'യോഗ പഠിപ്പിച്ചുകൂടേ' എന്ന് ബിജുവേട്ടന്‍ ചോദിക്കും. ഫുള്‍ഫ്ളെഡ്ജ്ഡ് ആയി, പ്രൊഫഷണലായി യോഗ പഠിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരാമെന്നും പറയാറുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ എനിക്ക് ആ കോണ്‍ഫിഡന്‍സ് വരുമായിരിക്കും.'  
    
ബിജു മേനോനെ യോഗ പഠിപ്പിച്ചോ?

'ഇല്ലേയില്ല...' ഒരു പൊട്ടിച്ചിരിയോടെ സംയുക്ത പറയുന്നു, 'ബിജുവേട്ടന്‍ ഷൂട്ടിംഗ് ഉള്ളപ്പോള്‍ നടത്തം, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍, സ്ട്രെച്ചിഗ് എക്‌സര്‍സൈസ് തുടങ്ങിയ ബേസിക്കായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഒരു എക്‌സര്‍സൈസിന്റെ ഫോമിലല്ലെങ്കിലും റെഗുലറായി ചെയ്യും.' 

ഫിറ്റ്നസ് മാത്രം ലക്ഷ്യമാക്കിയല്ല സംയുക്തയും യോഗ ചെയ്യുന്നത്. മെലിയുക എന്നതിനപ്പുറം യോഗ ചെയ്യുമ്പോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് സംയുക്തയ്ക്ക് പ്രധാനം. യോഗ ഒരു പാഷനുമാണ്.' ബാലന്‍സ്, ഫ്ളെക്സിബിലിറ്റി, ഫീല്‍ ഗുഡ് മൂഡ്, എനര്‍ജി എന്നിങ്ങനെ എല്ലാവരും പറയുന്ന ഗുണങ്ങള്‍ക്കപ്പുറം സംയുക്ത പറയുന്നത് കേള്‍ക്കുക.

'യോഗ ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെ എനിക്ക് ഭക്ഷണത്തോടുള്ള ക്രേവിംഗ് കുറഞ്ഞു. അതുകൊണ്ട് കുറച്ചേ കഴിക്കൂ. അത് വളരെ എന്‍ജോയ് ചെയ്ത് കഴിക്കുന്നു. ഞാന്‍ സ്വീറ്റസും നെയ്യും കഴിക്കാറുണ്ട്. എല്ലാ എക്‌സര്‍സൈസിലും അത് പറ്റില്ലല്ലോ. അതുകൊണ്ട് ഗില്‍റ്റി ഫീലിംഗുമില്ല. പിന്നെ യോഗയാകുമ്പോള്‍ നമ്മള്‍ കുട്ടിക്കാലം മുതല്‍ ശീലിച്ച ആഹാരക്രമം തന്നെ തുടരുകയും ചെയ്യാം. 'സംയുക്ത ചെറിയ തോതില്‍ ആസ്ത്മാറ്റിക് ആയിരുന്നു എന്നതും യോഗ പരിശീലിക്കാന്‍ കാരണമായിട്ടുണ്ട്. ശ്വാസംമുട്ടലും ഹോര്‍മോണല്‍ പ്രോബ്ളംസും തലവേദനയുമൊന്നും ഇപ്പോള്‍ അങ്ങനെ അലട്ടാറില്ലത്രേ.

പ്രാക്ടീസ് അതിരാവിലെ

എന്നും രാവിലെ അഞ്ച് മണി മുതല്‍ ഒരു മണിക്കൂര്‍ സംയുക്ത യോഗയും മെഡിറ്റേഷനും ചെയ്യും. ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദക്ഷ് ഉണരുന്നതിനു മുമ്പ് യോഗ സെഷന്‍ പൂര്‍ത്തിയാക്കും. ഡീപ്പര്‍ ലെവലില്‍ യോഗ പഠിക്കാനാണ് സംയുക്ത മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പോയത്. 'ശീര്‍ഷാസനത്തില്‍ നിര്‍ത്താന്‍ എന്നെ ആദ്യം പഠിപ്പിച്ചത് ബിനോയ് മാഷാണ്. ഇവിടെ വച്ച് പഠിച്ചതിലും അഡ്വാന്‍സ്ഡായ വൃശ്ചികാസനം, കാകാസസനം, ഏകപീഠാസനം... എല്ലാം ചെയ്യാന്‍ പഠിച്ചത് അഷ്ടാംഗ യോഗശാലയില്‍ വച്ചാണ്..' രമേഷ് മാഷായിരുന്നു അവിടുത്തെ ഗുരു.

സൂര്യനെയും ചന്ദ്രനെയും ഭജിച്ച്, പ്രകൃതിയെ പ്രാര്‍ത്ഥിച്ച്, സൂര്യനും ഭൂമിയുമൊക്കെ നല്‍കുന്ന ഊര്‍ജത്തിന് നന്ദി പറഞ്ഞ്, വിധിപ്രകാരമാണ് അവിടെ യോഗ ചെയ്യിക്കുക. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം കുളിച്ച് ശുദ്ധി വരുത്തിയിട്ടേ യോഗശാലയില്‍ പ്രവേശിക്കാവൂ. പ്രാണനുള്ള (പോസിറ്റീവായ) ആഹാരമേ കഴിക്കാവൂ.  സ്റ്റുഡന്റ്സ് തന്നെയാണ് അവിടെ ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതും ടോയ്ലറ്റ് വൃത്തിയാക്കുന്നതും യോഗശാല അടിച്ചുതുടയ്ക്കുന്നതുമെല്ലാം. ഈഗോ ഇല്ലാതാക്കുക കൂടിയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. 

'ഞാന്‍ നടിയാണെന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നു. യോഗ പഠിക്കാന്‍ വന്ന ഹൗസ് വൈഫ് എന്ന രീതിയിലാാണ് ഞാന്‍ ചെന്നത്. ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കുട്ടി എന്നെ തിരിച്ചറിഞ്ഞെങ്കിലും ആരോടും പറയേണ്ടന്ന് ഞാന്‍ വിലക്കി.' അവിടെ യോഗ പഠിക്കാന്‍ എത്തുന്നവരില്‍ ബഹുഭുരിഭാഗവും വിദേശീയരാണ്.

ഹതയോഗയിലും അഷ്ടാംഗയോഗയിലും ടിടിസി എടുക്കണമെന്നും തെറാപ്പിയോഗ പഠിക്കണമെന്നും സംയുക്തയ്ക്ക് ആഗ്രഹമുണ്ട്. 'പക്ഷേ, ദക്ഷിന് സ്‌കൂളില്‍ പോകണം, ബിജുവേട്ടന് വര്‍ക്ക് ഉണ്ട്. അതുകൊണ്ട് വീട്ടില്‍ നിന്ന് അങ്ങനെ മാറിനില്‍ക്കാന്‍ എനിക്ക് മനസുവരുന്നില്ല. കഴിഞ്ഞ തവണ പോയത് വെക്കേഷന്‍ സമയത്ത്, മെയ് മാസത്തിലായിരുന്നു.' ഈ കരുതല്‍ തന്നെയാണ് മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ ചേരുമ്പോള്‍ ഒക്യുപ്പേഷന്റെ കോളത്തില്‍, രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംയുക്ത വര്‍മയെക്കൊണ്ട് 'ഹൗസ് വൈഫ്' എന്ന് എഴുതിച്ചത്.